കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

28 ജൂലൈ 2011

ഉമ്മൻചാണ്ടീ അതിവേഗം പാളം തെറ്റുന്നതറിയുന്നുണ്ടോ?


രാഷ്ട്രീയക്കാർക്ക് ജനഹൃദയം കയ്യേറാൻ പല വഴികളും മുൻഗാമികൾ വരഞ്ഞു വച്ചിട്ടുണ്ട്. പാവങ്ങളുടെ തോളിൽ കയ്യിട്ട് നടന്ന് അവന്റെ കാര്യങ്ങൾക്കായ് ജീവിതം തന്നെ സമരമാക്കിയ ഏക്കേജിയും, ഏറേക്കാലം മുഖ്യമന്ത്രിയായി വാണീട്ടും ആ നിലയ്ക്ക് എന്നുമോർമ്മിക്കാൻ യാതൊന്നും സംഭാവന ചെയ്യാതെ, തനി കണ്ണൂരൻ സംഭാഷണ ശൈലിയിൽ കാമഡി പറഞ്ഞ് ജനമനസ്സിൽ  സ്ഥിരം അക്കൗണ്ട് തുറന്നുവച്ച നായനാരുമൊക്കെ വ്യത്യസ്ത കമ്മ്യൂണിസ്റ്റ് ശൈലികൾ.

നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി അത്തരം സൂത്രവിദ്യകളിൽ പലതിന്റേയും ഉസ്താദാണല്ലോ. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി നംബറുകൾ പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന്നു മാത്രമേ ആവൂ. ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നയം ശീലമാക്കിയത് അത്ര പെട്ടന്നങ്ങ് ഒഴിവാക്കാൻ പറ്റില്ലല്ലോ.

ഏതോ പൊതുസമ്മേളന വേദിയിൽ പണ്ടെന്നോ കണ്ട വികലാംഗ പൗരന്ന് മുഖ്യമന്ത്രിയായതിന്റെ നാലാം നാൾ സ്കൂട്ടർ വാങ്ങിക്കൊടുത്ത വാർത്ത വെറും കാസർക്കോടൻ പ്രാദേശികത്തിൽ മാത്രം അച്ചു നിരത്തിയ സകലമാന മാധ്യമ മൂരാച്ചികളോടും ഉമ്മൻ സാറിനില്ലാത്ത രോഷം ഇവിടെ  ഞാൻ വിളംബുന്നൂ.

അങ്ങനെയൊക്കെ ജനപിന്തുണ നേടിയ ഒരു നേതാവ് മുഖ്യമന്ത്രിയായപ്പോൾ നമ്മുടെ നികുതിപ്പണമെടുത്ത് സ്വന്തമായി വെബ് സൈറ്റ് തുടങ്ങുകയും അതിലൂടെ സ്വന്തം ചേംബറിലേയും ആപ്പീസിലേയുമൊക്കെ 'ഇടപാടുകൾ', കിരൺ ടീവീ പോലെ ഇരുപത്തിന്നാലു മണിക്കൂറും തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടിയെ കണ്ണടച്ച് വിമർശിക്കാൻ ഈ ബൂലോകത്തെ ദോഷൈകദൃക്കളിലൊരാളായ ഞാൻ തയ്യാറായിരുന്നില്ല.

