കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

21 മേയ് 2011

ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ

ഞാൻ കണ്ടിടത്തോളം ഏറ്റവും കൂടുതൽ വിലപേശൽ പണ്ട് നടന്നിരുന്നത് 'ചക്കര ബസാറി'ലായിരുന്നു. അവന്മാർ തന്നെ അവരുടെ വില കളഞ്ഞതു കൊണ്ട് ഇപ്പോൾ അവിടെ ഒന്നുമില്ല. ഇപ്പോൾ ആ സ്ഥാനം കാസർക്കോട്ടെ മീൻ മാർക്കറ്റിന്നാണ്. മുക്കുവത്തി കിലോ മത്തിക്ക് പത്തു രൂപ പറഞ്ഞാലും അഞ്ചു രൂപയേ കൊടുക്കൂ. പറഞ്ഞ വില കൊടുത്താൽ എന്തോ മാനക്കേടെന്ന നയം. പക്ഷേ അൻപതുറുപ്പികയ്ക്ക് മീൻ വാങ്ങാൻ നൂറു രൂപേന്റെ പെട്രോളടിക്കും.

ഇങ്ങനെ വിലപേശിയും കണ്ടനുഭവിച്ചും ശീലിച്ചവരാണ് കാസർക്കോട്ടുകാർ എന്നതു കൊണ്ട് മാത്രമാണ് എയർ ഇന്ത്യയുടെ യശമാനന്മാരും, അവരുടെ ചോരപ്പണ വിലപേശൽ ഏജന്റായ മുല്ലാ കമ്പനിയും, നമ്മുടെ വോട്ടു വാങ്ങി പാർലമെന്റിലും മന്ത്രി മന്ദിരങ്ങളിലും സസുഖം വാഴുന്നവരുമൊക്കെ നിറപല്ലുകളുമായി ഇന്നും ഇളിച്ചു കളിക്കുന്നത്.

ഇന്നേക്ക് ഒരു വർഷം മുൻപാണ്, ദുഫായ് മരുഭൂമിയിൽ ഊണും ഉറക്കവുമില്ലാതെ ചോര നീരാക്കി ഏറെക്കാലത്തിന്നു ശേഷം നാട്ടിലേക്കു വന്ന 158 കാസർക്കോടൻ പ്രവാസികൾ, പൈലറ്റെന്ന ജോലി ചെയ്ത ഒരുത്തൻ ഉറങ്ങിപ്പോയതിന്റെ ഫലത്തിൽ മംഗലാപുരം വിമാനത്താവളത്തിൽ പൊരിഞ്ഞു മരിച്ചത്.

അപകടം നടന്നതിന്റെ പിറ്റേന്ന് പത്രവാർത്തകളിൽ മരണത്തിന്റെ ഭീകരതയേക്കാൾ, അപകടത്തിന്റെ തീവ്രതയേക്കാൾ പ്രാധാന്യം കിട്ടിയത് ഇരയുടെ ആശ്രിതർക്ക് കിട്ടാൻ പോകുന്ന നഷ്ടപരിഹാരത്തേക്കുറിച്ചായിരുന്നു. 76 ലക്ഷം രൂപാ നികുതിയില്ലാത്ത നഷ്ട പരിഹാരം, ആശ്രിതർക്കെല്ലാം ജോലി തുടങ്ങി തിരഞ്ഞെടുപ്പു പ്രകടനപത്രിക പോലെ നീണ്ട ലിസ്റ്റ്.

ഇന്ന് അപകടം നടന്നിട്ട് ഒരു വർഷം പൂർത്തിയാവുമ്പോൾ,ലഭ്യമായ വിവരങ്ങളനുസരിച്ച് അന്നു കത്തിയമർന്ന 158 പേരിൽ, നഷ്ടപരിഹാരം ലഭിച്ചത് വെറും 55 പേർക്ക് മാത്രം. ഇവരിൽ ഭൂരിപക്ഷത്തിന്നും 25 ലക്ഷം രൂപമാത്രമാണ് ലഭിച്ചതും. വിമാനകമ്പനിയിലെ ഈയ്യിടെ പുറത്തുവന്ന അഴിമതി വാർത്തകൾ കൂട്ടി വായിച്ചാൽ ഈ ദുരിത ജീവിതങ്ങളുടെ ചോരപ്പണം മുല്ല ആൻഡ് മുല്ല എന്ന വിലപേശൽ സ്ഥാപനത്തെ ഉപയോഗിച്ച് കുറച്ചു നൽകിയല്ലേ ഇവന്മാർ കട്ടുതിന്നത്?

പരിക്കേറ്റവർക്ക്  നൽകുമെന്ന് പറഞ്ഞ ജോലി അവരിലൊരാൾക്കു പോലും നൽകിയിട്ടില്ല. അല്ല നൽകുവാനല്ലലോ പ്രഖ്യാപനങ്ങൾ!

മറ്റുള്ളവർക്കു മുന്നിൽ ഈ പീഡിത കുടുംബങ്ങൾ ഇന്ന് കോടിപതികളാണ്. ഏതാനും മാസങ്ങൾക്കു മുൻപ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹാഭരണങ്ങൾ സൂചിപ്പിച്ച്  'ചോരപ്പണ'മല്ലേ എന്ന പരിഹാസവാചകം കേട്ടന്ന് രോഷത്തെ ക്ഷമ കീഴടക്കിയത് കൊണ്ട് ആപത്തുകളൂണ്ടായില്ല! (ഇത് എന്റെ അനുഭവം!).

ഇനിയും പതിറ്റാണ്ടുകൾ കഴിഞ്ഞാലും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നീതികിട്ടുമെന്ന് ആശിക്കാനാവില്ല, കാരണം  അംബാനിക്കു വേണ്ടി പെട്രോൾ വിലകൂട്ടാനും ടാറ്റയ്ക്കു വേണ്ടി കൃഷിയിടം തട്ടിപ്പറിക്കാനും മാത്രമല്ലേ നമ്മുടെ ജനാധിപത്യത്തിനറിയൂ.. സാധാരണക്കാരന്റെ കണ്ണീരൊപ്പൽ അവരുടെ അജണ്ടയല്ലല്ലോ?

പ്രത്യേക ആദരാഞ്ജലികൾ അർപ്പിക്കാവുന്നവർ:
എച്ച് ടി നാനാവതി: എയർ ഇന്ത്യയുടെ നിയമോപദേഷ്ടാക്കളായ മുല്ല & മുല്ല കമ്പനിയുടെ കൗൺസൽ.
വയലാർ രവി: പേരിലെ വയലാർ എന്നേ കത്തിച്ചു കളയേണ്ട എയർ ഇന്ത്യയുടെ സ്വന്തം മന്ത്രി പുണ്യാളൻ.
പി കരുണാകരൻ: കാസർക്കോടിന്റെ പൊന്നോമന പാർലമെന്റംഗം.
ഇ അഹമ്മദ്: പ്രവാസികളുടെ പ്രിയപ്പെട്ട, കേന്ദ്ര കാബിനറ്റിൽ കേറാൻ കാലുകഴുകി കാത്തിരിക്കുന്ന, കേന്ദ്രമന്ത്രി.


8 അഭിപ്രായങ്ങൾ:

ആപ്പി പറഞ്ഞു...

നന്ദി ബൈജൂ...
ഓര്‍മ്മപ്പെടുത്തലിനു നന്ദി..
എന്നാല്‍ ഇതോരോര്‍മ്മപ്പെടുത്തലായി മാത്രം കാണരുത്...
ആവശ്യമില്ലാതെ കാര്യങ്ങള്‍ക്ക് വേണ്ടി ആടിനെ പട്ടിയാക്കുകയും മറ്റു കോപ്രായങ്ങളും കാണിക്കുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും ഇതിനു വേണ്ടത്ര ശ്രദ്ധ കൊടുത്തതായി കണ്ടില്ല. ഒരു കുടുംബത്തിന്റെ ആണിക്കല്ലിളക്കി.
അതിനു 76 ലക്ഷം ഓരോ ഇരകള്‍ക്കും വീതം എന്ന് വാഗ്ദാനം ചെയ്തു. എന്നിട്ട് അതിന്റെ നഷ്ടപരിഹാരം ചോദിച്ചു ചെന്ന അബലരായ ഒരു ഇരയുടെ മാതാപിതാക്കളോട് ചോദിച്ച ചോദ്യവും (എയര്‍ ഇന്ത്യ നിങ്ങള്ക്ക് ഈ ഭീമമായ തുക നഷട്പരിഹാരം തന്നെന്നിരിക്കട്ടെ. അത് കൊണ്ട് മരിച്ചു പോയ നിങ്ങളുടെ മകന്‍ തിരിച്ചു വരുമോ?) അത് കേട്ട് ഇനി ഞങ്ങള്‍ക്കീ പണം വേണ്ടെന്നു പറഞ്ഞു കരഞ്ഞു കൊണ്ട് അവര്‍ മടങ്ങിപ്പോയ സംഭവവും തീര്‍ത്തും ലജ്ജാകരം തന്നെ. ശരിക്കും വേദനാജനകം തന്നെ. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് എന്റെ അശ്രുപുഷ്പാഞ്ജലികള്‍. :(

ബൈജുവചനം പറഞ്ഞു...

ആപ്പീ ഇതു വെറും ഓർമ്മപ്പെടിത്തലല്ല, എന്റെ ചുറ്റുപാടും ജീവിക്കുന്നവരുടെ വേദനയുടെ വേദനിപ്പിക്കാത്ത പതിപ്പ് മാത്രമാണ്. മേലെ ഞാനുദ്ധരിച്ച ആ കല്യാണ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു. അത് ഇത്ര മൃദുലമായല്ല അവതരിപ്പിക്കേൺറ്റിയിരുന്നത്. പക്ഷേ ഇപ്പോളതിന്നു ത്രാണിയില്ല.

