കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

24 മാർച്ച് 2011

ആദര്‍ശവാന്റെ ഉളുപ്പുകേടുകളും ദേശാഭിമാനി ചാനലും

      നാണം, മാനം, ഉളുപ്പ് തുടങ്ങിയ വികാരവകഭേദങ്ങള്‍ പണയം വച്ച് വേണം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവേണ്ടത് എന്നത് പണ്ടുമുതല്‍ക്കേ ഉള്ള നാട്ടുനടപ്പാണ്. കാലം മാറും തോറും മേല്‍ ലിസ്റ്റില്‍ പുതിയ ചില കാര്യങ്ങളും കൂടിക്കൂടി വരുന്നു. അക്കൂട്ടത്തിലൊന്നാണ് ആദര്‍ശവും. ഇപ്പോള്‍ ഈ ആദര്‍ശത്തേക്കുറിച്ച് ചിന്തിക്കാനുള്ള കാരണം ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവിതാംകൂറില്‍ അവതരിച്ച പുത്തിജീവിയാണ്. അന്നേവരെ ഖദര്‍ ജൂബാ ധരിച്ചു നടന്നിരുന്ന യാള്‍ ഇടത്തോട്ടുടുത്ത വെള്ളമുണ്ടുമണിഞ്ഞ്  കാമറയ്ക്കുമുന്നില്‍ വിളംബിയ “അരമയിലെ അച്ഛന്മാര്‍ക്ക് എന്നോട് വാത്സല്യമാണ്, നായന്മാരുടെ മാര്‍പ്പാപയുടെ വക്കീലായിരുന്നൂ എന്റെ അച്ഛന്‍” തുടങ്ങിയ തനി തറ രാഷ്ട്രീയ വാക്കുകള്‍ അദ്ദേഹത്തിന്നു ചേര്‍ന്നതായിരുന്നില്ല.ഇത്തരം കൂതറനിലപാടുകള്‍ സ്വീകരിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ ജയിക്കാനാവൂ എന്നാണോ ഇദ്ദേഹവും കരുതുന്നത്?  ഈ മഹാന്‍ രണ്ടുദിനം മുന്‍പ് വരെ എന്റെ ആരാധനാപാത്രമായിരുന്നു. ജനപക്ഷത്തും ഇടതുപക്ഷത്തും നിന്ന് ഇദ്ദേഹം എഴുതിക്കൂട്ടിയതും പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതുമൊക്കെയാണെന്നെ ആകര്‍ഷിച്ചതെങ്കില്‍ നാലു വോട്ടിന്നു വേണ്ടി അദ്ദേഹം വിളിച്ചുകൂവിയ ആ വാക്കുകള്‍ മനസ്സാക്ഷിയെ വെറുപ്പിക്കുന്നതുതന്നെയാണ്. വലതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന ധാരണയിലാണോ ആ ഛര്‍ദ്ദില്‍ എന്നതും ഗവേഷണവിഷയമാണ്. (ഏറെ സെര്‍ച്ചി ഫേസ് ബുക്കിലും കൂട്ടത്തിലും അങ്ങേരുടെ “ഫ്രണ്ടാ’യതൊക്കെയും ഗൂഗില്‍ ബസ്സിലെ അങ്ങേരുടെ ഫോളോവര്‍ഷിപ്പുമൊക്കെ ഉപേക്ഷിച്ചിട്ടുതന്നെയാണിതെഴുതിയതും..എന്നേക്കൊണ്ടിതൊക്കെയേ ആവൂ.. ബാക്കി റവറുനാട്ടിലെ വോട്ടര്‍മാര്‍ക്ക് വിട്ടുതരുന്നു.)
-------------------------------------------------------------------------------------
മലയാളക്കരയില്‍ ഗ്ലിസറിനില്ലാതെ കരയാന്‍ ശേഷിയുള്ള ഒരേയൊരഭിനേതാവ് മോഹന്‍ലാല്‍ മാത്രമാണെന്നാണ് കേട്ടിട്ടുള്ളത്. എന്നാലിന്നലെ അതും നമ്മുടെ ഭാവി മുഖ്യമന്ത്രി രമേശന്‍ നായര്‍ തകര്‍ത്തുകളഞ്ഞു. ഇത്രയും രോമാഞ്ചജനകമായ കണ്ണീര്‍ പ്രകടനം പാരിജാതം സീരിയലില്‍ പോലും കണ്ടിട്ടില്ല. ഈ സംഭവത്തോടുകൂടി പ്രശസ്തനായ മറ്റൊരാള്‍കൂടിയുണ്ട്- രമേശന്‍ നായരുടെ ബ്യൂട്ടീഷ്യന്‍. ഇത്രയൊക്കെ കണ്ണീര്‍സുമാനിയുണ്ടായിട്ടും, ഖദര്‍ ഷാളുകൊണ്ട് അമര്‍ത്തിത്തുടച്ചിട്ടും  മേക്കപ്പിനൊരു കോട്ടവും പറ്റിയിട്ടില്ല. അഭിനന്ദനങ്ങള്‍...
--------------------------------------------------------------------------------------
വീക്ഷണം പത്രവും ജൈഹിന്ദ് ചാനലുമൊക്കെ ഗുണം പിടിക്കാതെ പോകുന്നതിന്നു കാരണമായി എല്ലാരും കുറ്റക്കാരായി കണ്ടെത്തുന്നത് മനോരമയെയാണ്. അതുകൊണ്ട് തന്നെ ദേശാഭിമാനികളും കൈരളി ടീവീടെ ഓഹരിയുടമകളും ജോണ്‍ ബ്രിട്ടാസുമൊക്കെ ഇന്ത്യാവിഷനെ സൂക്ഷിക്കുന്നത് നന്നായിരിക്കും..

2 അഭിപ്രായങ്ങൾ:

ആസാദ്‌ പറഞ്ഞു...

ഈ ലോകത്തുള്ള സകല പിശാചുകളും ജനിച്ചു വീച്ചുന്നത് കേരളത്തിലും, അവര്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയത്തിലും ആകുമ്പോള്‍ ഇതൊക്കെ കണ്ടു നമ്മള്‍ ജനങ്ങള്‍ക് പിന്നെയും പിന്നെയും ഞെട്ടാം. വീണ്ടും വീണ്ടും ഞെട്ടാനായി നമ്മുടെ ജീവിതമിങ്ങനെ ബാക്കി കിടക്കുന്നു.

ഐക്കരപ്പടിയന്‍ പറഞ്ഞു...

രാഷ്ട്രീയക്കാരെ കൊണ്ട് നാട്ടിലൂടെ മൂക്ക് പിടിക്കാതെ നടക്കാന്‍ വയ്യത്രെ..അതിനാല്‍ ഞാന്‍ ഇവിടെ ഗള്‍ഫില്‍ തന്നെ കൂടുന്നു...