കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

08 മാർച്ച് 2011

മലിനീകരണം സര്‍ക്കാര്‍ വഹ, ചോദിക്കരുത്-മിണ്ടരുത്!


മേല്‍ വീഡിയോ ചിത്രത്തില്‍ കാണുന്നത് ലേസര്‍ ഷോ ദ്രുശ്യങ്ങളൊന്നുമല്ല, വെറും പൊടിപാറ്റലാണ്. ദേശീയപാത 17ല്‍ നിന്നുള്ള കാഴ്ച!.  ദേശീയപാത 17ല്‍  നീലേശ്വരത്തിന്നും ചട്ടഞ്ചാ‍ലിന്നും ഇടയിലുള്ള  ഏകദേശം 40 കിലോമീറ്റര്‍ ദൂരത്തില്‍, ഏറെ നിയമയുദ്ധത്തിന്നും സമരകോഹാലങ്ങള്‍ക്കും ശേഷം മെക്കാഡം റീടാറിങ്ങ് തുടങ്ങിയതില്‍ പിന്നെ ഈ വഴിയോരത്തുള്ള ആരും നേരാം വണ്ണം ശ്വസിച്ചിട്ടില്ല. നാലിഞ്ചിലധികം കനത്തില്‍ ടാറിങ്ങ് നടത്തുന്നതിനാല്‍ റോഡും തറ നിരപ്പും തമ്മിലുള്ള വ്യത്യാസം നികത്തുക എന്ന പേരില്‍ ‘പൂശുന്ന’ മണ്ണാണ് ഇവിടെ വില്ലന്‍. ഇവിടെ മണ്ണിടുന്ന ജോലിക്കാര്‍ക്കും -മണ്ണിടീപ്പിക്കുന്ന കോണ്ട്രാക്റ്റര്‍ക്കും -മേല്‍ നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍ക്കും അറിയാം ഈ വേനല്‍ക്കാലത്ത്, ഇത് പൊടിഞ്ഞു പാറുമെന്നും ചീറിപ്പായുന്ന വാഹനങ്ങള്‍ പാറ്റിക്കുമെന്നും. ഇപ്പോള്‍ മണ്ണിട്ട പലേടത്തു നിന്നും മണ്ണുപാറി ദേശീയപാതയോരത്തെ കടകളിലെ അരിപയറാദി വസ്തുക്കളിലും, സ്റ്റാന്റില്‍ പാര്‍ക്കു ചെയ്ത് വാഹനമോടിച്ച് ജീവിക്കുന്നവരുടെ അണ്ണാക്കിലും, ഹലുവാ ലഡുവാദി ബേക്കറികളിലും സുന്ദരിപ്പെണ്‍പിള്ളേരുടെ ഫെയര്‍&ലവ് ലിക്കുമേലുമൊക്കെ ഒട്ടിപ്പിടിച്ച് ഇല്ലാതായാല്‍ എഞ്ചിനീയര്‍ ബില്ലു പാസാക്കാന്‍ വരുമ്പോള്‍ വീണ്ടും പാറ്റാന്‍ നല്ല ഒന്നാന്തരം കുന്നിടിച്ച മണ്ണു പൊടി അതാതിടങ്ങളില്‍ കൂനയാക്കി സ്റ്റോക്കു ചെയ്തിട്ടുമുണ്ട്.
പലതവണ ഈ രീതിയില്‍ ടാറിങ്ങ് ചെയ്തതിന്റെ ഫലമായി ചില സ്ഥലങ്ങളില്‍ റോഡും നിലവും തമ്മില്‍ ഏതാണ്ട് ഒരടിയിലധികം വിടവുണ്ട്. അവിടങ്ങളില്‍ ഇതേ പോലെ പണ്ട് ചൊരിഞ്ഞ മണ്ണില്‍, വേനല്‍ക്കാലത്ത് പാറിപ്പോയതില്‍ ബാക്കി മഴക്കാ‍ലത്ത് ഒലിച്ചു പോയി. ഈ വിടവില്‍ ബൈക്ക്- ഓട്ടോ- കാറുകളാദി ചെറുവാഹങ്ങള്‍ താഴെ വീണ് പലതവണ വലിയ അപകടങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ ദേശീയപാതയിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്ത എല്ലാ ലവന്മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ കാണും.
അല്ല മക്കളേ ഞാന്‍ ചോയിച്ചോട്ടേ ആര്‍ക്കും ഒരുതരത്തിലും ഗുണം ചെയ്യാത്ത വെറുതേ കോണ്ട്രാക്റ്റ് പാലിക്കുക എന്ന കണ്ണില്‍ മണ്ണിടല്‍ പരിപാടിക്കു വേണ്ടി നാടിനേയും നാട്ടാരേയും വാഹനങ്ങളേയും ഇങ്ങനെ പൊടിതിന്നിച്ച് മലിനീകരണമുണ്ടാക്കുന്ന എഞ്ചിനീയറാദിമക്കളെ ഒരു പകല്‍ മുഴുവന്‍ ഈ പാതയോരത്ത് പച്ചവെള്ളം കൊടുക്കാതെ നിര്‍ത്തിക്കാന്‍ വല്ല വകുപ്പുമുണ്ടോ?
അല്ല മക്കളേ ഞാന്‍ വീണ്ടും ചോയിച്ചോട്ടേ ദേശീയപാതയോരത്ത് ജനിച്ചു, ദേശീയപാതയോരത്ത് ഉപജീവനം തേടുന്നു, ദേശീയപാതയിലൂടെ യാത്രചെയ്യുന്നൂ എന്നതുകൊണ്ട് നമ്മള്‍ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശമില്ലേ?
പാതയും തറയും തമ്മിലുള്ള  വിടവ് നികത്തണമെന്ന ചട്ടങ്ങളുടെ താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ എന്തുകൊണ്ട് മലിനീകരണമുണ്ടാക്കാത്ത കോണ്‍ക്രീറ്റ്- ടാറാദി മിശ്രിതങ്ങള്‍ ഉപയോഗിച്ചു കൂടാ?
ഇത്രയും വലിയ തുകയ്ക്ക് കരാറെടുക്കുന്ന മുതലാളിക്കും എഞ്ചിനീയര്‍ക്കും പലതും ചെയ്യാനാവും എന്ന ഭയമാണോ, ഈ ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്നെതിരേ മിണ്ടാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്? 
തൊട്ടതിന്നും പിടിച്ചതിന്നു മൊക്കെ ഹൈക്കോടതിയില്‍ കേസുമായി പോകുന്ന മനുഷ്യാവകാശ-പരിസ്ഥിതി  മലിനീകരണ വിരുദ്ധ യശമാനന്മാര്‍ക്ക് ഇതൊരു വിഷയമാകാത്തതും അതുകൊണ്ടുതന്നെയാണോ?
******************************************************
ഇതിലെന്തിത്ര പുതുമ എന്നാണ് നാവിന്‍ തുമ്പത്ത് വരുന്നതെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ- ഇന്നത്തെ നിലയില്‍ ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തില്‍ ഈ ചൂടുകാലത്ത് ഈ രീതിയില്‍ പൊടി പാറിയാല്‍? റോഡില്‍ നിന്ന് നാലുമീറ്റര്‍ മാത്രം ദൂരമകലത്തില്‍ രാപ്പകല്‍ കുത്തിയിരിക്കുന്ന കച്ചവടക്കാരുടെ അവസ്ഥ ........

