കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

20 ജൂൺ 2011

മൈദപ്പൊടി

ഇന്തോ-ഇറ്റാലിയൻ പൊറോട്ടയ്ക്ക് 'നാൽപ്പത്തിയൊന്നാം' ജന്മദിനാശംസകൾ..

=====================================

'നാൽപ്പത്തിയൊന്ന്' എന്നത് നമ്മൾ പലപ്പോഴും പ്രാകൽ രൂപത്തിലും 'ആത്മാവിന്നു' നിത്യശാന്തിനേരാനും ഉപയോഗിക്കാറുള്ള സംഖ്യാ പ്രയോഗമായതുകൊണ്ട് തലപ്പാവണിഞ്ഞ പ്യൂൺ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. പാലു കരിഞ്ഞ മണമടിക്കാൻ തുടങ്ങീട്ടുണ്ട്.....

=====================================

നമ്മുടെ നാട്ടിലെ ആക്റ്റിവിസ്റ്റുകൾക്ക് പൊതു പുരോഗമന നയങ്ങളോടുള്ളതുപോലുള്ള മുൻ വിധിയോടുകൂടിയുള്ള വിരോധം തന്നെയാണെനിക്കു മൈദപ്പൊടിയോടും അതിന്റെ സന്തതികളോടും. പ്രത്യേകിച്ച് പൊറോട്ടകളോട്. ഇതേ ഞാൻ ഇന്നലെവരെ ആറുമാസക്കാരൻ ദർശങ്കുഞ്ഞിയെ 'ബേബി റസ്ക്ക്' എന്ന പേരിൽ തീറ്റിച്ച സാധനം വെറും മൈദപ്പൊടിയായിരുന്നെന്നറിഞ്ഞ നിമിഷത്തിൽ ഞാൻ...................
ഇന്നലെമുതൽ റസ്ക്കുകളും എന്റെ ശത്രു!

=====================================

മൈ.. യിൽ തുടങ്ങുന്ന തെറി ആ നിലയിൽ വിളിക്കാൻ തക്ക ഉളുപ്പില്ലാത്തതിനാൽ 'മൈദപ്പൊടി' എന്നു സംസ്കരിച്ചാണു ഞാൻ പ്രയോഗിക്കാറ്. ആയതിനാൽ മുൻപും ശേഷവും ആ വിളിക്ക് ആരെങ്കിലും ഇരയായവരും ആവാനിരിക്കുന്നവരും ഈ അർത്ഥതലം മനസ്സിലാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.16 ജൂൺ 2011

തേങ്ങാക്കൊല ഷാമ്പൂ

ഞാൻ ടെലിവിഷൻ കാണുന്നത് മിക്കവാറും വാർത്തയും പരസ്യങ്ങളും കാണാൻ മാത്രമാണ്. 'സർഗ്ഗാത്മകത' എന്നൊന്നുണ്ടെങ്കിൽ അത് മേൽ രണ്ട് വിഷയങ്ങളിലേ എന്റെ കണ്ണിൽ കാണാനാവുന്നുള്ളൂ.

എനിക്കിഷ്ടപ്പെട്ട ഏറ്റവും പുതിയ പരസ്യം "വനേസ്സയെന്നാൽ പൂമ്പാറ്റയല്ലേ" "എന്തേ പൂമ്പൊടി നുകരാൻ വരുന്നോ?" എന്ന താങ്ങു തുണിയുടെ പരസ്യം തന്നെ.

മലയാളികളുടെ പ്രകൃതിദത്ത ഉത്പന്ന സ്നേഹത്തെ ചൂഷണം ചെയ്യാൻ വൈദ്യരുടെ പുത്തിയിൽ വിരിഞ്ഞ പുതിയ തേങ്ങാക്കൊല ഷാമ്പൂവിന്റെ പരസ്യം കണ്ടിരുന്നോ? കെമിക്കലുകൾ ചേരാത്ത ഷാമ്പൂ പോലും! ത്ഫൂ.... ഉപഭോക്താക്കളുടെ സാമാന്യബുദ്ധിയെ ഇങ്ങനെ അവഹേളിക്കാൻ എങ്ങനെ ഇവന്മാർക്ക് ധൈര്യം കൈവരുന്നൂ? കെമിക്കലുകൾ ചേർക്കാതെ എങ്ങനെ ഷാമ്പൂ നിർമ്മിക്കും? അതെങ്ങനെ ഷാമ്പൂവാകും?

ഇതിന്റെ മറ്റൊരുവശം എന്ന രീതിയിൽ പണ്ടൊരു ചേച്ചി ഡാക്റ്റർ ചെമ്പരത്തി ജ്യൂസ് ഷാമ്പൂ വെന്ന പേരിൽ മാർകറ്റിലിറക്കിയത് മാരകമായ പ്രിസർവേറ്റീവുകൾ ചേർത്തായിരുന്നു.

ഹും സഹിക്ക തന്നെ!

14 ജൂൺ 2011

ബൂലോകരേ എന്നെ സഹായിക്കൂ...

പണ്ട്, കാലിൽ നിസ്സാര കീറിമുറിക്കലിന്നു വേണ്ടി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ  പ്രവേശിപ്പി  ക്കപ്പെട്ട എന്റെ അച്ഛനെന്ന രോഗിയെ വീട്ടിൽപ്പോയി 'കാണാത്തതിന്റെ' പേരിൽ, സർജ്ജന്റെ തലയിൽ വച്ചു കെട്ടിയ വിജയരാഘവൻ എന്ന എല്ലു രോഗ മൂരാച്ചിയുടേയും ആ ഫയൽ വലിച്ചെറിഞ്ഞ സർജ്ജൻ എരപ്പാളിയുടേയും തോന്ന്യാസങ്ങൾ കണ്ടുമടുത്തപ്പോൾ മനസ്സിൽ മുളപൊട്ടിയതാണ് കുടുംബത്തിൽ ആരേയെങ്കിലും ഡോക്റ്ററാക്കണമെന്ന ആശയം.

ഇപ്പോൾ ഡോക്ടറാക്കാൻ എനിക്കാളുണ്ട്. പക്ഷേ ഇപ്പോൾ ആറുമാസം മാത്രം പ്രായമായ അവന്റെ പഠന നിലവാരം പ്രവചനാതീതമായതുകൊണ്ട്,  എൻട്രൻസ് പരീക്ഷയിൽ 3200-മത് റാങ്കുകാരൻ സീറ്റില്ലാതെ വലയുമ്പോൾ ഇവൻ 32000-മത് റാങ്കാണ് നേടുന്നതെങ്കിൽ എൻ ആർ ഐ ക്വാട്ടയോ ബീവറേജസ് ക്വാട്ടയോ വേണ്ടി വന്നേക്കാം.

ആയതിന്ന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്ന കാര്യം നിങ്ങൾക്കെല്ലാം നല്ലോണമറിയാമല്ലോ. അപ്പോൾ ഇന്നത്തെ നിലയിൽ ഈ നാലുകുപ്പി ദശമൂലാരിഷ്ടവും പത്തു വായുഗുളികയും വിറ്റ് ആ മോഹം സഫലീകരിക്കുക എന്നത് നടക്കുന്നകാര്യമല്ല.

ആയതിനാൽ താഴേ പറയുന്ന നാലുകാര്യങ്ങൾ നേടിയെടുക്കാൻ നിങ്ങളോരോരുത്തരുടേയും സഹായ-നിർദ്ദേശോപദേശങ്ങൾ ക്ഷണിക്കുന്നു. സഹകരിക്കുമല്ലോ?

1. സംസ്ഥാനത്ത് നല്ല പിടിപാടുള്ള ഏതെങ്കിലും യുവജന സംഘടനയുടെ സംസ്ഥാന ഖജാഞ്ജി സ്ഥാനം എങ്ങനെ നേടിയെടുക്കാം?
2. ഭാര്യയെ എങ്ങനെ ഏതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാക്കാം?
3. ഏതെങ്കിലും ചെറു പട്ടണത്തിൽ, വൻ വരുമാന സാധ്യതയുള്ള ഖാദി ഷോ റൂം എങ്ങനെ ആരംഭിക്കാം?
4. ഇപ്പോൾ തന്നെ ദുഫായിൽ ജോലിയുള്ള അളിയന്ന് എൻ ആർ ഐ അക്കൗണ്ട് തുടങ്ങാനും എൻ ആർ ഐ ചെക്കു ബുക്ക് സംഘടിപ്പിക്കാനും എന്തു വേണം?

എല്ലാരും സഹകരിക്കുമല്ലോ? എന്റെ മോഹം പൂവണിയിക്കുമല്ലോ?
10 ജൂൺ 2011

സൂപ്പർഫാസ്റ്റ് കൊള്ള

കേരളത്തിൽ സൂപ്പർ ഫാസ്റ്റ്, ടൗൺ റ്റു ടൗൺ പദവികളിൽ ബസ്സ് സർവീസ് നടത്താനുള്ള അധികാരം നമ്മുടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്ന് മാത്രമാണെന്നാണ് വയ്പ്പ്. എന്നാൽ മിനിമം ചാർജ്ജ് പത്തുരൂപ ഈടാക്കി കേരളത്തിലങ്ങോളമിങ്ങോളം നിരവധി സ്വകാര്യ ബസ്സുകൾ  സൂപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ തൃശ്ശൂർ-കാഞ്ഞങ്ങാട്, കോഴിക്കോട്-കാസർക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന രണ്ട് ബസ്സ് കൊള്ളയ്ക്ക് ഞാൻ തന്നെ ഇരയായിട്ടുണ്ട്.  

ഈ വിഷയത്തിൽ സിറ്റിസൺ കോൾ സെന്ററിൽ നിന്നു നൽകിയ ഫോൺ നമ്പറിൽ  തിരുവന്തപുരം ട്രാൻസ്പോർട്ട് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ഇത്തരത്തിൽ സർവ്വീസ് നടത്താൻ ആർക്കും നിയമപരമായി യാതൊരവകാശവുമില്ലെന്നും ആർടിഓയ്ക്ക് പരാതി നൽകിയാൽ നടപടികൾ സ്വീകരിക്കാമെന്നും പറഞ്ഞിരുന്നു.

മുൻപൊരിക്കൽ എന്റെ ഒരു വക്കീൽ കൂട്ടുകാരൻ, മറ്റൊരു ബസ്സ് ഭീകരകതയ്ക്കെതിരേ ആർടിഓയ്ക്ക് പരാതികൊടുത്തപ്പോൾ കിട്ടിയ 'ക്വട്ടേഷൻ പണി' ഓർത്ത് ഞാനതിനന്ന് മുതിർന്നില്ല.

ഇന്ന് രാവിലെ വീണ്ടും ബോർഡ് നോക്കാതെ അഞ്ചു രൂപാ ദൂരത്തിലുള്ള യാത്രയ്ക്ക് 'ധന്യ'യിൽ കേറിപ്പോയി. വീണ്ടും കിട്ടി പത്തുരൂപാ ടിക്കറ്റ്. നിയമപരമായാണ് ഞങ്ങൾ സർവ്വീസ് നടത്തുന്നതെന്നും ഒലത്താനാവുമെങ്കിൽ ഒലത്തിക്കോന്ന് കണ്ടക്റ്ററും.

ഇനി ഈ 'ധന്യ' തന്ന ടിക്കറ്റ് ശ്രദ്ധിക്കൂ. ഒരേ ടിക്കറ്റിൽ രണ്ട് റജിഷ്ട്രേഷൻ നമ്പറുകൾ കാണാം. അതിൽ പ്രാധാന്യത്തോടു കൂടി നൽകിയിരിക്കുന്ന നമ്പർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ  ഈ ലിങ്കിൽ പരിശോധിക്കൂ. പെട്രോളിലോടുന്ന നോൺ ട്രാൻസ്പോർട്ട് വാഹനത്തിന്റെ നമ്പറാണത്.

ഇതേ ടിക്കറ്റിൽ ഈ പകൽക്കൊള്ള മോട്ടോർ വെഹിക്കിൾ നിയമപ്രകാരമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണാവോ ഈ ആക്റ്റ്? 
ഇങ്ങനെ സർവ്വീസ് നടത്താൻ സഹായിക്കുന്ന ഏതെങ്കിലും ആക്റ്റ് ഇപ്പോൾ പ്രാബല്യത്തിലുണ്ടോ? അല്ലെങ്കിലും ചോദിക്കാനും പറയാനും ആളില്ലാത്തവിടെ ആർക്കും എന്തുമാവാലോ!


08 ജൂൺ 2011

50 ലക്ഷം

മുന്നറിയിപ്പ്: ഈ ബ്ലോഗ് പ്രസിദ്ധീകരണം തുടങ്ങിയതിൽ പിന്നെ ആദ്യമായി എന്റേതല്ലാത്ത ഒരു സൃഷ്ടി ഇവിടെ പോസ്റ്റുന്നു. ഫേസ് ബുക്കിൽ നിന്നു കിട്ടിയതാണ്. ക്ഷമ ആവശ്യപ്പെടാൻ എല്ലാവർക്കുമവകാശമുണ്ട്.

നിറത്തോക്കിനു മുന്നില്‍ തോറ്റുകൊടുക്കാതെ വിരിമാറുകാണിച്ചവരായിരുന്നു ആ പഴയ സുഹൃത്തുക്കള്‍ പക്ഷെ അവരെയും നിങ്ങള്‍ തോല്‍പ്പിച്ചുകളഞ്ഞു...'നമ്മെ അനക്കമറ്റതാക്കാന്‍ ശത്രുപക്ഷം ഉണര്‍ന്നിട്ടുണ്ട്... നമ്മുക്ക് മുന്നിലെ വഴികള്‍ എളുപ്പമല്ല. അഞ്ച് രക്ത നക്ഷത്രങ്ങള്‍ പിടഞ്ഞുവീണു. നേര്‍ക്ക് നേരെയല്ല ഇനി അവരുടെ വരവ്...
അനവധി മുഖങ്ങളില്‍, വേഷങ്ങളില്‍ അവരെത്തും,
നമ്മുടെ പോരാട്ടവീര്യം തകര്‍ക്കാന്‍...
തളരരുത്.പോരാടുക...
അരക്കോടി രൂപക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍
സ്വാശ്രയ സീറ്റ് ലേലം വിളിച്ചെടുക്കുമ്പോള്‍
മേല്‍പറഞ്ഞ വരികള്‍ സത്യമാകുന്നു........
ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും.........
ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും.........
ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും.........
ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും.........

07 ജൂൺ 2011

ഒരു 'പ്രൊഫഷണൽ' അനുഭവം

വെബ് കാമിൽ എന്റെ സൗന്ദര്യം കണ്ടു മടുത്തിട്ടോ എന്തോ ഒരു ഫെയർനെസ്സ് ക്രീം കമ്പനിക്കാർ എനിക്കൊരു സാമ്പിൾ പാക്കറ്റ് വാഗ്ദാനം ചെയ്തു. ഞാൻ നൽകിയ മേൽവിലാസത്തിൽ ഉത്തരവാദിത്വത്തോടെ അവർ അയച്ചു തന്നു. അങ്ങനെ ഇക്കഴിഞ്ഞ മുപ്പതാം തീയതി പ്രൊഫഷണൽ കൊറിയറിന്റെ കാസർക്കോട് ഫ്രാഞ്ചൈസിയിൽ നിന്ന് വിളിവന്നു. സാധനം ഇവിടെയുണ്ട്. ഡോർ ഡെലിവറി പറ്റില്ല, വന്നിട്ട് കളക്റ്റ് ചെയ്തോണം. ആയ്ക്കോട്ടേന്നു ഞാനും. ബ്ലേഡുകാരനിൽ നിന്ന് മുങ്ങിനടക്കുന്നതു കാരണം അന്നൊന്നും പോവാൻ പറ്റീല. ഒടുവിൽ അഞ്ചാം തീയതി കളക്റ്റാൻ പോയപ്പോൾ സാധനം അവിടില്ല. കൗണ്ടറിലിരുന്ന ചേച്ചിമാർ പരതിമടുത്തതായ് അഭിനയിച്ച് ഒരു ന്യായം പറഞ്ഞു: "അത് കൊറേ ദിവസായീലേ, ഞമ്മൾ തിരിച്ചയച്ചു". ഹാ എന്തൊരു ഉത്തരവാദിത്വം!

