കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

28 നവംബർ 2010

പത്രത്തിനൊപ്പം ഒരു സംസ്കാരവും...........!


ഭവനവായ്പ്പാ തട്ടിപ്പുമായ് ബന്ധപ്പെട്ട വാര്‍ത്ത - പത്രത്തിനൊപ്പം ഒരു സംസ്കാരം കൂടി പ്രചരിപ്പിക്കുന്ന കടലാസില്‍ ആദ്യദിനം വന്നത് നിങ്ങള്‍ വായിച്ചിരുന്നുവോ?
 അതില്‍ മലയാളിയായ എല്‍ ഐ സീ ഭവനവായ്പ്പാ വിഭാഗം തലവന്റെ പ്രൊഫൈല്‍ അവതരിപ്പിച്ച വിധം ശരിക്കും പുതിയൊരു സംസ്കാരം തന്നെയായിരുന്നൂ...
 ആ മലയാളി മഹാന്റെ തറവാട്ടു പേരടക്കം ആ വാര്‍ത്തയില്‍ വിശദമായി വിസ്തരിക്കാന്‍ ലേഖകന്‍ മറന്നില്ല, അഴിമതിയും തറവാട്ടുഗുണമാനെന്ന് സ്ഥാപിക്കാനായിരുന്നോ ആ ശ്രമമെന്ന്  നമുക്കറിയില്ല. പക്ഷേ സീ ബീ ഐ പ്രാഥമികാന്വേഷണം മാത്രം നടത്തി അതിന്മേല്‍ സ്വീകരിച്ചതാണ്-
 അല്ലാതെ എതെങ്കിലും കോടതിവിധിയുടെ അടിസ്ഥാനത്തിലല്ല ആ അറസ്റ്റ് എന്നു മനസ്സിലാക്കുമ്പോള്‍ ഇത് വ്യക്തിഹത്യയുടെ പുതിയ മാധ്യമ സംസ്കാരം അല്ലാതെ പിന്നെന്ത് എന്നൊരു ചോദ്യം സ്വാഭാവികം മാത്രം.
 കൂടെ പണ്ടത്തെ ചാരക്കേസിന്റെ ദുര്‍മ്മേദസ്സ് നമ്മുടെ മലയാളക്കടലാസ്സുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന സൂചനയും!

22 നവംബർ 2010

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പ്രദര്‍ശനവസ്തുക്കളോ?

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പ്രദര്‍ശനവസ്തുക്കളോ? എന്ന വിഷയത്തില്‍ വിനോദ് കുമാര്‍ കോടോത്ത് എഴുതിയ ചന്ദ്രഗിരിക്കരയില്‍ എന്ന പംക്തി വായിക്കാന്‍ ഇവിടെ ഞെക്കുക.

18 നവംബർ 2010

വീണ്ടും എന്‍ഡോസള്‍ഫാന്‍ തന്നെ

വിമര്‍ശനങ്ങളെ സൈബര്‍കരിനിയമം ദുരുപയോഗം ചെയ്ത് നേരിടുന്ന കൊജ്ഞാണന്‍ സഖാവ് ഈ ബ്ലോഗിന്റെ ഐശ്വര്യം.

വീണ്ടും എന്‍ഡോസള്‍ഫാന്‍ തന്നെ വിഷയമായത് എന്റെ കുറ്റമല്ല, ഇങ്ങനെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആക്റ്റിവിസ്റ്റുമല്ല- എങ്കിലും പറയാതെ വയ്യ.


പറഞ്ഞു പറഞ്ഞ് എല്ലാവര്‍ക്കുമുള്ള ഒരേ ഒരു ലക്ഷ്യമായി എന്‍ഡോസള്‍ഫാന്‍ നിരോധനം മാരിയിരിക്കുന്നു. നല്ലകാര്യം തന്നെ,  നമ്മുടെ കേരളത്തില്‍ ഈ മാരകവിഷത്തിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. നമ്മുടെ കാസര്‍ക്കോടന്‍ ദുരിത ബാധിത പ്രദേശത്തൊന്നും ഇപ്പോഴിത് ഉപയോഗിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഈ വിഷത്തിന്റെ നിരോധനം എന്ന വിഷയം നമ്മെ സംബന്ധിച്ചിടത്തോളം അപ്രസക്തവുമാണ്. 
പക്ഷേ ഇപ്പോള്‍ നമ്മുടെ പ്രധാന ലക്ഷ്യമാവേണ്ട ഒരു കാര്യം ഈ ദുരിത ബാധിതരുടെ പുനരധിവാസമാണ്. ഇക്കൂട്ടരില്‍ പലരും ജന്മനാ ദരിദ്രരാണ്, ബാക്കിയുള്ളവര്‍ ചികിത്സാ ചിലവു സഹിക്കാനാവാതെ ഇപ്പോള്‍ ദരിദ്രരായവരും. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള ചികിത്സാ സാഹചര്യങ്ങള്‍ സ്രുഷ്ടിക്കാന്‍ അതുകൊണ്ടു തന്നെ അവര്‍ക്കാവുന്നില്ല. 
വീയെസ്സ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യകാലത്ത് ഇവര്‍ക്ക് ചികിത്സാസഹായം നല്‍കിയിരുന്നു വെന്ന കാര്യം മറക്കുന്നില്ല- എങ്കിലും അതുകൊണ്ടായില്ല, അവര്‍ക്ക് ആവശ്യമായ പൂര്‍ണ്ണ സംരക്ഷനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പൂര്‍വ്വാനുഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ ശ്രീമതിട്ടീച്ചറുടെ സംരക്ഷണ വാക്കുകള്‍ സ്വീകരിക്കാനാവില്ല.
മാത്രമല്ല ഇക്കാര്യത്തില്‍ ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടുന്ന ഇതേ സര്‍ക്കാര്‍ തന്നെയാണ് നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാന് ദുരിതാശ്വാസ വകയില്‍ അഞ്ചുകോടി രൂപ ദാനം നല്‍കിയതെന്നു കൂടി ഓര്‍ക്കുക.


***********************************************
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം കുറേക്കാലത്തിന്നു ശേഷം ഡി വൈ എഫ് ഐ സമുചിതമായി ആചരിക്കാന്‍ പോകുന്നു. ഒരിക്കലും നടക്കാത്ത മനോഹര മുദ്രാവാക്യവുമായി സമരത്തിനിറങ്ങി രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷികളുമായിത്തീര്‍ന്ന സഖാക്കളേ അഭിവാദ്യങ്ങള്‍ !

05 നവംബർ 2010

എന്‍ഡോസള്‍ഫാനും സാധ്യതകളും                  നാലഞ്ചുവര്‍ഷത്തിന്നു മുന്‍പൊക്കെ എന്റെ നാട്ടിലെ കുട്ടികള്‍ കൌതുകപൂര്‍വ്വം കാത്തിരിക്കുന്നൊരു തുമ്പിയാത്ര ഉണ്ടായിരുന്നു. മിക്കവാറും എല്ലാ ആഴ്ച്ചയും വന്പിച്ച കട കട ശബ്ദത്തിന്റെ അകന്‍പടിയോടെ വരുന്ന ആ വലിയ തുംബി-താഴ്ന്നു പറക്കുന്ന ഹെലിക്കോപ്റ്റര്‍- എന്മകജയില്‍ എന്‍ഡോസള്‍ഫാന്‍ എന്ന വിഷം തളിച്ച് അടുത്ത കേന്ദ്രമായ പെരിയയിലേക്കുള്ള യാത്രയിലാണെന്ന കാര്യം അന്ന് ആ കുട്ടികള്‍ക്കരിയില്ലായിരുന്നു.
അത് പഴയ കഥകള്‍.
ഇന്ന് കുറേക്കാലത്തിന്നു ശേഷം എന്‍ഡോസള്‍ഫാന്‍ വീണ്ടും വാര്‍ത്തകളിലും ചര്‍ച്ചകളിലും സ്ഥാനം നേടിയിരിക്കുന്നു, എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചും കുടിച്ചും തിന്നും വിക്രുത ശപിത ജന്മങ്ങള്‍ക്കുടമകളായ ദരിദ്രമനുഷ്യക്കോലങ്ങളുടെ ഫോട്ടോ വിറ്റും ലേഖനമെഴുതിയും ലക്ഷാധിപതികളായവരും ഡോക്യുമെന്ററികളെടുത്ത് വിശ്വപ്രസിദ്ധരായവരുമൊക്കെ സടകുടഞ്ഞെഴുന്നേറ്റു- അടുത്ത സീസണിലേക്ക്.

