കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 ഡിസംബർ 2010

ദളിതന്നെന്താ കക്കാന്‍ പാടില്ലേ?

ദളിതനെ ദളിതനാക്കുന്ന ഒരുകാര്യമാണ് കാലാകാലങ്ങളിലെ പുരോഗമന നാട്ടുനടപ്പുകളില്‍ നിന്ന് പൂര്‍ണ്ണമായി അകറ്റിനിര്‍ത്തുക എന്നത്. പണ്ട് അയിത്തത്തിന്റെ കാലത്ത് ഭക്ഷണം കഴിക്കാനും മറ്റ് മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട കാലത്ത് അതിന്നെതിരെ ദളിതരല്ലാത്ത ചിലര്‍ക്ക് സമരം ചെയ്യേണ്ടി വന്നു. അങ്ങനെ നേതാക്കളായ ചിലരാണ് അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും ഏക്കേജിയുമൊക്കെ(ഇവരുടെ ജീവിതകാലയളൊക്കെ അളന്ന് ആരും കലമ്പാന്‍ വരേണ്ട, വെറുതേ ഉദാഹരിച്ചതാണ്).

ഒരു കാലത്ത് ദൈവം തമ്പുരാക്കന്മാര്‍ കുത്തിയിരിക്കുന്ന ആരാധനാലയങ്ങളില്‍ കേറാന്‍ ദളിതര്‍ക്ക് അവകാശമുണ്ടായിരുന്നില്ലെന്നും സമരം ചെയ്താണ് അതൊക്കെ നേടിയെടുത്തതെന്നും നമ്മളൊക്കെ ഉത്തരക്കടലാസ്സിലെഴുതി മാര്‍ക്കും ഗ്രേഡുമൊക്കെ നേടിയതാണല്ലോ.

ഇന്നുകാലം മാറി ദളിതന്നും അവര്‍ണ്ണനും ഒന്നിച്ച് തോളില്‍ കയ്യിട്ട് നടക്കാന്‍ തുടങ്ങി.
എന്നിട്ടും ഇന്നത്തെ പ്രമുഖ നാട്ടാചാരമായ അഴിമതിയിലും തട്ടിപ്പിലും വെട്ടിപ്പിലും ദളിതനെ അടുപ്പിക്കാതിരിക്കുന്ന മൂരാച്ചി നയം നാം സ്വീകരിക്കുന്നതെന്തുകൊണ്ടാണ്?
ഒരു ദളിതന്‍ ഭാരത ********* വ്യവസ്ഥയുടെ ഒന്നാം തലപ്പത്ത് എത്തിപ്പെട്ടപ്പോഴേ ചൊറിച്ചല്‍ തുടങ്ങിയതാണു ചിലര്‍ക്ക്- അവരിപ്പോള്‍ പ്രായപൂര്‍ത്തിയായ, നിയമ ബിരുദമുള്ള, കുത്തകമുതലാളിക്കമ്പനികളുടെ ഉപദേശകനായ, ലച്ചക്കണക്കിന്നു ചമ്പളം പറ്റുന്ന, കേപ്പീസീസീ മെംബറായ മകളുടെ ഭര്‍ത്താവിന്നെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു!

എന്തേ ഭാരതമഹാരാജ്യത്ത് ദളിതന്നും ദ്രാവിഡന്നും സമ്പാദിക്കാന്‍ പാടില്ലേ? ടൂജീയെന്നും മരുമകന്‍ പണമെന്നുമൊക്കെ വിളിച്ച് അപമാനിക്കുന്നതെന്തിനാണു നാട്ടുകാരേ?

**************************************************************************

ഓട്ടോ ടാക്സിതൊഴിലാളികള്‍ വീണ്ടും പണിമുടക്കിന്റെ വഴി സ്വീകരിച്ചിരിക്കുന്നു. ദുര്‍മ്മേദസ്സിന്നു അല്‍പ്പം ശമനമുണ്ടാക്കാനാവും ബസ്സിലെ ജാക്കിച്ചാന്മാര്‍ക്ക് അല്‍പ്പം കൂടി സുഖപ്രദമായി സഞ്ചരിക്കാം തുടങ്ങിയ ഗുണഫലങ്ങളൊക്കെ ഉള്ളതുകൊണ്ട് പൂര്‍ണ്ണമായി ഈ സമരത്തെ ആക്ഷേപിക്കുന്നതിലെനിക്കു താത്പര്യമില്ല.
പക്ഷേ എന്തായാലും ചര്‍ജ്ജ് കൂട്ടാതെ സമരം തീരില്ലെന്നു അനുഭവത്തില്‍ ഉറപ്പുള്ളതുകൊണ്ട് സമരം തുടങ്ങും മുമ്പേ ചാര്‍ജ്ജ് കൂട്ടിക്കൊടുത്തു കൂടായിരുന്നോ എന്നൊരു സംശയം മാത്രമേ തെറ്റയില്‍ മന്ത്രിയോട് ചോദിക്കാനുള്ളൂ.
പിന്നെ സമരം തീര്‍ക്കാനും ചര്‍ച്ചയിലൂടെ പ്രശ്നങ്ങളെ നേരിടാനുള്ള ചങ്കൂറ്റമൊന്നും തെറ്റയില്‍ മന്ത്രിക്കില്ലാ എന്ന കാര്യം നമുക്കെല്ലാമറിയാമെന്ന കാര്യം അങ്ങേര്‍ക്കറിയുമോ എന്തോ, അത് കൊണ്ട് അതറിയിക്കണമെന്നുള്ളവര്‍ ദയവായി ഇക്കാര്യം അങ്ങേരെ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഈ മന്ത്രിസഭയിലെ ഏറ്റവും കഴിവുറ്റ മന്ത്രിയുടെ വകുപ്പില്‍ അനാവശ്യമായി ദുരുദ്ദേശത്തോടെ കയ്യിടുന്ന മുഖ്യന് ഇത്തരം സാഹചര്യങ്ങളിലെങ്കിലും ഏറ്റവും കഴിവുകെട്ട മന്ത്രിയുടെ വകുപ്പിലും കയ്യിടാവുന്നതാണ്.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ബൈജു എന്തായാലും സൈബര്‍ നിയമം നന്നായി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും!