കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 ഡിസംബർ 2010

ദളിതന്നെന്താ കക്കാന്‍ പാടില്ലേ?

ദളിതനെ ദളിതനാക്കുന്ന ഒരുകാര്യമാണ് കാലാകാലങ്ങളിലെ പുരോഗമന നാട്ടുനടപ്പുകളില്‍ നിന്ന് പൂര്‍ണ്ണമായി അകറ്റിനിര്‍ത്തുക എന്നത്. പണ്ട് അയിത്തത്തിന്റെ കാലത്ത് ഭക്ഷണം കഴിക്കാനും മറ്റ് മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട കാലത്ത് അതിന്നെതിരെ ദളിതരല്ലാത്ത ചിലര്‍ക്ക് സമരം ചെയ്യേണ്ടി വന്നു. അങ്ങനെ നേതാക്കളായ ചിലരാണ് അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും ഏക്കേജിയുമൊക്കെ(ഇവരുടെ ജീവിതകാലയളൊക്കെ അളന്ന് ആരും കലമ്പാന്‍ വരേണ്ട, വെറുതേ ഉദാഹരിച്ചതാണ്).

ഒരു കാലത്ത് ദൈവം തമ്പുരാക്കന്മാര്‍ കുത്തിയിരിക്കുന്ന ആരാധനാലയങ്ങളില്‍ കേറാന്‍ ദളിതര്‍ക്ക് അവകാശമുണ്ടായിരുന്നില്ലെന്നും സമരം ചെയ്താണ് അതൊക്കെ നേടിയെടുത്തതെന്നും നമ്മളൊക്കെ ഉത്തരക്കടലാസ്സിലെഴുതി മാര്‍ക്കും ഗ്രേഡുമൊക്കെ നേടിയതാണല്ലോ.

ഇന്നുകാലം മാറി ദളിതന്നും അവര്‍ണ്ണനും ഒന്നിച്ച് തോളില്‍ കയ്യിട്ട് നടക്കാന്‍ തുടങ്ങി.
എന്നിട്ടും ഇന്നത്തെ പ്രമുഖ നാട്ടാചാരമായ അഴിമതിയിലും തട്ടിപ്പിലും വെട്ടിപ്പിലും ദളിതനെ അടുപ്പിക്കാതിരിക്കുന്ന മൂരാച്ചി നയം നാം സ്വീകരിക്കുന്നതെന്തുകൊണ്ടാണ്?
ഒരു ദളിതന്‍ ഭാരത ********* വ്യവസ്ഥയുടെ ഒന്നാം തലപ്പത്ത് എത്തിപ്പെട്ടപ്പോഴേ ചൊറിച്ചല്‍ തുടങ്ങിയതാണു ചിലര്‍ക്ക്- അവരിപ്പോള്‍ പ്രായപൂര്‍ത്തിയായ, നിയമ ബിരുദമുള്ള, കുത്തകമുതലാളിക്കമ്പനികളുടെ ഉപദേശകനായ, ലച്ചക്കണക്കിന്നു ചമ്പളം പറ്റുന്ന, കേപ്പീസീസീ മെംബറായ മകളുടെ ഭര്‍ത്താവിന്നെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു!

എന്തേ ഭാരതമഹാരാജ്യത്ത് ദളിതന്നും ദ്രാവിഡന്നും സമ്പാദിക്കാന്‍ പാടില്ലേ? ടൂജീയെന്നും മരുമകന്‍ പണമെന്നുമൊക്കെ വിളിച്ച് അപമാനിക്കുന്നതെന്തിനാണു നാട്ടുകാരേ?

**************************************************************************

ഓട്ടോ ടാക്സിതൊഴിലാളികള്‍ വീണ്ടും പണിമുടക്കിന്റെ വഴി സ്വീകരിച്ചിരിക്കുന്നു. ദുര്‍മ്മേദസ്സിന്നു അല്‍പ്പം ശമനമുണ്ടാക്കാനാവും ബസ്സിലെ ജാക്കിച്ചാന്മാര്‍ക്ക് അല്‍പ്പം കൂടി സുഖപ്രദമായി സഞ്ചരിക്കാം തുടങ്ങിയ ഗുണഫലങ്ങളൊക്കെ ഉള്ളതുകൊണ്ട് പൂര്‍ണ്ണമായി ഈ സമരത്തെ ആക്ഷേപിക്കുന്നതിലെനിക്കു താത്പര്യമില്ല.
പക്ഷേ എന്തായാലും ചര്‍ജ്ജ് കൂട്ടാതെ സമരം തീരില്ലെന്നു അനുഭവത്തില്‍ ഉറപ്പുള്ളതുകൊണ്ട് സമരം തുടങ്ങും മുമ്പേ ചാര്‍ജ്ജ് കൂട്ടിക്കൊടുത്തു കൂടായിരുന്നോ എന്നൊരു സംശയം മാത്രമേ തെറ്റയില്‍ മന്ത്രിയോട് ചോദിക്കാനുള്ളൂ.
പിന്നെ സമരം തീര്‍ക്കാനും ചര്‍ച്ചയിലൂടെ പ്രശ്നങ്ങളെ നേരിടാനുള്ള ചങ്കൂറ്റമൊന്നും തെറ്റയില്‍ മന്ത്രിക്കില്ലാ എന്ന കാര്യം നമുക്കെല്ലാമറിയാമെന്ന കാര്യം അങ്ങേര്‍ക്കറിയുമോ എന്തോ, അത് കൊണ്ട് അതറിയിക്കണമെന്നുള്ളവര്‍ ദയവായി ഇക്കാര്യം അങ്ങേരെ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഈ മന്ത്രിസഭയിലെ ഏറ്റവും കഴിവുറ്റ മന്ത്രിയുടെ വകുപ്പില്‍ അനാവശ്യമായി ദുരുദ്ദേശത്തോടെ കയ്യിടുന്ന മുഖ്യന് ഇത്തരം സാഹചര്യങ്ങളിലെങ്കിലും ഏറ്റവും കഴിവുകെട്ട മന്ത്രിയുടെ വകുപ്പിലും കയ്യിടാവുന്നതാണ്.

26 ഡിസംബർ 2010

മരണാനന്തര ബഹുമതികള്‍

കെ കരുണാകരന്‍ എന്ന സമ്പൂര്‍ണ്ണ രാഷ്ട്രീയക്കാരനെ ജീവചരിത്രമെഴുത്തുകാരന്‍ രാഷ്ട്രീയ ഭീമാചാരയന്‍ എന്നു വിളിച്ചപ്പോള്‍ നൊന്ത പലര്‍ക്കും അദ്ദേഹത്തിന്റെ അന്ത്യയാത്രാ നാളുകളില്‍ തോന്നിയ കുണ്ഠിതത്തെ ലജ്ഞാഭാരം എന്നു വിളിക്കാമോ എന്നെനിക്കറിയില്ല. പക്ഷെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുവരെ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടില്ലാതിരുന്ന എനിക്ക് അന്നുമിന്നുമെന്നും ഏറ്റവും താത്പര്യം തോന്നിയ രാഷ്ട്രീയ വ്യക്തിത്വം ലീഡറുടേത് മാത്രമാണ്.

ലീഡര്‍ക്കെതിരെ പകുതി കാര്യവും പകുതി പൊയ്‌വെടിയുമായി ഊന്നിയ ആരോപണങ്ങളില്‍ പലതിനേയും ധീരമായി (രാഷ്ട്രീയമായും നിയമപരമായും!) നേരിടാനാനായെങ്കിലും സ്വന്തം മകന്റെ കാര്യത്തില്‍ അല്‍പ്പം ജാഗ്രതക്കുറവ് പണിപറ്റിച്ചു എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ അവസാന നാളുകളിലെ രാഷ്ട്രീയ-മാര്‍ക്കറ്റ് സൂചിപ്പിച്ചത്.

ആശ്രിതവത്സലനായ ലീഡറുടെ പ്രതാപകാലത്തു തന്നെ മുന്നില്‍ നിന്നും പിന്നില്‍ കുത്തിമാത്രം രാഷ്ട്ര്രീയത്തില്‍ ഇടം നേടിയ പലരും വാട്ടിയ മുഖവുമായി കേമറയ്ക്കുമുന്നില്‍ നില്‍ക്കുന്ന മനോഹര അഭിനയ മുഹൂര്‍ത്തങ്ങള്‍ കാണുവാന്‍ മാത്രമായ്യിട്ടാണ് നമ്മളില്‍ പലരും കഴിഞ്ഞ് മൂന്നാലുദിനമായി റിമോട്ടുമായി കുത്തിയിരുന്നത്, അത് കുറേയൊക്കെ സാര്‍ത്ഥകമായി എന്നതില്‍ സന്തോഷത്തോടെ കുണ്ടി പൊന്തിക്കുമ്പോഴേക്ക്, അവസരം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ചാക്കോച്ചന്‍ വീരസ്യവുമായി വന്നത് അല്‍പ്പം ദേഷ്യത്തോടെയെ നോക്കിക്കാണാനാവൂ.

കരുണാകരന്‍ എന്ന ശക്തനായ രാഷ്ട്രീയ ലീഡറുടെ വിലകളയാനായി മാത്രം അവതരിക്കപ്പെട്ട കഥാപാത്രത്തിന്ന് മൂന്നുരൂപാ ടിക്കറ്റ് നല്‍കണമെന്ന്‍ ആവശ്യപ്പെടാന്‍ ചാക്കോച്ചന്ന്, ചിതയൊടുങ്ങും വരെയെങ്കിലും കാത്തിക്കാന്‍ തോന്നിയ സൌമനസ്യത്തിന്നു നന്ദി പറഞ്ഞേ മതിയാവൂ.

ലീഡറുടെ ജീവിതത്തില്‍ സാധിക്കാതെ വന്ന ഒരേയൊരു ആഗ്രഹത്തെ ജീവിതശേഷം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടത് ഇത്തരം ചാനല്‍ വ്യായാമത്തിലൂടെയാണോ ചാക്കോച്ചാ?

ഇത്രയും കാലം മുരളിക്കുട്ടനെ തെറിപറഞ്ഞും കണ്ണുരുട്ടിയും കല്ലെറിഞ്ഞും നടന്നിരുന്ന പലരും ഇപ്പോള്‍ മൂന്നുരൂപാ മൂന്നുരൂപാ എന്നു നിലവിളിക്കുന്നത് ലീഡറുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതുകൊണ്ടൊന്നുമല്ലലോ, അടുത്തതവണ യൂഡീയെഫ്ഫ് ഭരണം വന്നാല്‍... മുരളിക്കുട്ടന്‍ മന്ത്രിയായാല്‍... ആശ്രിതവത്സലനായ അച്ഛന്റെ ആശ്രിതവത്സലനായ മകന്‍.. ഹാ ഹാ.. ആ മധുര മനോജ്ഞനാളുകള്‍..

ഉണ്ണിത്താനും കല്‍മാഡിക്കും ആവാമെങ്കില്‍ മുരളിക്കെന്തേ, കടിക്കുന്ന മനസ്സും ഇളിക്കുന്ന ചുണ്ടുമാണ് രാഷ്ട്രീയം എന്നൊക്കെ എഴുതിക്കൂട്ടുന്നവര്‍ ഇത്രകാലം എവിടെയായിരുന്നൂ? ഉണ്ണിത്താനും കല്‍മാഡിയും സ്വന്തം പ്രസ്ഥാനത്തെ-തന്നെ താനാക്കിയ അമ്മയെ തെറിവിളിച്ചു നടന്നിട്ടുണ്ടോ? രാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനമര്യാദ ഇനിയും മനസ്സിലാകാത്തവന്ന് അത് ഉപദേശിക്കുന്ന വങ്കത്തരത്തിന്ന് നേരത്തേ പറഞ്ഞ ചാക്കോച്ചന്റെ വല്ല ലക്ഷ്യങ്ങളും ഇല്ലാതിരിക്കില്ലല്ലോ?

മുരളിയെ തിരിച്ചെടുക്കലാണ് ലീഡര്‍ക്ക് നല്‍കാവുന്ന നല്ല മരണാനന്തര ബഹുമതിയെന്നു വാദിക്കുന്നവര്‍ സ്വന്തം പല്ല് ഇന്‍ഷൂര്‍ ചെയ്യുന്നത് നന്നായിരിക്കും, മലയാളിയുടെ രാഷ്ട്രീയ സാക്ഷരതയെ അപമാനിക്കുമ്പോള്‍ ചിലപ്പോള്‍ അങ്ങനെ സംഭവിച്ചു കൂടായ്കയില്ല.

14 ഡിസംബർ 2010

എന്‍ഡോസള്‍ഫാന്‍ കലക്കിയും മീന്‍ പിടിക്കാം!

സോളിഡാരിറ്റിക്കാര്‍ക്കു പിന്നാലെ നനഞ്ഞിടം കുഴിക്കാന്‍ അമ്മയും!
കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമികയിലേക്ക് കച്ചവടക്കണ്ണുമായി ഇനിയും പലരും വരണം.
തനി വര്‍ഗ്ഗീയതയുടെ ജനസേവനമുഖപ്പതിപ്പ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വിജയിച്ച ഈ മണ്ണിലേക്ക് ഇനി അമ്മയുടെ പണം വെളുപ്പിക്കല്‍ കൂടി നന്നായിത്തന്നെ നടക്കട്ടെ എന്നു നമുക്കാശംസിക്കാം.
നല്ല ഓഫറുകളാണ് അമ്മ ഈ ദുരിത ബാധിതര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്!
സര്‍ക്കാര്‍ സ്ഥലം തന്നാല്‍ വീടു കെട്ടിക്കൊടുക്കാം, സ്ഥിരം ആസ്പത്രി സ്ഥാപിക്കാം......... തുടങ്ങി മനോഹരമായ ഒട്ടേറെ ഓഫറുകള്‍!
അവനവനിരിക്കേണ്ടിടത്ത് അവനവനിരുന്നില്ലെങ്കില്‍ അവിടെ പട്ടി കേറിയിരിക്കും എന്ന പഴമൊഴിയാണ് ഈ ഓഫറുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്. സ്റ്റേറ്റ് അതിന്റെ കടമകളും ഉത്തരവാദിത്വങ്ങളും മറ്ക്കുമ്പോള്‍ മറ്റു ചില സ്ഥാപിത ലക്ഷ്യങ്ങളോടെ വരുന്ന പണച്ചാക്കുകള്‍ അപ്രഖ്യാപിത സ്റ്റേറ്റുകളായി മാറുമെന്ന മേധാവിത്ത നിയമം തന്നെയാണ് ഇവിടെയും ബാധകം.
പാക്കിസ്ഥാന്ന് ദുരിതാശ്വാസമായി നല്‍കിയ ആ അഞ്ചുകോടികൊണ്ട്, കുറ്റിപ്പുറത്ത് കള്ളുകുടിച്ച് ചത്തവന്മാര്‍ക്ക് നല്‍കിയ ലച്ചങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍- സര്‍ക്കാര്‍ സ്ഥലത്ത് ഈ ദുരിത ബാധിതര്‍ക്കെല്ലാം വീട് കെട്ടിനല്‍കാന്നും മെച്ചപ്പെട്ട ചികിത്സ നല്‍കാന്നും സര്‍ക്കാരിന്നാകുമായിരുന്നു, പക്ഷേ അതല്ലല്ലോ സര്‍ക്കാര്‍ നയം. അപ്പോള്‍ ഇത്തരക്കാര്‍ ഇവിടം കേറി നിരങ്ങുന്നതിനെയെങ്ങനെ കുറ്റം പറയും?

ഇനിയിതിന്റെ മറ്റൊരു വശം: കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നതുപോലെ തന്നെ കുപ്രസിദ്ധമാണ് കാസര്‍ക്കോട്ടെ മത ഗ്രാമങ്ങളും. ആ അവസ്ഥയില്‍ ഇത്തരം കടന്നു കയറ്റങ്ങള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്ന ദൂഷ്യവശങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
ഈ മേഖലയില്‍ കഴിഞ്ഞ കുറേക്കാലമായി ആളും അര്‍ത്ഥവും മുടക്കി അദ്ധ്വാനിക്കുന്ന സോളീഡാരിറ്റിക്കാര്‍ അവരുടെ സ്വാധീനം ഡല്‍ഹിയില്‍ ബോധിപ്പിക്കാന്‍, ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പൂര്‍ണ്ണവിശ്രമം നിര്‍ദ്ദേശിച്ച രോഗികളെ ദുരിത പരേഡിന്നായി ദിവസങ്ങളോളം തീവണ്ടിയില്‍ യാത്ര ചെയ്യിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ടു പോവുകയുണ്ടായി. അതേ പോലെയിന്നി അമ്മയുടെ ദര്‍ശനവേളകളിലും ആരതി നേരത്തുമൊക്കെ ഇനിയ്മിവര്‍ക്ക് ഒരു പക്ഷേ നിരന്നു നില്‍ക്കേണ്ടി വന്നേക്കാം.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, ആത്മാവിന്റെ മോചനം അമ്മയിലൂടെ എന്നൊക്കെ ഉദ്ഘോഷിക്കുന്നവര്‍ സഹായത്തിലൊളിപ്പിച്ച ആത്മീയാടിമത്തത്തിന്റെ വിത്തുകള്‍ ഈ ദുരിതഭൂമിയില്‍ പാകുവാന്‍ ശ്രമിക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ ആരെയാണു ഭയക്കുന്നത്?
സഹായം നല്ലതു തന്നെ, സ്വീകരിക്കുകയുകയുമാവാം. പക്ഷേ അതൊരിക്കലും ഏതെങ്കിലും മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളുടെ ഭാഗമാവാതിരിക്കാന്‍ നാം ജാഗ്രത പാലിച്ചേ മതിയാവൂ.....

05 ഡിസംബർ 2010

തോമാച്ചാ ചാണകവെള്ളം റെഡിയാണ്..............

ആട്ടേണ്ടവന്‍ ആട്ടണം നെയ്യേണ്ടവന്‍ നെയ്യണം എന്നൊക്കെ പഴമക്കാര്‍ പറഞ്ഞു പരത്തുന്നൊരു ചൊല്ലുണ്ട്, നമ്മുടെ തോമാച്ചന്‍ മന്ത്രിയുടെ കാര്യകാരണങ്ങള്‍ കാണുമ്പോള്‍ അതാണോര്‍മ്മവരുന്നത്. 


