കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

03 സെപ്റ്റംബർ 2010

അഞ്ചു കോടിയും ഹലാക്കിന്റെ ബുലാലയയൊം!

കല്‍മാഡിയും കൂട്ടു കളിക്കാരും ചേര്‍ന്ന് കോടികള്‍ (കോടികള്‍ എന്ന്
പറഞ്ഞ് വിലകളയാമോ എന്നറിയില്ല!) മുക്കിയ വാര്‍ത്ത ചാനലിലും
കടലാസ്സിലുമൊക്കെ വന്നപ്പോഴാണ് നമ്മുടെ നാട്ടിലെ കോരന്മാരില്‍ പലരും
കോമണ്‍ വെല്‍ത്ത് ഗെയിംസ് എന്നൊരു സംഭവം നമ്മുടെ ഭാരത മഹാരാജ്യത്ത്
നടക്കാന്‍ പോവുന്ന കാര്യം അരിഞ്ഞതുതന്നെ. കല്‍മാഡിമാരെക്കൊണ്ട് അങ്ങനൊരു
നേട്ടം ഉണ്ടായി എന്നത് ആശ്വസിക്കാനുള്ള വക തന്നെ. പലപല കാര്യങ്ങള്‍ക്കായി
പരസ്യത്തിന്നു ചിലവാക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഈ തുക നിസ്സാരമത്രേ,
നമ്മുടെ പല്ലു വെളുപ്പിക്കുന്ന കോള്‍ഗേറ്റുകാര്‍ പരസ്യത്തിന്നു
ചിലവാക്കുന്ന തുകയുടത്ര വരില്ല പോലും കല്‍മാഡിക്കാര്‍ മുക്കിയത്-
അതോണ്ടെന്തുണ്ടായി?- ചാനലുകളിലും കടലാസ്സിലുമൊക്കെ കോമണ്‍ വെല്‍ത്ത്
നിറഞ്ഞു നിന്നി നാട്ടാരറിഞ്ഞു!

അങ്ങനങ്ങനേയിരിക്കുന്ന അവസരത്തിങ്കലാണ് അഞ്ചുകോടി രൂപ
വാങ്ങിക്കീശേലിട്ട്, കോമണ്‍ വെല്‍ത്ത് പാട്ട് പാടിത്തരാം എന്ന് ഓസ്കാര്‍
വാങ്ങി മടങ്ങിയ റഹ്മാനിക്ക പാടിയത്. നമ്മള്‍ കാത്തു കാത്തിരുന്ന്
ഒടുവിലത് കേട്ടു, അതാദ്യമായ് കേള്‍ക്കാന്‍ (കാണാനും!) ദൂരദര്‍ശനിലേക്ക്
റിമോട്ട് ഞെക്കേണ്ടിയും വന്നു. കാണാനിരിക്കുമ്പോഴും കേള്‍ക്കാന്‍
നില്‍ക്കുമ്പോളും കാതിലും കണ്ണിലും വക്കാ വക്കാ മാത്രമായിരുന്നു. ന്റമ്മോ
എന്തൊരു കൈവിഷമായിരുന്നൂ അത്-അതിന്റെ ഹാങ്ങോവര്‍ തേഡ് റേറ്റ്
ബീവറേജനറ്റിച്ച പോലെ ഇന്നേവരെ മാറിയിട്ടില്ല! വക്കാ വക്ക വന്ന കാലത്ത്
എന്തായിരുന്നൂ പുകില്....... ഷക്കീരയെന്ന പേരിന്നെ ഷക്കീലയാക്കിയതിന്റെ
പേരില്‍ മാത്രം കുറച്ചധികം ആരാധകരെ കിട്ടിയതു മിച്ചം. ഇതൊക്കെ മനസ്സില്‍
വച്ച് അല്‍പ്പം കാലും പിന്നെ കുറച്ച് മുക്കാബലയും കാത്തിരുന്ന നമ്മുടെ
മുന്നിലേക്ക് ഓ യാരോം യേ ഇന്ത്യ ബുലാലിയാ' യുമായി വന്ന റഹ്മാനെ
ചോദ്യപ്പേപ്പറുണ്ടാക്കിയ മാഷിന്റെ അവസ്ഥയില്‍ സംഗീതപ്രേമികള്‍ (അതേ
തെറ്റിയതല്ല- കായികപ്രേമികളല്ല) എത്തിക്കാത്തത് സിനിമയുടെ പുണ്യമോ അതോ
ഓസ്കാറിന്റെ ബലമോ?

എന്തായാലും റഹ്മാനിക്കായ്ക്ക് ഇനിയും സമയമുണ്ട് പുതിയതൊന്നു മായിവരാന്‍,
ഒന്നും പറ്റിയില്ലെങ്കില്‍ ആ പഴയ മുക്കാലാ മുക്കാബല്യെങ്കിലുമൊന്ന്
പൊടിതട്ടിയെടുത്തോണ്ട് വാ....... ഓസ്കാറിനെ ഓര്‍ത്തല്ല മറിച്ച് നമ്മള്‍
നമ്മള്‍ കാലാകാലം കൂട്ടിക്കൊടുത്ത് പെട്രോളിന്റെ നികുതിയില്‍ നിന്ന്
ഊറ്റിത്തന്ന ആ അഞ്ചു കോടിയെ ഓര്‍ത്ത്!
-- www.baijuvachanam.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല: