കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 ഡിസംബർ 2010

ദളിതന്നെന്താ കക്കാന്‍ പാടില്ലേ?

ദളിതനെ ദളിതനാക്കുന്ന ഒരുകാര്യമാണ് കാലാകാലങ്ങളിലെ പുരോഗമന നാട്ടുനടപ്പുകളില്‍ നിന്ന് പൂര്‍ണ്ണമായി അകറ്റിനിര്‍ത്തുക എന്നത്. പണ്ട് അയിത്തത്തിന്റെ കാലത്ത് ഭക്ഷണം കഴിക്കാനും മറ്റ് മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട കാലത്ത് അതിന്നെതിരെ ദളിതരല്ലാത്ത ചിലര്‍ക്ക് സമരം ചെയ്യേണ്ടി വന്നു. അങ്ങനെ നേതാക്കളായ ചിലരാണ് അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും ഏക്കേജിയുമൊക്കെ(ഇവരുടെ ജീവിതകാലയളൊക്കെ അളന്ന് ആരും കലമ്പാന്‍ വരേണ്ട, വെറുതേ ഉദാഹരിച്ചതാണ്).

ഒരു കാലത്ത് ദൈവം തമ്പുരാക്കന്മാര്‍ കുത്തിയിരിക്കുന്ന ആരാധനാലയങ്ങളില്‍ കേറാന്‍ ദളിതര്‍ക്ക് അവകാശമുണ്ടായിരുന്നില്ലെന്നും സമരം ചെയ്താണ് അതൊക്കെ നേടിയെടുത്തതെന്നും നമ്മളൊക്കെ ഉത്തരക്കടലാസ്സിലെഴുതി മാര്‍ക്കും ഗ്രേഡുമൊക്കെ നേടിയതാണല്ലോ.

ഇന്നുകാലം മാറി ദളിതന്നും അവര്‍ണ്ണനും ഒന്നിച്ച് തോളില്‍ കയ്യിട്ട് നടക്കാന്‍ തുടങ്ങി.
എന്നിട്ടും ഇന്നത്തെ പ്രമുഖ നാട്ടാചാരമായ അഴിമതിയിലും തട്ടിപ്പിലും വെട്ടിപ്പിലും ദളിതനെ അടുപ്പിക്കാതിരിക്കുന്ന മൂരാച്ചി നയം നാം സ്വീകരിക്കുന്നതെന്തുകൊണ്ടാണ്?
ഒരു ദളിതന്‍ ഭാരത ********* വ്യവസ്ഥയുടെ ഒന്നാം തലപ്പത്ത് എത്തിപ്പെട്ടപ്പോഴേ ചൊറിച്ചല്‍ തുടങ്ങിയതാണു ചിലര്‍ക്ക്- അവരിപ്പോള്‍ പ്രായപൂര്‍ത്തിയായ, നിയമ ബിരുദമുള്ള, കുത്തകമുതലാളിക്കമ്പനികളുടെ ഉപദേശകനായ, ലച്ചക്കണക്കിന്നു ചമ്പളം പറ്റുന്ന, കേപ്പീസീസീ മെംബറായ മകളുടെ ഭര്‍ത്താവിന്നെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു!

എന്തേ ഭാരതമഹാരാജ്യത്ത് ദളിതന്നും ദ്രാവിഡന്നും സമ്പാദിക്കാന്‍ പാടില്ലേ? ടൂജീയെന്നും മരുമകന്‍ പണമെന്നുമൊക്കെ വിളിച്ച് അപമാനിക്കുന്നതെന്തിനാണു നാട്ടുകാരേ?

**************************************************************************

ഓട്ടോ ടാക്സിതൊഴിലാളികള്‍ വീണ്ടും പണിമുടക്കിന്റെ വഴി സ്വീകരിച്ചിരിക്കുന്നു. ദുര്‍മ്മേദസ്സിന്നു അല്‍പ്പം ശമനമുണ്ടാക്കാനാവും ബസ്സിലെ ജാക്കിച്ചാന്മാര്‍ക്ക് അല്‍പ്പം കൂടി സുഖപ്രദമായി സഞ്ചരിക്കാം തുടങ്ങിയ ഗുണഫലങ്ങളൊക്കെ ഉള്ളതുകൊണ്ട് പൂര്‍ണ്ണമായി ഈ സമരത്തെ ആക്ഷേപിക്കുന്നതിലെനിക്കു താത്പര്യമില്ല.
പക്ഷേ എന്തായാലും ചര്‍ജ്ജ് കൂട്ടാതെ സമരം തീരില്ലെന്നു അനുഭവത്തില്‍ ഉറപ്പുള്ളതുകൊണ്ട് സമരം തുടങ്ങും മുമ്പേ ചാര്‍ജ്ജ് കൂട്ടിക്കൊടുത്തു കൂടായിരുന്നോ എന്നൊരു സംശയം മാത്രമേ തെറ്റയില്‍ മന്ത്രിയോട് ചോദിക്കാനുള്ളൂ.
പിന്നെ സമരം തീര്‍ക്കാനും ചര്‍ച്ചയിലൂടെ പ്രശ്നങ്ങളെ നേരിടാനുള്ള ചങ്കൂറ്റമൊന്നും തെറ്റയില്‍ മന്ത്രിക്കില്ലാ എന്ന കാര്യം നമുക്കെല്ലാമറിയാമെന്ന കാര്യം അങ്ങേര്‍ക്കറിയുമോ എന്തോ, അത് കൊണ്ട് അതറിയിക്കണമെന്നുള്ളവര്‍ ദയവായി ഇക്കാര്യം അങ്ങേരെ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഈ മന്ത്രിസഭയിലെ ഏറ്റവും കഴിവുറ്റ മന്ത്രിയുടെ വകുപ്പില്‍ അനാവശ്യമായി ദുരുദ്ദേശത്തോടെ കയ്യിടുന്ന മുഖ്യന് ഇത്തരം സാഹചര്യങ്ങളിലെങ്കിലും ഏറ്റവും കഴിവുകെട്ട മന്ത്രിയുടെ വകുപ്പിലും കയ്യിടാവുന്നതാണ്.

26 ഡിസംബർ 2010

മരണാനന്തര ബഹുമതികള്‍

കെ കരുണാകരന്‍ എന്ന സമ്പൂര്‍ണ്ണ രാഷ്ട്രീയക്കാരനെ ജീവചരിത്രമെഴുത്തുകാരന്‍ രാഷ്ട്രീയ ഭീമാചാരയന്‍ എന്നു വിളിച്ചപ്പോള്‍ നൊന്ത പലര്‍ക്കും അദ്ദേഹത്തിന്റെ അന്ത്യയാത്രാ നാളുകളില്‍ തോന്നിയ കുണ്ഠിതത്തെ ലജ്ഞാഭാരം എന്നു വിളിക്കാമോ എന്നെനിക്കറിയില്ല. പക്ഷെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുവരെ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടില്ലാതിരുന്ന എനിക്ക് അന്നുമിന്നുമെന്നും ഏറ്റവും താത്പര്യം തോന്നിയ രാഷ്ട്രീയ വ്യക്തിത്വം ലീഡറുടേത് മാത്രമാണ്.

ലീഡര്‍ക്കെതിരെ പകുതി കാര്യവും പകുതി പൊയ്‌വെടിയുമായി ഊന്നിയ ആരോപണങ്ങളില്‍ പലതിനേയും ധീരമായി (രാഷ്ട്രീയമായും നിയമപരമായും!) നേരിടാനാനായെങ്കിലും സ്വന്തം മകന്റെ കാര്യത്തില്‍ അല്‍പ്പം ജാഗ്രതക്കുറവ് പണിപറ്റിച്ചു എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ അവസാന നാളുകളിലെ രാഷ്ട്രീയ-മാര്‍ക്കറ്റ് സൂചിപ്പിച്ചത്.