പലരും എം പിയാവുന്നത് പലതരം കാര്യ സാധ്യത്തിനാണ്- മഹത്തായ ജനാധിപത്യം എന്നൊക്കെ ഒരു രസത്തിന്നു വേണ്ടി പറയാമെങ്കിലും അവരവരുടെ കയ്യിലിരിപ്പിന്റെ കാര്യസാധ്യത്തിന്നു വേണ്ടിയാണ് മത്സരിക്കുന്നതും ജയിക്കുന്നതും. വിജയ് മല്ല്യയും ആന്റണിയും എം പിയായതുപോലെ. മല്ല്യ കച്ചോടം പോഷിപ്പിക്കാനും ആന്റണി ആദര്‍ശം ജയിപ്പിക്കാനും എം പിയായി. മല്ല്യ ചെയ്ത പലതും പലതരത്തില്‍ നാമറിഞ്ഞു. ആമദ് മന്ത്രി ഹജ്ജ് ക്വാട്ട വിറ്റു വെന്ന പരാതിയും നാം കേട്ടു കൂടെ അന്തോണീച്ചായന്‍ ആര്‍ക്കും വേണ്ടാത്ത കാസര്‍ക്കോട്ട് ഹെലിക്കോപ്റ്റര്‍ കമ്പനി സ്ഥാപിച്ച കാര്യവും നാമരിഞ്ഞു. അതിനൊപ്പം എം പിയായ് എല്ലാരേം ഞെട്ടിച്ച് സഹ മന്ത്രിയായ മഹാനാണ് നമ്മുടെ തോമാച്ചന്‍. ആ മഹാന് ഇപ്പോള്‍ കാലക്കേടാണു പോലും! എന്‍ഡോസള്‍ഫാന്‍ എന്നൊരു കൊതുകാണത്രെ അങ്ങേരെ ഉപദ്രവിക്കുന്നത്- മന്ത്രിയെന്ന നിലയില്‍ ഞാന്‍ പറയുന്നതൊന്നും തന്റെ അഭിപ്രായമല്ല എന്ന മഹത്തായ പുരോഗമന സിദ്ധാന്തവും പ്രൊഫസ്സര്‍ തയ്യാരാക്കിയിട്ടുണ്ടത്രെ. ആ പരട്ട ബ്യൂറോക്രാറ്റുകള്‍ എയുതിക്കൊടുക്കുന്നതൊക്കെ വായിക്കലാണത്രെ സഹമന്ത്രിയുടെ ഉദ്യോഗമ്മെന്ന് അങ്ങേര്‍ പറയുന്നു- അതിന്നു വേണ്ടി എം പിയാവേണ്ട കാര്യമുണ്ടോ ഇന്ത്യാവിഷനില്‍ വാര്‍ത്തവായനക്കാരുടെ ഒഴിവേറെയുണ്ടെന്നകാര്യം മാഷറിഞ്ഞിട്ടുണ്ടാവില്ല. 


ഇപ്പോള്‍ ഏറ്റവുമൊടുവില്‍ എന്‍ഡോസല്‍ഫാന്‍ ദുരിതത്തെക്കുറിച്ച് അന്വേഷിക്കാന്‍ തോമാച്ചന്റെ മന്ത്രായലയം, എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച- മുന്‍പൊരിക്കല്‍ അന്വേഷിക്കാന്‍ വന്നിട്ട് ഗസ്റ്റ് ഹൌസിലിരുന്ന് മാരക വിഷത്തിന്ന് ക്ലീന്‍ ചിറ്റ് നല്‍കിയ മായിയെ നിയോഗിച്ചിരിക്കുന്നു. അതിന്നും തോമാച്ചന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി ഇനിയുമിത് അംഗീകരിച്ചിട്ടില്ലെന്ന്! തോമാച്ചാ അങ്ങ് ആരുടെ മന്ത്രിയ്ആണ്‍? കീടക്കമ്പനിക്കാരുടേതോ അതോ നാട്ടാരുടേതോ? 
 പക്കേങ്കില്‍ ഒരു ദേശത്തെ പാവം ജനതയെ കണ്ണീരു കുടിപ്പിച്ചിട്ട് അവരെ ഉപയോഗിച്ച് നാലാം കിട നാടകം കളി- അത് നാമനുവദിക്കില്ല തോമാച്ചാ...................... 
തോമാച്ചനും മായിയും കാസര്‍ക്കോട്ടേക്ക് ഒരിക്കല്‍ കൂടി വാ, നാമിവിടെ കാത്തിരിക്കുകയാണ്- എന്‍ഡോസള്‍ഫാനുമായല്ല നല്ല നാടന്‍ ചാണകവെള്ളവുമായി! 


വീണ്ടും ............മാജിക്ക് മായിയെ കമ്മീഷന്‍ നേതാവാക്കിയ ......................................... രാഷ്ട്രീയ മാന്യത തന്നെ!