കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

18 ഡിസംബർ 2011

ഗൂഗിൾ വക പണി

കമ്പ്യൂട്ടറിന്നു മുന്നിൽ ചൊറികുത്തിയിരിക്കുകയാണെങ്കിൽ നിങ്ങൾക്കായ് ഗൂഗിൾ നല്ല പണി തരും.

ഗൂഗിൾ സർച്ചിൽ 'let it snow' എന്നു സർച്ചു ചെയ്യുക.


അൽപ്പ സമയം അനങ്ങാതിരിക്കുക.

അയ്യോ....


മോണിറ്റർ തുടയ്ക്കാൻ മൗസ് അല്ലെങ്കിൽ 'defrost' ബട്ടൺ ഉപയോഗിക്കാം....

അർമ്മാദിക്ക്...............

02 ഡിസംബർ 2011

മുല്ലപ്പെരിയാറിൽ ഒബാമ ഇടപെടണം


ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജ: ബറാക് ഒബാമ വായിച്ചറിയാൻ, മുല്ലപ്പെരിയാർ വെള്ളത്തിൽ ഒലിച്ചുപോയേക്കാവുന്ന കേരളത്തിലെ മുപ്പത്തഞ്ച് ലക്ഷത്തിൽ പെടാത്ത ഒരുത്തൻ എഴുതുന്ന അപേക്ഷ;

ഇന്ത്യാ മഹാരാജ്യത്തിലെ രണ്ടു കുഞ്ഞുരാജ്യങ്ങളായ തമിഴ്നാടും കേരളവും തമ്മിൽ ഇപ്പോൾ മുല്ലപ്പെരിയാർ ഡാം പുതുക്കിപ്പണിയുന്ന വിഷയത്തിൽ മുടിഞ്ഞ തർക്കം തുടരുന്ന കാര്യം അങ്ങ് അംബാസിഡർ കേബിൾ വഴി അറിഞ്ഞുകാണുമല്ലോ?

നമ്മുടെ  പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം തമിഴ് രാജ്ഞിയെ ഫോണിൽ വിളിക്കാൻ പോലും ഭയമാണ്. അതുകൊണ്ട് തന്നെ, പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ വരെ ഞെട്ടിക്കാൻ തയ്യാറുള്ളവർ പോലും ഈ വിഷയത്തിൽ മുണ്ടുന്നില്ല.

ആയതിനാൽ ഇറാഖ്-കുവൈറ്റ് പ്രശ്നം പോലെ, മറ്റനേകം ഉദാഹരണങ്ങൾ പോലെ- അങ്ങയുടെ സൈന്യത്തെ അയച്ച് ഈ പ്രശ്നവും ഒന്ന് സോൾവാക്കിത്തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഇറാഖിൽ എണ്ണയുണ്ടായിരുന്നൂ, അഫ്ഗാനിസ്ഥാനിൽ കഞ്ചാവു കൃഷിയുണ്ട് നിങ്ങളെ ഒണക്കക്കേരളത്തിൽ മൊതലാക്കാൻ എന്തുണ്ട് എന്നാണു ചോദ്യമെങ്കിൽ, രണ്ടു മാസം മുൻപത്തെ ന്യൂയോർക്ക ടൈംസ് വായിച്ചു നോക്കിയാ മതി. ദശലക്ഷം കോടി വിലവരുന്ന പണ്ടത്തെ ഡബിൾ നൈൻ വൺ സിക്സ് പണ്ടാരങ്ങളാണ് നമ്മുടെ അനന്തപുരിയിലെ അമ്പലത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഓർത്തോ..... സാദാ നൈൻ വൺ സിക്സിന്നുപോലും ഇപ്പോ എന്നാ വിലയാ?

==========================================================

പീ സീ ജോർജ്ജെന്ന ആജാനബാഹുവിന്നെ പേടിച്ചിട്ട് നിങ്ങൾ വരാതിരിക്കണ്ട, അങ്ങേരും നമ്മുടെ സിനിമാക്കാരേ പോലെ മുണ്ടാതിരിക്കുകയാണ് ഈ വിഷയത്തിൽ. ഇനി എന്തെങ്കിലും മുണ്ടണമെങ്കിൽ ഉമ്മൻസിന്റെ സെൻസർ സർട്ടീപ്പിക്കറ്റ് കിട്ടിയാലേ നടക്കൂ... അതോണ്ട് ആ ഭയം മുല്ലപ്പെരിയാറിൽ ഒഴുക്കാം...

==========================================================

പുതിയ ഡാം ഞങ്ങ സ്വന്തം ചെലവിൽ കെട്ടിക്കോളാന്നും അതിനുള്ള കായ് ഞങ്ങ പിരിച്ചോളാന്നും പ്രതിപക്ഷം പറയുന്നുണ്ട്. അത് വിട്ടു കൊടുക്കാൻ പാടില്ല. അത് നടന്നാ പിന്നെ ഇവിടുത്തെ മനോരമാദി ചാനലുകൾ ലാവ്ലിൻ വിട്ട് മുല്ലപ്പെരിയാർ വിറ്റ് ഇനിയും നൂറ്റാണ്ട് കഴിക്കും. നിങ്ങ തന്നെ ഡാമിന്റെ പണിയും ഏറ്റെടുക്കുകയാണെങ്കിൽ നിങ്ങടെ നാട്ടിലെ കോണ്ട്രാക്റ്റന്മാർക്ക് സാമ്പത്തിക മാന്ദ്യത്തീന്നു മോചനവുമാകും....

==========================================================

ഒരു നൂറ്റാണ്ടിന്നുമുൻപ് ലോകരായാക്കന്മാരായിരുന്ന ബ്രിട്ടിഷുകാരായിരുന്നൂ നിലവിലുള്ള മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ ലോക മാടമ്പിരായാവായ അമേരിക്ക തന്നെ പുതുക്കിപ്പണിയുന്നതല്ലേ അതിന്റെ ഒരു ഭംഗി? നിങ്ങൾ ഇതേറ്റെടുത്താൽ നമ്മുടെ തലപ്പാവണിഞ്ഞ പാവയ്ക്കും പത്താം വീട്ടിൽ താമസിക്കുന്ന അങ്ങേരുടെ ഉപദേശ മഹാമണിക്കും എത്ര സന്തോഷമാവുമെന്നറിയാമോ?

==========================================================

ഏറ്റവുമൊടുവിൽ മുല്ലപ്പെരിയാർ ഡാം പൊട്ടിയാലും യാതൊരു ചുക്കും സംഭവിക്കില്ലെന്നും, ഇപ്പോഴത്തെ ഭീകര ചിന്തകളും ആശങ്കകളും വെറും മാധ്യമ സൃഷ്ടിമാത്രമാണെന്നും നമ്മുടെ കേരള സർക്കാറിന്റെ മുഖ്യവക്കീൽ ഹൈക്കോടതിയിൽ വാദിച്ചതായി ചാനൽ വിദ്വാന്മാർ പറയുന്നൂ. അതായത് നമ്മുടെ സർക്കാറും നമുക്കെതിരെന്ന് സാരം. അതോണ്ട് താങ്കൾ ഈ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിച്ചാൽ താങ്കളെ ഞങ്ങൾ കേരള ഭരണവും ഏൽപ്പിച്ചേക്കാം. താങ്കൾ പല ലോക ചെറ്റത്തരവും ചെയ്തിട്ടുണ്ടെന്നറിയാം. പക്ഷേ ചെറ്റത്തരം ചെയ്യാനും നട്ടെല്ലിന്നുറപ്പുള്ള ആണുങ്ങൾക്കല്ലേ ആവൂ? ഞങ്ങൾക്കിന്നു ആവശ്യം അങ്ങനെ .............ക്കുറപ്പുള്ള ആണൊരുത്തൻ നായകനെയാണ്.

താങ്കൾ ഈ ദൗത്യം ഉടൻ ഏറ്റെടുക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ....
പുരോഗമന മലയാളികൾ..

ഒപ്പ്
24 നവംബർ 2011

മുല്ലപ്പെരിയാർ ഉത്സാഹക്കമ്മറ്റികളോട്

അദ്ധ്വാനം മറന്ന മനുഷ്യൻ, ചൈനീസ്സും അറേബ്യന്നുമൊക്കെ മൃഷ്ടാന്നം വിഴുങ്ങി അടിഞ്ഞുകൂടുന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കത്തിച്ചുകളയാൻ ജിമ്മിൽ പോയി പാടുപെടുന്നതു പോലെ തന്നെയാണിപ്പോൾ, പൊതുജീവിത മേഖലകളിൽ നിന്ന് രാഷ്ട്രീയത്തെ അകറ്റി നിർത്തിയ നമ്മൾ ധാർമ്മിക രോഷം കത്തിച്ചുകളയാൻ ഫേസ് ബുക്കിൽ അലറിവിളിക്കുന്നതും.

അറേബ്യൻ മുല്ലപ്പൂ വിപ്ലവത്തിന്റെ കാറ്റേറ്റ് ഭാരതമണ്ണിലും ഫേസ് ബുക്ക് വിപ്ലവം മുളപ്പിച്ചെടുക്കാം എന്ന ചിന്ത അൽപ്പം കടന്ന അതിമോഹം തന്നെയാണ്. നമ്മൾ ഇന്ത്യൻ സൈബർ ചട്ടമ്പികൾക്ക് കളക്ടറേറ്റിന്നു മുന്നിൽ കുത്തിയിരുന്ന് വെയിൽ കൊള്ളാൻ പോലുമുള്ള ആമ്പിയറില്ല എന്നതു തന്നെകാര്യം.

പക്ഷേ നമുക്കിവിടെ ഫേസ്ബുക്ക് സുരതങ്ങൾക്കായ് കാലാകാലങ്ങളിൽ ഓരോ വിഷയവും വീണുകിട്ടാറുണ്ട്. താരതമ്യേന പണികുറഞ്ഞ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്ത മുൻ മന്ത്രി എൻ കെ പ്രേമചന്ദ്രൻ സംസ്ഥാനത്തിന്റെ പൊതു താത്പര്യം മുൻ നിർത്തി പണ്ട് മുല്ലപ്പെരിയാർ വിഷയത്തിൽ ശക്തമായ രീതിയിൽ കോടതി വഴിയുള്ള ഇടപെടലുകൾ നടത്തിയ കാലത്തും ഇന്നത്തേക്കാൾ കനത്ത രീതിയിലുള്ള സൈബർ അഭിപ്രായ രൂപീകരണ ഇടപെടലുകളുണ്ടായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പും ഐസ്ക്രീമും പോലുള്ള മസാലകളും പിന്നെ എൻഡോസൾഫാനും കിട്ടിയപ്പോൾ നമ്മൾ മുല്ലപ്പെരിയാറിന്നെ മറന്നു.

ഇപ്പോൾ 'ഡാം 999' എന്ന സിനിമ റിലീസ്സിന്നു തയ്യാറായപ്പോൾ, കൂടെ ഇടുക്കിയിൽ ഭൂകമ്പവുമുണ്ടായപ്പോൾ വീണ്ടും നമുക്ക് ബോധോദയമുണ്ടായിരിക്കുന്നു. ഫേസ് ബുക്ക് തുറന്നാൽ മുല്ലപ്പെരിയാർ മാത്രം! ഈ പ്രശ്നത്തിന്ന് ഉചിത പരിഹാരം ഉണ്ടാകും വരെ ഈ ആവേശത്തെ ഇതേ രീതിയിൽ കൊണ്ടുപോകാൻ നമുക്കാവുമോ? ശക്തമായ നിലപാടുകളെടുക്കാൻ നമ്മുടെ ഭരണനേതൃത്വത്തെ പ്രേരിപ്പിക്കാൻ ഈ പേജ് ലൈക്കുകൾ മാത്രം മതിയോ? ഈ സൈബർ മൂവ്മെന്റിന്നു മുൻകൈ എടുക്കുന്നവർ ചെയ്യേണ്ടത് ഈ പ്രോത്സാഹനങ്ങൾ മുതൽക്കൂട്ടാക്കി ഒരു സാമ്പിളിനെങ്കിലും പ്രത്യക്ഷ സമര കൂട്ടായ്മ്മയേക്കുറിച്ച് ചിന്തിക്കുകയാണ്. മുല്ലപ്പെരിയാർ പരിസരത്ത് നമ്മൾ നൂറുപേർക്കെങ്കിലും ഒത്തുകൂടാനായാൽ അത് ഇവിടുത്തെ രാഷ്ട്രീയ സംഘടനകൾക്ക് "സൈബർ വിപ്ലവം" നൽകുന്ന  മുന്നറിയിപ്പോടു കൂടിയുള്ള  സന്ദേശമാവും തീർച്ച.

++++++++++++++++++++++++++++++++++++++++++++++++++++++++++

മുല്ലപ്പെരിയാൽ ക്യാമ്പയിന്റെ ഭാഗമായി കേരള മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വെബ് സൈറ്റ് വഴി പരാതിനൽകാനുള്ള ലിങ്ക് പരസ്യം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സാധാരണ ഗതിയിൽ തന്നെ ആ സൈറ്റിൽ പ്രസക്തമായ പരാതികൾക്ക് പോലും മറുപടി കിട്ടാറില്ല ( എന്റെ അനുഭവം). ആ നിലയ്ക്ക് ആ സൈറ്റിൽ പരാതി നൽകുന്ന സാധാരണക്കാരന്റെ ആശയ്ക്ക് വിരുദ്ധമാകില്ലേ ഈ കൂട്ട മെയിലുകൾ? എന്ത് കൊണ്ട് നമുക്ക് ഉമ്മൻചാണ്ടിക്കു പകരം ജയലളിതയ്ക്ക് പരാതി അയച്ചു കൂടാ?

++++++++++++++++++++++++++++++++++++++++++++++++++++++++++

മുല്ലപ്പെരിയാർ പ്രശ്നം ഇടുക്കിയുടേതുമാത്രമായി കാണുന്ന മലയാള പോഴന്മാർ ശ്രദ്ധിക്കുക; ഏസിയും ഫാനുമില്ലാതെ കിടന്നുറങ്ങാനാവുമെങ്കിൽ, മിക്സി കറങ്ങാതെ കറികിട്ടുമെങ്കിൽ, തണുപ്പിക്കാത്ത ബീർ കുടിച്ചുറങ്ങാമെങ്കിൽ നിങ്ങൾക്കു തുടരാം...


21 നവംബർ 2011

ക്രൈസിസ് മാനേജ്മെന്റ് മാസ്റ്റർ പ്ലാൻ

സുതാര്യ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏറണാകുളം ജില്ലയിലെ ജനസമ്പർക്ക പരിപാടിയിൽ തുടർച്ചയായി ഇരുപത് മണിക്കൂറോളം പരാതികൾ സ്വീകരിച്ച്, ഉദ്യോഗസ്ഥന്മാരേയും ജനപ്രതിനിധികളേയും വല്ലാണ്ടാക്കിയകാര്യം മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു.

കൂടുതലും 'അന്യഗ്രഹ ജീവി'കൾ സർക്കാർ സേവകരായുള്ള, തെക്കോട്ടു നിന്നും-തെക്കോട്ടേക്കുമുള്ള തീവണ്ടി സമയത്തിനനുസരിച്ച് മാത്രം സർക്കാർ ആപ്പീസുകൾ പ്രവർത്തിക്കുന്ന കാസർക്കോട് ജില്ലയിലെ ജനസമ്പർക്കത്തിന്നു മുന്നോടിയായി ജീവനക്കാർക്ക് അൽപ്പം ഭീകര പരിശീലനം നൽകുന്നത് നന്നായിരിക്കും!

++++++++++++++++++++++++++++++++++++++++++++++++++++++++++


കിളവന്മാരായ ഏതെങ്കിലും സെലിബ്രിറ്റി ജീവൻ എന്തെങ്കിലും സൂക്കേടിന്ന് ആസ്പത്രിയിൽ അഡ്മിറ്റായാൽ മാധ്യമ ഡെസ്കുകളിലും ലൈബ്രറിയിലും ആർക്കൈവിലുമൊക്കെ ആളനക്കവും പരക്കം പാച്ചിലും വല്ലാതാവുമെന്ന് ഏതോ മാധ്യമ സുഹൃത്ത് പറഞ്ഞതോർമ്മയുണ്ട്.

ഇടുക്കിയിൽ ഇടയ്ക്കിടയ്ക്ക് ഭൂകമ്പം വരികയും പണ്ട് അറുവായിയിൽ പണിത മുല്ലപ്പെരിയാർ ഡാമിന്ന്  വിള്ളലും ചോർച്ചയുമൊക്കെ കൂടി വരുമ്പോൾ മാധ്യമ ഡെസ്കിലും ഡെസ്കിന്നടിയിലും മോളിലുമൊക്കെയിരുന്ന് ശമ്പളം പറ്റുന്നവർ ആ വിഷയത്തിലും ഗവേഷണം തുടങ്ങിക്കാണണം.

ഡാം പൊട്ടിയാൽ ഓബി വാൻ വയ്ക്കാൻ പറ്റിയ സ്ഥലങ്ങൾ ബുക്കു ചെയ്യണം, തത്സമയ വിവരണങ്ങൾക്കായി കുന്നിൻ മുകളിൽ താമസിക്കുന്ന കുറച്ചു പേരുടെ മൊവീൽ നംബർ സംഘടിപ്പിക്കണം, ചർച്ചകൾക്കായി സാങ്കേതിക-രാഷ്ട്രീയ-ശാസ്ത്ര വിദഗ്ദരുടെ പാനലുണ്ടാക്കണം... ഹോ.... വയ്യ! മെല്ലേ പൊട്ടിയാൽ മതിയായിരുന്നു!

സംസ്ഥാന പൊതുഭരണ-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരും തയ്യാറെടുപ്പ് തുടങ്ങിയെന്നു വേണം ഊഹിക്കാൻ. ഡാം പൊട്ടലിന്നുശേഷം നടക്കേണ്ട അടിയന്തിര മന്ത്രിസഭാ യോഗത്തിനുള്ള നോട്ടുകൾ പണിപ്പുരയിലാണ്. മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക പിരിക്കാൻ ഒരു 'മുല്ലപ്പെരിയാർ സ്പെഷ്യൽ' ബമ്പർ ലോട്ടറി സംഘടിപ്പിക്കണം. ശവസംസ്കാരത്തിന്നും മറ്റുമായി പെട്ടന്ന് ആശ്വാസ നിധി കൈമാറുന്നതിന്നായി ഓരോ വില്ലേജിന്നും ഓരോ തഹസിൽദാറെ നിയമിക്കണം,  അനുവദിക്കേണ്ട തുകയ്ക്കായി ഫണ്ട് മാറ്റിവയ്ക്കണം. ഈ ഫണ്ട് വിതരണത്തിൽ നടന്നേക്കാവുന്ന ക്രമക്കേട് അന്വേഷിക്കാൻ ഒരു വിജിലൻസ് സംഘത്തെ ഇപ്പോഴേ നിയമിക്കാം!

ഡാം പൊട്ടിയാൽ ഒരുപക്ഷേ കേരളവും അണ്ണാച്ചി നാടും ഇന്ത്യയും പാക്കിസ്ഥാനും പോലെയായേക്കാം. അങ്ങനെ വന്നാൽ നമ്മുടെ കഞ്ഞികുടി മുട്ടും തീർച്ച. പച്ചക്കറിയും കോയിമുട്ടയും തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരാൻ ബുദ്ധിമുട്ടുവന്നാൽ ബിജെപ്പി ഭരിക്കുന്ന കർണ്ണാട്കത്തിൽ നിന്നു വേണം കോഴിയിറച്ചി കൊണ്ടുവരാൻ. ഹലാലായ പോത്തിറച്ചിക്കും ക്ഷാമം വരും. കർണ്ണാടകത്തിലൂടെ ഗോക്കളെ കൊണ്ടുവരാൻ സംഘികൾ സമ്മതിക്കില്ല. അപ്പോൾ വയലാർ രവിയിൽ സ്വാധീനം ചെലുത്തി 'കാർഗോ വിമാനം' ഏർപ്പാടാക്കി കോഴിയും പോത്തും ഇറക്കുമതിചെയ്യാൻ ഊർജ്ജസ്വലനായ, 'ഇറക്കുമതിക്കാരനായ', മാർക്കറ്റ് ഫെഡ് എംഡിയെ ചുമതലപ്പെടുത്തണം.

++++++++++++++++++++++++++++++++++++++++++++++++++++++++++

നമ്മുടെ പ്രിയങ്കരനായ ഏകെ ആന്റണി പ്രതിരോധ മന്ത്രിയായി തുടരുന്നതിനാൽ, കേന്ദ്ര-കേരള വിനോദയാത്രാ സംഘത്തിന്നും മറ്റും ഹെലിക്കോപ്റ്ററിന്നു ബുദ്ധിമുട്ടേണ്ടിവരില്ല!


പഴയ പോസ്റ്റ്:

നിങ്ങൾക്കും ദുഷ്ടമാന്ത്രികനാവാം.

17 നവംബർ 2011

നിങ്ങൾക്കും ദുഷ്ടമാന്ത്രികനാവാം.

സകലവും മായയായ ഈ ലോകത്ത് മലയാളിയുടെ പുരോഗമനവും വെറും കാപട്യമാണെന്നതിന്റെ പതിനായിരത്തി യൊന്നാമത്തെ ഉദാഹരണമാണ് മന്ത്രവാദത്തിലും അനുബന്ധ ദുരാചാരങ്ങളിലുമുള്ള വിശ്വാസം. പത്രങ്ങൾ തുറന്നാൽ ആദ്യം കാണുന്നതും ചാത്തൻ സേവാ കേന്ദ്രങ്ങളുടെയും ജ്യോതിഷാലയങ്ങളുടേയും പരസ്യങ്ങൾ.

ഏതൊരു അവിശ്വാസിയേയും മുട്ടുകുത്തിക്കാൻ കൂടോത്ര മന്ത്രവാദ തന്ത്രങ്ങൾക്കാവുമെന്നതിന്ന് ഉദാഹരണങ്ങൾ ഒരുപക്ഷേ നിങ്ങളുടെ വീട്ടുമുറ്റത്തു തന്നെ കാണും. ഒരു അന്ധവിശ്വാസിയെ വിശ്വാസിയാക്കുന്നതിലും എളുപ്പമാണ് ഒരു വിശ്വാസിയെ അന്ധവിശ്വാസിയാക്കാൻ. ആശുപത്രി കഴിഞ്ഞാൽ ഒരു പക്ഷേ മലയാളികൾ ഏറ്റവും കൂടുതൽ പണം ചിലവാക്കിയിട്ടുണ്ടാവുക ഇത്തരം "ആത്മീയ" കാപട്യങ്ങൾക്കായിരിക്കും.

നമ്മുടെ സാങ്കൽപ്പിക ശത്രുവിന്നെ മാനസികമായി തകർക്കുക എന്നതാണ് കൂടോത്രങ്ങൾക്കു പിന്നിലെ ശാസ്ത്രവും വിജയവും. അതിന്നായി ലക്ഷങ്ങൾ ചിലവാക്കി മന്ത്രവാദികളെ ബുദ്ധിമുട്ടിക്കേണ്ടതില്ല. യാതൊരു മിനക്കേടുമില്ലാതെ നിങ്ങൾക്കു തന്നെ സ്വന്തമായി ചെയ്യാവുന്നതേ ഉള്ളൂ.

ഭസ്മം, ചെറുനാരങ്ങ, പെൻസിൽ കൊണ്ട് ദേവനാഗിരി, അറബി ലിപികളിൽ എഴുതിയ കോഴിമുട്ട തുടങ്ങിയവ "ശത്രു"വിന്റെ വസ്തുവകകളിൽ പാതിമറഞ്ഞരീതിയിൽ പ്രദർശിപ്പിക്കലാണ് ഈ രംഗത്തെ ഏറ്റവും ചെറിയ വിദ്യ. അത് ഏശാത്ത ഇടങ്ങളിൽ വാട്ടിയ വാഴയിലയിൽ അറുത്ത കോഴിത്തല, മഞ്ഞൾപൊടി, ഭസ്മം, ഉണക്കലരി തുടങ്ങിയവ കലാപരമായി സംയോജിപ്പിച്ച് "ഇര"യുടെ ദൃഷ്ടി പതിയുന്നിടത്ത് വയ്ക്കുകയാണ് മാന്ത്രിക മഹാന്മാർ ചെയ്തുവരുന്നത്.

എന്നിട്ടും വീഴാത്ത സഖാക്കൾ വല്ലവരുമുണ്ടെങ്കിൽ അവർക്ക് പണികൊടുക്കാൻ അൽപ്പം മിനക്കേടുണ്ട്. അതിനായി സാമാന്യം ചെറിയ ഒരു കോഴിമുട്ട, വിനഗിരിൽ (അച്ചാറിടാനും മറ്റും ഉപയോഗിക്കുന്ന സുർക്ക)  12മണിക്കൂർ കുതിർത്തുവയ്ക്കുക. കോഴിമുട്ട കടന്നുപോകാത്തതും എന്നാൽ വാവട്ടമുള്ളതുമായ ഒരു ചില്ലുകുപ്പിയിലേക്ക്, മേൽ പതം വന്ന കോഴിമുട്ട കടത്തിവിടുക. അതിൽ പച്ച വെള്ളം നിറച്ച് 1മണിക്കൂർ കഴിഞ്ഞ് വെള്ളം വാർത്തു കളയുക. ഇപ്പോൾ മുട്ടത്തോട് ഉറച്ച് പൂർവ്വസ്ഥിതിയിൽ ആയിട്ടുണ്ടാവും,അതുകൊണ്ട് തന്നെ പുറത്തെടുക്കാനാവുകയില്ല. അതിൽ കുറച്ച് ചെക്കിപ്പൂവ്, മഞ്ഞൾപൊടി, സിന്ദൂരം, പുഴുക്കലരി തുടങ്ങിയവ കൂടി നിക്ഷേപിക്കുക.

"അസാധാരണ ശക്തിയുള്ള" ഈ മഹാമാന്ത്രിക ഏലസ്സ് 'ശത്രു'വിന്റെ വീട്ടുമുറ്റത്ത് പാതിമറഞ്ഞരീതിയിൽ കുഴിച്ചിടൂ. ഫലം ഉറപ്പ്.

കൂടുതൽ കൂടോത്ര വിദ്യകൾക്കായി കാത്തിരിക്കൂ...

===================================================

ബ്ലോഗിൽ കിട്ടുന്ന കമന്റ് വിറ്റാൽ ഖൈമ പച്ചരി വാങ്ങാൻ കിട്ടുന്ന ബാർട്ടർ സമ്പ്രദായം നിലവിലുണ്ടെന്നു കേൾക്കുന്നു. ബ്ലോഗിൽ കൂടുതൽ കമന്റു കിട്ടാനുള്ള മാന്ത്രിക ഏലസ്സ് പരീക്ഷണക്കുടിയിലാണ്. പ്രിയ ബ്ലോഗന്മാരേ കാതിൽ കമ്ന്റ്റുമിട്ട് കാത്തിരിക്കുക!
09 നവംബർ 2011

മൃഗാധിപത്യം വന്നാൽ

1. പട്ടിയെ
പട്ടിയെന്ന്
വിളിക്കാതിരുന്നാൽ
പട്ടി,
പട്ടിയാവാതിരിക്കുമോ?

2. കുരയ്ക്കുവാൻ മാത്രമായി നിയോഗിക്കപ്പെട്ട പട്ടി, യജമാനന്റെ ആജ്ഞാ അവകാശങ്ങളിൽ വാൽ കടത്തി ആളാവുമ്പോൾ 'പോടാ പട്ടീ' എന്നു വിളിച്ചു കല്ലെറിയുന്നത് പാതകമാണോ?

3. അങ്ങനെ കല്ലെറിയുന്ന യജമാന ഭക്തനെ കടിച്ചു കീറുന്ന പട്ടി വെറും പട്ടിയല്ല പേപ്പട്ടിയാണെന്നു പറഞ്ഞാൽ അതിന്നും കിട്ടുമോ കുര?

4. അസഹനീയമായ രീതിയിൽ പട്ടി കുരച്ചാൽ നമ്മൾ കുരയെ കുറ്റം പറയണോ അതോ കുരച്ച പട്ടിയെ കുറ്റം പറയണോ?

===============================================


05 നവംബർ 2011

ഐ പാഡ്, കായംകുളം കൊച്ചുണ്ണി

ഇഞ്ചിക്കൃഷി നഷ്ടത്തിലായി ഒരു ലക്ഷം രൂപയുടെ കടക്കെണിയിലായ വയനാട്ടിലെ അശോകനെന്നെ യുവ കർഷകൻ  ആത്മഹത്യചെയ്തു കൊണ്ട്, അഞ്ചു വർഷം നീണ്ടു നിന്ന വയനാടൻ കർഷക ആത്മഹത്യയുടെ 'മൊറട്ടോറിയം' അവസാനിപ്പിച്ച അതേ ദിവസമാണ് ഒന്നിന്നു നാൽപ്പതിനായിരം വിലവരുന്ന ആപ്പിൾ ഐപാഡ് നൂറ്റിനാൽപ്പത് നിയമസഭാ സാമാജികർക്കും വ്യവസായമന്ത്രി നിയമസഭയിൽ സമ്മാനമായി നൽകിയത്.

എന്തായാലും ഈ സൗജന്യ സമ്മാനം മന്ത്രിയുടെ തറവാട്ടു പിരിവിൽ നിന്ന് പണമെടുത്ത് വാങ്ങി വിതരണം ചെയ്തതാണെന്നു വിശ്വസിക്കാൻ ഞാനാളല്ല. നമ്മുടെ നികുതിപ്പണം വകമാറ്റിത്തന്നെയാവണം ഈ ആഡംബര തോന്ന്യാസവും. അഴിമതിയുടെ ആപ്പിൾ പൂശി വെളുപ്പിച്ച രൂപം എന്നുതന്നെ നമുക്കിതിന്നെ വിളിക്കാം. "നമ്മുടെ വ്യവസായത്തെ" ബാധിക്കാത്ത വിവിധ കാരണങ്ങളുയർത്തി നിയമസഭ സ്തംഭിപ്പിക്കുക വഴി വ്യവസായ വകുപ്പ് മന്ത്രിക്കെതിരേ ഉയർന്നു വന്ന 'ദുരാരോപണങ്ങൾ' സഭയിൽ വലിയ ചർച്ചയാവാതിരിക്കാൻ ആഞ്ഞു ശ്രമിച്ച ബഹുമാന്യ മെംബർമാരെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ പ്രീണിപ്പിക്കാനാവും?

ആദർശത്തിന്റെ അപ്പോസ്തലനായി മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന പ്രതിപക്ഷ നേതാവു പോലും ആദ്യം ഈ സമ്മാനം കൈപ്പറ്റുകയുണ്ടായി; പിന്നീടതിൽ കുഞ്ഞാപ്പ നാമം മുദ്രണം ചെയ്തത് കണ്ട് തിരിച്ചു കൊടുത്തെങ്കിലും!, (അതുകൊണ്ട് മാത്രമാണ് തിരിച്ചുകൊടുത്തത്). ഇക്കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ആകെ നേരാം വണ്ണം നടന്ന ഏക നടപടി ഈ ഐപാഡ് വിതരണം മാത്രമായിരുന്നു. അതിൽ അംഗങ്ങൾക്കും വ്യവസായ മന്ത്രിക്കും അഭിമാനിക്കാം, സ്പീക്കർക്കും മുഖ്യമന്ത്രിക്കും ആശ്വസിക്കാം.

========================================

പെട്രോൾ വിലവർദ്ധനയ്ക്കെതിരേ ജനങ്ങൾ പ്രതികരിക്കണമെന്ന് പീസീ തോമസ് നൽകിയ കേസ് പരിഗണിക്കവേ കേരള ഹൈക്കോടതി വാക്കാൽ ഉപദേശിച്ചുവെന്ന് മാധ്യമങ്ങളിൽ കണ്ടു. ബഹുമാനപ്പെട്ട ജഡ്ജന്ന് പ്രതികരിക്കാനുള്ള വഴി കൂടി പറഞ്ഞുതരാമായിരുന്നു. മേൽ നിയമസഭയെ നോക്കുകുത്തിയാക്കി കേരള ഹൈക്കോടതി തന്നെ ഇന്നാട്ടിൽ ചില നിയമവിധികളുണ്ടാക്കി വച്ചിട്ടുണ്ടല്ലോ? ബന്ദ് നടത്താൻ പാടില്ല, പൊതുസ്ഥലത്ത് പ്രകടനം പാടില്ല, റോഡരികിൽ നിന്നു മിണ്ടരുത്, സർക്കാർ ബസ്സിന്ന് കല്ലെറിയാൻ പോലും പാടില്ല. അല്ല സാർ പിന്നെങ്ങനെയാണ് നമ്മൾ സാദാജനം പ്രതികരിക്കേണ്ടത്? ഫേസ് ബുക്കിൽ നല്ല ചൂടൻ മുദ്രാവാക്യമിട്ടാൽ പോലും സൈബർ നിയമം വാളുമായി വരുമല്ലോ? മുതലക്കണ്ടം മൈതാനിയിൽ നാലാളുകൂടി കുത്തിയിരുന്നാൽ ഭരണവർഗ്ഗം പോയിട്ട് റിപ്പോർട്ടർ ചാനലുകാരൻ വരെ തിരിഞ്ഞു നോക്കൂലാന്ന്    അറിയാത്താളെയാണോ ജഡ്ജിയാക്കിയിരിക്കുന്നത്?

========================================
31 ഒക്‌ടോബർ 2011

കോടതികൾ പിരിച്ചു വിടുക

കൈവെട്ടും കാൽ വെട്ടും ക്വട്ടേഷനും പലതരം കൊലപാതകങ്ങളും കണ്ടു മരവിച്ച മലയാളി മനസ്സുകളെപ്പോലും പിടുച്ചു കുലുക്കിയ ദാരുണ സംഭവമായിരുന്നു സൗമ്യാ കൊലക്കേസ്. ആരുമില്ലെന്നു കരുതിയിരുന്ന ഒറ്റക്കയ്യൻ ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയിൽ വാദിക്കാൻ വിദേശ ഫണ്ട് കൈപ്പറ്റുന്ന ഒരു മത സംഘടന ലക്ഷങ്ങൾ ചിലവാക്കി അന്യ സംസ്ഥാനത്തുനിന്ന് പുപ്പുലി വക്കീലന്മാരെ കൊണ്ടുവന്നു. പോസ്റ്റുമോർട്ടം നടത്തിയ ടീമിലെ ഡോക്റ്ററെ വിലയ്ക്കെടുത്തു.

എന്നിട്ടും ഇന്നു പുറത്തുവന്ന കോടതി വിധി നമ്മൾ ഭയപ്പെട്ടതിൽ നിന്നും വ്യത്യസ്ഥമായി ഗോവിന്ദഎരപ്പാളിക്ക് എതിരായി. അയാൾ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്നത് കോടതി പ്രഖ്യാപിക്കാനിരിക്കുന്ന ശിക്ഷാ വിധി എന്തായിരിക്കുമെന്നതിനേക്കുറിച്ചാണ്. സൈബർ ചട്ടമ്പികൾ പലരും ആവശ്യപ്പെടുന്നത് വധശിക്ഷയിൽ കുറഞ്ഞൊന്നും വേണ്ടെന്ന്.

ശിക്ഷാവിധി എന്തായിരുന്നാലും അത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും നമ്മുടെ ഈ ജനാധിപത്യ ലോകത്ത് ഉണ്ടാവാൻ പോകുന്നില്ല. പതിറ്റാണ്ടിന്നു മുൻപ് നമ്മുടെ പ്രധാനമന്ത്രിയെ ബോംബുവച്ചു കൊന്ന കുറ്റത്തിന്നു കോടതി വധശിക്ഷയ്ക്ക് വിധേയനാക്കാൻ നിർദ്ദേശിക്കപ്പെട്ടവനും, നമ്മുടെ പരമോന്നത ജനാധിപത്യ നിയമനിർമ്മാണ വേദിയുമായ പാർലമെന്റിനെ അക്രമിച്ച കേസിൽ തൂക്കിക്കൊല്ലാൻ കോടതി പറഞ്ഞ പ്രതിയുമൊക്കെ ഇന്നും ജയിൽ സുഖ സൗകര്യങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം ആട്ടിറച്ചിയും തിന്നു ജീവിക്കുന്നു.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ പുതിയ വാർത്ത മുന്നിലെത്തുന്നു. ഇടമലയാർ അഴിമതിക്കേസിൽ സുപ്രീംകോടതി ഒരു വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ച ബാലകൃഷ്ണപ്പിള്ള എന്ന മഹാനെ 69 ദിവസത്തെ ഫൈവ്സ്റ്റാർ സുഖവാസത്തിന്നു ശേഷം മോചിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ സുതാര്യ സർക്കാർ തീരുമാനിച്ചിരിക്കുന്നു. കോടതിയുടെ അന്തസത്തയ്ക്ക് വിപരീതമായ ഇത്തരം നടപടികൾ എക്സിക്യൂട്ടീവിന്റെ ഭാഗത്തു നിന്നുണ്ടാവുമ്പോൾ, പണത്തിന്നും സ്വാധീനത്തിന്നും ഈ രാജ്യത്ത് എന്തുമാവാമെന്നു വരുമ്പോൾ നമ്മൽ അരാജകവാദികളാവാതെ മാറിനിൽക്കുന്നതെങ്ങനെ?

ഉമ്മൻ ചാണ്ടീ താങ്കൾ ഈ കേരള സമൂഹത്തിന്നു നൽകുന്ന സന്ദേശമെന്താണ്? ഏതോ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയാണോ? വെറും മൂന്നു സീറ്റിന്റെ ഭൂരിപക്ഷത്തിലുള്ള സർക്കാറിന്നെ നിലനിർത്താൻ മനസ്സാക്ഷിയെയും നിയമസംവിധാനങ്ങളേയും വെല്ലുവിളിച്ചുകൊണ്ടുള്ള നടപടികളുമായി എത്രകാലം മുന്നോട്ടു പോകാനാവും? നാളെ ഗോവിന്ദച്ചാമിയുടെ ആകാശപ്പറവകൾ അരമനയിൽ നിന്നുള്ള കത്തും ചാക്കുമായി വന്നാൽ അയാൾക്കും കൊടുക്കുമോ താങ്കളീ സൗകര്യങ്ങൾ?

മുന്നൂറ്ററുപത്തഞ്ചിനെ അറുപത്തൊൻപതാക്കാൻ ഉളുപ്പില്ലാത്ത ...........ന്മാർ ഭരിക്കുന്ന ഈ നാട്ടിൽ ജീവിക്കുന്നതിന്ന് ലജ്ജ തോന്നുന്നു. പണവും പ്രതാപവുമില്ലാത്ത നമ്മൾ സാദാ വോട്ടർമാർ ഇനി കോടതിവരാന്ത നിരങ്ങുന്നത് ദുർവ്യയമായി മാറുമോ? കോടതിവിധി മറികടക്കുവാൻ പഴുതുകൾ തേടുന്ന സർക്കാറിന്ന് ഒരു കാര്യം കൂടി ചെയ്യാം. വിധികൾ നടപ്പാക്കും മുൻപ് സർക്കാർ അനുമതി കൂടി വേണമെന്നൊരു നിയമമുണ്ടാക്കൂ...


30 ഒക്‌ടോബർ 2011

മലബാർ നിവർത്തന പ്രക്ഷോഭം

വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുതറകളിൽ നിന്ന് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ, തങ്ങളുടെ ബഹുജനപിന്തുണ വർദ്ധിപ്പിക്കുന്നതിനായി പലതരം മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പയറ്റാറുണ്ട്. പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയെന്ന് പറയപ്പെടുന്ന 'അരിമോഷണ' സമരവും, ഈയടുത്തകാലത്ത് ബിജെപിക്കുവേണ്ടി സംഘപരിവാർ ബാനറിൽ നടന്ന 'അയോധ്യാനാടക'വുമൊക്കെ ആയതിന്റെ നിസ്സാര ഉദാഹരണങ്ങൾ മാത്രം.

ഇപ്പോൾ കൃത്രിമ വേരുകളും അതിന്നു പറ്റിയ രാസവളങ്ങളുമായി നമ്മുടെ മണ്ണിൽ  കൃഷിയിറക്കാൻ തുടങ്ങിയ പുത്തൻ തലമുറ മതവാദ സംഘടനകൾ ജനശ്രദ്ധയാകർഷിക്കാൻ പയറ്റുന്നതും ഇതേ സൂത്രപ്പണികൾ തന്നെ. തങ്ങളുടെ അജണ്ടകൾക്കു മേൽ ജനപ്രിയതയുടേയും സാമ്പത്തിക സഹായത്തിന്റേയും, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് തമ്മിലടിയും അഴിമതിയും കഴിഞ്ഞ് ഇടപെടാൻ നേരമില്ലാത്ത പൊതുപ്രശ്നങ്ങളിൽ ജനപക്ഷത്തിരുന്ന് പ്രതികരിക്കുന്നതിന്റേയും സുന്ദരമുഖം മൂടിയണിഞ്ഞ് നിങ്ങൾക്കാശ്രയം നമ്മൾ മാത്രമാണെന്ന് വരുത്തിത്തീർക്കുന്നു.

മതേതരത്വത്തിന്റെ മനസ്സാക്ഷിക്ക് യാതൊരുതരത്തിലും ദഹിക്കാത്ത അജണ്ടകളുമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ യുവ മുഖം മൂടിയായ സോളിഡാരിറ്റി, എൻഡോസൾഫാൻ മേഖലകളിൽ കോടികൾ ചിലവിട്ട് നടത്തിയ 'ദുരിതാശ്വാസത്തിന്നു ശേഷം ഇപ്പോൾ കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായി നടത്തിവരുന്ന 'മലബാർ നിവർത്തന പ്രക്ഷോഭ' പ്രചാരണങ്ങൾ മേൽപ്പറഞ്ഞ തന്ത്രങ്ങളിൽ ഒന്നു മാത്രമാണ്.

ഈ ഒളിയജണ്ടകളേക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടായിരിക്കേ തന്നെ സോളിഡാരിറ്റിയുടെ ഈ 'മലബാർ നിവർത്തന പ്രക്ഷോഭ'ത്തിന്നു ധാർമ്മിക പിന്തുണ പ്രഖ്യാപിക്കാനാണ് ഈ പോസ്റ്റ്. സർവ്വ സർക്കാർ തലങ്ങളിലും അവഗണിക്കപ്പെടുന്ന ഒരു പ്രദേശത്തിന്നു വേണ്ടി വാദിക്കാൻ സോളിഡാരിറ്റിയെങ്കിലും ഉണ്ടായല്ലോ എന്നതിൽ നമ്മൾ മലബാറുകാർ ആശ്വസിക്കും.

എന്റെ അനുഭവതലങ്ങളിൽ നിന്ന് പ്രതികരിക്കാൻ മലബാറിനെ ഞാൻ തൽക്കാലം കാസർക്കോടാക്കുകയാണ്. മലബാറിന്നു മൊത്തത്തിൽ ഇന്നു നിലനിൽക്കുന്ന തരത്തിലുള്ള അവഗണനയാണെങ്കിൽ, അതിന്റെയും ഏറ്റവും വടക്കേ മൂലയ്ക്ക് കിടക്കുന്ന കാസർക്കോട് ജില്ല തന്നെയാണ് ഉദാഹരിക്കാൻ എളുപ്പവും.

പ്രാദേശിക ജനയ്ക്ക് വല്ല ഗുണവും കിട്ടുന്ന പദ്ധതികളുണ്ടെങ്കിൽ അത് തെക്കൻ ജില്ലകൾക്കും, വലിയ ഗുണമില്ലാത്ത 'റിസ്കുള്ള' പദ്ധതികൾ വടക്കിന്നും. ഇതാണിപ്പോഴത്തെ കേരള വികസനശൈലി. വെറുമൊരു ഉദാഹരണത്തിന്നു പറയാം; കേന്ദ്ര സർവ്വകലാശാലയ്ക്കൊപ്പം കേന്ദ്ര സർക്കാർ കാസ്ർക്കോടിന്ന് അനുവദിച്ച സെൻട്രൽ മെഡിക്കൽ കോളേജ്, കാട്ടിൽ കർപ്പൂരം കത്തിച്ച് ഭക്തരെ പറ്റിക്കുന്ന ആത്മീയ ടൂറിസത്തിന്റെ മറവിൽ പത്തനം തിട്ടയിലേക്ക് കടത്തി. പ്രാദേശിക ജനത്തിന്ന് യാതൊരു ഗുണവും ചെയ്യാത്തതും വൻ മലിനീകരണ സാധ്യതകളുള്ള, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണഹേതുവാകാവുന്ന വൈദ്യുതി ഉൽപ്പാദന പദ്ധതി കാസക്കോട്ടെ ചീമേനിയിലും!

ആധുനിക സൗകര്യങ്ങളുള്ള സർക്കാർ വക ആംബുലൻസ് കാസർക്കോട് ജനറൽ ആസ്പത്രി കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന കാര്യം അറിഞ്ഞ നമ്മുടേ പുന്നാര ആരോഗ്യവകുപ്പ് മന്ത്രി മോൻ ആ സാധനം ആലപ്പുഴയിലേക്ക് കടത്താനുത്തരവിട്ടതും, യുവജന സംഘടനകൾ രാപ്പകൽ കാവലിരുന്ന്, ഹൈക്കോടതിയിൽ നിന്ന് സ്റ്റേയുത്തരവ് വാങ്ങി ആ നീക്കത്തിന്നു തടയിട്ടതും ഏറ്റവും ഒടുക്കത്തെ മറ്റൊരു സംഭവം.

ഇങ്ങനെ എണ്ണിയാൽ തീരാത്ത, പറഞ്ഞാൽ മതിവരാത്ത അവഗണന വർത്തമാനങ്ങൾ പറയുവാനുള്ള ഈ മലബാറിൽ, അതേക്കുറിച്ച് ഒരു പ്രചാരണത്തിനെങ്കിലും മുൻ കൈയെടുത്ത സോളിഡാരിറ്റിക്കൊപ്പം ഞാനുമുണ്ട്, ഞങ്ങൾ പലരുമുണ്ടാവും!

=================================================

ഈയ്യിടെ ഒരു ദില്ലി വക്കീൽ കശ്മീർ സ്വയം നിർണ്ണയാവകാശത്തേക്കുറിച്ച് പറഞ്ഞ് തല്ലു വാങ്ങി. ഇവിടെ കാസർക്കോട് താലൂക്ക് പ്രദേശവാസികൾക്ക് കർണ്ണാടകത്തിൽ ലയിക്കാനുള്ള സ്വയം നിർണ്ണയാവകാശം നൽകുകയാണെങ്കിൽ ഞങ്ങളെന്നേ കയ്യടിച്ച് പാസാക്കിയേനേ. അക്കരപ്പച്ചയെന്നു പറഞ്ഞു ആക്ഷേപിക്കാമെങ്കിലും, അതിർത്തിക്കപ്പുറത്തെ സുന്ദര റോഡുകളും ഞങ്ങൾക്കേകാശ്രയമായ മെഡിക്കൽ കോളേജുകളും ഞങ്ങളെ മോഹിപ്പിക്കുന്നുണ്ട്.


21 ഒക്‌ടോബർ 2011

ലിബിയൻ ജനതയ്ക്ക്...


മുൻ കോയിക്കോടൻ ഏസീയേക്കാൾ ഉന്നമുള്ള ലിബിയൻ ആണുങ്ങൾ ഗദ്ദാഫിയെ വെടിവെച്ചു കൊന്നതറിഞ്ഞ്, ലിബിയൻ പർദ്ദധാരികൾ കുരവയിട്ട് അർമ്മാദിക്കുന്ന ദൃശ്യങ്ങൾ വാർത്താചാനലുകളിൽ നിറയുന്നു.

നിങ്ങളുടെ മണ്ണിനടിയിലെ എണ്ണയും വാതകവും വറ്റുമ്പോളേക്ക് നാറ്റോയ്ക്ക് പുതിയ താവളം തേടേണ്ടതുണ്ട്!

എരിതീയിൽ നിന്ന് വറചട്ടിയിലേക്കുള്ള യാത്രയിലെ പ്രധാന കടമ്പ കടന്ന ലിബിയൻ ജനതയ്ക്ക് നന്മ നേരുന്നു!

18 ഒക്‌ടോബർ 2011

അൺപാർലമെന്ററി ചിന്തകൾ

നിയമസഭയിൽ ഇന്നലെ സ്പീക്കറോട് പ്രതിപക്ഷ എമ്മെല്ലേമാർ "താൻ എവിടുത്തെ സ്പീക്കറാണ്" എന്ന് ചോദിച്ചൂന്ന് ചീപ്പ് വിപ്പ് ജോർജ്ജച്ചായൻ പത്രസമ്മേളനം വിളിച്ചു പറയുന്നത് തത്സമയം ചാനലിൽ കണ്ടു. ഇന്നു കേരള ജനത മുഴുവൻ അതാർവർത്തിക്കുന്നു!

======================================

രണ്ടൂസം മുൻപ് കേസീ ജോസഫിന്നു സാംസ്കാരിക മന്ത്രിയാവാൻ എന്തു യോഗ്യത എന്നു പ്രതിപക്ഷം ചോദിച്ചതായും കേട്ടു. അതേക്കുറിച്ച കമന്റു പറയാൻ ഞാനാളല്ല. പക്ഷേ സാംസ്കാരിക മന്ത്രിയാവാൻ തനിക്കാണ് യോഗ്യതയെന്ന് പടക്കുറുപ്പിന്റെ പൊന്നുമോൻ, കെ പി മോഹനൻ ഇന്നലെ നിയമ സഭയിൽ കാലുപൊക്കിക്കാണിച്ച് തെളിയിച്ചിരിക്കുന്നു. മോഹനേട്ടാ ആ കളരിമുറയൊന്നും പുറത്തെടുത്തേക്കരുത്. ശ്രേയംസ് കുമാറിന്ന് മന്ത്രിസ്ഥാനം പുളിക്കുകയൊന്നുമില്ല, ഓർത്തോ!

======================================

നിയമസഭയിൽ ഇങ്ങനെയൊക്കെ നടക്കും എന്ന് മുൻകൂട്ടി കണ്ടതു കൊണ്ടാണോ എമ്മെല്ലേ ആവാൻ പ്രായപൂർത്തിയാവണം എന്നു പൂർവ്വികന്മാർ നിയമമുണ്ടാക്കി വച്ചത്?

======================================

വോട്ടിങ്ങുള്ള ദിവസം മാത്രം ഹാജറിടുന്നവർ എന്ന് ചില എമ്മെല്ലേമാരെ ചിലർ കുശുമ്പ് ഭാവത്തിൽ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും ഇന്നലെ രാപ്പകൽ       സഭയിൽ സത്യാഗ്രഹമിരുന്നൂ ഇടത് എമ്മെല്ലെമാർ. ഹെന്താ കഥ? ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ റിപ്പോർട്ടിൽ ഓവർ ടൈം സഭേലിരുന്നാൽ, ഓവർ ടൈം ശമ്പളം എന്നൊരു ശുപാർശ ഉണ്ടായിരുന്നോ ആവോ?

======================================

സഭയിൽ രാത്രിയും സത്യാഗ്രഹമിരുന്ന എമ്മെല്ലേസിന്ന് കോഫീ ഹൗസിൽ നിന്ന് ചപ്പാത്തി ഉണ്ടാക്കിക്കൊടുത്തെന്ന് മാതൃഭൂമിയിൽ സ്പെഷ്യൽ ന്യൂസ്. അത്  സ്പിക്കർ പറഞ്ഞിട്ടാണതെന്നും വാർത്തയിൽ.ആ വാർത്തയിൽ അതിന്നു തൊട്ടറ്റുത്തവാചകം 'ഭക്ഷണത്തിന്നു ശേഷം ചൂടുവെള്ളവും വിതരണം ചെയ്തുവെന്ന്'. അത് വീരേന്ദ്രകുമാർ സ്പോൺസർ ചെയ്തതാവും! അല്ലെങ്കിലും അങ്ങനെയേ തോന്നൂ ആ വാർത്ത വായിച്ചാൽ!

======================================

സ്പീക്കറുടെ ആപ്പീസെന്നാൽ മഹിളാ കോൺഗ്രസ്സിന്റെ ആപ്പീസു കൂടിയാണോ എന്ന് ഇന്നലെ വാർത്താവിഴുങ്ങികൾക്ക് സന്ദേഹമുണ്ടായി. അങ്ങനെ ഒരു, സ്പീക്കറുടെ ഭൃത്യന്റെ ജോലിയും പോയിരുന്നു. ബട്ട് വലതുപക്ഷ കടലാസ്സുകളിലൊന്നും ആ വാർത്ത കണ്ടില്ല. മൂടുതാങ്ങുമ്പോൽ തോണ്ടാതിരിക്കാനും നോക്കണല്ലോ!

======================================

നിയമസഭാ നടപടികൾ മൊത്തത്തിൽ ചാനലുകൾക്ക് സമ്പ്രേഷണത്തിന്നു കൊടുക്കണമെന്ന് മുഖ്യമന്ത്രിക്ക് മോഹം. സ്പീക്കറേ ആ മോഹം പൂവണിയിക്കുകയാണെങ്കിൽ രാത്രി പതിനൊന്നു മണിക്കുശേഷം മാത്രം സമ്പ്രേഷണം എന്നു നിബന്ധന വച്ചോണം. കെ പി മോഹനനും രാജേഷുമൊക്കെ കേമറയിൽ കെണിയില്ലേ?

=====================================

അല്ലെങ്കിലും ഉമ്മൻസിനെ സമ്മതിക്കാതെ വയ്യ. വാർഡിയെ ഉന്തിയിട്ടവനെതിരേ സസ്പെൻഷൻ പ്രമേയം അവതരിപ്പിക്കാൻ ഒരു നിമിഷം തേച്ചും ബേണ്ട. ഉന്നം തെറ്റാതെ വെടിവെക്കാനറിയാത്ത ഒരുത്തനെ പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് സസ്പെന്റാൻ പതിനാലന്വേഷണം പൂർത്തിയാവണം പോലും. കഷ്ടം!


17 ഒക്‌ടോബർ 2011

ആറോറൂട്ട് ബിസ്കറ്റ്


ഇത് ബ്രിട്ടാനിയയുടെ ആറോറൂട്ട്  ബിസ്കറ്റിന്റെ കവർ.

ബ്രിട്ടാനിയ ആറോറൂട്ട് ബിസ്കറ്റ്!

ഇനിയതിന്റെ ചേരുവകൾ ശ്രദ്ധിക്കൂ...

ഗോതമ്പ്മാവ് 70ശതമാനം,
ആറോറൂട്ട് 0.12ശതമാനം.

ഇത് ആറോറൂട്ട് ബിസ്കറ്റോ അതോ ഗോതമ്പ് ബിസ്കറ്റോ?
ശരിക്കും ഗോതമ്പ് ബിസ്കറ്റല്ലേ?

ഈ ലോകം ശരിയല്ല!


നാൽപ്പതിനായിരത്തിയിരുന്നൂറ്റമ്പത്

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ എമ്മെല്ലേമാർക്ക് നാൽപ്പതിനായിരത്തിയിരുന്നൂറ്റമ്പത് രൂപ ശമ്പളവും ഇതിന്നു പുറമേ മറ്റനേകം സാമ്പത്തികാനുകൂല്യങ്ങളും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് സർക്കാറിന്നു സമർപ്പിച്ചു.

നമ്മുടെ ശീലമനുസരിച്ച് സ്വാഭാവികമായും അടുത്തദിവസം മാധ്യമങ്ങളിലും സൈബർ ചെരക്കൽ ലോകത്തും അതാവേണ്ടിയിരുന്നു ചർച്ചാവിഷയം.

അതിന്നും രാഷ്ട്രീയക്കാർ മറുമരുന്ന് കണ്ടു പിടിച്ചു. ഇടതുവലതു മൈരന്മാർ ചേർന്ന് നാടക മൊരുക്കി. വാർഡത്തിയെ പിടിക്കലും കരച്ചലും കൂക്കിവിളിയും!

നമ്മളതിൽ വീണു.

നൂറ്റിനാൽപ്പതും കൂടി പുഴുങ്ങിത്തിന്നട്ടെ നമ്മുടെ നികുതിപ്പണം.


വോട്ടർമാർ ന്യായമായൊരാവശ്യം ഉന്നയിച്ചാൽ ഫണ്ടില്ലാന്ന് പറയുന്ന, സർക്കാറാസ്പത്രിയിൽ സൗകര്യമൊരുക്കാൻ ഫണ്ടില്ലെന്നുന്നു പറയുന്ന, "ജനസേവന"ത്തിനിറങ്ങുന്ന ഈ മക്കൾക്ക് ആനുകൂല്യം എഴുതിയെടുക്കാൻ ഇഷ്ടം പോലെ ഫണ്ടുണ്ട്. ഇതിന്ന് മാത്രം എല്ലാം ഐക്യകണ്ഠേന നടപടികൾ.ഈ നൂറ്റിനാൽപ്പതിൽ വീട്ടിൽ പച്ചരിവാങ്ങാൻ ഗതിയില്ലാത്തവന്മാർ എത്രയുണ്ട്? ഈയിടെ ഒരു ചാനൽ ഇന്നത്തെ കൊമ്പന്മാർ ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ ആസ്തി വിവരവും ഇപ്പോഴത്തെ ഔദ്യോഗിക കണക്കുകളും അവ്അതരിപ്പിക്കുകയുണ്ടായി. അച്യുതാനന്ദന്നു പോലും വച്ചടികയറ്റമേ ഉണ്ടായിട്ടുള്ളൂ.

ഈ ശുപാർശകണ്ട് അലവലാതി പെൻഷൻ വാങ്ങുന്നവരൊന്നും പനിക്കേണ്ടതില്ല. നിങ്ങൾക്കായി ഒരു രൂപയ്ക്ക് നാറ്റപ്പച്ചരി റേഷൻ ഷാപ്പിൽ വാങ്ങാൻ കിട്ടും; ആഴ്ചയ്ക്ക് രണ്ടു കിലോ. അത് പുഴുങ്ങിത്തിന്നാ മതി.

====================================

രാജേന്ദ്രബാബു കമ്മീഷന്, ഈ ലവന്മാർക്ക് പിന്നീടുണ്ടായേക്കാവുന്ന വിജിലൻസ് കേസ് നടത്തിപ്പിനുള്ള ചിലവിനായി ഒരു ഫണ്ട് വകയിരുത്താൻ നിർദ്ദേശിക്കാമായിരുന്നു. ജയിൽ വാസത്തിന്നു വിധിക്കപ്പെടുന്ന മുൻ മന്ത്രിമാർക്കായി സ്വന്തം വീട്ടുവളപ്പിൽ തന്നെ, നിയമസഭയോളം തന്നെ തണുപ്പുള്ള ജയിലുകൾ പണിയാൻ ശുപാർശ നൽകാമായിരുന്നു. സഭയ്ക്കകത്തെ വാച്ചൻ വാർഡികളുടെ കൈക്ക്രിയയ്ക്കിരയായാൽ നഷ്ടപരിഹാരത്തിന്നു വകുപ്പ് നിർദ്ദേശിക്കാമായിരുന്നു.

ഇതൊന്നും ഉണ്ടായില്ല. അല്ലയോ കമ്മീഷനേ, ഇങ്ങനൊരന്വേഷണം നടത്തുമ്പോൾ നാലു നാട്ടുകാരെ അറിയിക്കേണ്ടിയിരുന്നില്ലേ? നമ്മളും തരുമായിരുന്നില്ലേ ചില നിർദ്ദേശങ്ങൾ.

15 ഒക്‌ടോബർ 2011

നിയമസഭാ സ്പീക്കറും മാന്യ അംഗങ്ങളും വായിച്ചറിയാൻ

ബഹുമാനപ്പെട്ട കേരള നിയമസഭാംഗങ്ങൾക്ക്..
                    ........................................................................................ ................................... ....................... .................................. .................................. .................................. ............................... .................. .....................          ...................................... ................................ ........................... ....................... ........................ .................................... ............................ ................................ ............................ ................. .................................. ......................... ......................................... .......................... ......................... ........................... ............................. ................................ ........................ ........................... .............................. ............................. ........................... .......................

നിങ്ങളേപ്പോലെ ആത്മാർത്ഥതയുള്ള ജനസേവകരുടെ തപസ്സിന്നു തുല്യമായ ഭരണം മൂലമുണ്ടാവുന്ന രൂക്ഷമായ വിലക്കയറ്റം കാരണം ഇപ്പോഴത്തെ എന്റെ പ്രതിദിന വരുമാനം വീട്ടിലേക്ക് പച്ചരി വാങ്ങാൻ പോലും തികയുന്നില്ല.

നിയമസഭാ പ്രിവിലേജ് കമ്മറ്റിക്കുമുന്നിൽ ഹാജരാവാൻ പ്രതിക്ക് ടിഎ ഡിഎ മാതിരികളൊന്നും ലഭ്യമാകില്ല എന്നതുകൊണ്ടും നിങ്ങളെ ഉപദേശിക്കാൻ ലജ്ജതോന്നുന്നു എന്നതിലാനുമാണ് നിങ്ങൾക്ക് മനസ്സിൽ പൂരിപ്പിക്കാൻ മേലേ കുത്തുകളിട്ടുവച്ചത്.

നിയമസഭ ചേരാനുള്ള ചിലവ് ഈ അംഗങ്ങളുടെ തറവാട്ടിൽ നിന്നു കൊണ്ടുവരികയല്ല, ഞങ്ങളിൽ നിന്ന് ഊറ്റിവാങ്ങുന്ന നികുതിപ്പണത്തിൽ നിന്നാണ് ചിലവാക്കുന്നത് എന്നോർത്തെങ്കിലും ഈ വോട്ടറോട് ക്ഷമിക്കണമെന്ന് താണൂം വീണും കേണും അപേക്ഷിക്കുന്നു.

എന്ന്
വിധേയൻ
14 ഒക്‌ടോബർ 2011

DYFIക്ക് അഭിവാദ്യങ്ങൾ


ബഹുമാന്യ ശുംഭന്മാരേ....

ചെറ്റ എന്ന വാക്കിനുള്ള പര്യായപദങ്ങൾ ദിനേന വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഏറ്റവും ഒടുവിലത്തെ വാക്ക്: ഉന്മേഷ്.

ആ .................ന്റെ കരണക്കുറ്റിക്ക് രണ്ടടി കൊടുക്കാൻ ചങ്കൂറ്റം കാണിച്ചു എന്നതിന്ന് ഡിവൈഎഫ്ഐക്ക് അഭിവാദ്യങ്ങൾ!


12 ഒക്‌ടോബർ 2011

കണ്ണൂർ സിംഗത്തിന്റെ തോക്കുതാങ്ങിക്കഥ

മലയാളിയെ മലയാളിയാക്കുന്ന ചിലകാര്യങ്ങളുണ്ട്. രണ്ടു നേരം കുളിക്കുന്നവനെന്ന അഹംകാരം, ലോകത്ത് മറ്റാർക്കുമില്ലാത്ത എല്ലുകളും എല്ലുമൂത്ത കൊമ്പുകളും ഉണ്ടെന്ന നാട്യവും, ബൊളീവിയക്കാർക്കു പോലുമില്ലാത്ത പ്രതികരണശേഷിയും അങ്ങനങ്ങനെ പലതും.

ഇന്നലെയുമിന്നും ബ്ലോഗ്-ബസ്സ്-ചാനൽ-പത്രം-കള്ളുഷാപ്പാദി സകലമാന മാധ്യമങ്ങളിലും  ചർച്ച ചെയ്ത വിഷയമാണ് രഘു എന്ന യുവാവിനെ മൂന്ന് മലയാളി എരപ്പാളികൾ ചേർന്ന് തല്ലിക്കൊന്ന സംഭവം. മലയാളികൾ അങ്ങനെയല്ലാതാവുന്നുവെന്ന് നമ്മൾ പറയുന്നു. ക്രിമിനലുകളുടെ മന:ശ്ശാസ്ത്രം ലോകമാകമാനം ഒന്നു തന്നെയെന്ന് ശാസ്ത്രവിദഗ്ദരും.

പണ്ട് സൗമ്യയെ തീവണ്ടിയിൽ നിന്ന്, ഒറ്റക്കയ്യൻ അണ്ണാച്ചി തള്ളിയിട്ട് കൊന്നപ്പോൾ പൃഥ്വിരാജിന്റെ സിനിമപോലെ നോക്കി നിന്നാസ്വദിക്കുകയും പിറ്റേന്ന് ചാനലുകളിൽ ദൃക്സാക്ഷി വിവരണം നടത്തി ആളായവരും മലയാളികൾ; ബസ്സ് യാത്രയ്ക്കിടയിൽ,ഇന്നലെ പാവം രഘുവിന്നെ മോഷണക്കുറ്റമാരോപിച്ച് തല്ലിക്കൊന്നതും മലയാളികൾ.

ഈ സംഭവത്തിന്നൊടുവിൽ മാധ്യമങ്ങൾ ശ്രദ്ധിച്ച എനിക്ക്, ആ പ്രതിപ്പട്ടികയിലെ എരപ്പാളികളോടുള്ളതിനേക്കാൾ വെറുപ്പ് തോന്നിയത് കണ്ണൂർ സിംഹത്തോടാണ്. കണ്ണൂർ കോൺഗ്രസ്സിൽ വൻ ആരോപണങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ പാറമടയ്ക്കുള്ളിൽ ഒതുങ്ങിയ കണ്ണൂർ സിംഹം- തന്റെ തോക്കുതാങ്ങി കൊലപാതക കുറ്റത്തിന്റെ ആരോപണത്തിന്നിരയായപ്പോൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് പ്രതിയെ ന്യായീകരിക്കാൻ ശ്രമിച്ചത്  ഉപമിക്കാൻ തെറികളൊന്നും വായിൽ വരുന്നില്ല. ചങ്ങായീന്റെ വാദമുഖങ്ങൾ കേട്ടാൽ തോന്നും ഓനും കൂടി ആ സമയത്ത് ആ ബസ്സിൽ ഉണ്ടായിരുന്നുവെന്ന്.

കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ എന്ന നിയമപ്രകാരം മുൻ ഡിസിസി പ്രസിഡന്റ് പറയുന്നത് വിശ്വസിക്കാമെങ്കിൽ ഈ തോക്കുതാങ്ങിയും കൃമിനൽ മനസ്സുകാരനായിട്ടുണ്ടാവും- കാഞ്ഞിരം ചാരിയാൽ കാഞ്ഞിരമേ മണക്കൂ എന്ന നിയമപ്രകാരം. കയ്യൂക്കിന്റെ ബലത്തിൽ എന്തുമാവാം എന്നു ചിന്തിക്കുന്ന നേതാവിന്റെ അനുയായിക്ക് മറ്റെന്താവാനാവും?

=============================================

കേരളത്തിലെ പൊലീസുകാർക്ക് വിനോദങ്ങൾക്ക് അവസരമൊരുക്കാൻ സർക്കാർ തയ്യാറാവണം. ലാത്തിച്ചാർജ്ജിലും വെടിവയ്പ്പിലും പങ്കെടുക്കാൻ എല്ലാ പൊലീസുകാർക്കും അവസരമുണ്ടാവാറില്ല. അതുകൊണ്ട് തന്നെ പഠിച്ചത് തമാശയ്ക്ക് പോലും പ്രയോഗിക്കാൻ സാധിക്കാതെ പോകുന്നു. അതാണ് നമ്മുടെ പൊലീസിലെ ഈ ചെറു ന്യൂനപക്ഷം ഇത്തരം നടപടികളിലേക്കു നീങ്ങുന്നതെന്നു തോന്നുന്നു.

നേതാക്കന്മാരുടെ തോക്കുതാങ്ങിയായി നിയോഗിക്കപ്പെടുന്നയാൾക്ക് കൈത്തരിപ്പു തീർക്കാൻ വഴികളില്ലാതാവുന്നു. കാക്കിയിട്ടപ്പോൾ മുതൽ റിവോൾവർ അണ്ടിക്കുമേൽ തൂക്കി നടക്കുന്ന ആപ്പീസർമാർക്ക് ഈ സാധനം വർക്കിങ്ങ് കണ്ടീഷനിലാണോ എന്നു നോക്കാൻ പോലും അവസരങ്ങൾ ഈ കേരളത്തിലുണ്ടാവുന്നില്ല.

ആയതിനാൽ, പണ്ട് രായാക്കന്മാർക്ക് വേട്ടയാടുന്നതിന്നായി കാടുകൾ സംരക്ഷിക്കപ്പെട്ടതുപോലെ, ഈ പൊലീസുകാർക്ക് കൈത്തരിപ്പു തീർക്കാൻ വീഗാലാന്റ് മാതൃകയിൽ എല്ലാ ജില്ലയിലും പത്തേക്കർ സ്ഥലത്ത് വാഴവച്ചു പിറ്റിപ്പിക്കാൻ സർക്കാർ തയ്യാറാവണം. വാഴത്തോപ്പാവുമ്പോൾ എല്ലാത്തരം 'കൈക്രിയകളും' ചെയ്യാൻ കോപ്പാവും.
11 ഒക്‌ടോബർ 2011

ഒരു കോഴിക്കോടൻ വെടി

പണ്ട് തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രായാവ്, അന്നത്തെ പെണ്ണുങ്ങളുടെ മൊല അളന്ന് വണ്ണം കൂടിയതിന്ന് തോനെയും വണ്ണം കൊറഞ്ഞതിന്നു കൊറച്ചും നികുതി പിരിച്ച് സ്വരൂക്കൂട്ടിയതെല്ലാം ഏതോ ദൈവസന്നിധിയിൽ സൂക്ഷിച്ചുവച്ചതും, അതെക്കുറിച്ച് കുഴിയിലേക്ക് കാലും നീട്ടിയിരുന്ന ഒരു കെളവൻ കോടതീൽ കേസുകൊടുത്ത് പണ്ഡാരം പാതി തൊറന്നു നോക്കിയതും, അതിന്റെ മൂല്യം കോടിക്കോടിക്കണക്കിനാണെന്നുമൊക്കെയുള്ള വാർത്തകൾ എംബസ്സിക്കത്തുവഴിയും ന്യൂയോർക്ക ടൈംസു വഴിയുമൊക്കെ അങ്ങ് അമേരിക്കേലെ ലോകരായാവ് ഒബാമണ്ണൻ അറിഞ്ഞിട്ടുണ്ട്.

പണ്ട് ഇറാഖിൽ കുയിച്ചെടുക്കാൻ എണ്ണ കൊറേ ഉണ്ടെന്ന് ഓന്റെ  സാറ്റലൈറ്റ് കേമറ കണ്ടെത്തിപ്പറഞ്ഞന്ന് തന്നെ അത് കയ്യിലാക്കി തോണ്ടി വിറ്റതും, അയിന്റെ സ്റ്റോക്ക് തീർന്ന് ഇനി എവിടെ എന്ത് തലപുണ്ണാക്കുമ്പോളാണ് ചങ്ങായി നമ്മളെ പപ്പനാവന്റെ സ്വത്തിനേക്കുറിച്ച് അറിയുന്നത്. കൂടെ സാഗർ ഹോട്ടലിലെ കക്കൂസിൽ മാത്രമല്ല മുഖ്യമന്ത്രീന്റെ ആപ്പിസിലും നല്ല രണ്ട് മെഗാപിക്സൽ കേമറ വച്ചിട്ടുണ്ടെന്ന കാര്യം ന്യൂയോർക്ക് ടൈംസിൽ ഓൻ വായിച്ചിട്ടുമുണ്ട്.

അങ്ങനെ പപ്പനാവസ്വാമി, കേരളം, ഊർജ്ജസ്വലനായ മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി, കേരള പൊലീസ് എന്നൊക്കെ കേട്ടാലുടൻ ഒബാമയ്ക്ക് മനസ്സിലാവും. ഇന്നത്തെ നിലയ്ക്ക് ഒബാമേന്റെ മൊവീലിലേക്ക് ഫോൺ വിളിച്ചിട്ട്; ഇതു ഞാനാടാ ഊമ്മൻചാണ്ടി എന്നു പറഞ്ഞാൽ സ്പോട്ടിൽ തന്നെ അങ്ങേർക്ക് ആളെ പുടികിട്ടും.

ഇത്രയുമൊക്കെ ആമുഖമായി പറഞ്ഞുവന്നത് ബഹുമാന്യ കേരള മുഖ്യമന്ത്രിയും ലോകപ്രശസ്ത പൊലീസ് സംഘമായ കേരള പൊലീസിന്നെ നിയന്ത്രിക്കുന്ന അത്യുന്നതനുമായ ഊമ്മഞ്ചാണ്ടിയോട് ഒരു കാര്യം ഉപദേശിക്കാനാണ്.

ഈ ഉദാരണീകരണ* കാലഘട്ടത്തിലെ സാമാന്യ നീതി-നിയമ-ഭരണ രീതികളേക്കുറിച്ച് നമ്മുടെ യുവജനതയ്ക്ക് യാതൊരു ബോധവുമില്ല. ഇക്കാര്യത്തിൽ ശക്തമായ ബോധവൽക്കരണത്തിന്നു തികച്ചും സുതാര്യ സർക്കാർ ബോധവൽക്കരണത്തിന്നു തയ്യാറാകേണ്ടതുണ്ട്. ജനം ഏറ്റവും അച്ചടക്കത്തോടെ ക്യൂ നിൽക്കുന്ന ബീവറേജ് ഔട്ട്ലെറ്റുകളിലൂടെ നമുക്ക് അത് പ്രാവർത്തികമാക്കാനാവും.

കോയിക്കോട്ട്, ഐസ്ക്രീം വെടിവയ്പ്പിന്നു ശേഷം നമ്മെ പിടിച്ചുകുലുക്കിയ ഇന്നലത്തെ പിസ്റ്റൾ വെടിവെപ്പ് കേസിന്നു കാരണ ഹേതുവും മേൽപ്പറഞ്ഞ വിഷയത്തിലെ ബോധവൽക്കരണത്തിന്റെ അഭാവമാണ്. 22787-ആം റാങ്കുകാരൻ രണ്ടാം സെമസ്റ്ററീന്നു നേരെ അഞ്ചാം സെമസ്റ്ററിലേക്കു പറന്നുവന്ന് 1499ന്നു താഴെയുള്ള റാങ്കുകാർ പഠിക്കുന്ന സർക്കാർ കോളേജിൽ പഠിക്കാൻ പാടില്ലെന്നു പറയുന്നത് മേൽപ്പറഞ്ഞ ഉദാരണീകരണ* കാലഘട്ടത്തിലെ സാമാന്യ നീതി-നിയമ-ഭരണയുക്തിക്ക് ചേരുന്നതല്ല.

ആയതിനാൽ ഈ പിസ്റ്റൾ ബോധവത്കരണത്തിലൂടെയും പഠിക്കേണ്ടത് പഠിക്കാത്ത ലവന്മാരെ രണ്ടാമത്തെ വലിക്കു ലോക്കാവുന്ന കളിപ്പാട്ടം വച്ച് പേടിപ്പിക്കുകയല്ല വേണ്ടത്, അല്ലെങ്കിൽ തന്നെ മുടന്തനായ സ:ബിജുവിന്റെ തല അടിച്ചുപൊട്ടിച്ചല്ല ബോധവത്കരിക്കേണ്ടത്. വളഞ്ഞുവച്ച് അണു ബോംബിട്ട് ഇല്ലാതാക്കിക്കളയണം. ഒബാമ അഫ്ഗാനിലേക്കു വേണ്ടിയുണ്ടാക്കിയതിലെ കൊറച്ച് സെക്കന്റ്സ് അണുബോംബുകൾ പെന്റഗണിൽ സ്റ്റോക്കുണ്ട്. ആയത് എത്രയും വേഗം ആഗോള ടെണ്ടർ വിളിച്ച്  കൈക്കലാക്കണം ഉമ്മൻ ജീ; പിള്ളയും തങ്ങളുമൊക്കെ സമ്മതിക്കുകയാണെങ്കിൽ ഇനിയും നാലുകൊല്ലം ഭരിക്കാനുള്ളതല്ലേ?

=====================================

പൊലീസ് സംരക്ഷണം അനുവദിച്ചു കൊണ്ടുള്ള കോടതിവിധി, തന്റെ അന്യായ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനുമുള്ള സർട്ടിഫിക്കറ്റായി ദ്യോതിപ്പിച്ച്  അനുകമ്പ നേടുന്ന മാധവേട്ടന്റെ മോൻ ആളുപുലിയാണേ.. ഈ തീയിൽ അവനെ പാകപ്പെടുത്തിയെടുക്കണം. വളരുന്ന കേരളത്തിന്നു ഉപകാരപ്പെടും.


* ആ വാചകത്തിന്റെ അർത്ഥം ചോദിച്ച് ഒരുത്തനും ഇങ്ങോട്ട് വരണ്ട.
06 ഒക്‌ടോബർ 2011

ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി

ഡി പി ഇ പി യും സർവ്വശിക്ഷാ അഭിയാനും വരുന്നതിന്നു മുൻപ്, പാഠ്യപദ്ധതി ശരിയല്ലെന്നു പറഞ്ഞ് എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തിയെങ്കിലും ഇപ്പോൾ ഇംഗ്ലീഷിലും ആരെങ്കിലും തെറി പറഞ്ഞാൽ കൃത്യമായും മനസ്സിലാവും. അത്യാവശ്യം ഇംഗ്ലീഷ് വാക്കുകളും അവയുടെ അർഥവും ധ്വനിയുമൊക്കെ ഏകദേശം പിടികിട്ടാൻ തുടങ്ങി.

ഈ വിഷയത്തിൽ എനിക്കു നന്ദി പറയാനുള്ളത് സുധാമ്മയോടാണ്. അമൃത ടീവിയോടാണ്. വാരാന്ത്യങ്ങളിൽ അരമണിക്കൂർ ചിലവിടാൻ തയ്യാറെങ്കിൽ നിങ്ങൾക്കും ഈ അസൂയാവഹമായ നേട്ടം കൈവരിക്കാം.

നിങ്ങൾ ചെയ്യേണ്ടത്:

1.ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒൻപതു മണി കഴിഞ്ഞ് മുപ്പതു മിനുട്ടാവുമ്പോൾ അമൃത ടീവി  ട്യൂൺ ചെയ്യുക.

2. അപ്പോൾ സുധാമ്മ അവതരിപ്പിക്കുന്ന 'ബാലമംഗളം' സ്റ്റൈൽ സാരോപദേശ കഥാ പരിപാടി കാണാം.