ആശ്രിതവത്സലനായ ലീഡറുടെ പ്രതാപകാലത്തു തന്നെ മുന്നില്‍ നിന്നും പിന്നില്‍ കുത്തിമാത്രം രാഷ്ട്ര്രീയത്തില്‍ ഇടം നേടിയ പലരും വാട്ടിയ മുഖവുമായി കേമറയ്ക്കുമുന്നില്‍ നില്‍ക്കുന്ന മനോഹര അഭിനയ മുഹൂര്‍ത്തങ്ങള്‍ കാണുവാന്‍ മാത്രമായ്യിട്ടാണ് നമ്മളില്‍ പലരും കഴിഞ്ഞ് മൂന്നാലുദിനമായി റിമോട്ടുമായി കുത്തിയിരുന്നത്, അത് കുറേയൊക്കെ സാര്‍ത്ഥകമായി എന്നതില്‍ സന്തോഷത്തോടെ കുണ്ടി പൊന്തിക്കുമ്പോഴേക്ക്, അവസരം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ചാക്കോച്ചന്‍ വീരസ്യവുമായി വന്നത് അല്‍പ്പം ദേഷ്യത്തോടെയെ നോക്കിക്കാണാനാവൂ.

കരുണാകരന്‍ എന്ന ശക്തനായ രാഷ്ട്രീയ ലീഡറുടെ വിലകളയാനായി മാത്രം അവതരിക്കപ്പെട്ട കഥാപാത്രത്തിന്ന് മൂന്നുരൂപാ ടിക്കറ്റ് നല്‍കണമെന്ന്‍ ആവശ്യപ്പെടാന്‍ ചാക്കോച്ചന്ന്, ചിതയൊടുങ്ങും വരെയെങ്കിലും കാത്തിക്കാന്‍ തോന്നിയ സൌമനസ്യത്തിന്നു നന്ദി പറഞ്ഞേ മതിയാവൂ.

ലീഡറുടെ ജീവിതത്തില്‍ സാധിക്കാതെ വന്ന ഒരേയൊരു ആഗ്രഹത്തെ ജീവിതശേഷം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടത് ഇത്തരം ചാനല്‍ വ്യായാമത്തിലൂടെയാണോ ചാക്കോച്ചാ?

ഇത്രയും കാലം മുരളിക്കുട്ടനെ തെറിപറഞ്ഞും കണ്ണുരുട്ടിയും കല്ലെറിഞ്ഞും നടന്നിരുന്ന പലരും ഇപ്പോള്‍ മൂന്നുരൂപാ മൂന്നുരൂപാ എന്നു നിലവിളിക്കുന്നത് ലീഡറുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതുകൊണ്ടൊന്നുമല്ലലോ, അടുത്തതവണ യൂഡീയെഫ്ഫ് ഭരണം വന്നാല്‍... മുരളിക്കുട്ടന്‍ മന്ത്രിയായാല്‍... ആശ്രിതവത്സലനായ അച്ഛന്റെ ആശ്രിതവത്സലനായ മകന്‍.. ഹാ ഹാ.. ആ മധുര മനോജ്ഞനാളുകള്‍..

ഉണ്ണിത്താനും കല്‍മാഡിക്കും ആവാമെങ്കില്‍ മുരളിക്കെന്തേ, കടിക്കുന്ന മനസ്സും ഇളിക്കുന്ന ചുണ്ടുമാണ് രാഷ്ട്രീയം എന്നൊക്കെ എഴുതിക്കൂട്ടുന്നവര്‍ ഇത്രകാലം എവിടെയായിരുന്നൂ? ഉണ്ണിത്താനും കല്‍മാഡിയും സ്വന്തം പ്രസ്ഥാനത്തെ-തന്നെ താനാക്കിയ അമ്മയെ തെറിവിളിച്ചു നടന്നിട്ടുണ്ടോ? രാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനമര്യാദ ഇനിയും മനസ്സിലാകാത്തവന്ന് അത് ഉപദേശിക്കുന്ന വങ്കത്തരത്തിന്ന് നേരത്തേ പറഞ്ഞ ചാക്കോച്ചന്റെ വല്ല ലക്ഷ്യങ്ങളും ഇല്ലാതിരിക്കില്ലല്ലോ?

മുരളിയെ തിരിച്ചെടുക്കലാണ് ലീഡര്‍ക്ക് നല്‍കാവുന്ന നല്ല മരണാനന്തര ബഹുമതിയെന്നു വാദിക്കുന്നവര്‍ സ്വന്തം പല്ല് ഇന്‍ഷൂര്‍ ചെയ്യുന്നത് നന്നായിരിക്കും, മലയാളിയുടെ രാഷ്ട്രീയ സാക്ഷരതയെ അപമാനിക്കുമ്പോള്‍ ചിലപ്പോള്‍ അങ്ങനെ സംഭവിച്ചു കൂടായ്കയില്ല.

14 ഡിസംബർ 2010

എന്‍ഡോസള്‍ഫാന്‍ കലക്കിയും മീന്‍ പിടിക്കാം!

സോളിഡാരിറ്റിക്കാര്‍ക്കു പിന്നാലെ നനഞ്ഞിടം കുഴിക്കാന്‍ അമ്മയും!
കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമികയിലേക്ക് കച്ചവടക്കണ്ണുമായി ഇനിയും പലരും വരണം.
തനി വര്‍ഗ്ഗീയതയുടെ ജനസേവനമുഖപ്പതിപ്പ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വിജയിച്ച ഈ മണ്ണിലേക്ക് ഇനി അമ്മയുടെ പണം വെളുപ്പിക്കല്‍ കൂടി നന്നായിത്തന്നെ നടക്കട്ടെ എന്നു നമുക്കാശംസിക്കാം.
നല്ല ഓഫറുകളാണ് അമ്മ ഈ ദുരിത ബാധിതര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്!
സര്‍ക്കാര്‍ സ്ഥലം തന്നാല്‍ വീടു കെട്ടിക്കൊടുക്കാം, സ്ഥിരം ആസ്പത്രി സ്ഥാപിക്കാം......... തുടങ്ങി മനോഹരമായ ഒട്ടേറെ ഓഫറുകള്‍!
അവനവനിരിക്കേണ്ടിടത്ത് അവനവനിരുന്നില്ലെങ്കില്‍ അവിടെ പട്ടി കേറിയിരിക്കും എന്ന പഴമൊഴിയാണ് ഈ ഓഫറുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്. സ്റ്റേറ്റ് അതിന്റെ കടമകളും ഉത്തരവാദിത്വങ്ങളും മറ്ക്കുമ്പോള്‍ മറ്റു ചില സ്ഥാപിത ലക്ഷ്യങ്ങളോടെ വരുന്ന പണച്ചാക്കുകള്‍ അപ്രഖ്യാപിത സ്റ്റേറ്റുകളായി മാറുമെന്ന മേധാവിത്ത നിയമം തന്നെയാണ് ഇവിടെയും ബാധകം.
പാക്കിസ്ഥാന്ന് ദുരിതാശ്വാസമായി നല്‍കിയ ആ അഞ്ചുകോടികൊണ്ട്, കുറ്റിപ്പുറത്ത് കള്ളുകുടിച്ച് ചത്തവന്മാര്‍ക്ക് നല്‍കിയ ലച്ചങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍- സര്‍ക്കാര്‍ സ്ഥലത്ത് ഈ ദുരിത ബാധിതര്‍ക്കെല്ലാം വീട് കെട്ടിനല്‍കാന്നും മെച്ചപ്പെട്ട ചികിത്സ നല്‍കാന്നും സര്‍ക്കാരിന്നാകുമായിരുന്നു, പക്ഷേ അതല്ലല്ലോ സര്‍ക്കാര്‍ നയം. അപ്പോള്‍ ഇത്തരക്കാര്‍ ഇവിടം കേറി നിരങ്ങുന്നതിനെയെങ്ങനെ കുറ്റം പറയും?

ഇനിയിതിന്റെ മറ്റൊരു വശം: കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നതുപോലെ തന്നെ കുപ്രസിദ്ധമാണ് കാസര്‍ക്കോട്ടെ മത ഗ്രാമങ്ങളും. ആ അവസ്ഥയില്‍ ഇത്തരം കടന്നു കയറ്റങ്ങള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്ന ദൂഷ്യവശങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
ഈ മേഖലയില്‍ കഴിഞ്ഞ കുറേക്കാലമായി ആളും അര്‍ത്ഥവും മുടക്കി അദ്ധ്വാനിക്കുന്ന സോളീഡാരിറ്റിക്കാര്‍ അവരുടെ സ്വാധീനം ഡല്‍ഹിയില്‍ ബോധിപ്പിക്കാന്‍, ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പൂര്‍ണ്ണവിശ്രമം നിര്‍ദ്ദേശിച്ച രോഗികളെ ദുരിത പരേഡിന്നായി ദിവസങ്ങളോളം തീവണ്ടിയില്‍ യാത്ര ചെയ്യിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ടു പോവുകയുണ്ടായി. അതേ പോലെയിന്നി അമ്മയുടെ ദര്‍ശനവേളകളിലും ആരതി നേരത്തുമൊക്കെ ഇനിയ്മിവര്‍ക്ക് ഒരു പക്ഷേ നിരന്നു നില്‍ക്കേണ്ടി വന്നേക്കാം.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, ആത്മാവിന്റെ മോചനം അമ്മയിലൂടെ എന്നൊക്കെ ഉദ്ഘോഷിക്കുന്നവര്‍ സഹായത്തിലൊളിപ്പിച്ച ആത്മീയാടിമത്തത്തിന്റെ വിത്തുകള്‍ ഈ ദുരിതഭൂമിയില്‍ പാകുവാന്‍ ശ്രമിക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ ആരെയാണു ഭയക്കുന്നത്?
സഹായം നല്ലതു തന്നെ, സ്വീകരിക്കുകയുകയുമാവാം. പക്ഷേ അതൊരിക്കലും ഏതെങ്കിലും മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളുടെ ഭാഗമാവാതിരിക്കാന്‍ നാം ജാഗ്രത പാലിച്ചേ മതിയാവൂ.....

05 ഡിസംബർ 2010

തോമാച്ചാ ചാണകവെള്ളം റെഡിയാണ്..............

ആട്ടേണ്ടവന്‍ ആട്ടണം നെയ്യേണ്ടവന്‍ നെയ്യണം എന്നൊക്കെ പഴമക്കാര്‍ പറഞ്ഞു പരത്തുന്നൊരു ചൊല്ലുണ്ട്, നമ്മുടെ തോമാച്ചന്‍ മന്ത്രിയുടെ കാര്യകാരണങ്ങള്‍ കാണുമ്പോള്‍ അതാണോര്‍മ്മവരുന്നത്. 


പലരും എം പിയാവുന്നത് പലതരം കാര്യ സാധ്യത്തിനാണ്- മഹത്തായ ജനാധിപത്യം എന്നൊക്കെ ഒരു രസത്തിന്നു വേണ്ടി പറയാമെങ്കിലും അവരവരുടെ കയ്യിലിരിപ്പിന്റെ കാര്യസാധ്യത്തിന്നു വേണ്ടിയാണ് മത്സരിക്കുന്നതും ജയിക്കുന്നതും. വിജയ് മല്ല്യയും ആന്റണിയും എം പിയായതുപോലെ. മല്ല്യ കച്ചോടം പോഷിപ്പിക്കാനും ആന്റണി ആദര്‍ശം ജയിപ്പിക്കാനും എം പിയായി. മല്ല്യ ചെയ്ത പലതും പലതരത്തില്‍ നാമറിഞ്ഞു. ആമദ് മന്ത്രി ഹജ്ജ് ക്വാട്ട വിറ്റു വെന്ന പരാതിയും നാം കേട്ടു കൂടെ അന്തോണീച്ചായന്‍ ആര്‍ക്കും വേണ്ടാത്ത കാസര്‍ക്കോട്ട് ഹെലിക്കോപ്റ്റര്‍ കമ്പനി സ്ഥാപിച്ച കാര്യവും നാമരിഞ്ഞു. അതിനൊപ്പം എം പിയായ് എല്ലാരേം ഞെട്ടിച്ച് സഹ മന്ത്രിയായ മഹാനാണ് നമ്മുടെ തോമാച്ചന്‍. ആ മഹാന് ഇപ്പോള്‍ കാലക്കേടാണു പോലും! എന്‍ഡോസള്‍ഫാന്‍ എന്നൊരു കൊതുകാണത്രെ അങ്ങേരെ ഉപദ്രവിക്കുന്നത്- മന്ത്രിയെന്ന നിലയില്‍ ഞാന്‍ പറയുന്നതൊന്നും തന്റെ അഭിപ്രായമല്ല എന്ന മഹത്തായ പുരോഗമന സിദ്ധാന്തവും പ്രൊഫസ്സര്‍ തയ്യാരാക്കിയിട്ടുണ്ടത്രെ. ആ പരട്ട ബ്യൂറോക്രാറ്റുകള്‍ എയുതിക്കൊടുക്കുന്നതൊക്കെ വായിക്കലാണത്രെ സഹമന്ത്രിയുടെ ഉദ്യോഗമ്മെന്ന് അങ്ങേര്‍ പറയുന്നു- അതിന്നു വേണ്ടി എം പിയാവേണ്ട കാര്യമുണ്ടോ ഇന്ത്യാവിഷനില്‍ വാര്‍ത്തവായനക്കാരുടെ ഒഴിവേറെയുണ്ടെന്നകാര്യം മാഷറിഞ്ഞിട്ടുണ്ടാവില്ല. 


ഇപ്പോള്‍ ഏറ്റവുമൊടുവില്‍ എന്‍ഡോസല്‍ഫാന്‍ ദുരിതത്തെക്കുറിച്ച് അന്വേഷിക്കാന്‍ തോമാച്ചന്റെ മന്ത്രായലയം, എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച- മുന്‍പൊരിക്കല്‍ അന്വേഷിക്കാന്‍ വന്നിട്ട് ഗസ്റ്റ് ഹൌസിലിരുന്ന് മാരക വിഷത്തിന്ന് ക്ലീന്‍ ചിറ്റ് നല്‍കിയ മായിയെ നിയോഗിച്ചിരിക്കുന്നു. അതിന്നും തോമാച്ചന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി ഇനിയുമിത് അംഗീകരിച്ചിട്ടില്ലെന്ന്! തോമാച്ചാ അങ്ങ് ആരുടെ മന്ത്രിയ്ആണ്‍? കീടക്കമ്പനിക്കാരുടേതോ അതോ നാട്ടാരുടേതോ? 
 പക്കേങ്കില്‍ ഒരു ദേശത്തെ പാവം ജനതയെ കണ്ണീരു കുടിപ്പിച്ചിട്ട് അവരെ ഉപയോഗിച്ച് നാലാം കിട നാടകം കളി- അത് നാമനുവദിക്കില്ല തോമാച്ചാ...................... 
തോമാച്ചനും മായിയും കാസര്‍ക്കോട്ടേക്ക് ഒരിക്കല്‍ കൂടി വാ, നാമിവിടെ കാത്തിരിക്കുകയാണ്- എന്‍ഡോസള്‍ഫാനുമായല്ല നല്ല നാടന്‍ ചാണകവെള്ളവുമായി! 


വീണ്ടും ............മാജിക്ക് മായിയെ കമ്മീഷന്‍ നേതാവാക്കിയ ......................................... രാഷ്ട്രീയ മാന്യത തന്നെ!

28 നവംബർ 2010

പത്രത്തിനൊപ്പം ഒരു സംസ്കാരവും...........!


ഭവനവായ്പ്പാ തട്ടിപ്പുമായ് ബന്ധപ്പെട്ട വാര്‍ത്ത - പത്രത്തിനൊപ്പം ഒരു സംസ്കാരം കൂടി പ്രചരിപ്പിക്കുന്ന കടലാസില്‍ ആദ്യദിനം വന്നത് നിങ്ങള്‍ വായിച്ചിരുന്നുവോ?
 അതില്‍ മലയാളിയായ എല്‍ ഐ സീ ഭവനവായ്പ്പാ വിഭാഗം തലവന്റെ പ്രൊഫൈല്‍ അവതരിപ്പിച്ച വിധം ശരിക്കും പുതിയൊരു സംസ്കാരം തന്നെയായിരുന്നൂ...
 ആ മലയാളി മഹാന്റെ തറവാട്ടു പേരടക്കം ആ വാര്‍ത്തയില്‍ വിശദമായി വിസ്തരിക്കാന്‍ ലേഖകന്‍ മറന്നില്ല, അഴിമതിയും തറവാട്ടുഗുണമാനെന്ന് സ്ഥാപിക്കാനായിരുന്നോ ആ ശ്രമമെന്ന്  നമുക്കറിയില്ല. പക്ഷേ സീ ബീ ഐ പ്രാഥമികാന്വേഷണം മാത്രം നടത്തി അതിന്മേല്‍ സ്വീകരിച്ചതാണ്-
 അല്ലാതെ എതെങ്കിലും കോടതിവിധിയുടെ അടിസ്ഥാനത്തിലല്ല ആ അറസ്റ്റ് എന്നു മനസ്സിലാക്കുമ്പോള്‍ ഇത് വ്യക്തിഹത്യയുടെ പുതിയ മാധ്യമ സംസ്കാരം അല്ലാതെ പിന്നെന്ത് എന്നൊരു ചോദ്യം സ്വാഭാവികം മാത്രം.
 കൂടെ പണ്ടത്തെ ചാരക്കേസിന്റെ ദുര്‍മ്മേദസ്സ് നമ്മുടെ മലയാളക്കടലാസ്സുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന സൂചനയും!

22 നവംബർ 2010

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പ്രദര്‍ശനവസ്തുക്കളോ?

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പ്രദര്‍ശനവസ്തുക്കളോ? എന്ന വിഷയത്തില്‍ വിനോദ് കുമാര്‍ കോടോത്ത് എഴുതിയ ചന്ദ്രഗിരിക്കരയില്‍ എന്ന പംക്തി വായിക്കാന്‍ ഇവിടെ ഞെക്കുക.

18 നവംബർ 2010

വീണ്ടും എന്‍ഡോസള്‍ഫാന്‍ തന്നെ

വിമര്‍ശനങ്ങളെ സൈബര്‍കരിനിയമം ദുരുപയോഗം ചെയ്ത് നേരിടുന്ന കൊജ്ഞാണന്‍ സഖാവ് ഈ ബ്ലോഗിന്റെ ഐശ്വര്യം.

വീണ്ടും എന്‍ഡോസള്‍ഫാന്‍ തന്നെ വിഷയമായത് എന്റെ കുറ്റമല്ല, ഇങ്ങനെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആക്റ്റിവിസ്റ്റുമല്ല- എങ്കിലും പറയാതെ വയ്യ.


പറഞ്ഞു പറഞ്ഞ് എല്ലാവര്‍ക്കുമുള്ള ഒരേ ഒരു ലക്ഷ്യമായി എന്‍ഡോസള്‍ഫാന്‍ നിരോധനം മാരിയിരിക്കുന്നു. നല്ലകാര്യം തന്നെ,  നമ്മുടെ കേരളത്തില്‍ ഈ മാരകവിഷത്തിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. നമ്മുടെ കാസര്‍ക്കോടന്‍ ദുരിത ബാധിത പ്രദേശത്തൊന്നും ഇപ്പോഴിത് ഉപയോഗിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഈ വിഷത്തിന്റെ നിരോധനം എന്ന വിഷയം നമ്മെ സംബന്ധിച്ചിടത്തോളം അപ്രസക്തവുമാണ്. 
പക്ഷേ ഇപ്പോള്‍ നമ്മുടെ പ്രധാന ലക്ഷ്യമാവേണ്ട ഒരു കാര്യം ഈ ദുരിത ബാധിതരുടെ പുനരധിവാസമാണ്. ഇക്കൂട്ടരില്‍ പലരും ജന്മനാ ദരിദ്രരാണ്, ബാക്കിയുള്ളവര്‍ ചികിത്സാ ചിലവു സഹിക്കാനാവാതെ ഇപ്പോള്‍ ദരിദ്രരായവരും. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള ചികിത്സാ സാഹചര്യങ്ങള്‍ സ്രുഷ്ടിക്കാന്‍ അതുകൊണ്ടു തന്നെ അവര്‍ക്കാവുന്നില്ല. 
വീയെസ്സ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യകാലത്ത് ഇവര്‍ക്ക് ചികിത്സാസഹായം നല്‍കിയിരുന്നു വെന്ന കാര്യം മറക്കുന്നില്ല- എങ്കിലും അതുകൊണ്ടായില്ല, അവര്‍ക്ക് ആവശ്യമായ പൂര്‍ണ്ണ സംരക്ഷനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പൂര്‍വ്വാനുഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ ശ്രീമതിട്ടീച്ചറുടെ സംരക്ഷണ വാക്കുകള്‍ സ്വീകരിക്കാനാവില്ല.
മാത്രമല്ല ഇക്കാര്യത്തില്‍ ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടുന്ന ഇതേ സര്‍ക്കാര്‍ തന്നെയാണ് നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാന് ദുരിതാശ്വാസ വകയില്‍ അഞ്ചുകോടി രൂപ ദാനം നല്‍കിയതെന്നു കൂടി ഓര്‍ക്കുക.


***********************************************
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം കുറേക്കാലത്തിന്നു ശേഷം ഡി വൈ എഫ് ഐ സമുചിതമായി ആചരിക്കാന്‍ പോകുന്നു. ഒരിക്കലും നടക്കാത്ത മനോഹര മുദ്രാവാക്യവുമായി സമരത്തിനിറങ്ങി രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷികളുമായിത്തീര്‍ന്ന സഖാക്കളേ അഭിവാദ്യങ്ങള്‍ !

05 നവംബർ 2010

എന്‍ഡോസള്‍ഫാനും സാധ്യതകളും                  നാലഞ്ചുവര്‍ഷത്തിന്നു മുന്‍പൊക്കെ എന്റെ നാട്ടിലെ കുട്ടികള്‍ കൌതുകപൂര്‍വ്വം കാത്തിരിക്കുന്നൊരു തുമ്പിയാത്ര ഉണ്ടായിരുന്നു. മിക്കവാറും എല്ലാ ആഴ്ച്ചയും വന്പിച്ച കട കട ശബ്ദത്തിന്റെ അകന്‍പടിയോടെ വരുന്ന ആ വലിയ തുംബി-താഴ്ന്നു പറക്കുന്ന ഹെലിക്കോപ്റ്റര്‍- എന്മകജയില്‍ എന്‍ഡോസള്‍ഫാന്‍ എന്ന വിഷം തളിച്ച് അടുത്ത കേന്ദ്രമായ പെരിയയിലേക്കുള്ള യാത്രയിലാണെന്ന കാര്യം അന്ന് ആ കുട്ടികള്‍ക്കരിയില്ലായിരുന്നു.
അത് പഴയ കഥകള്‍.
ഇന്ന് കുറേക്കാലത്തിന്നു ശേഷം എന്‍ഡോസള്‍ഫാന്‍ വീണ്ടും വാര്‍ത്തകളിലും ചര്‍ച്ചകളിലും സ്ഥാനം നേടിയിരിക്കുന്നു, എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചും കുടിച്ചും തിന്നും വിക്രുത ശപിത ജന്മങ്ങള്‍ക്കുടമകളായ ദരിദ്രമനുഷ്യക്കോലങ്ങളുടെ ഫോട്ടോ വിറ്റും ലേഖനമെഴുതിയും ലക്ഷാധിപതികളായവരും ഡോക്യുമെന്ററികളെടുത്ത് വിശ്വപ്രസിദ്ധരായവരുമൊക്കെ സടകുടഞ്ഞെഴുന്നേറ്റു- അടുത്ത സീസണിലേക്ക്.

സീസണ്‍ അണ്‍ലിമിറ്റഡ്
ഇത് എന്‍ഡോസള്‍ഫാന്‍ സീസണ്‍ ഫോറോ ഫൈവോ എന്നു ചോദിക്കരുത്- ഈ റിയാലിറ്റി ഷോകളുടെ വിവാദവേദികള്‍ എണ്ണാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ല, കാരണം എന്‍ഡോസള്‍ഫാന്‍ കമ്പനിക്കാര്‍ സ്പോണ്‍സര്‍ ചെയ്ത് ദുബേക്കമ്മറ്റിയടക്കം ഇരുപത്തഞ്ചോളം സര്‍ക്കാര്‍ അന്വേഷണങ്ങളും എന്‍ജീയോസും മറ്റുമൊക്കെ ഇവിടം സന്ദര്‍ശിക്കുന്ന കാലമൊക്കെ ഓരോ സീസണുകളായിരുന്നു.

സീസണ്‍ 2010
സീസണ്‍ രണ്ടായിരത്തിപ്പത്തിന്റെ തുടക്കം അല്‍പ്പം രസകരമായിത്തന്നെയായിരുന്നൂ- ജനീവയില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ അമേരിക്കയടക്കമുള്ള കുത്തകരാജ്യങ്ങള്‍ എതിര്‍ത്തപ്പോഴും ഭാരതത്തിന്റെ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാനെ വാഴ്ത്തിപ്പാടി. അന്നത് കേരളത്തില്‍ മാത്രം ആരും അറിഞ്ഞില്ല, അറിയാതിരുന്നതല്ല അറിയിക്കാത്തതായിരുന്നു. കാരണം ആ സംഭവം നടന്ന കാലം കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകാലം! അന്നീ വാര്‍ത്ത വന്നാല്‍ വലതിന്നു ക്ഷീണം വരുമെന്നറിഞ്ഞ മാധ്യമങ്ങള്‍ സുന്ദരമായീ വാര്‍ത്ത മുക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് കേന്ദ്രമന്ത്രി കേവീ തോമസ്സ് കാസര്‍ക്കോട്ടെ സെമിനാറിന്നിടയില്‍ അറിയാതെ കേന്ദ്രനയം വ്യക്തമാക്കി, അപ്പോള്‍ മാത്രമാണത്രെ അന്വേഷണാത്മക സിണ്ടിക്കേറ്റുകള്‍ കാര്യമറിഞ്ഞത്. അന്നുതന്നെ വീരന്റെ പത്രം കളര്‍ സപ്ലിമെന്റിറക്കി, മാത്തുക്കുട്ടിച്ചായന്റെ ചാനല്‍ അരമണിക്കൂര്‍ ചര്‍ച്ച നടത്തി, അടുത്ത  തവണ ദേവസ്വം മന്ത്രിയായേക്കാവുന്ന വീയെം സുധീരന്‍ പ്രസ്താവനയുമായെത്തി.........................പിന്നത്തെ പുകിലൊക്കെ നിങ്ങളറിഞ്ഞതാണല്ലോ?

അന്നും ഇന്നും
എന്തായാലും തളിക്കേണ്ടത് തളിച്ചു അനുഭവിക്കേണ്ടവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു- വിഷക്കന്‍പനിക്കാരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും നാട്ടാരും എല്ലാം അവരവരുടെ വിധിക്കനുസരിച്ച്. ഇനി നമുക്കെന്തു ചെയ്യാനാവും? ഇന്ന് വീയെം സുധീരന്റെ സ്ഥാനത്ത് അന്ന് വീയെസ്സായിരുന്നു. ഇന്ന് വീയെസ്സ് മുഖ്യമന്ത്രി- ആദ്യമായ് സ്ഥാനം കിട്ടിയതിന്റെ സന്തോഷത്തിന്ന് ഇവിടെ വന്ന് നീട്ടിവലിച്ച പ്രസ്താവനയ്ക്കൊപ്പം  ചിലര്‍ക്ക് അഞ്ഞൂറിന്റെ നോട്ടിട്ട കവര്‍ നല്‍കിയതും മെഡിക്കല്‍ ക്യാമ്പു നടത്തിയതും മറക്കുന്നില്ല- പക്ഷേ അതു പോരല്ലോ.! അതവിടം കൊണ്ട് തീരാന്‍ പാടില്ലല്ലോ! അടുത്ത തവണ പ്രതിപക്ഷ നേതാവായി വീണ്ടുമിതൊക്കെ കുത്തിപ്പൊക്കാനാണ് പ്ലാനെങ്കില്‍ അത് അതിമോഹമെന്നേ പിണറായിക്കാര്‍ പറയൂ.

ഇനി നമുക്ക് ചെയ്യാവുന്നത്
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടത് ഈ വിവാദങ്ങളോ രാഷ്ട്രീയ വിഴുപ്പലക്കലുകളോ അല്ല, ഇത് കൊണ്ട് അവരുടെ വേദനയോ കഷ്ടപ്പാടോ മാറുകയുമില്ല, അതിന്നു വേണ്ടിയായിരിക്കണം നമ്മുടെ ഓരോ വാക്കും .

1)കണ്ണൂരിലെ കണ്ടല്‍ച്ചെടിയുടെ വേദന സഹിക്കാനാവാത്ത കേന്ദ്രമന്ത്രി ജയറാം രമേശന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതവും പീഡനവും തന്റെ  വകുപ്പല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്‍പോള്‍ നമുക്കു ചെയ്യാവുന്നത് സുധാകരന്‍ എമ്പീയേക്കൊണ്ട് അവിടെ മരുന്നുതളിച്ച ഹെലിക്കോപ്റ്ററിന്റെ കപ്പിത്താന്‍ സീപ്പീയെം ബ്രാഞ്ചു സെക്രട്ടറിയായിരുന്നെന്ന് പറയിക്കലല്ലേ?