സീസണ്‍ അണ്‍ലിമിറ്റഡ്
ഇത് എന്‍ഡോസള്‍ഫാന്‍ സീസണ്‍ ഫോറോ ഫൈവോ എന്നു ചോദിക്കരുത്- ഈ റിയാലിറ്റി ഷോകളുടെ വിവാദവേദികള്‍ എണ്ണാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ല, കാരണം എന്‍ഡോസള്‍ഫാന്‍ കമ്പനിക്കാര്‍ സ്പോണ്‍സര്‍ ചെയ്ത് ദുബേക്കമ്മറ്റിയടക്കം ഇരുപത്തഞ്ചോളം സര്‍ക്കാര്‍ അന്വേഷണങ്ങളും എന്‍ജീയോസും മറ്റുമൊക്കെ ഇവിടം സന്ദര്‍ശിക്കുന്ന കാലമൊക്കെ ഓരോ സീസണുകളായിരുന്നു.

സീസണ്‍ 2010
സീസണ്‍ രണ്ടായിരത്തിപ്പത്തിന്റെ തുടക്കം അല്‍പ്പം രസകരമായിത്തന്നെയായിരുന്നൂ- ജനീവയില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ അമേരിക്കയടക്കമുള്ള കുത്തകരാജ്യങ്ങള്‍ എതിര്‍ത്തപ്പോഴും ഭാരതത്തിന്റെ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാനെ വാഴ്ത്തിപ്പാടി. അന്നത് കേരളത്തില്‍ മാത്രം ആരും അറിഞ്ഞില്ല, അറിയാതിരുന്നതല്ല അറിയിക്കാത്തതായിരുന്നു. കാരണം ആ സംഭവം നടന്ന കാലം കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകാലം! അന്നീ വാര്‍ത്ത വന്നാല്‍ വലതിന്നു ക്ഷീണം വരുമെന്നറിഞ്ഞ മാധ്യമങ്ങള്‍ സുന്ദരമായീ വാര്‍ത്ത മുക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് കേന്ദ്രമന്ത്രി കേവീ തോമസ്സ് കാസര്‍ക്കോട്ടെ സെമിനാറിന്നിടയില്‍ അറിയാതെ കേന്ദ്രനയം വ്യക്തമാക്കി, അപ്പോള്‍ മാത്രമാണത്രെ അന്വേഷണാത്മക സിണ്ടിക്കേറ്റുകള്‍ കാര്യമറിഞ്ഞത്. അന്നുതന്നെ വീരന്റെ പത്രം കളര്‍ സപ്ലിമെന്റിറക്കി, മാത്തുക്കുട്ടിച്ചായന്റെ ചാനല്‍ അരമണിക്കൂര്‍ ചര്‍ച്ച നടത്തി, അടുത്ത  തവണ ദേവസ്വം മന്ത്രിയായേക്കാവുന്ന വീയെം സുധീരന്‍ പ്രസ്താവനയുമായെത്തി.........................പിന്നത്തെ പുകിലൊക്കെ നിങ്ങളറിഞ്ഞതാണല്ലോ?

അന്നും ഇന്നും
എന്തായാലും തളിക്കേണ്ടത് തളിച്ചു അനുഭവിക്കേണ്ടവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു- വിഷക്കന്‍പനിക്കാരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും നാട്ടാരും എല്ലാം അവരവരുടെ വിധിക്കനുസരിച്ച്. ഇനി നമുക്കെന്തു ചെയ്യാനാവും? ഇന്ന് വീയെം സുധീരന്റെ സ്ഥാനത്ത് അന്ന് വീയെസ്സായിരുന്നു. ഇന്ന് വീയെസ്സ് മുഖ്യമന്ത്രി- ആദ്യമായ് സ്ഥാനം കിട്ടിയതിന്റെ സന്തോഷത്തിന്ന് ഇവിടെ വന്ന് നീട്ടിവലിച്ച പ്രസ്താവനയ്ക്കൊപ്പം  ചിലര്‍ക്ക് അഞ്ഞൂറിന്റെ നോട്ടിട്ട കവര്‍ നല്‍കിയതും മെഡിക്കല്‍ ക്യാമ്പു നടത്തിയതും മറക്കുന്നില്ല- പക്ഷേ അതു പോരല്ലോ.! അതവിടം കൊണ്ട് തീരാന്‍ പാടില്ലല്ലോ! അടുത്ത തവണ പ്രതിപക്ഷ നേതാവായി വീണ്ടുമിതൊക്കെ കുത്തിപ്പൊക്കാനാണ് പ്ലാനെങ്കില്‍ അത് അതിമോഹമെന്നേ പിണറായിക്കാര്‍ പറയൂ.

ഇനി നമുക്ക് ചെയ്യാവുന്നത്
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടത് ഈ വിവാദങ്ങളോ രാഷ്ട്രീയ വിഴുപ്പലക്കലുകളോ അല്ല, ഇത് കൊണ്ട് അവരുടെ വേദനയോ കഷ്ടപ്പാടോ മാറുകയുമില്ല, അതിന്നു വേണ്ടിയായിരിക്കണം നമ്മുടെ ഓരോ വാക്കും .

1)കണ്ണൂരിലെ കണ്ടല്‍ച്ചെടിയുടെ വേദന സഹിക്കാനാവാത്ത കേന്ദ്രമന്ത്രി ജയറാം രമേശന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതവും പീഡനവും തന്റെ  വകുപ്പല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്‍പോള്‍ നമുക്കു ചെയ്യാവുന്നത് സുധാകരന്‍ എമ്പീയേക്കൊണ്ട് അവിടെ മരുന്നുതളിച്ച ഹെലിക്കോപ്റ്ററിന്റെ കപ്പിത്താന്‍ സീപ്പീയെം ബ്രാഞ്ചു സെക്രട്ടറിയായിരുന്നെന്ന് പറയിക്കലല്ലേ?

2) ദുരിതബാധിതര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ ഫണ്ടില്ലെന്നു പറയുന്നവര്‍ക്ക് കണ്ണൂരിലെ ജയരാജന്മാര്‍ വഴി പറഞ്ഞുതരും.
 പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ പാര്‍ക്കാക്കണം,
ഗവേഷണവും നടത്താം പണവുമുണ്ടാക്കാം- ദുരിതബാധിതരെക്കാണാന്‍ സംഭാവനാ ടിക്കറ്റുണ്ടാക്കണം,
ഫോട്ടോ വിറ്റ്- ലേഖനമെഴുതി കായുണ്ടാക്കിയവരില്‍ നിന്ന് റോയല്‍റ്റി വാങ്ങണം.

3)ഗവേഷണത്തിനെന്നപേരില്‍ ചോരയൂറ്റുന്നവരില്‍ നിന്ന് മില്ലിക്കണക്കിന്ന് പണം വാങ്ങണം.

02 നവംബർ 2010

രണ്ടു രൂപയുടെ അരിയും നായ്ക്കളും!

ഇക്കഴിഞ്ഞ  തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതില്‍ പിന്നെ ഇമെയിലായും എസ്സെമ്മെസ്സായുമൊക്കെ പടര്‍ന്നു പ്രചരിച്ച ഒരു തമാശ നിങ്ങളെല്ലാരും കണ്ടിരിക്കുമെന്നു തോന്നുന്നൂ.
 സി പി ഐ (എം) പുതിയ തീരുമാനങ്ങള്‍ എന്ന തലക്കെട്ടില്‍ വന്ന ആ വാചകങ്ങള്‍ ഏകദേശം ഇങ്ങനെയായിരുന്നൂ-

1) അരിക്കു പകരം നെല്ലു റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും (കുത്തി തിന്നട്ടെ നായിന്റെ മക്കള്‍.) 