2 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഇതിലെന്തിത്ര പുതുമ എന്നാണ് നാവിന്‍ തുമ്പത്ത് വരുന്നതെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ- ഇന്നത്തെ നിലയില്‍ ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തില്‍ ഈ ചൂടുകാലത്ത് ഈ രീതിയില്‍ പൊടി പാറിയാല്‍? റോഡില്‍ നിന്ന് നാലുമീറ്റര്‍ മാത്രം ദൂരമകലത്തില്‍ രാപ്പകല്‍ കുത്തിയിരിക്കുന്ന കച്ചവടക്കാരുടെ അവസ്ഥ .......

sinvij0599 പറഞ്ഞു...

ആ പറഞ്ഞടോകെ ശരിയാ, ഇപോ കേരളം ശരിക്കും മലിനമാണ്, പണ്ട് വഴിയോരങ്ങള്‍ എത്ര സുന്ദരം ആയിരുനു എപ്പോള്‍ എവിടെ നോകിയാല്‍ അവിടെ കാണാം കൊറേ പ്ലാസ്റ്റിക്‌ കവറുകള്‍ കൂടി കിടകുന്നാട്. എല്ലാവരും ഒനു ശ്രമിച്ചാല്‍ ഈ കേരളം മലിനമുക്ടം അവന്‍ എളുപാമ, പക്ഷെ ആര്‍ക അതിനു നേരം????