2) ദുരിതബാധിതര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ ഫണ്ടില്ലെന്നു പറയുന്നവര്‍ക്ക് കണ്ണൂരിലെ ജയരാജന്മാര്‍ വഴി പറഞ്ഞുതരും.
 പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ പാര്‍ക്കാക്കണം,
ഗവേഷണവും നടത്താം പണവുമുണ്ടാക്കാം- ദുരിതബാധിതരെക്കാണാന്‍ സംഭാവനാ ടിക്കറ്റുണ്ടാക്കണം,
ഫോട്ടോ വിറ്റ്- ലേഖനമെഴുതി കായുണ്ടാക്കിയവരില്‍ നിന്ന് റോയല്‍റ്റി വാങ്ങണം.

3)ഗവേഷണത്തിനെന്നപേരില്‍ ചോരയൂറ്റുന്നവരില്‍ നിന്ന് മില്ലിക്കണക്കിന്ന് പണം വാങ്ങണം.

02 നവംബർ 2010

രണ്ടു രൂപയുടെ അരിയും നായ്ക്കളും!

ഇക്കഴിഞ്ഞ  തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതില്‍ പിന്നെ ഇമെയിലായും എസ്സെമ്മെസ്സായുമൊക്കെ പടര്‍ന്നു പ്രചരിച്ച ഒരു തമാശ നിങ്ങളെല്ലാരും കണ്ടിരിക്കുമെന്നു തോന്നുന്നൂ.
 സി പി ഐ (എം) പുതിയ തീരുമാനങ്ങള്‍ എന്ന തലക്കെട്ടില്‍ വന്ന ആ വാചകങ്ങള്‍ ഏകദേശം ഇങ്ങനെയായിരുന്നൂ-

1) അരിക്കു പകരം നെല്ലു റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും (കുത്തി തിന്നട്ടെ നായിന്റെ മക്കള്‍.) 


2) രണ്ടു രൂപയുടെ അരി നായ്ക്കള്‍ക്കു വിതരണം ചെയ്യൂം ( അതിന്റെ നന്ദി കാണിക്കും) 

3) വയനാട്ടില്‍ രണ്ടു മീറ്റര്‍ കയര്‍ സൌജന്യമായി വിതരണം ചെയ്യും ( കര്‍ഷകര്‍ തൂങ്ങിച്ചാവട്ടെ) 


4) നിയമന നിരോധനം നടപ്പാക്കും (തെണ്ടട്ടെ യുവാക്കള്‍) 


5) വര്‍ഗ്ഗീയലഹളകള്‍ പ്രോത്സാഹിപ്പിക്കും ( വെട്ടിച്ചാവട്ടെ എല്ലാരും) 


6) പെന്‍ഷന്‍ വെട്ടിക്കുറയ്ല്ലും (അങ്ങനെ നക്കണ്ട) ..................

ഇതൊക്കെ ആയിരുന്നൂ ആ സന്ദേശത്തിന്റെ പൊരുള്‍.
ഒറ്റവായനയില്‍ തന്നെ ചങ്കില്‍ തട്ടുന്ന രീതിയിലുള്ള അവതരണത്തോടെയുള്ള ഈ രോഷപ്രകടനം രാഷ്ട്രീയ ഭേദമന്യേ എല്ലാരും ആസ്വദിച്ചു എന്നു വേണം കരുതാന്‍. മുന്‍ യൂഡീയെഫ് സര്‍ക്കാര്‍ നടപ്പാക്കിയതിനേക്കാള്‍ കേമമായ ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയ വീയെസ്സ് സര്‍ക്കാര്‍ പക്ഷെ മറ്റു പലതരം വിവാദങ്ങളിലൂ‍ൂടെ കരിവാരിത്തേക്കപ്പെട്ടു എന്നതൊരു സത്യമല്ലേ?

മേല്‍ സൂചിപ്പിച്ച ആറു കാര്യങ്ങള്‍ തന്നെ എടുത്തുനോക്കൂ- റേഷന്‍ കടകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് പഴയതിരക്കിലേക്ക് കൊണ്ടുവരികയും രണ്ടു രൂപയ്ക്ക് അരിവിതരണം നടത്തുകയും ചെയ്തത് ഈ സര്‍ക്കാറല്ലേ? ഈ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കും വരെ വയനാട്ടിലെ അവസ്ഥയെന്തായിരുന്നൂ എന്നൊന്നോര്‍ത്തു നോക്കൂ- ചിലപത്രങ്ങള്‍ ഇന്നത്തെ കര്‍ഷ ആത്മഹത്യ എന്ന പേരില്‍ സ്ഥിരം പംക്തി പോലും പ്രസിദ്ധ്ഹീകരിച്ചിരുന്നകാര്യം ഓര്‍മ്മയില്ലേ? കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയത് ഈ സര്‍ക്കാറല്ലേ? നിയമന നിരോധനം ഒഴിവാക്കിയത്, സാമൂഹിക തൊഴില്‍ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച് മുടക്കമില്ലാതെ വിതരണം ചെയ്തത് ഈ സ്ര്ക്കാറല്ലേ? വര്‍ഗ്ഗീയ ലഹളകളുടെ മുന്‍ ചരിത്രം കൂടി ഒന്നു പരിശോധിച്ചു നോക്കൂ...........................

ഈ സാഹചര്യത്തിലും എന്തുകൊണ്ട് ഇടതുപക്ഷം തോറ്റു എന്നാണിപ്പോള്‍ ചിന്തിക്കേണ്ടത്. നേതാക്കളുടെ ധിക്കാര ശൈലിമാത്രമാണോ പ്രതിസ്ഥാനത്ത് ? അല്ലെന്നു വേണം കരുതാന്‍ .       (തുടരും........)

28 ഒക്‌ടോബർ 2010

കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ട്?

കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ട് എന്നതിന്റെ വ്യക്തമായ സൂചനകളാണ്  ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സ്വാമി വിവേകാനന്ദന്‍ പ്രസിദ്ധമായൊരു നിര്രീക്ഷണം കേരളത്തെക്കുറിച്ച് നടത്തിയ കാലഘട്ടത്തില്‍ നിന്ന് വന്‍ മുന്നേറ്റം നേടാന്‍ നമുക്കായെങ്കിലും ഇന്ന് പല പല കാരണങ്ങള്‍ കൊണ്ടാവാം നാമതില്‍ നിന്ന് പിന്തിരിഞ്ഞോടാന്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിരീക്ഷിക്കുമ്പോള്‍  കേരള മഹാരാജ്യത്ത് ഇനി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കല്ല മതാധിഷ്ടിത കൂട്ടുകെട്ടുകള്‍ക്കാണ്  ഭാവി എന്നു മനസ്സിലാവും.

കെ എം മാണിയുടേ നേത്രുത്വത്തിലുള്ള ക്രിസ്ത്യന്‍ കോണ്‍ഗ്രസ്സൂ‍ൂം മുസ്ലിം ലീഗിന്റെ പിന്നിലണിനിരക്കുന്ന മുസ്ലിം മത വിശ്വാസികളും എസ് ഡി പി ഐ യുടെ പിന്നിലുള്ള തീവ്ര വികാരമുള്ളവരും പിന്നെ കാവി ഭീകരതയ്ക്കും ഇവിടെ സ്ഥാനമുണ്ടെന്നോര്‍മ്മിപ്പിക്കുന്ന ബീജേപ്പീ പരിവാരങ്ങളുമൊക്കെയാണ് ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് എന്ന് നിരീക്ഷണങ്ങള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ അത് മലയാളിയെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഈ വിജയങ്ങള്‍ ഒരിക്കലും കേരള മനസ്സിന്നെ ഒന്നിപ്പിക്കില്ലെന്നും ഇത് നമ്മില്‍ ഒളിച്ചിരിക്കുന്ന വര്‍ഗ്ഗ വികാരങ്ങളെ ഉത്തേജിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് എല്ലാ രാഷ്ട്രീയക്കാരും ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.

