കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 ഏപ്രിൽ 2011

ഇത് എന്‍ഡോസള്‍ഫാനല്ല മന്താണ്..

പണ്ടൊക്കെ വിവാഹ സദസ്സിലേക്കും മറ്റു വേദികളിലേക്കും വരുന്നവരെ പനിനീരും വര്‍ണ്ണക്കടലാസ്സുമൊക്കെ തളിച്ച് ആദരിച്ചാനയിക്കുന്ന പതിവുണ്ടായിരുന്നു. നമുക്കു പുരോഗമനം വന്നു തുടങ്ങിയിപ്പോള്‍ മനുഷ്യമൂത്രം, കാലിച്ചാണകവെള്ളം തുടങ്ങിയ തളിച്ചാണിപ്പോള്‍ രാഷ്ട്രീയ കേരളം എതിരാളികളെ ആദരിക്കുന്നത്. ഹൈട്ടെക്ക് യുഗമായതുകൊണ്ടുതന്നെ നമ്മുടെ ഈ പുരോഗമന വാര്‍ത്തകള്‍ തത്സമയം വടക്കന്മാരും അറിയുന്നും മനസ്സിലാക്കുന്നുമുണ്ടെന്നു വേണം കരുതാന്‍. കാരണം നമ്മളിവിടെ നടത്തിയ മുറവിളികള്‍ക്കൊടുവില്‍ നമ്മുടെ നാറ്റക്കേസ് ബാലന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ വിഷയം അന്വേഷിക്കാന്‍ കാസര്‍ക്കോട്ടേക്ക് വിട്ട കേന്ദ്ര സംഘം ബോവിക്കാനത്തു വന്നത് വിഷുരാത്രിയില്‍. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാനിവിടെ വരുമ്പോള്‍ രാത്രി തന്നെയാണു നല്ല സമയമെന്നു മുന്‍പേ ഗമിച്ചവര്‍ ഈ സംഘത്തിന്നും ഓതിക്കൊടുത്തുകാണും. സ്ഥലം പാര്‍ലമെന്റംഗം പി കരുണാകരന്നു ലവന്മാരുടെ സന്ദര്‍ശനത്തേക്കുറുച്ചറിവില്ല, ജില്ലാ കളക്റ്റര്‍ക്കറിയില്ല, പ്രശ്നപ്രദേശത്തെ നാലു എമ്മെല്ലേമാര്‍ക്കുമറിയില്ല. പിന്നെന്തിനാണിവര്‍ വന്നത്?മെഡിക്കലാപ്പീസര്‍ ഡിക്രൂസിന്റെ റിപ്പോര്‍ട്ടിനാണെങ്കിലീ ഏഴംഗങ്ങള്‍ ബേക്കല്‍ റിസോര്‍ട്ടിലേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നോ? ഫണ്ടു ചിലവാക്കി കണക്കു ബോധിപ്പിക്കാനോ വന്നത്? ബേക്കലം കോട്ടയും വൈവിദ്ധ്യമാര്‍ന്ന കാഴ്ചകളും ഇവിടെയുള്ളതുകൊണ്ടാവണം ഇനിയും വരുമെന്നവര്‍ വാക്കുകൊടുത്തിട്ടുണ്ട്. വരണം ഇനിയും വരണം. അതും നട്ടപ്പാതിരയ്ക്ക് ആരുമറിയാതെ തന്നെ വരണം.
----------------------------------------------------------------------------------
ഇനി നട്ടപ്പാതിരയ്ക്ക് കാസര്‍ക്കോടന്‍ മേഖലയില്‍ അജ്ഞാത ഏഴംഗ സംഘത്തെ കണ്ടാല്‍ ഒന്നും ചോദിക്കേണ്ട, എന്‍ഡോസള്‍ഫാന്‍ അന്വേഷണ സംഘമാണെന്നു കരുതിയാല്‍ മതി!


2 അഭിപ്രായങ്ങൾ:

snehatheerampost.blogspot.com പറഞ്ഞു...

സ്വന്തം തടി കേടാക്കാന്‍ ആര്‍ക്കാണാഗ്രഹം?അതുകൊണ്ട് നീലനിശീഥിനീ....പിന്നെ താമസിക്കാന്‍ ബേക്കലിലേക്ക് പോയതിനെ കുറ്റപ്പെടുത്താനാവില്ല.ശത്രുക്കള്‍ വരുമ്പോള്‍ തുരങ്കമാര്‍ഗ്ഗംകടലിലൂടെ രക്ഷപ്പെടാന്‍പാകത്തിലാണ്
ബേക്കല്‍ക്കോട്ട പണിഞ്ഞതെന്നു കേട്ടിട്ടുണ്ട്!

Pradeep Kumar പറഞ്ഞു...

ബൈജു കോട്ടയം പുഷ്പനാഥിനെ വായിച്ചിട്ടുണ്ടോ.ഡിക്ടക്ടീവകള്‍ ആരുമറിയാതെ പാതിരാത്രിയിലൊക്കെയാണ് സഞ്ചരിക്കുക.എന്നാലേ കണ്ടു പിടിക്കാന്‍ പറ്റൂ.അതാണ് കേന്ദ്ര സംഘവും ചെയ്തത്.ശുഷ്കാന്തി.ശുഷ്കാന്തി.