2) രണ്ടു രൂപയുടെ അരി നായ്ക്കള്‍ക്കു വിതരണം ചെയ്യൂം ( അതിന്റെ നന്ദി കാണിക്കും) 

3) വയനാട്ടില്‍ രണ്ടു മീറ്റര്‍ കയര്‍ സൌജന്യമായി വിതരണം ചെയ്യും ( കര്‍ഷകര്‍ തൂങ്ങിച്ചാവട്ടെ) 


4) നിയമന നിരോധനം നടപ്പാക്കും (തെണ്ടട്ടെ യുവാക്കള്‍) 


5) വര്‍ഗ്ഗീയലഹളകള്‍ പ്രോത്സാഹിപ്പിക്കും ( വെട്ടിച്ചാവട്ടെ എല്ലാരും) 


6) പെന്‍ഷന്‍ വെട്ടിക്കുറയ്ല്ലും (അങ്ങനെ നക്കണ്ട) ..................

ഇതൊക്കെ ആയിരുന്നൂ ആ സന്ദേശത്തിന്റെ പൊരുള്‍.
ഒറ്റവായനയില്‍ തന്നെ ചങ്കില്‍ തട്ടുന്ന രീതിയിലുള്ള അവതരണത്തോടെയുള്ള ഈ രോഷപ്രകടനം രാഷ്ട്രീയ ഭേദമന്യേ എല്ലാരും ആസ്വദിച്ചു എന്നു വേണം കരുതാന്‍. മുന്‍ യൂഡീയെഫ് സര്‍ക്കാര്‍ നടപ്പാക്കിയതിനേക്കാള്‍ കേമമായ ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയ വീയെസ്സ് സര്‍ക്കാര്‍ പക്ഷെ മറ്റു പലതരം വിവാദങ്ങളിലൂ‍ൂടെ കരിവാരിത്തേക്കപ്പെട്ടു എന്നതൊരു സത്യമല്ലേ?

മേല്‍ സൂചിപ്പിച്ച ആറു കാര്യങ്ങള്‍ തന്നെ എടുത്തുനോക്കൂ- റേഷന്‍ കടകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് പഴയതിരക്കിലേക്ക് കൊണ്ടുവരികയും രണ്ടു രൂപയ്ക്ക് അരിവിതരണം നടത്തുകയും ചെയ്തത് ഈ സര്‍ക്കാറല്ലേ? ഈ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കും വരെ വയനാട്ടിലെ അവസ്ഥയെന്തായിരുന്നൂ എന്നൊന്നോര്‍ത്തു നോക്കൂ- ചിലപത്രങ്ങള്‍ ഇന്നത്തെ കര്‍ഷ ആത്മഹത്യ എന്ന പേരില്‍ സ്ഥിരം പംക്തി പോലും പ്രസിദ്ധ്ഹീകരിച്ചിരുന്നകാര്യം ഓര്‍മ്മയില്ലേ? കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയത് ഈ സര്‍ക്കാറല്ലേ? നിയമന നിരോധനം ഒഴിവാക്കിയത്, സാമൂഹിക തൊഴില്‍ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച് മുടക്കമില്ലാതെ വിതരണം ചെയ്തത് ഈ സ്ര്ക്കാറല്ലേ? വര്‍ഗ്ഗീയ ലഹളകളുടെ മുന്‍ ചരിത്രം കൂടി ഒന്നു പരിശോധിച്ചു നോക്കൂ...........................

ഈ സാഹചര്യത്തിലും എന്തുകൊണ്ട് ഇടതുപക്ഷം തോറ്റു എന്നാണിപ്പോള്‍ ചിന്തിക്കേണ്ടത്. നേതാക്കളുടെ ധിക്കാര ശൈലിമാത്രമാണോ പ്രതിസ്ഥാനത്ത് ? അല്ലെന്നു വേണം കരുതാന്‍ .       (തുടരും........)