ഇങ്ങനൊരു വിധിയെഴുത്തിലേക്ക് കേരള മനസാക്ഷി എങ്ങനെ എത്തിച്ചെര്‍ന്നുവെന്ന് ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടത് ഇടതുപക്ഷം തന്നെയാണ്, കേരളത്തിന്ലെ ഇന്നത്തെ സ്ഥിതി വച്ച് നോക്കുമ്പോള്‍ ഇടതു പക്ഷം എന്നാല്‍ സീപ്പീയെം മാത്രമാണെന്നതു കൂടി ഓര്‍ക്കുമ്പോള്‍ ഈ പരാജയം അത്ര വലിയൊരു ഷോക്കല്ലെന്നു അവര്‍ക്കു വാദിക്കാമെങ്കിലും നമ്മുടെ മനം മാറ്റത്തിന്നു പ്രധാന കാരണക്കാരാ‍യി സീപ്പീയെം നേതാക്കളുടെ വികല വിചാര ധാരകളെ മാത്രമേ കാണാന്‍ പറ്റൂ.

കാലാകാലങ്ങളില്‍ താല്‍ക്കാലിക നേട്ടത്തിന്നു വേണ്ടി ഏക്കേജീ സെന്ററില്‍ ജനമനസ്സറിയാത്ത പുത്തിജീവികള്‍ എഴുതിയുണ്ടാക്കിയ അടവുനയങ്ങള്‍ കാലാന്തരേണ തിരിഞ്ഞു കുത്തും എന്ന അനുഭവം അഥവാ ചരിത്രപരമായ മണ്ടത്തരങ്ങള്‍ എന്തിനിനിയും നടപ്പാക്കണം എന്നു കൂടി ബ്രാ‍ഞ്ചു സഖാക്കള്‍ ചിന്തിച്ചിരിക്കണം. ഈ തിരഞ്ഞെടുപ്പില്‍ ഗ്രാമ വാര്‍ഡുതലങ്ങളില്‍ സാധാരനക്കാര്‍ക്കു പകരം അരിവാല്‍ ചുറ്റികയില്‍ മത്സരിച്ചവരില്‍ ഭൂരിപക്ഷം ലോക്കല്‍ തലങ്ങളിലെ നേതാക്കളാണ് എന്നതുകൊണ്ടു തന്നെ അവര്‍ക്കേറ്റ പരാജയം പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ടെങ്കിലും അവരതിനു തയ്യാറാകുമോ എന്നതനുസരിച്ചിരിക്കും ഇനി കേരള നാട്ടിലെ ചെങ്കൊടിയുടെ ഭാവി.

*
കേസീബീസി അച്ചന്റെ പ്രതികരണം കേട്ടപ്പോള്‍ തോന്നിയത്:
  ഇനി തിരഞ്ഞെടുപ്പ് വേണ്ട പകരം സമുദായ ശക്തി അളക്കാനുള്ള രഫറണ്ടം മതി! എന്തെ?

25 ഒക്‌ടോബർ 2010

ഞാനിവിടെ..............................

            അങ്ങനെ നമ്മുടെ സാംസ്കാരിക വകുപ്പിന്റെ സംസ്കാര സംസ്കാരം വെളിവായി, 


അരാജകവാദിയായി ജീവിച്ച കവിയുടെ അന്ത്യ സംസ്കാരവും അരാജകമാക്കിയ ബേബിമന്ത്രിക്ക് 


നമോവാകം. ഔദ്യോഗിക ബഹുമതിയുടെ കൂടെ വെക്കാനുള്ള വെടിക്കുള്ള ഉണ്ടകളൊക്കെ 


കണ്ണൂരില്‍ ആകാശത്തേക്ക് ഉതിര്‍ത്തു തീര്‍ത്തതുകൊണ്ടായിരിക്കണം അയ്യപ്പന്റെ സംസ്കാരം 


നീട്ടിവയ്ക്കേണ്ടിവന്നത്. ഇത്തരം പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് ഇനി സാംസ്കാരിക വകുപ്പ് സ്വന്തം 


നിലയില്‍ വെടിവയ്പ്പ് ജീവനക്കാരെ നിയമിക്കേണ്ടിയിരിക്കുന്നൂ, അല്ലെങ്കില്‍ വെടിക്കുപകരം 


അമിട്ടായാലും മതി എന്നൊരു തീരുമാനം ഉണ്ടാക്കിയെടുത്താലും മതി. ഈ വിവാദം കൊണ്ടുണ്ടായ 


മറ്റൊരു ഗുണം അഴീക്കോടന്‍ സുകുമാരന്‍ ജീവനോടെ യുണ്ടെന്ന് മലയാളികളെ ഓര്‍മ്മിപ്പിക്കാനായി 


എന്നതാണ്. ഈ വിവാദം ഉദ്ഘാടനം   ചെയ്ത മഹാന്‍ എന്ന നിലയില്‍  അങ്ങേറ്ക്കിനി അവിടെ 


പോകാതെ വയ്യല്ലോ? അപ്പോളും പുതിയൊരു പ്രശനം വരും ഈ സാംകാരിക നായകന്റെ കാറു കൂലി 


ആരുകൊടുക്കും? അതും സാംസ്കാരിക വകുപ്പ് ഏറ്റെടുക്കണമെന്നൊരു വാദം ചാനല്‍ ചര്‍ച്ചളില്‍ 


വരുമോ?
**
ഞാനിവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ വിവാദം ഉണ്ടാക്കിയേ പറ്റൂ എന്നു കരുതുന്നവരുടെ 


നേതാവ് മുന്‍ മന്ത്രി തരൂരാണെങ്കിലും അങ്ങേര്‍ക്കിവിടെ ഒരു ശിഷ്യന്‍ ജനിച്ചിരിക്കുന്നൂ തെറ്റയില്‍ 


മന്ത്രി! ഏമാന്റെ പുതിയ പുരോഗമന ഉത്തരവ് ചിരിക്കു വകനല്‍കുന്നുണ്ട്. ശബരിമലയ്ക്കു ഓടുന്ന 


ബസ്സുകളില്‍ സ്വാമി ശരണമെന്നു എഴുതാന്‍ പാടില്ലത്രെ. ഇനി പുകവലി പാടില്ല, കയ്യും തലയും 


പുറത്തിടരുത്, ടിക്കറ്റ് ചോദിച്ചു വാങ്ങുക എന്നീ നിര്‍ദ്ദേശങ്ങള്‍ക്കു താഴേ ചുവപ്പില്‍ അല്‍പ്പം 


വലുപ്പത്തില്‍ തന്നെ ശരണം വിളി പാടില്ല എന്നു കൂടി എഴുതാന്‍ ഉത്തരവിടാവുന്നതാണ്!
**
കഴിഞ്ഞ പതിറ്റാണ്ടില്‍ മലയാള പത്രങ്ങളിലെ  രണ്ടു പോട്ടോ പിടുത്തക്കാര്‍ ദേശീയ 


ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി- മഴപ്പോ‍ട്ടം പിടിച്ച് അകാലത്തില്‍ വിടപറഞ്ഞ വിക്റ്റര്‍ ജോര്‍ജ്ജും 


എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച മധുകുമാറും. അന്ന്- മധുകുമാര്‍ 


ആ പോട്ടോകള്‍ എടുക്കുന്ന കാലത്ത്  പത്രമുതലാളി സാമ്രാജ്യത്വത്തിന്നും അതിന്റെ 


ഉല്‍പ്പന്നങ്ങള്‍ക്കും കാണാ ചരടുകള്‍ക്കുമൊക്കെ എതിരായിരുന്നതിനാല്‍ ആ പോട്ടോകളും 


പ്രശസ്തമായി. ഇന്ന് പത്രമുതലാളി രണ്ടു വോട്ടിന്നും ഒരു മന്ത്രിസ്ഥാനത്തിന്നും വേണ്ടി 


കൂറുമാ‍റിയപ്പോള്‍ നിലപാടുകളും മാറ്റി. ജനീവയില്‍ അന്തര്‍ ദേശീയ സമ്മേളനത്തില്‍ 


എന്‍ഡോസള്‍ഫാനുവേണ്ടീ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ച വാര്‍ത്ത നമ്മളില്‍ അധികം പേരും 


അറിഞ്ഞില്ല- കാരണം മുഖ്യധാരാപത്രങ്ങള്‍ ആ വാര്‍ത്ത മുക്കിയതു കൊണ്ടു തന്നെ, മധുകുമാര്‍ ഇനി 


സൂക്ഷിക്കണം ആ പോട്ടോകള്‍ ഇനിയും പൊടിതട്ടിയേടുത്താല്‍ ഒന്നുകില്‍ പണിതെറിക്കും 


അല്ലെങ്കില്‍ ചിലപ്പോള്‍ പോട്ടോ തന്നെ കാണില്ല. 


വീരാ നീയൊരു വീരന്‍ തന്നെ!03 സെപ്റ്റംബർ 2010

അഞ്ചു കോടിയും ഹലാക്കിന്റെ ബുലാലയയൊം!

കല്‍മാഡിയും കൂട്ടു കളിക്കാരും ചേര്‍ന്ന് കോടികള്‍ (കോടികള്‍ എന്ന്
പറഞ്ഞ് വിലകളയാമോ എന്നറിയില്ല!) മുക്കിയ വാര്‍ത്ത ചാനലിലും
കടലാസ്സിലുമൊക്കെ വന്നപ്പോഴാണ് നമ്മുടെ നാട്ടിലെ കോരന്മാരില്‍ പലരും
കോമണ്‍ വെല്‍ത്ത് ഗെയിംസ് എന്നൊരു സംഭവം നമ്മുടെ ഭാരത മഹാരാജ്യത്ത്
നടക്കാന്‍ പോവുന്ന കാര്യം അരിഞ്ഞതുതന്നെ. കല്‍മാഡിമാരെക്കൊണ്ട് അങ്ങനൊരു
നേട്ടം ഉണ്ടായി എന്നത് ആശ്വസിക്കാനുള്ള വക തന്നെ. പലപല കാര്യങ്ങള്‍ക്കായി
പരസ്യത്തിന്നു ചിലവാക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഈ തുക നിസ്സാരമത്രേ,
നമ്മുടെ പല്ലു വെളുപ്പിക്കുന്ന കോള്‍ഗേറ്റുകാര്‍ പരസ്യത്തിന്നു
ചിലവാക്കുന്ന തുകയുടത്ര വരില്ല പോലും കല്‍മാഡിക്കാര്‍ മുക്കിയത്-
അതോണ്ടെന്തുണ്ടായി?- ചാനലുകളിലും കടലാസ്സിലുമൊക്കെ കോമണ്‍ വെല്‍ത്ത്
നിറഞ്ഞു നിന്നി നാട്ടാരറിഞ്ഞു!

അങ്ങനങ്ങനേയിരിക്കുന്ന അവസരത്തിങ്കലാണ് അഞ്ചുകോടി രൂപ
വാങ്ങിക്കീശേലിട്ട്, കോമണ്‍ വെല്‍ത്ത് പാട്ട് പാടിത്തരാം എന്ന് ഓസ്കാര്‍
വാങ്ങി മടങ്ങിയ റഹ്മാനിക്ക പാടിയത്. നമ്മള്‍ കാത്തു കാത്തിരുന്ന്
ഒടുവിലത് കേട്ടു, അതാദ്യമായ് കേള്‍ക്കാന്‍ (കാണാനും!) ദൂരദര്‍ശനിലേക്ക്
റിമോട്ട് ഞെക്കേണ്ടിയും വന്നു. കാണാനിരിക്കുമ്പോഴും കേള്‍ക്കാന്‍
നില്‍ക്കുമ്പോളും കാതിലും കണ്ണിലും വക്കാ വക്കാ മാത്രമായിരുന്നു. ന്റമ്മോ
എന്തൊരു കൈവിഷമായിരുന്നൂ അത്-അതിന്റെ ഹാങ്ങോവര്‍ തേഡ് റേറ്റ്
ബീവറേജനറ്റിച്ച പോലെ ഇന്നേവരെ മാറിയിട്ടില്ല! വക്കാ വക്ക വന്ന കാലത്ത്
എന്തായിരുന്നൂ പുകില്....... ഷക്കീരയെന്ന പേരിന്നെ ഷക്കീലയാക്കിയതിന്റെ
പേരില്‍ മാത്രം കുറച്ചധികം ആരാധകരെ കിട്ടിയതു മിച്ചം. ഇതൊക്കെ മനസ്സില്‍
വച്ച് അല്‍പ്പം കാലും പിന്നെ കുറച്ച് മുക്കാബലയും കാത്തിരുന്ന നമ്മുടെ
മുന്നിലേക്ക് ഓ യാരോം യേ ഇന്ത്യ ബുലാലിയാ' യുമായി വന്ന റഹ്മാനെ
ചോദ്യപ്പേപ്പറുണ്ടാക്കിയ മാഷിന്റെ അവസ്ഥയില്‍ സംഗീതപ്രേമികള്‍ (അതേ
തെറ്റിയതല്ല- കായികപ്രേമികളല്ല) എത്തിക്കാത്തത് സിനിമയുടെ പുണ്യമോ അതോ
ഓസ്കാറിന്റെ ബലമോ?

എന്തായാലും റഹ്മാനിക്കായ്ക്ക് ഇനിയും സമയമുണ്ട് പുതിയതൊന്നു മായിവരാന്‍,
ഒന്നും പറ്റിയില്ലെങ്കില്‍ ആ പഴയ മുക്കാലാ മുക്കാബല്യെങ്കിലുമൊന്ന്
പൊടിതട്ടിയെടുത്തോണ്ട് വാ....... ഓസ്കാറിനെ ഓര്‍ത്തല്ല മറിച്ച് നമ്മള്‍
നമ്മള്‍ കാലാകാലം കൂട്ടിക്കൊടുത്ത് പെട്രോളിന്റെ നികുതിയില്‍ നിന്ന്
ഊറ്റിത്തന്ന ആ അഞ്ചു കോടിയെ ഓര്‍ത്ത്!
-- www.baijuvachanam.blogspot.com
ഇത് അത്ര വലിയൊരു സാഹസികതയാണോ? അല്ലെന്നെനിക്കു തോന്നുന്നു, മൈക്കും കാമറയും കണ്ടാല്‍ നമ്മുടേ നാട്ടിലെ സാംസ്കാരിക രാഷ്ട്രീയ അവതാരങ്ങള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കിടയില്‍ ഇതൊക്കെ നിഷ്പ്രഭം!