ആപ്പി പറഞ്ഞു...

താങ്കളുടെ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു ...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

സത്യം ............ എയര്‍ ഇന്ത്യ എന്ന് നന്നാവാന്‍ ,....................??!!

shaji.k പറഞ്ഞു...

:(((

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തത് കൊണ്ട് മത്രമാണ് ആ പാവങ്ങള്‍ മരണത്തിലേക്ക് ഏടുത്തെറിയപ്പെട്ടത്, യതൊരുവിധ പ്രകൃതി ദുരന്തവുമല്ല ഗുരുതരമായ കൃത്യവിലോപത്തിന്റെ ഇരകള്‍. എന്നിട്ടും പാവങ്ങളുടെ ജീവനു വിലപേശുന്ന എയര്‍ ഇന്ത്യയുടെ മേലാളന്മാര്‍ക്കും പ്രവാസി,വ്യോമയാന മന്ത്രിമാര്‍ക്കും (ഇരുവരും മലയാളികളാണെന്നതാണ് ഏറ്റവും സങ്കടകരം)കല്ലുകൊണ്ടുള്ള ഹൃദയമെങ്കിലും ഉണ്ടാവുമോ?

yaachupattam പറഞ്ഞു...

ബൈജു വളരെ നന്നായിരിക്കുന്നു.പ്രസക്തമായ നിരീക്ഷണങ്ങള്‍.

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

ഒരു വര്‍ഷം മുന്‍പ്‌ അവര്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു.
നെയ്തെടുത്ത സ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള ജീവിത പ്രയാണത്തിനിടയില്‍ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനുള്ള യാത്രയിലായിരുന്നു അവരില്‍ പലരും.
എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ചിറകുകള്‍ ലക്ഷ്യത്തിന് വിളിപ്പാടകലെ വെച്ച് , എന്നാല്‍ ജീവിത ലക്ഷ്യത്തിന് എത്രയോ അകലെ തകര്‍ന്നു വീഴുമ്പോള്‍ ഒട്ടേറെ കുടുംബങ്ങളുടെ സ്വപ്നങ്ങളുടെ ചിറകുകള്‍ കൂടിയാണ് കരിഞ്ഞു പോയത്.
മംഗലാപുരം വിമാനത്താവളത്തിലെ അശാസ്ത്രീയമായ റണ്‍വേ യും പൈലറ്റിന്‍റെ കൈപ്പിഴയും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ പൊലിഞ്ഞത് വിലപ്പെട്ട 158 ജീവനുകള്‍ ആയിരുന്നു.
വര്‍ഷമൊന്ന് പിന്നിടുമ്പോളും വിമാന ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ വീണ്ടും ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും ഒളിച്ചുകളി തുടരുമ്പോള്‍ പ്രിയപ്പെട്ടവര്‍ നഷ്ട്ടപ്പെട്ടവര്‍ വേര്‍പാടിന്‍റെ വേദനക്കൊപ്പം തിരസ്ക്കാരത്തിന്റെ നൊമ്പരങ്ങളും പേറുകയാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നഷ്ട്ടപരിഹാരം നല്‍കുമെന്നാണ് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിച്ചത്.എന്നാല്‍ പലര്‍ക്കും സഹായധനത്തിന്റെ ആദ്യ ഗഡു പോലും ലഭിച്ചിട്ടില്ല.
അന്താരാഷ്‌ട്ര മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തി മരിച്ചവരുടെ തൊഴിലും ശമ്പളവും അടിസ്ഥാനപ്പെടുത്തി നഷ്ട്ടപരിഹാരം നല്‍കാമെന്നാണ് എയര്‍ ഇന്ത്യ യുടെയും ഇന്‍ഷുറന്‍സ്‌ കമ്പനികളുടെയും നിലപാട്.
അതായത് മനുഷ്യ ജീവന് മാര്‍ക്കറ്റിലെവില സമ്പ്രദായം.
ഇന്‍ഷുറന്‍സ്‌ കമ്പനികളും എയര്‍ ഇന്ത്യയും ദുരന്ത ബാധിതരുടെ വികാരങ്ങളെടുത്ത് പന്താടുമ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രിയും കേന്ദ്ര സര്‍ക്കാരും കാഴ്ചക്കാരായി കൈകെട്ടി നില്‍ക്കുന്നു.
ഓര്‍മിക്കുക...
ഒരു വര്‍ഷം മുന്‍പ്‌ അവരും നമ്മോടൊപ്പമുണ്ടായിരുന്നു.
ഓര്‍മ്മകള്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കണം.
വൈകി എത്തുന്ന നീതി അനീതിയാണ്.