3. ബട്ട്, സുധാമ്മയുടെ മുഖത്ത് നോക്കരുത്. സുധാമ്മയുടെ ശബ്ദത്തിലുള്ള മലയാള സാരോപദേശ കഥ ചെവികൊണ്ടും, അതിന്റെ ഇംഗ്ലീഷ് പരിഭാഷ സബ് ടൈറ്റിലായി എഴുതിക്കാണിക്കുന്നത് കണ്ണുകൊണ്ടും ശ്രദ്ധിക്കുക.

ഇത്രമാത്രം നിങ്ങൾ ചെയ്താൽ മതി.
ആദ്യമൊക്കെ അൽപ്പം ഏകാഗ്രതക്കുറവ് തോന്നിയേക്കാം.
പരസ്യം വരുന്ന ഇടവേളകളിൽ ഉപയോഗിക്കാൻ ഡിക്ഷണറിയും നോട്ടുബുക്കും കരുതുക.


ഒന്നു ശ്രമിച്ചു നോക്കൂ...

03 ഒക്‌ടോബർ 2011

Reporter Effect (അല്‍പം വിവരദോഷം)

പണ്ട് വള്ളിനിക്കറുമണിഞ്ഞ്, പച്ച മാങ്ങതിന്ന് മൂക്കീന്നൊലിപ്പിച്ചു നടക്കുന്ന കാലത്ത് ഓലട്ടാക്കിസിൽ പോയി സിനിമ കണ്ട് വന്നാൽ, 'എങ്ങന്ന്ണ്ട്രാ സിൽമ്മാ?' ന്നുള്ള കാർന്നോരുടെ ചോദ്യത്തിന്ന് 'നല്ല പാങ്ങ്ണ്ടായിന്ന്' അല്ലെങ്കിൽ 'ബെറും താപ്പ് സിൽമ്മാന്ന്' മറുപടി പറയുമായിരുന്നു. അന്ന് ഞാനത് പറഞ്ഞിരുന്നത്- പൂന ഫിലിം അക്കാദമിയിൽ നിന്ന് കോഴ്സ് കഴിഞ്ഞു വന്നിട്ടൊന്നുമായിരുന്നില്ല.

അതിൽപ്പിന്നെ ഒറ്റയ്ക്ക് സിനിമയ്ക്ക് പോവാൻ തുടങ്ങിയതില്പിന്നെ 'രാഷ്ട്രദീപിക സിനിമ'യുടെ പത്രാധിപർക്ക് കണ്ട സിനിമയേക്കുറിച്ചുള്ള അഭിപ്രായം രണ്ടു വാചകത്തിലയച്ചിരുന്നതും ഏതെങ്കിലും സർട്ടിഫിക്കറ്റ് കോഴ്സിന്നു പോയിട്ടല്ല. 

ഇപ്പോൾ റിപ്പോർട്ടർ ചാനൽ ഉണ്ടാക്കിവച്ച വിവാദത്തിൽ നമ്മൾ ഫേസ്ബുക്കിലും ബസ്സ്റ്റോപ്പിലും കുഞ്ഞിരാമേട്ടന്റെ പീടികയിലെ ബഞ്ചിലിരുന്നും 'വിഡ്ഡിത്തങ്ങൾ' പറഞ്ഞത് ജേണലിസവും അവരുടെ എത്തിക്സുകളും കാണാപ്പാഠം പഠിച്ചിട്ടൊന്നുമല്ല. പക്ഷേ ഏതു എത്തിക്സിനുമപ്പുറം സാമാന്യ ബുദ്ധി അഥവാ ബോധം തുടങ്ങിയ ചിലകാര്യങ്ങളുണ്ട്. 

കോടതിവിധിയെ, ഭരണസൗഭാഗ്യങ്ങളുപയോഗിച്ച് കുറുവഴിയിൽ വെല്ലുവിളിച്ച് ഫൈവസ്റ്റാർ ഹോസ്പിറ്റലിൽ സുഖവാസം അനുഭവിക്കുന്നതിന്നൊപ്പം, ഭരണസംവിധാനങ്ങളെ സ്വാധീനിക്കുകയും തന്റെ നാട്ടുപ്രമാണി സ്ഥാനം നിലനിർത്തുകയും ചെയ്യുന്നുവെന്ന കിഞ്ചന വർത്തമാനത്തെ ശബ്ദരേഖ സഹിതം പൊതുജന മധ്യത്തിൽ തുറന്നുകാട്ടിയതിനെ എത്തിക്സു പാലിച്ചേ ജീവിക്കൂ എന്ന നിർബന്ധബുദ്ധി പുലർത്തുന്നവർ വിമർശിച്ചോട്ടെ. പക്ഷേ നമ്മൾ, സാധാരണക്കാർക്ക് അതാണു പഥ്യം.

ഇനി ഈ എത്തിക്സ് കമ്മറ്റിക്കാർക്ക് വേണമെങ്കിൽ അൽപ്പം ചരിത്രം കൂടി പഠിക്കാം. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ മഹാ സംഭവമായ ചാരക്കേസ് റിപ്പോർട്ടിങ്ങിന്മേൽ ഒരു പോസ്റ്റ്മോർട്ട ഗവേഷണ ബ്ലോഗ് ആവാം. അന്നും പ്രതിപക്ഷമായിരുന്ന 'ദേശാഭിമാനി' സർക്കാറിന്നെ പ്രതിക്കൂട്ടിലാക്കാൻ കൊണ്ടുവന്ന ത്രെഡ്, ഇന്നത്തെ ബെർലന്മാരെപ്പോലുള്ളവരെ കൊണ്ട് സോപ്പ് പരമ്പരയാക്കി എഴുതിച്ച്, സർക്കുലേഷൻ ബൂമുണ്ടാക്കി നാടു നീളെ എഡിഷനുകളുണ്ടാക്കിയതൊക്കെ മറന്നേക്കണം.

==========================================

ഇതേ നികേഷ് കുമാർ മലയാള ടെലിവിഷൻ വാർത്താ രംഗത്ത് ഇന്ത്യാവിഷനിലൂടെ കൊണ്ടു വന്ന എഡിറ്റോറിയൽ വിപ്ലവം നമ്മൾ തിരിച്ചറിഞ്ഞത് അഭയക്കേസിലെ 'മയക്കു മൊഴിയെടുക്കൽ' ടേപ്പ് പച്ചയ്ക്ക് മനോരമ ന്യൂസിൽ കൂടിയും നാട്ടുകാർക്ക് കാണാൻ യോഗമുണ്ടായപ്പോഴാണ്. അതേപോലെ ഈ ഫോൺ വിവാദത്തിന്റെ വിപ്ലവഫലം മേൽ എത്തിക്സുകാർ തിരിച്ചറിയുന്ന കാലം വേഗം തന്നെ വന്നു പ്രാപിക്കുമായിരിക്കും.

==========================================

ഈ ചാനൽ എത്തിക്സ് വിപ്ലവത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നുണ്ടാവുക, നമ്മുടെ പെണറായി സഖാവ് തന്നെയായിരിക്കും. നമ്മുടെ വരാൻ പോകുന്ന പാർട്ടി സമ്മേളനത്തിന്റെ ഔദ്യോഗിക മാധ്യമമായി നികേഷ് ചാനലിന്നെ ഏൽപ്പിക്കണം. വാർത്താ ചോർച്ച നടന്നാൽ റിപ്പോർട്ടർമാർ 'ചതിയിൽ' കീഴ്പ്പെടുത്തുമായിരിക്കും!

ഈ പേടിയിൽ കവിഞ്ഞ് മറ്റൊന്നുമല്ല, കോട്ടയം അച്ചായന്റെ അന്നം തിന്നുന്നവരെ റിപ്പോർട്ടർ ഇഫക്റ്റ് നൊമ്പരപ്പെടുത്തുന്നത്. ഒരൊറ്റ ഫോൺ കോളിൽ എത്ര ഡീഎ കളാണ് ആവിയായിപ്പോയത്? ഓണം ഓഫറിൽ വീട്ടിൽ ലോണെടുത്ത് എൽസീഡീ ത്രീഡി ടിവി വാങ്ങിയതുവരെ പാർട്ടി സമ്മേളന റിപ്പോർട്ടുകൾ സ്വപ്നം കണ്ടായിരുന്നു. ഇനിയത് തിരിച്ചടക്കുന്നത്...............................................

നികേഷേ പൊന്മുട്ടയിടുന്ന താറാവുകളെ ഇല്ലാവെടി പൊട്ടിച്ച് വേദനിപ്പിക്കരുത്, പ്ലീസ്


30 സെപ്റ്റംബർ 2011

നിങ്ങളുടെ മൂലവും ഇൻഷൂർ ചെയ്യാം

പനികൾ പലതരം വ്യാപിക്കാൻ തുടങ്ങിയതോടെ, ജലദോഷപ്പനി പിടിച്ച കീശയിൽ നൂറു രൂപ കൂടുതലുള്ളവനൊക്കെ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രത്തേയും സാദാ എംബിബീയെസ്സ് കുടുംബ ഡോക്റ്ററേയും മറന്ന് മെഡിക്കൽ കോളേജിലെ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ ഡിഗ്രിയുടെ എണ്ണക്കൂടുതലുള്ള വൈദ്യന്മാരെ പ്രാപിക്കുന്നത് ഫാഷനായിരിക്കുക്കയാണ്.

ഈ 'സ്പെഷ്യാലിറ്റി രോഗം' ആരോഗ്യരംഗത്ത് മാത്രമല്ല, സകലമാന മേഖലയിലും വ്യാപിക്കുകയാണ്. ഇൻഷൂറൻസ് രംഗത്ത് പണ്ട് ജീവന് മാത്രമായിരുന്നു ഇൻഷൂറൻസ്, പിന്നീടത് രോഗങ്ങൾക്കും ഇപ്പോഴത് ശരീര ഭാഗങ്ങൾക്ക് ഓരോന്നിന്നായും തുടങ്ങിയിരിക്കുന്നു. ശരീരം വിറ്റ് ജീവിക്കുന്ന സിനിമാ താരങ്ങളിൽ പലരും കുണ്ടിയും മുലയുമൊക്കെ ഇൻഷൂർ ചെയ്തവാർത്ത വായിച്ചുണ്ടായ രോമാഞ്ചത്തിനൊപ്പം കൊഴിഞ്ഞു പോയ രോമങ്ങൾ ഇൻഷൂർ ചെയ്തിരുന്നെങ്കിൽ ഞാനിന്ന് കോടീശ്വരനായേനെ.

നമ്മൾ സാദാ കേരളീയർ ഇങ്ങനെ ശരീരഭാഗങ്ങൾ ഇൻഷൂർ ചെയ്യുകയാണെങ്കിൽ മുൻ ഗണന കൊടുക്കേണ്ട ഭാഗങ്ങളുടെ ലിസ്റ്റ് നേരത്തേ തയ്യാറാക്കിയിരുന്നു. പല്ലും കണ്ണും, കുടുംബം കലക്കീകളായ എല്ലില്ലാത്ത രണ്ട് ശരീര ഭാഗങ്ങളും (ഒന്ന് നാവ്, രണ്ടാമൻ....?), പിന്നെ സുഡാപ്പികൾ സംഭാവന ചെയ്ത കൈപ്പത്തിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ആ പട്ടികയിലേക്ക് നമ്മുടെ സുപ്രധാന ശരീര ഭാഗമായ 'മൂല'ത്തേക്കൂടി ചേർത്ത കൊട്ടാരക്കര തറവാടികളെ അഭിനന്ദിക്കാതെ വയ്യ.

=======================================

വാളകം മൂലം പൊട്ടിക്കൽ കേസിൽ തപ്പിത്തടയുന്ന കേരള പൊലീസിന്നൊരു ക്ലൂ; നിങ്ങൾ തെക്കൻ കേരളത്തിൽ വലവിരിച്ച് കാത്തിരിക്കാതെ മലബാറിലോട്ടു കൂടിയൊന്നു വിരിക്കൂ. ഇത്ര സുന്ദരമായി 'ആ പ്രവൃത്തി' ചെയ്യാൻ ഞങ്ങൾ മലബാറികളോളം ആർക്കും എക്സ്പീരിയൻസ് കാണാൻ വഴിയില്ല.

=======================================

മൂലം പൊട്ടിക്കൽ കേസിന്റെ മറപിടിച്ച്, കാലക്കേട് പിടിച്ച തറവാടിയെ ഫൈവ്സ്റ്റാർ ഹോസ്പിറ്റലിൽ നിന്ന് വീണ്ടും സെല്ലിലാക്കാനുള്ള രാഘവപുത്ര ചാനലിന്റെ ഗൂഡാലോചനയിലെ മാധ്യമ ധർമ്മത്തെ കീറിമുറിച്ച് സുലൈമാനാവാൻ പരിശ്രമിക്കുന്ന ഭൂലോകർക്ക് നല്ല നമസ്കാരം.


ഇത്തരം  മാധ്യമ ചെറ്റത്തരങ്ങൾ കാട്ടിക്കൂട്ടാനുള്ള അവകാശം ഈ മലയാള മണ്ണിൽ മനോരമ കുടുംബത്തിന്നു മാത്രമാണെന്ന കാര്യം ഈ നികേഷൻ മറന്നു പോയോ? ബസ്സ് സ്റ്റാന്റിലിരുന്ന് പുകവലിക്കുന്ന പിച്ചക്കാരനേയും, ആവലാതിക്കാരന്റെ ചിലവിൽ കട്ടൻ ചായ വാങ്ങിക്കുടിക്കുന്ന വില്ലേജാപ്പീസറെ കുടുക്കാനുമല്ലാതെ, പ്രമാണിയായ, പുന്നാരമോൻ മന്ത്രിയായുള്ള, ഇപ്പോഴും ആനയുള്ള തറവാട്ടു കാരണവരെ ഭാരത പരമോന്നത നീതിപീഠം ശിക്ഷ വിധിച്ചു എന്നൊരൊറ്റ കാരണം വച്ച് ഇങ്ങനെ വാർത്തയുണ്ടാക്കി ക്രൂശിക്കുന്നത് ക്രൂരം തന്നെ!
29 സെപ്റ്റംബർ 2011

കൈരളി ടിവി, യാത്ര പിന്നെ ഫിലിപ്പൈൻസും

ചിക്കൻപോക്സ് പിടിപെട്ട് രണ്ടാഴ്ച വീട്ടുതടങ്കലിന്ന് വിധിക്കപ്പെട്ട കാലത്ത് സുപ്രധാന വിനോദ ദിനചര്യകളിലൊന്നായ വായ്നോട്ടത്തിന്റെ അസ്കിത തീർത്തു തന്നത് കൈരളി ടിവി ആയിരുന്നു. താരോത്സവമായും മറ്റു അലംബുകളായും കാര്യസാധ്യത്തിന്നു സഹായിച്ചതിന്നുള്ള നന്ദി ഇവിടെ എഴുതിയാലൊന്നും  തീരില്ല.

അതിൽ പിന്നെ ചാനൽ ലിസ്റ്റിൽ കൈരളി എന്നു കാണുമ്പോൾ പതിവുള്ള സ്കിപ്പിങ്ങ് ഉപേക്ഷിച്ചതിന്റെ ഫലം ഇന്നലെ അനുഭവിച്ചു. കൊല്ലൂരിന്നും ഗുരുവായൂരിന്നിനും അപ്പുറമുള്ള ലോകം കാണാനും അനുഭവിക്കാനുമുള്ള സാഹചര്യവും യോഗവുമൊന്നു ഇല്ലാതിരുന്നതു കൊണ്ടോ, അതോ ഏഷ്യാനെറ്റ് സഞ്ചാരം ഉണ്ടാക്കിവച്ച അഡിക്ഷന്റെ ഫലമോ എന്നറിയില്ല "യാത്രാ" പരിപാടികൾ എവിടെ കണ്ടാലും നോക്കിയിരുന്നു പോവും.

കൈരളിക്കാരുടെ 'യാത്രാ' വിവരണം കണ്ട് ധാർമ്മികരോഷം സഹിക്കവയ്യാതെയാണീ പോസ്റ്റ്. ഇന്റർനെറ്റിൽ തപ്പിത്തടയാൻ തുടങ്ങിയ കാലം മുതലേ ഫിലിപ്പൈൻസ് എന്നു കേൾക്കുമ്പോളേ രോമാഞ്ചം വരും. ഫേസ്ബുക്കിലും യാഹൂ ചാറ്റിലും ഫിലിപ്പിന സുന്ദരികളെ കണ്ടു ശീലിച്ചതിന്റെ പാർശ്വഫലമെന്നോണം ഫിലിപ്പൈൻസിന്റെ ഭൂപ്രകൃതിയും സുന്ദരമായിരിക്കുമെന്നു കരുതിവച്ചിട്ടുണ്ട്. അതിന്നിടയിലാണ് 'ഫിലിപ്പൈൻസ് ഡയറിയെ'ന്നെഴുതി വച്ച് കൈരളി "യാത്രാ" വിവരണം സമ്പ്രേഷണം ചെയ്തത്. ആ പൂതിയിൽ കാണാനിരുന്ന എന്നെ നിരാശനാക്കിക്കളഞ്ഞു നജീമേ നീ.

കല്ല്യാണ വീഡിയോവിന്റെ നിലവാരം മാത്രമുള്ള കേമറ വർക്കും, അരോചകമായി തോന്നിയ ശബ്ദ വിവരണവും എഡിറ്റിങ്ങുമെല്ലാം കണ്ടപ്പോൾ ഇത് കൈരളിയിൽ തന്നെയാണോ ഈ 'പരിപാടി' എന്നു തോന്നിപ്പോയി സഖാവേ. ഫിലിപ്പൈൻ ദൃശ്യ ഭംഗി പകർത്തുന്നതിനേക്കാൾ അവതാരകർക്ക് താത്പര്യം  ഫിലിപ്പിനപ്പെണ്ണുങ്ങൾക്കൊപ്പം പോസ് ചെയ്യാനും അത് ചാനലിൽ  സമ്പ്രേഷണം ചെയ്യാനാണെന്ന് തോന്നിപ്പോയി!

നജീമേ, ഞാനാദ്യമായി ഈ പരിപാടി കാണുന്നതുകൊണ്ടുള്ള പ്രശ്നമാണോ മേൽ വിവരിച്ചത് എന്നറിയില്ല. എങ്കിലും എന്റെ വക ഒരു ഉപദേശം ഇതാ; ആ 'സഞ്ചാരം' കുറച്ച് സീഡീ വാങ്ങി കാണൂ. അത് അനുകരിക്കാനല്ല, അതിലെ ജനപ്രിയ പാഠങ്ങൾ കണ്ടു മനസ്സിലാക്കാൻ.

===========================================

അതിന്നിടയിൽ ഇന്ത്യാവിഷനിലെ എം എസ്സ് ശ്രീകല വല്ലാതെ ഞെട്ടിച്ചു കളഞ്ഞു; ഇനിയവർ പറയട്ടേയുടെ പുനരവാതാരത്തിലെ ആദ്യ എപ്പിസോഡിലൂടെ തന്നെ. ആശംസകൾ ഒരായിരം. ഈ നിലവാരത്തെ പൈങ്കിളിയെന്നു വിളിക്കാൻ പുത്തി ജീവികൾ അവതരിച്ചേക്കാമെങ്കിലും, ആ സ്പിരിറ്റ് നിലനിർത്താൻ ശ്രീകലയ്ക്കാവട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
13 സെപ്റ്റംബർ 2011

ചാക്കോ പായയോ അതോ ഓർത്തോ പീഡികയോ വലുത്?

നാലു മനുഷ്യന്മാർ ഒന്നിച്ചു കൂടിയാൽ, കൂടാൻ തുടങ്ങിയാൽ അവിടെ ബൈലോ റജിസ്റ്റർ ചെയ്യുന്നത് നമ്മൾ സമൂഹജീവിയായതിനാൽ തല്ലുകൂടുമെന്നുറപ്പുള്ളതുകൊണ്ടാണല്ലോ. ഈ ദുനിയാവിൽ നമ്മെ തമ്മിൽ തല്ലിക്കാൻ ക്രൂരനായ ദൈവം ഉണ്ടാക്കിവച്ച ഹലാകിന്റെ കെണീയാണല്ലോ ഈ മതങ്ങൾ. ആ തമ്മിൽ തല്ല് ഇനി വല്ല കാരണവും ഇല്ലാതെ പോകേണ്ട, അതു കാരണം ആർക്കും മതത്തോട് താത്പര്യം ഇല്ലാതെയാവേണ്ട എന്നൊക്കെ കരുതി ഓരോരുത്തർക്കായി പുസ്തകങ്ങളും ബൈലോയുമൊക്കെ എഴുതിവക്കുകയും ചെയ്തു ദൈവം പഹയൻ.

ഈ മതങ്ങൾ തമ്മിൽ തല്ലുന്നതും കൊല്ലുന്നതും ചാകുന്നതുമൊക്കെ കാണാൻ നല്ല ചേലുണ്ട്. അതിനേക്കാൾ രോമാഞ്ചജനകമാണ് മതാനുയായികൾ തമ്മിൽ തല്ലുന്നത്. നായന്മാരും തീയന്മാരും ഡീയെച്ചെന്മാരും തമ്മിലുള്ള തല്ലും, യൂ റ്റ്യൂബിൽ 'തെറി പ്രസംഗം' എന്നു സെർച്ചിയാൽ കിട്ടുന്ന ചെറ്റത്തരം വീഡിയോകളുമൊക്കെ കണ്ടർമ്മാദിച്ചിർക്കുമ്പോഴാണ്  കോലഞ്ചേരി നാടകം റീലോഡഡ് അവതരിക്കുന്നത്.

തങ്ങളുടെ അണികൾ 'വഴിതെറ്റുന്നു'വെന്നു തോന്നുമ്പോൾ രാഷ്ട്രീയ മൂരാച്ചികൾ പുകച്ചുണ്ടാക്കുന്ന കലാപങ്ങൾ പോലെ, ളോഹയിട്ട മാന്യന്മാർ ഇടയ്ക്കിടയ്ക്ക് നാട്ടിൽ ലോ&ഓർഡർ പ്രശ്നമുണ്ടാക്കിയാലേ നിലനിൽപ്പുള്ളൂ കരുതാൻ തുടങ്ങിയ ഈ കാലത്തേയാണോ തമ്പുരാൻ പണ്ട് കലികാലം എന്നു വിളിച്ചതെന്നറിയില്ല.

ലോകത്തെ സകലമാന പ്രശ്നങ്ങൾക്കും ഞങ്ങളുടെ പുസ്തകത്തിൽ പ്രതിവിധിയുണ്ടേയെന്ന്  അവകാശപ്പെടുന്ന ഈ ളോഹാജനം എന്നിട്ടും 'അവകാശ പ്രശ്നം' സ്ഥാപിക്കാൻ റോട്ടിൽ ഗാന്ധിമാർഗ്ഗത്തിൽ സമരം ചെയ്യുന്നതിനെ വിശേഷിപ്പിക്കാൻ ചെറ്റത്തരം എന്ന വാക്കിലും പുതിയതൊന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിലവരിനി അവരുടെ പുത്തകത്തിനൊപ്പം 'സത്യാന്യേഷണ പരീക്ഷണങ്ങൾ' കൂടി ഉപപാഠ പുസ്തകമായി തിരഞ്ഞെടുക്കുമായിരിക്കും!

=========================================

പണ്ട് നടന്ന ക്ഷേത്രപ്രവേശന സമരവും വിളംബരവുമൊക്കെ വളച്ചും തിരിച്ചുമൊക്കെ ഉപയോഗിച്ച് ജാതിയില്ലാത്തമതത്തിലേക്ക് പുലയകൃസ്താനിയായും ദളിതകൃസ്താനിയുമായൊക്കെ പരിവർത്തനം ചെയ്യുന്ന കാലത്ത് ഈ ചാക്കോ പായയോ അതോ ഓർത്തോ പീഡികയോ വലുത് എന്ന തർക്കം ശുദ്ധ നാണക്കേടല്ലേ  പഹയന്മാരേ?

=========================================

പണ്ട് മതം പാലിക്കാൻ സന്ന്യാസിയാക്കപ്പെട്ട പുരോഹിതന്മാർ ചില ചെക്കന്മാർക്ക് മൂലക്കുരുവിന്ന് ചികിത്സിക്കാനും ചില ചെക്കിമാർക്ക് കൃത്രിമ കന്യാസ്ഥരം നിർമ്മിക്കാനുമൊക്കെ പണിയുണ്ടാക്കിയതിന്ന് പിന്നീട് വന്ന മാർപ്പാപ്പന്മാർ മാപ്പു പറഞ്ഞ വാർത്ത തികട്ടുന്നുണ്ട്. ഇനിയിപ്പോ അടുത്ത മാർപ്പാപ്പയ്ക്ക് നമ്മുടെ കേരള പോലീസിന്നോടും ജില്ലാ കളക്റ്ററോടും തിരുവഞ്ചൂരിനോടുമൊക്കെ മാപ്പു പറയേണ്ടിവരുമോ എന്തോ?

=========================================

സമൂഹത്തിലെ സകലമാന പ്രശ്നങ്ങളിൽ പൗരനെന്ന നിലയിൽ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പീസീ ജോർജ്ജച്ചയാന്നും ഒരു പരാതി: സാമൂഹിക പ്രശ്നങ്ങളിൽ കേ.കോ (മാ) ഇടപെടുന്നില്ലെന്ന്. കറണ്ടാപ്പീസ് ജീവനക്കാരെ 'വന്ന വഴി' ഓർമ്മിപ്പിക്കാനും ജഡ്ജനെ 'പോയ വഴി' ഓർമ്മിപ്പിക്കാനും ചങ്കൂറ്റം കാട്ടിയ അച്ചായനിനി അച്ചന്മാരെ നല്ല വഴി ഉപദേശിക്കാൻ  മുസലിപവർ സ്പോൺസർ ചെയ്യേണ്ടി വരുമോ എന്തോ?

========================================

പ്രശസ്ത പത്രപ്രവർത്തകൻ എസ് ഹരികൃഷ്ണൻ ഈ വിഷയത്തിൽ ഫെയ്സ്ബുക്കിലിട്ട കമന്റ് ഉദ്ധരിക്കാതെ വയ്യ:
കോലഞ്ചരിയിലെ ബഹളം കാണുമ്പോള്‍ ബൈബിളില്‍ ലൂക്കോസ് എഴുതിയ സുവിശേഷം അധ്യായം 20 ലെ 45-47 വാക്യങ്ങള്‍ ഓര്‍ക്കുക. ‘‘വേദജ്ഞരെ സൂക്ഷിക്കുക. അവര്‍ നീളമുള്ള അങ്കികള്‍ ധരിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്നു. ചന്തസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സുനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടങ്ങളും വിരുന്നുകളില്‍ മുഖ്യസ്ഥാനങ്ങളും ആഗ്രഹിക്കുന്നു. അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുന്നു. അതിന്നൊരു മറയായി ദീര്‍ഘനേരം പ്രാര്‍ഥിക്കയും ചെയ്യുന്നു. അവര്‍ കൂടുതല്‍ കഠിനമായി ശിക്ഷിക്കപ്പെടും’’

=========================================

ഒരു മണിക്കൂർ നേരത്തേക്ക് "കോലഞ്ചേരി  വിശുദ്ധ ഹർത്താൽ" പ്രഖ്യാപിച്ച അച്ചന്മാർക്ക് സ്തോത്രം. ഗാന്ധിജിയെ ആറെസ്സുസ്സുകാർ അന്നു കൊന്നിരുന്നില്ലെങ്കിലിന്ന് അങ്ങേരും സത്യ കൃസ്ത്യാനിയായേനേ.....25 ഓഗസ്റ്റ് 2011

കാണ്ഠഹാർ അണ്ണാജി

കാണ്ഠഹാർ എന്നു കേൾക്കുമ്പോൾ നമുക്കോർമ്മ വരുന്നത് പണ്ടത്തെ ആ വിമാന റാഞ്ചൽ സംഭവമാണ്. ഇപ്പോൾ ജനലോക്പാൽ എന്നു കേൾക്കുമ്പോൾ എനിക്കോർമ്മവരുന്നത് അതേ കാണ്ഠഹാറിനേ തന്നെയാണ്. ജനാധിപത്യത്തെ റാഞ്ചുവാൻ ശ്രമിക്കുന്ന, ഗാന്ധിസത്തെ അപമാനിക്കുന്ന രാംലീലാ സത്യാഗ്രഹവും മേൽ വിമാന റാഞ്ചലും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടും ഭാരത ഭരണകൂടത്തേയും നിയമ നീതി സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവ തന്നെ.

നാട്ടിൽ മറ്റു വിഷയങ്ങളിൽ പ്രതികരിക്കാൻ സ്പേസില്ലാതായിത്തീർന്ന, മറ്റു ചില നിലപാടുകൾമൂലം മറ്റേ ലേബലുകൾ പതിക്കപ്പെട്ട  എഴുപത്തിനാലുകാരൻ നമ്മുടെ മഹത്തായതെന്ന് പുസ്തകങ്ങളിൽ പണ്ട് നമ്മൾ പഠിച്ച ജനാധിപത്യത്തേയും പാർലമെന്റിനേയും ഭരണഘടനേയുമൊക്കെ വെല്ലുവിളിച്ച് രാംലീലയിൽ വെള്ളം കുടിച്ച് തടികുറച്ചത്  മറാട്ടിക്കപ്പുറം ദേശീയതലത്തിൽ അറിയപ്പെടാനുള്ള കുറുക്കുവഴിയായോ അല്ലെങ്കിൽ മാവു വെട്ടുന്ന കാലത്ത് ചാനലുകൾ തത്സമയ സമ്പ്രേഷണത്തിന്നു വരണം എന്ന മോഹാവേശമോ ഒക്കെ (മാത്ര) ആണെന്നു പറയാൻ ഞാനാളല്ല.

മൊയലാളിയുടെ ചിലവിൽ ഫേസ് ബുക്ക് പേജിൽ പരദൂഷണം പുകയ്ക്കുന്നതിന്നിടയിൽ ജനാധിപത്യമെന്തെന്നോ ഭരണഘടന എന്തെന്നോ അറിയാനും പുറം ലോകത്തെ  വേദനകളോ പച്ചരിയുടെ വിലക്കയറ്റമോ അറിയാനുള്ള സമയമില്ലാത്തതുകൊണ്ടാവാം ബനിയൻ കുപ്പായക്കാർ അണ്ണാജിക്കു മുന്നിലിരുന്ന് ഭജന പാടാൻ മിനക്കെടുന്നത്.

അല്ലെങ്കിലും ഈ കോൺഗ്രസ്സ് കാരുടെ പുത്തി മഹത്തരം തന്നെയാണ്. രൂക്ഷമായ വിലക്കയറ്റത്തിന്റെ വേദനയിൽ സർക്കാറിന്നെതിരെ സകലമൂലയിൽ നിന്നും ഉയർന്നു വന്ന ജനരോഷത്തെ മറ്റൊരു നാണക്കേട് കൊണ്ട് നേരിടാനായതിന്റെ   സന്തോഷത്തിലാവും നമ്മുടേ ആദർശ മൗനിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഹൈക്കമാന്റ്. മാനം പോയാലെന്ത് ജീവൻ രക്ഷിച്ചില്ലേ?

അണ്ണയ്ക്കും കൂട്ടർക്കും ഇനി അഭിമാനിക്കാം. ലോക്പാലൻ പാസ്സാവുന്നതോടെ അരിക്കും പഞ്ചാരയ്ക്കും വിലകുറയുമായിരിക്കും. ഗ്യാസും പെട്രോളും കുറഞ്ഞവിലയ്ക്ക് കിട്ടുമായിരിക്കും. ഇനി അടുത്ത അഴിമതിക്കേസോ വിലക്കയറ്റമോ ഭീകരാക്രമണവോ, തിരഞ്ഞെടുപ്പൊഴികെ മറ്റെന്തെകിലും ഭീഷണിയോ വരട്ടേ അപ്പോ ഞങ്ങളിറക്കും പുതിയൊരണ്ണനെ. കാത്തിരിക്കൂ ജനാധിപത്യ വിശ്വാസികളേ......


========================================

ഇത്രയും വായിക്കാനുള്ള ക്ഷമ നിങ്ങൾക്കുണ്ടായെങ്കിൽ 'എന്നിട്ടിപ്പോ എന്തായീ കൊരങ്ങാ..' എന്നു കമന്റിടാൻ പൂതികാണും. എനിക്കൊന്നേ പറയാനുള്ളൂ: പണ്ട് കാണ്ഠഹാറിൽ വിമാനം രാഞ്ചിയവരും ലക്ഷ്യം നേടിയിട്ടുണ്ട്. അവിടെ ഭാരതവും ഭരണകൂടവും ജനാധിപത്യവും ഭരണഘടനയുമൊക്കെ നോക്കുകുത്തിയായിട്ടുണ്ട്. അതിന്നും ആവർത്തിച്ചുവെന്നു മാത്രം.

========================================

ബഹുമാനപ്പെട്ട പാർലമെന്റംഗങ്ങൾ ഒരുകാര്യം കൂടി ചെയ്യണം നമ്മുടെ ട്രസ്റ്റിന്ന് കൂടുതൽ തുകകൂടി അമേരിക്കേന്ന് ഇറക്കാനുള്ള അനുമതിക്കുള്ള ബില്ലു കൂടി......


14 ഓഗസ്റ്റ് 2011

നമ്മളിന്ന് സ്വതന്ത്രരോ?

ഇനി ബ്ലോഗെഴുത്തേ വേണ്ട, എൻഡോസൾഫാനേക്കുറിച്ച് കമാന്ന് മിണ്ടുകയേ വേണ്ട എന്നു തീരുമാനിച്ചിരിക്കുമ്പോൾ അതിനനവുദിക്കില്ലെന്നുറപ്പിച്ച് നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഭരണ   മൂരാച്ചികൾ അർമ്മാദിക്കുകയാണ്.

ഇപ്പോൾ ഏറ്റവുമവസാനം പ്രകോപനമുണ്ടാക്കിയത്, എൻഡോസൾഫാൻ നിരോധനം വേണോ വേണ്ടയോ എന്നതല്ല:- കാസർക്കോടിന്ന് അനുവദിക്കപ്പെട്ട കേന്ദ്ര സർവ്വകലാശാലയ്ക്ക് റെസിഡൻസ് കാമ്പസ് പണിയുവാനായി കേരള സർക്കാർ പെരിയയിൽ അനുവദിച്ച മുന്നൂറ്റമ്പത് ഏക്കർ സ്ഥലം, എൻഡോസൾഫാൻ ബാധിത പ്രദേശം എന്നതിനാൽ നിരസിക്കാൻ കേന്ദ്രന്മാർ ആലോചിക്കുന്നു എന്ന വാർത്തയാണ്. 

ഇതേ കേന്ദ്ര സർക്കാർ തന്നെയാണു കോടതിയിലും രാജ്യാന്തര തലങ്ങളിലും എൻഡോസൾഫാൻ മാന്യകീടനാശിനിയാണെന്നു വാദിക്കുകയും, നിരോധന നീക്കങ്ങളെ എതിർക്കുകയും ചെയ്യുന്നത് എന്ന കാര്യം സ്വതന്ത്ര ഭാരതത്തിലെ ഭരണനയ വിരോധാഭാസങ്ങളുടെ പട്ടികയിലെ ഏറ്റവുമവസാനത്തെ ഇനമാണ്.

പ്ലാന്റേഷൻ തോട്ടപ്പരിസരങ്ങളിലെ അമ്മമാരുടെ മുലപ്പാലിൽ വരെ എൻഡോസൾഫാൻ കണ്ടെത്തിയ സത്യത്തെ പുച്ഛിച്ചു തള്ളിയ ഈ കേന്ദ്ര മൂരാച്ചികൾക്കിക്കിപ്പോ അവരുടെ ശമ്പളം പറ്റുന്ന മാഷന്മാർക്കും പുള്ളോർക്കും ഇവിടുത്തെ വെള്ളം കുടിക്കാൻ കൊടുക്കുന്ന കാര്യമാലോചിക്കുമ്പോൾ വരുന്ന തലക്കനത്തെ തല്ലിയുടക്കാൻ നമ്മളെന്തിന്നു മടിക്കണം?

നമ്മുടെ ഇന്നത്തെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയാവുന്നതിന്നു മുൻപൊരുനാൾ- എൻഡോസൾഫാൻ വിവാദം കത്തിനിൽക്കുന്ന കാലത്ത്- കേപ്പീസീസീന്റെ ചിലവിൽ ദില്ലിയിൽ പോയി തലപ്പാവുവച്ച പാവയിൽ നിന്ന് വാങ്ങിയൊരുറപ്പുണ്ട്. ഇനി കേരളം സന്ദർശിക്കുമ്പോൾ കാസർക്കോട്ട് വരാമെന്ന്, ഇവിടുത്തെ ദുരിത-വിചിത്ര ജന്മങ്ങളെ നേരിട്ട് കണ്ടാസ്വദിക്കാമെന്ന ആ വാഗ്ദാനം പാലിക്കാൻ യൂപീയെ അദ്ധ്യക്ഷ സമ്മതിക്കുന്ന അവസരത്തിൽ ദില്ലീന്ന് നാലു ലോറി കുടിവെള്ളം കൂടി കരുതാൻ തലാപ്പാവുപാവയെ ഓർമ്മിപ്പിച്ചേക്കണം ഉമ്മൻ ജീ. അല്ലെങ്കിൽ വീർത്ത തലയ്ക്കു പറ്റിയൊരു തലപ്പാവ് ഇപ്പോഴേ കരുതിക്കോണം.

===============================================

പണ്ട് തിരഞ്ഞെടുപ്പിന്നു മുൻപ്, ഭരണവും പ്രതിപക്ഷവുമെല്ലാം കൂടി ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിച്ചുവല്ലോ? അതിൽ ഭൂരിപക്ഷത്തിനേയും അധിവസിപ്പിച്ചത് ഇതേ പെരിയയിൽ തന്നെയായിരുന്നല്ലോ? അവരിന്നും കുടിച്ചത് ഇതേ പാറപ്പുറത്തെ വെള്ളം തന്നെയല്ലേ? ഈ ചെങ്ങറക്കാർക്ക് എൻഡോസൾഫാൻ പ്രശ്നമല്ല, ആറക്ക ശംബളം പറ്റുന്ന മറ്റവന്മാർക് ഈ വെള്ളം പറ്റൂല! കൊള്ളാം നമ്മുടെ ജനാധിപത്യം.

നമ്മളിന്ന് സ്വതന്ത്രരാണോ?
നമുക്കിന്ന് സ്വാതന്ത്ര്യമുണ്ടോ? 

28 ജൂലൈ 2011

ഉമ്മൻചാണ്ടീ അതിവേഗം പാളം തെറ്റുന്നതറിയുന്നുണ്ടോ?


രാഷ്ട്രീയക്കാർക്ക് ജനഹൃദയം കയ്യേറാൻ പല വഴികളും മുൻഗാമികൾ വരഞ്ഞു വച്ചിട്ടുണ്ട്. പാവങ്ങളുടെ തോളിൽ കയ്യിട്ട് നടന്ന് അവന്റെ കാര്യങ്ങൾക്കായ് ജീവിതം തന്നെ സമരമാക്കിയ ഏക്കേജിയും, ഏറേക്കാലം മുഖ്യമന്ത്രിയായി വാണീട്ടും ആ നിലയ്ക്ക് എന്നുമോർമ്മിക്കാൻ യാതൊന്നും സംഭാവന ചെയ്യാതെ, തനി കണ്ണൂരൻ സംഭാഷണ ശൈലിയിൽ കാമഡി പറഞ്ഞ് ജനമനസ്സിൽ  സ്ഥിരം അക്കൗണ്ട് തുറന്നുവച്ച നായനാരുമൊക്കെ വ്യത്യസ്ത കമ്മ്യൂണിസ്റ്റ് ശൈലികൾ.

നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി അത്തരം സൂത്രവിദ്യകളിൽ പലതിന്റേയും ഉസ്താദാണല്ലോ. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി നംബറുകൾ പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന്നു മാത്രമേ ആവൂ. ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നയം ശീലമാക്കിയത് അത്ര പെട്ടന്നങ്ങ് ഒഴിവാക്കാൻ പറ്റില്ലല്ലോ.

ഏതോ പൊതുസമ്മേളന വേദിയിൽ പണ്ടെന്നോ കണ്ട വികലാംഗ പൗരന്ന് മുഖ്യമന്ത്രിയായതിന്റെ നാലാം നാൾ സ്കൂട്ടർ വാങ്ങിക്കൊടുത്ത വാർത്ത വെറും കാസർക്കോടൻ പ്രാദേശികത്തിൽ മാത്രം അച്ചു നിരത്തിയ സകലമാന മാധ്യമ മൂരാച്ചികളോടും ഉമ്മൻ സാറിനില്ലാത്ത രോഷം ഇവിടെ  ഞാൻ വിളംബുന്നൂ.

അങ്ങനെയൊക്കെ ജനപിന്തുണ നേടിയ ഒരു നേതാവ് മുഖ്യമന്ത്രിയായപ്പോൾ നമ്മുടെ നികുതിപ്പണമെടുത്ത് സ്വന്തമായി വെബ് സൈറ്റ് തുടങ്ങുകയും അതിലൂടെ സ്വന്തം ചേംബറിലേയും ആപ്പീസിലേയുമൊക്കെ 'ഇടപാടുകൾ', കിരൺ ടീവീ പോലെ ഇരുപത്തിന്നാലു മണിക്കൂറും തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടിയെ കണ്ണടച്ച് വിമർശിക്കാൻ ഈ ബൂലോകത്തെ ദോഷൈകദൃക്കളിലൊരാളായ ഞാൻ തയ്യാറായിരുന്നില്ല.

പക്ഷേ അതേ വെബ്ബ്സൈറ്റിൽ വേറേയും കുറേ ഇടപാടു ക്ണാപ്പുകളുണ്ട്. അതിൽ രണ്ടു മൂന്നെണ്ണത്തിൽ- പെറ്റീഷൻ റ്റു സീയെം, സിറ്റിസൻ ജേണലിസം, മെയിൽ റ്റു സീയെം- ഞാൻ ഒരു പൊതുതാത്പര്യ വിഷയം സമർപ്പിച്ചിട്ട് ഉദ്ദേശം (കൃത്യം തീയ്യതി ഓർക്കുന്നില്ല) ഒരുമാസമായിട്ടും യാതൊരു  മറുപടിയുമില്ല. സംഭവം കൈപ്പറ്റിയെന്നൊരു കമ്പ്യൂട്ടർ ജെനെറേറ്റഡ് മറുപടി പോലുമില്ല. (പണ്ട് ഏക്കേ ആന്റണീ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പത്രാധിപന്മാർക്ക് കത്തയച്ച് ബാക്കിവന്ന പോസ്റ്റ് കാർഡിൽ 'നവവത്സരാശംസകൾ' എന്നെഴുതി അയച്ചതിന്നു  'പരാതി കൈപ്പറ്റി' എന്നച്ചടിച്ച മൂന്ന് കാർഡുകൾ ലഭിച്ച ഓർമ്മ തികട്ടി വരുന്നു.)

അല്ല മുഖ്യമന്ത്രീ ഇങ്ങളെന്തിനാണ് നമ്മുടെ നികുതിപ്പണം ആവിയാക്കി ഈ സൈറ്റ് തുടങ്ങിവച്ചത്? അമേരിക്കനാഫ്രിക്കൻ കറുപ്പന്മാർക്കും സായ്പന്മാർക്കും ജനാധിപത്യ കേരള വാസികളോട് അസൂയയുണ്ടാക്കുന്ന വാർത്ത  ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിക്കുക എന്നതു മാത്രമായിരുന്നോ ലക്ഷ്യം?

മേൽ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട ആപ്പീസ് ജീവനക്കാരൻ ഫയലിൽ തലവച്ച് കിടന്നുറങ്ങുന്ന ദയനീയ വീഡിയോ ഫേസ് ബുക്കിലും യൂ റ്റ്യൂബിലും കണ്ട് വല്ല അമേരിക്കൻ സായ്പ്പും ഉമ്മൻ സാറിന്നെ വിളിച്ചിരുന്നുവോ എന്തോ!

അല്ലെങ്കിൽ ഒരു പക്ഷേ ഉമ്മൻസിന്റെ ആപ്പീസ് ജീവനക്കാർ മാത്രം ഇങ്ങനൊരു സൈറ്റ് തുടങ്ങിയ കാര്യം അറിഞ്ഞിട്ടുണ്ടാവില്ല.-അറിഞ്ഞിരുന്നുവെങ്കിൽ കേമറയ്ക്കു താഴേ ഇരുന്നുറങ്ങുമായിരുന്നില്ലല്ലോ- എങ്കിൽ ഇന്നു തന്നെ ദയവായി അവരെ അറിയിക്കാന്നും കിട്ടിയ പരാതികൾ പരിശോധിക്കാനും ഉത്തരവുണ്ടാവണം.

=============================================

കേരള സർക്കാർ വകുപ്പുകളുടെ വെബ്ബ്സൈറ്റുകളിൽ എല്ലാ പദവിക്കാരുടേയും ഇ-മെയിൽ വിലാസങ്ങൾ നല്ല ഇറ്റാലിക്ക് ഫോണ്ടിൽ നിരത്തിയിട്ടുണ്ട്. പക്ഷേ ആരുമതുപയോഗിച്ച് സമയം കളഞ്ഞേക്കരുത്. ട്രാൻസ്പോർട്ട് വകുപ്പിന്റെ കണ്ണൂർ ജില്ലാ ആപ്പീസ് മുതൽ കമ്മീഷണർ വരെയുള്ള പഹയന്മാർക്ക് ഞാനയച്ച ഇ-മെയിൽ പരാതിക്ക് ഇന്നേവരെ യാതൊരു മറുപടിയുമില്ല. എന്തിനാണു സാറന്മാരേ പ്രതികരണമില്ലാത്ത ഈ വിലാസങ്ങൾ നൽകി ബൂലോകരെ പറ്റിക്കുന്നത്?

============================================

എല്ലാ സർക്കാർ വകുപ്പും എന്നു പറഞ്ഞതിന്നു തിരുത്ത്: സൈബർ പൊലീസിന്ന് ഏതെങ്കിലും ബ്ലോഗർക്കെതിരെ പരാതി മെയിലയച്ചു നോക്കൂ. ഇരുപത്തിനാലു മണിക്കൂറിന്നകം ചങ്ങായി അകത്തായിട്ടുണ്ടാകും. ഇതു പേടിച്ച് ഞാനിപ്പോൾ തൊണ്ടി മുതൽ ലാപ് ടോപ്പും ജാമ്യത്തുക പതിനായിരം നിക്ഷേപിച്ച എടിഎം കാർഡുമായാണ് ഫുൾ ടൈം നടത്തം.

============================================

ഉമ്മൻസിന്റെ ആപ്പീസുകാരൻ ഉറങ്ങുന്നതും ഏതോ ലവൻ വന്ന് ശല്യപ്പെടുത്തുന്നതും കണ്ടിട്ടില്ലാത്തവർക്കായിതാ ഇവിടെ:

23 ജൂലൈ 2011

അന്തോണിച്ചാ എന്നാലും..

ഒരു മലയാളിക്ക് മറ്റൊരു മലയാളി നന്നാവുന്നത് കണ്ടൂടാ എന്ന കാര്യം മലയാളികൾക്ക് മാത്രമല്ല ദുഫായീലെ പാക്കിസ്താനികൾക്ക് പോലും നന്നായറിയാം. എങ്കിലും സ്വന്തം പ്രതിരോധം മാത്രം നോക്കിയിരുന്നാൽ സ്വിസ്സ് ബാങ്ക് നിറയ്ക്കാമായിരുന്നിട്ടും സിൽമ്മാ നടന്മാരുടെ നിലവറയിലെ സ്വകാര്യം മണപ്പിക്കുന്ന ഊമക്കത്തുകൾ വായിച്ചൊപ്പിടുന്നവനെ നമുക്ക് ശരിക്കും മലയാളിയെന്നു വിളിക്കാനാവില്ല.

പൂച്ചപാലുകുടിക്കുമ്പോലെ പമ്മി നടന്ന് ഒടുവിൽ കേന്ദ്ര പ്രതിരോധവകുപ്പ് സ്വന്തമാക്കിയ ആന്റണി ആളുകരുതുന്നത്ര പഞ്ചപ്പാവമൊന്നുമല്ല. വീട്ടിൽ വെള്ളം കുടിക്കുന്ന കുപ്പിഗ്ലാസ്സിന്റെ എണ്ണം വരെ പത്രത്തിൽ കൊടുത്ത് പട്ടിണി ആദർശത്തിന്റെ ആളാവാൻ മാത്രമല്ല ദൈവങ്ങളുടെ നിലവറ ഗണേശഗണപതി അറിയാതെ തുരക്കാനുമറിയാം ചങ്ങായിക്ക്.

അല്ലെങ്കില്പിന്നെ ഇങ്ങീ മലയാള പടവല ലോകത്ത് ലച്ചം വാട്സിന്റെ വെളിച്ചത്തിന്നുമുന്നിൽ കിടന്നും തുള്ളിയും അടികൊണ്ടും നമ്മെ രസിപ്പിക്കാനായി ത്യാഗം ചെയ്യുന്ന മഹാദൈവങ്ങളുടെ നിലവറ തുറക്കാൻ കൂലിപ്പട്ടാളത്തെ ഉന്തിയയക്കാൻ ധൈര്യം വരുമോ?

അന്തോണിച്ചാനായാലും അഴീക്കോടൻ ഖാദിസഖാവോ ആരായാലും സൂക്ഷിച്ച് ജീവിച്ചോളൂ. നിലവറ ഏതായാലും, ദൈവമേതായാലും തുറപ്പിക്കാൻ മുൻ കൈയെടുക്കുന്നവരൊക്കെ വേഗം വിളിക്കപ്പെടുന്ന കാര്യം പത്രം വായിക്കാത്ത പഴമക്കാരൊക്കെ കള്ളുഷാപ്പിലിരുന്ന് ചർച്ച ചെയ്യാൻ തുടങ്ങിയ കാലമാണ്.

നമ്മുടെ ഭരണഘടനയുടെ ന്യൂനപക്ഷ പ്രേമമുണ്ടാക്കിയ ഹലാക്കിന്റെ മതവിവേചന പാർശ്വഫല ഭീരുത്വത്തെ മറികടക്കാൻ മാത്രമെന്തോ അച്ചായനായില്ല. നല്ല മുന്തിയ നായരായ മോകനനെ തൊടുമ്പോൾ മതേതര ബാലൻസുണ്ടാക്കാൻ കള്ളുകുടിക്കാത്ത ശുദ്ധമുസ്ലിമ്മാപ്പിളയെകൂടി കണക്കിൽ പെടുത്തി ദ്രോഹിക്കുന്നത് വിവരിക്കാൻ പൈശാചികമെന്ന വാക്ക് പോരാ.

ഇനി കറണ്ടുകട്ടിന്റേയും ശുചിത്വ കേരളത്തിന്റേയും പട്ടാളത്തിന്റേയും മാത്രമല്ല നികുതിപിരിവിന്റേയും ബ്രാൻഡ് അംബാസ്സിഡറാവാൻ ലവന്മാർക്ക് കൂടുതൽ അഭിനയിക്കേണ്ടിവരില്ല. പട്ടാളത്തിന്റെ അംബാസ്സിഡറായപ്പോൾ തോക്കുമെടുത്തു നടക്കുന്ന സീനായിരുന്നെങ്കിൽ ഇനിയിപ്പോ നികുതിപ്പരസ്യത്തിൽ റെയ്യ്ഡിന്നിടയിൽ തലചൊറിയുന്ന സീൻ സംവിധായകന്റെ ശാസനകളില്ലാതെ തന്നെ എളുപ്പത്തിൽ അവതരിപ്പിക്കാമല്ലോ.

=========================================

വീരപ്പന്ന് ആനകഴിഞ്ഞാൽ പിന്നെയുണ്ടായിരുന്ന ഏക ദൗർബല്യം നരസിംഹത്തിന്റെ സിനിമകളായിരുന്നു എന്നു പണ്ട് ആരോ പറഞ്ഞുകേട്ടറിവുണ്ട്. അന്നത് പുളുവാണെന്നേ കരുതിയിരുന്നുള്ളൂ. ഇപ്പോ അതിന്നും തീർച്ചയായി. അപ്പോ നിലവറേലെ ആ സത്യമംഗലം...


20 ജൂലൈ 2011

വള്ളിക്കുന്ന് ബ്ലോഗും വിചാരണചെയ്യപ്പെടുന്നു....

ബെർളിച്ചായനെ 'ബ്ലൂ' ബ്ലോഗുകളുടെ പേരിൽ വിമർശന വിധേയമാക്കിയ 'ബ്ലോഗ് പുലി' വള്ളിക്കുന്നുനെ മറ്റൊരു ബ്ലോഗറായ ശ്രീജിത്ത്, മലപ്പുറമെന്നാൽ ലീഗാണെന്നും ലീഗെന്നാൽ മറ്റുപലതും എന്ന രീതിയിൽ ബ്ലോഗെഴുതുന്നയാളാണ് വള്ളിക്കുന്ന് എന്ന് കാര്യകാരണ സഹിതം വാദിക്കുന്ന "വള്ളിക്കുന്ന് ബ്ലോഗും സ്തുതിപാഠക വൃന്ദവും.!' ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നു.


നമുക്ക് കാത്തിരിക്കാം ഇനിയാര് ആരെക്കുറിച്ച് ബ്ലോഗെഴുതുമെന്ന്....


ഇതാ ലിങ്ക്...  http://www.sreejithkondotty.com/

17 ജൂലൈ 2011

കോയിക്കൂട് സർവ്വകലാശാല

കോയിക്കൂട് സർവ്വകലാശാലയോ? എന്താണാ സാധനം. ആദ്യം കേട്ടത് കോയിക്കോട് ബിരിയാണ്വേഴ്സിറ്റി എന്നാണ്. അതോണ്ടുമാത്രമാണ് അബിടത്തെ ബൈസ് ചെയർമാൻ* സ്ഥാനത്തേക്ക് പണ്ട് പ്ലസ് റ്റൂ ഉസ്കൂളിൽ കഞ്ഞി വിളംബാൻ പോകാറുള്ള ഓനെത്തന്നെ നിർദ്ദേശിച്ചത്.

അപ്പോളേക്ക് ബന്നില്ലേ ഇന്റർചർച്ച് മന്ത്രിമാരെല്ലാം പാരയും കൊണ്ട്. ഞമ്മളെ നാറ്റിക്കാനുള്ള ഈ പണി എന്തായാലും നടക്കൂല. പണ്ട് ഞമ്മൾ പ്രഖ്യാപിച്ച അഞ്ചാമനെ നിങ്ങൾ മുക്കി. ഓൻ തുന്നിവച്ച കുപ്പായം മുയ്മ്മൻ വാൽമൂട്ട തിന്നു തീർത്തു. അതന്ന് ഞമ്മൾ സഹിച്ചു.

രണ്ടാമത് ഞമ്മളുടെ മൊയലാളിമാർക്ക് ഇംഗ്ലീഷ് ഉസ്കൂള് തൊടങ്ങാൻ അനുമതി കൊടുത്തതും ഇന്റർചർച്ച് മന്ത്രിമാർ മൊടക്കി. അന്നും ഞമ്മൾ ക്ഷമിച്ചു.

പക്കേങ്കിൽ കോയിക്കോട് ബിരിയാണ്വേഴ്സിറ്റിയിൽ ഓനെത്തന്നെ നമ്മൾ നിയമിക്കും. അല്ലെങ്കിലും ഓനെന്താ കൊറവ്? അഞ്ചുകൊല്ലം സുന്ദരമായി പഞ്ചായത്ത് ഭരിച്ചില്ലേ? കോയിക്കോട് ബിരിയാണ്വേഴ്സിറ്റി ഭരിക്കാൻ അതിലും വലിയ സട്ട്രിപിക്കേറ്റ് ബേറെ ബേണോ?

===============================================

അഹിംസയുടെ ബ്രാന്റ് അംബാസ്സിഡറായിരുന്ന ശ്രീബുദ്ധന്റെ അനുയായിയായ ഒരുത്തനുണ്ട്- ഒരു പത്രമുതലാളീ.. ഓന്റെ പത്രത്തിൽ ഒടുക്കത്തെ മുംബൈ സ്ഫോടന പരമ്പര നടന്നതിന്റെ പിറ്റേന്ന് മത്തങ്ങ:- "മരണം 17 മാത്രം" എന്ന്. ഒരു പത്തിരുന്നൂറ് കാഞ്ഞിരുന്നെങ്കിൽ തരാതരം ന്യൂനപക്ഷവും ഭൂരിപക്ഷവും കലക്കി വെണ്ടക്ക നിരത്തി അർമ്മാദിക്കാമായിരുന്നു. ആ നിരാശ ഇങ്ങനെയേ തീർക്കാനാവൂ..


 എന്തു ചെയ്യണം ഇവന്മാരെ? ബഹുമാന്യ ചീഫ് വിപ്പ്, കറണ്ടാപ്പീസിൽ കള്ളുകുടിച്ചു കിടന്നവന്മാർക്ക് സമ്മാനിച്ച അതേ വാചകങ്ങൾ ഈ വീരനും അവന്റെ കൂലിയെഴുത്തുകാർക്കും സമർപ്പിക്കുന്നു.


15 ജൂലൈ 2011

വീ(ഷ്ണു)ണമൂർത്തി!


video


ദൈവക്കോലങ്ങൾക്കും രക്ഷയില്ലത്രേ!

പരദേവതകൾ മാപ്പാക്കട്ടെ....


കട: 
അജ്ഞാതൻ,
മൊബൈൽ കേമറ കണ്ടുപിടിച്ച വിദ്യാൻ,
'പ്ലാന്റേഴ്സ് ചോയ്സ്' ബ്രാന്റ് കൂതറ ബ്രാണ്ടി.14 ജൂലൈ 2011

ക്ഷമയ്ക്കുമില്ലേ അതിര്?

വിവരംകൂടി വിവരദോഷിയായി മാറുന്നവരുടെ എണ്ണം കൂടിക്കൂടിവരുന്നെന്നാണ് നമ്മുടെ പത്രക്കാർ നമ്മെ വിണ്ടും വീണ്ടുമോർമ്മിപ്പിക്കുന്നത്. നമ്മുടെ ഭരണഘടന  ന്യൂനപക്ഷങ്ങൾക്ക് പല പ്രത്യേക അവകാശങ്ങളും നൽകുന്നുണ്ട്- അതിലൊന്നാണ് സ്വാശ്രയകൊള്ളയ്ക്കുള്ള അവകാശം എന്ന വിവരം അറിയാത്തവന്മാരെ റിപ്പോർട്ടറായി നിയമിച്ചവന്മാരും അത്തരം വാർത്തകൾക്കനുമതിനൽകിയ എഡിറ്റർമാരുമൊക്കെ സാദാ വിവരദോഷികളല്ല മേൽപ്പറഞ്ഞ മറ്റേ ദോഷികൾ തന്നെയാണ്.

അത്തരം വിവവരദോഷികളെ വേദമോതി നേർവഴിയും കർത്താവിന്റെ വഴിയിലുമൊക്കെ നടത്തിക്കൽ മലയാളക്കരയിൽ നടക്കാത്തകാര്യമായതു കൊണ്ടാണല്ലോ, നമ്മുടെ സ്വന്തം രീതിയായ ക്വട്ടേഷൻ രീതി സ്വീകരിക്കേണ്ടിവരുന്നത്.

കോടതിക്കുഞ്ഞാടുകളിൽ നിന്ന് സ്വാശ്രയ വിധി എഴുതി വാങ്ങുന്നത്ര എളുപ്പമല്ല പത്രക്കാരെക്കൊണ്ട് നല്ല വാക്ക് പറയിപ്പിക്കൽ. അല്ലെങ്കിലും രണ്ടുമാസമായി ആ ഫസൽ ഗഫൂറിനെ മുന്നിലിരുത്തി ചർച്ച് കച്ചോടത്തെ  നാറ്റിക്കുന്നവരെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാനുള്ള സൂക്തങ്ങളൊന്നും വേദപുത്തകത്തിൽ ഇല്ലാലോ.

===============================================

മുർഡോക്ക് ന്യൂസും ദേശാഭിമാനിവിഷൻ ചാനലുമൊക്കെ ചെവിയിൽ നുള്ളി കാത്തിരുന്നോ.... വരുന്ന ഞായറാഴ്ച പുതിയ മഠയലേഖനമിറക്കുന്നുണ്ട്. കാണിച്ചു തരാം എല്ലാറ്റിന്നും.

===============================================

കന്യകാസേവ മാത്രമല്ല ക്വട്ടേഷൻ സേവയും നമ്മൾ........(പതിനാറാം അദ്ധ്യായം......13.14)

===============================================

ഇതാണു സ്വാശ്രയത്തിന്റെ യഥാർത്ഥ അവസ്ഥ!


==============================================

മാണിച്ചായന്ന് പ്രതിദിനം പുതുക്കുന്ന ബജറ്റിൽ പത്രപ്രവർത്തകർക്കും ഉപകരണങ്ങൾക്കും ഇൻഷൂറൻസ് ഏർപ്പാടാക്കി സഭാകുഞ്ഞാടുകളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാം. മധ്യസ്ഥത്തിൽ കേമറ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചാൽ......... ഓ എന്നാ വിലയാ കർത്താവേ ഈ പണ്ടാരത്തിനൊക്കെ!

==============================================

ഇപ്പോൾ അർമ്മാദിക്കുന്നവരൊക്കെ ഒന്നു തിരിഞ്ഞുനോക്കണം, പണ്ട് ഷാജഹാന് ജയരാജൻ ഉമ്മ കൊടുത്ത കണ്ണൂർകാലത്തേക്ക്. അന്നു ഛർദ്ദിച്ചതും വിഴുങ്ങിയതുമായ വാക്കുകൾ....


13 ജൂലൈ 2011

കാസർക്കോട് മെഡിക്കൽ കോളേജെന്ന തട്ടിപ്പ് വാഗ്ദാനം

കോട്ടയം-പാലാ ബജറ്റിൽ കാസർക്കോടെന്നു പറയാൻ വേണ്ടിമാത്രമായി പുതിയ മെഡിക്കൽ കോളേജ് നിർദ്ദേശങ്ങളുടെ ലിസ്റ്റിൽ കാസർക്കോടിനേയും പെടുത്തിയുള്ള 'ചതി' പ്രയോഗത്തേക്കുറിച്ച് ബ്ലോഗെഴുതാൻ തുടങ്ങിയപ്പോഴാണ് ഈ സംഭവത്തിലെ 'കൊടും ചതി' അറിഞ്ഞത്.

നിലവിൽ കാസർക്കോട്ടനുവദിക്കപ്പെട്ടതും സംസ്ഥാന ഭരണമൂരാച്ചികളുടെ മറ്റേ നയം കൊണ്ട് ഇന്നും വാടകകെട്ടിടത്തിൽ ചിതറി പ്രവർത്തിക്കുന്നതുമായ, കേന്ദ്ര യൂണിവാഴ്സിറ്റിയുടെ ഭാഗമെന്നോണം കേന്ദ്ര സർക്കാർ കാസർക്കോടിനനുവദിച്ച മെഡിക്കൽ കോളേജ്, കാട്ടിൽ കർപ്പൂരം കത്തിച്ച് ഭക്തജനങ്ങളെ പറ്റിക്കുന്ന തീർത്ഥാടന കേന്ദ്രത്തിന്റെ പേരുപറഞ്ഞ് തെക്കൻ കേരളത്തിലേക്ക് കൊണ്ട് പോകാനുള്ള ശ്രമം മുൻ മുഖ്യമന്ത്രിയുടെ എൻഡോസൾഫാൻ നിലപാടുകൾ മൂലം തത്കാലം മുടങ്ങിയുരുന്നു.

ആ മുളയിൽ വളമിടാനുള്ള ശ്രമം പുതിയ സർക്കാർ നിലവിൽ വന്നതിൽ പിന്നെ അൽപ്പം കനത്തിൽ നടക്കുന്നതിന്റെ പ്രാരംഭലക്ഷണങ്ങളാണ്  ഇപ്പോൾ ബജറ്റ് നിർദ്ദേശമായി മാണിച്ചായൻ അവതരിപ്പിച്ചിരിക്കുന്നത്.

നടക്കാത്ത സുന്ദര വാഗ്ദാനമായ സംസ്ഥാന മെഡിക്കൽ കോളേജ് നിർദ്ദേശത്തിന്റെ ബലത്തിൽ കേന്ദ്ര മെഡിക്കൽ കോളേജ് പത്തനംതിട്ടയിൽ സ്ഥാപിക്കുക എന്ന ലക്ഷ്യം പത്തനംതിട്ട ലോബിയുടേതാണ് എന്നു നമ്മളാദ്യം കരുതിയതെങ്കിൽ തെറ്റിപ്പോയെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

കാസർക്കോടൻ മെഡിക്കൽ കോളേജ് സർക്കാർ മേഖലയിലല്ല എന്ന വാർത്ത നമ്മെ വല്ലാതെ നിരാശരാക്കുന്നുണ്ട്. കാസർക്കോടിന്ന് അർഹതപ്പെട്ട- കൂടുതൽ സൗകര്യങ്ങളും, ഫണ്ടും മുടക്കമില്ലാതെ ലഭിച്ചേക്കാവുന്ന കേന്ദ്ര പദ്ധതിയെ ഇല്ലാതാക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ് മാണിച്ചായൻ ബജറ്റിലവതരിപ്പിച്ചത്. ജില്ലയിലെ യൂഡീയെഫ്ഫ് നേതാവിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമ്പൂർണ്ണ സ്വകാര്യ മെഡിക്കൽ കോളേജിന്നു വേണ്ടിയാണ് ഈ നാടകങ്ങൾ  എന്ന വാർത്ത ശരിയാണെങ്കിൽ, മാലോകരേ നമുക്ക് നല്ലത് കർണ്ണാടകത്തിൽ ലയിക്കുക തന്നെയാണ്. 

നാടിന്റെ ക്ഷേമത്തിനപ്പുറം സ്വാർത്ഥതാത്പര്യങ്ങളാൽ നയിക്കപ്പെടുന്ന രാഷ്ട്രീയ ജീവികൾ സാദാ ജനത്തിന്റെ വിലയറിയുന്നന്ന് മതവും ജാതിയും മുറിവിൽ പുരട്ടി അർമ്മാദിക്കുന്നത് തിരിച്ചറിയാൻ നമുക്കെന്തേ ആവുന്നില്ലാ?
20 ജൂൺ 2011

മൈദപ്പൊടി

ഇന്തോ-ഇറ്റാലിയൻ പൊറോട്ടയ്ക്ക് 'നാൽപ്പത്തിയൊന്നാം' ജന്മദിനാശംസകൾ..

=====================================

'നാൽപ്പത്തിയൊന്ന്' എന്നത് നമ്മൾ പലപ്പോഴും പ്രാകൽ രൂപത്തിലും 'ആത്മാവിന്നു' നിത്യശാന്തിനേരാനും ഉപയോഗിക്കാറുള്ള സംഖ്യാ പ്രയോഗമായതുകൊണ്ട് തലപ്പാവണിഞ്ഞ പ്യൂൺ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. പാലു കരിഞ്ഞ മണമടിക്കാൻ തുടങ്ങീട്ടുണ്ട്.....

=====================================

നമ്മുടെ നാട്ടിലെ ആക്റ്റിവിസ്റ്റുകൾക്ക് പൊതു പുരോഗമന നയങ്ങളോടുള്ളതുപോലുള്ള മുൻ വിധിയോടുകൂടിയുള്ള വിരോധം തന്നെയാണെനിക്കു മൈദപ്പൊടിയോടും അതിന്റെ സന്തതികളോടും. പ്രത്യേകിച്ച് പൊറോട്ടകളോട്. ഇതേ ഞാൻ ഇന്നലെവരെ ആറുമാസക്കാരൻ ദർശങ്കുഞ്ഞിയെ 'ബേബി റസ്ക്ക്' എന്ന പേരിൽ തീറ്റിച്ച സാധനം വെറും മൈദപ്പൊടിയായിരുന്നെന്നറിഞ്ഞ നിമിഷത്തിൽ ഞാൻ...................
ഇന്നലെമുതൽ റസ്ക്കുകളും എന്റെ ശത്രു!

=====================================

മൈ.. യിൽ തുടങ്ങുന്ന തെറി ആ നിലയിൽ വിളിക്കാൻ തക്ക ഉളുപ്പില്ലാത്തതിനാൽ 'മൈദപ്പൊടി' എന്നു സംസ്കരിച്ചാണു ഞാൻ പ്രയോഗിക്കാറ്. ആയതിനാൽ മുൻപും ശേഷവും ആ വിളിക്ക് ആരെങ്കിലും ഇരയായവരും ആവാനിരിക്കുന്നവരും ഈ അർത്ഥതലം മനസ്സിലാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.16 ജൂൺ 2011

തേങ്ങാക്കൊല ഷാമ്പൂ

ഞാൻ ടെലിവിഷൻ കാണുന്നത് മിക്കവാറും വാർത്തയും പരസ്യങ്ങളും കാണാൻ മാത്രമാണ്. 'സർഗ്ഗാത്മകത' എന്നൊന്നുണ്ടെങ്കിൽ അത് മേൽ രണ്ട് വിഷയങ്ങളിലേ എന്റെ കണ്ണിൽ കാണാനാവുന്നുള്ളൂ.

എനിക്കിഷ്ടപ്പെട്ട ഏറ്റവും പുതിയ പരസ്യം "വനേസ്സയെന്നാൽ പൂമ്പാറ്റയല്ലേ" "എന്തേ പൂമ്പൊടി നുകരാൻ വരുന്നോ?" എന്ന താങ്ങു തുണിയുടെ പരസ്യം തന്നെ.

മലയാളികളുടെ പ്രകൃതിദത്ത ഉത്പന്ന സ്നേഹത്തെ ചൂഷണം ചെയ്യാൻ വൈദ്യരുടെ പുത്തിയിൽ വിരിഞ്ഞ പുതിയ തേങ്ങാക്കൊല ഷാമ്പൂവിന്റെ പരസ്യം കണ്ടിരുന്നോ? കെമിക്കലുകൾ ചേരാത്ത ഷാമ്പൂ പോലും! ത്ഫൂ.... ഉപഭോക്താക്കളുടെ സാമാന്യബുദ്ധിയെ ഇങ്ങനെ അവഹേളിക്കാൻ എങ്ങനെ ഇവന്മാർക്ക് ധൈര്യം കൈവരുന്നൂ? കെമിക്കലുകൾ ചേർക്കാതെ എങ്ങനെ ഷാമ്പൂ നിർമ്മിക്കും? അതെങ്ങനെ ഷാമ്പൂവാകും?

ഇതിന്റെ മറ്റൊരുവശം എന്ന രീതിയിൽ പണ്ടൊരു ചേച്ചി ഡാക്റ്റർ ചെമ്പരത്തി ജ്യൂസ് ഷാമ്പൂ വെന്ന പേരിൽ മാർകറ്റിലിറക്കിയത് മാരകമായ പ്രിസർവേറ്റീവുകൾ ചേർത്തായിരുന്നു.

ഹും സഹിക്ക തന്നെ!

14 ജൂൺ 2011

ബൂലോകരേ എന്നെ സഹായിക്കൂ...

പണ്ട്, കാലിൽ നിസ്സാര കീറിമുറിക്കലിന്നു വേണ്ടി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ  പ്രവേശിപ്പി  ക്കപ്പെട്ട എന്റെ അച്ഛനെന്ന രോഗിയെ വീട്ടിൽപ്പോയി 'കാണാത്തതിന്റെ' പേരിൽ, സർജ്ജന്റെ തലയിൽ വച്ചു കെട്ടിയ വിജയരാഘവൻ എന്ന എല്ലു രോഗ മൂരാച്ചിയുടേയും ആ ഫയൽ വലിച്ചെറിഞ്ഞ സർജ്ജൻ എരപ്പാളിയുടേയും തോന്ന്യാസങ്ങൾ കണ്ടുമടുത്തപ്പോൾ മനസ്സിൽ മുളപൊട്ടിയതാണ് കുടുംബത്തിൽ ആരേയെങ്കിലും ഡോക്റ്ററാക്കണമെന്ന ആശയം.

ഇപ്പോൾ ഡോക്ടറാക്കാൻ എനിക്കാളുണ്ട്. പക്ഷേ ഇപ്പോൾ ആറുമാസം മാത്രം പ്രായമായ അവന്റെ പഠന നിലവാരം പ്രവചനാതീതമായതുകൊണ്ട്,  എൻട്രൻസ് പരീക്ഷയിൽ 3200-മത് റാങ്കുകാരൻ സീറ്റില്ലാതെ വലയുമ്പോൾ ഇവൻ 32000-മത് റാങ്കാണ് നേടുന്നതെങ്കിൽ എൻ ആർ ഐ ക്വാട്ടയോ ബീവറേജസ് ക്വാട്ടയോ വേണ്ടി വന്നേക്കാം.

ആയതിന്ന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്ന കാര്യം നിങ്ങൾക്കെല്ലാം നല്ലോണമറിയാമല്ലോ. അപ്പോൾ ഇന്നത്തെ നിലയിൽ ഈ നാലുകുപ്പി ദശമൂലാരിഷ്ടവും പത്തു വായുഗുളികയും വിറ്റ് ആ മോഹം സഫലീകരിക്കുക എന്നത് നടക്കുന്നകാര്യമല്ല.

ആയതിനാൽ താഴേ പറയുന്ന നാലുകാര്യങ്ങൾ നേടിയെടുക്കാൻ നിങ്ങളോരോരുത്തരുടേയും സഹായ-നിർദ്ദേശോപദേശങ്ങൾ ക്ഷണിക്കുന്നു. സഹകരിക്കുമല്ലോ?

1. സംസ്ഥാനത്ത് നല്ല പിടിപാടുള്ള ഏതെങ്കിലും യുവജന സംഘടനയുടെ സംസ്ഥാന ഖജാഞ്ജി സ്ഥാനം എങ്ങനെ നേടിയെടുക്കാം?
2. ഭാര്യയെ എങ്ങനെ ഏതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാക്കാം?
3. ഏതെങ്കിലും ചെറു പട്ടണത്തിൽ, വൻ വരുമാന സാധ്യതയുള്ള ഖാദി ഷോ റൂം എങ്ങനെ ആരംഭിക്കാം?
4. ഇപ്പോൾ തന്നെ ദുഫായിൽ ജോലിയുള്ള അളിയന്ന് എൻ ആർ ഐ അക്കൗണ്ട് തുടങ്ങാനും എൻ ആർ ഐ ചെക്കു ബുക്ക് സംഘടിപ്പിക്കാനും എന്തു വേണം?

എല്ലാരും സഹകരിക്കുമല്ലോ? എന്റെ മോഹം പൂവണിയിക്കുമല്ലോ?
10 ജൂൺ 2011

സൂപ്പർഫാസ്റ്റ് കൊള്ള

കേരളത്തിൽ സൂപ്പർ ഫാസ്റ്റ്, ടൗൺ റ്റു ടൗൺ പദവികളിൽ ബസ്സ് സർവീസ് നടത്താനുള്ള അധികാരം നമ്മുടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്ന് മാത്രമാണെന്നാണ് വയ്പ്പ്. എന്നാൽ മിനിമം ചാർജ്ജ് പത്തുരൂപ ഈടാക്കി കേരളത്തിലങ്ങോളമിങ്ങോളം നിരവധി സ്വകാര്യ ബസ്സുകൾ  സൂപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ തൃശ്ശൂർ-കാഞ്ഞങ്ങാട്, കോഴിക്കോട്-കാസർക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന രണ്ട് ബസ്സ് കൊള്ളയ്ക്ക് ഞാൻ തന്നെ ഇരയായിട്ടുണ്ട്.  

ഈ വിഷയത്തിൽ സിറ്റിസൺ കോൾ സെന്ററിൽ നിന്നു നൽകിയ ഫോൺ നമ്പറിൽ  തിരുവന്തപുരം ട്രാൻസ്പോർട്ട് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ഇത്തരത്തിൽ സർവ്വീസ് നടത്താൻ ആർക്കും നിയമപരമായി യാതൊരവകാശവുമില്ലെന്നും ആർടിഓയ്ക്ക് പരാതി നൽകിയാൽ നടപടികൾ സ്വീകരിക്കാമെന്നും പറഞ്ഞിരുന്നു.

മുൻപൊരിക്കൽ എന്റെ ഒരു വക്കീൽ കൂട്ടുകാരൻ, മറ്റൊരു ബസ്സ് ഭീകരകതയ്ക്കെതിരേ ആർടിഓയ്ക്ക് പരാതികൊടുത്തപ്പോൾ കിട്ടിയ 'ക്വട്ടേഷൻ പണി' ഓർത്ത് ഞാനതിനന്ന് മുതിർന്നില്ല.

ഇന്ന് രാവിലെ വീണ്ടും ബോർഡ് നോക്കാതെ അഞ്ചു രൂപാ ദൂരത്തിലുള്ള യാത്രയ്ക്ക് 'ധന്യ'യിൽ കേറിപ്പോയി. വീണ്ടും കിട്ടി പത്തുരൂപാ ടിക്കറ്റ്. നിയമപരമായാണ് ഞങ്ങൾ സർവ്വീസ് നടത്തുന്നതെന്നും ഒലത്താനാവുമെങ്കിൽ ഒലത്തിക്കോന്ന് കണ്ടക്റ്ററും.

ഇനി ഈ 'ധന്യ' തന്ന ടിക്കറ്റ് ശ്രദ്ധിക്കൂ. ഒരേ ടിക്കറ്റിൽ രണ്ട് റജിഷ്ട്രേഷൻ നമ്പറുകൾ കാണാം. അതിൽ പ്രാധാന്യത്തോടു കൂടി നൽകിയിരിക്കുന്ന നമ്പർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ  ഈ ലിങ്കിൽ പരിശോധിക്കൂ. പെട്രോളിലോടുന്ന നോൺ ട്രാൻസ്പോർട്ട് വാഹനത്തിന്റെ നമ്പറാണത്.

ഇതേ ടിക്കറ്റിൽ ഈ പകൽക്കൊള്ള മോട്ടോർ വെഹിക്കിൾ നിയമപ്രകാരമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണാവോ ഈ ആക്റ്റ്? 
ഇങ്ങനെ സർവ്വീസ് നടത്താൻ സഹായിക്കുന്ന ഏതെങ്കിലും ആക്റ്റ് ഇപ്പോൾ പ്രാബല്യത്തിലുണ്ടോ? അല്ലെങ്കിലും ചോദിക്കാനും പറയാനും ആളില്ലാത്തവിടെ ആർക്കും എന്തുമാവാലോ!