എന്തായാലും, പ്രൊഫഷനൽ കൊറിയർ കാസർക്കോട് ഫ്രാഞ്ചൈസിയിലെ ചേച്ചിമാരുടേയും ചെക്കന്മാരുടേയും 'ഫേസ് ബുക്ക്' നിരീക്ഷിക്കാൻ ചങ്ങായിമാരെ ഏർപ്പാടാക്കിയിട്ടുണ്ട്. വല്ല മാറ്റവുമുണ്ടോന്നറിഞ്ഞിട്ട് വേണം 'സാധനം' വിലകൊടുത്ത് വാങ്ങിത്തേക്കാൻ!

04 ജൂൺ 2011

ഉപവാസം

അരാഷ്ട്രീയതയുടെ ബാനറിൽ അന്നാഹസാരെ ലോക് പാൽ ബില്ലുയർത്തി നടത്തിയ ഗാന്ധിയൻ സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള കാവി സംഘടനകളുടെ ശ്രമം പാളിയതിന്റെ പാർശ്വഫലമായി മാത്രമേ ബാബാ രാംദേവിന്റെ ആഭാസ സമരത്തെ കാണാനാവൂ.
കോടികൾ ചിലവാക്കി ആഡംബരപൂർവ്വം ആഘോഷിക്കുന്ന ഈ 'സമര'ത്തെ എന്തിന്നു കേന്ദ്ര സർക്കാർ ഇത്രയധികം ഭയപ്പെടണം?  സർക്കാറിന്നും ഈ യോഗ മാഷിന്നുമിടയിലെ കടപ്പാടു ബാധ്യതകൾ എന്തൊക്കെയാവാം? ചീയാൻ തുടങ്ങിയ സ്ഥിതിക്ക് നാറുമ്പോൾ എല്ലാം നാമറിഞ്ഞേക്കും.

===============================================

മനുഷ്യന്റെ തലയോട്, നീർനായയുടെ വൃഷണം തുടങ്ങിയ ബാബാദേവിന്റെ 'ഫാക്റ്ററിയിലെ' അസംസ്കൃതവസ്തുക്കൾക്ക് വല്ല ക്ഷാമവുമുണ്ടെങ്കിൽ തടസ്സങ്ങളൊന്നുമില്ലാതെ ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം കൂടി കേബിനറ്റ് സിക്രട്ടറി ഒരുക്കിക്കൊടുക്കണം.

===============================================

ഉപ വാസം ഒഴിയുന്ന മുറയ്ക്ക്, മൈതാനിയിൽ യോഗാമാഷിന്റെ മരുന്നു കമ്പനിയിലെ തൊഴിലാളികൾക്ക് മിനിമം വേതനം ആവശ്യപ്പെട്ട് പട്ടിണി സമരം നടത്താനുള്ള സൗകര്യം പരിഗണിക്കാവുന്നതാണ്.

================================================

ഫ്ലാഷ് ന്യൂസ്: ഉപവാസങ്ങൾക്കു കിട്ടുന്ന ഈ ഭയങ്കര മാധ്യമ കവറേജിൽ ആകൃഷ്ടരായി, കണ്ണൂർ സൈബർ മീറ്റിനോടനുബന്ധിച്ച് 'പൊറോട്ട നിരോധിക്കണ'മെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്താൻ സംഘാടകർ ആലോചിച്ചേക്കും. പണ്ടാര ഫുഡ്ഡു ചിലവും കുറഞ്ഞു കിട്ടും, മാധ്യമ പരിഗണനയും നല്ലോണം കിട്ടും. ഹും!