പക്ഷേ അതേ വെബ്ബ്സൈറ്റിൽ വേറേയും കുറേ ഇടപാടു ക്ണാപ്പുകളുണ്ട്. അതിൽ രണ്ടു മൂന്നെണ്ണത്തിൽ- പെറ്റീഷൻ റ്റു സീയെം, സിറ്റിസൻ ജേണലിസം, മെയിൽ റ്റു സീയെം- ഞാൻ ഒരു പൊതുതാത്പര്യ വിഷയം സമർപ്പിച്ചിട്ട് ഉദ്ദേശം (കൃത്യം തീയ്യതി ഓർക്കുന്നില്ല) ഒരുമാസമായിട്ടും യാതൊരു  മറുപടിയുമില്ല. സംഭവം കൈപ്പറ്റിയെന്നൊരു കമ്പ്യൂട്ടർ ജെനെറേറ്റഡ് മറുപടി പോലുമില്ല. (പണ്ട് ഏക്കേ ആന്റണീ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പത്രാധിപന്മാർക്ക് കത്തയച്ച് ബാക്കിവന്ന പോസ്റ്റ് കാർഡിൽ 'നവവത്സരാശംസകൾ' എന്നെഴുതി അയച്ചതിന്നു  'പരാതി കൈപ്പറ്റി' എന്നച്ചടിച്ച മൂന്ന് കാർഡുകൾ ലഭിച്ച ഓർമ്മ തികട്ടി വരുന്നു.)

അല്ല മുഖ്യമന്ത്രീ ഇങ്ങളെന്തിനാണ് നമ്മുടെ നികുതിപ്പണം ആവിയാക്കി ഈ സൈറ്റ് തുടങ്ങിവച്ചത്? അമേരിക്കനാഫ്രിക്കൻ കറുപ്പന്മാർക്കും സായ്പന്മാർക്കും ജനാധിപത്യ കേരള വാസികളോട് അസൂയയുണ്ടാക്കുന്ന വാർത്ത  ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിക്കുക എന്നതു മാത്രമായിരുന്നോ ലക്ഷ്യം?

മേൽ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട ആപ്പീസ് ജീവനക്കാരൻ ഫയലിൽ തലവച്ച് കിടന്നുറങ്ങുന്ന ദയനീയ വീഡിയോ ഫേസ് ബുക്കിലും യൂ റ്റ്യൂബിലും കണ്ട് വല്ല അമേരിക്കൻ സായ്പ്പും ഉമ്മൻ സാറിന്നെ വിളിച്ചിരുന്നുവോ എന്തോ!

അല്ലെങ്കിൽ ഒരു പക്ഷേ ഉമ്മൻസിന്റെ ആപ്പീസ് ജീവനക്കാർ മാത്രം ഇങ്ങനൊരു സൈറ്റ് തുടങ്ങിയ കാര്യം അറിഞ്ഞിട്ടുണ്ടാവില്ല.-അറിഞ്ഞിരുന്നുവെങ്കിൽ കേമറയ്ക്കു താഴേ ഇരുന്നുറങ്ങുമായിരുന്നില്ലല്ലോ- എങ്കിൽ ഇന്നു തന്നെ ദയവായി അവരെ അറിയിക്കാന്നും കിട്ടിയ പരാതികൾ പരിശോധിക്കാനും ഉത്തരവുണ്ടാവണം.

=============================================

കേരള സർക്കാർ വകുപ്പുകളുടെ വെബ്ബ്സൈറ്റുകളിൽ എല്ലാ പദവിക്കാരുടേയും ഇ-മെയിൽ വിലാസങ്ങൾ നല്ല ഇറ്റാലിക്ക് ഫോണ്ടിൽ നിരത്തിയിട്ടുണ്ട്. പക്ഷേ ആരുമതുപയോഗിച്ച് സമയം കളഞ്ഞേക്കരുത്. ട്രാൻസ്പോർട്ട് വകുപ്പിന്റെ കണ്ണൂർ ജില്ലാ ആപ്പീസ് മുതൽ കമ്മീഷണർ വരെയുള്ള പഹയന്മാർക്ക് ഞാനയച്ച ഇ-മെയിൽ പരാതിക്ക് ഇന്നേവരെ യാതൊരു മറുപടിയുമില്ല. എന്തിനാണു സാറന്മാരേ പ്രതികരണമില്ലാത്ത ഈ വിലാസങ്ങൾ നൽകി ബൂലോകരെ പറ്റിക്കുന്നത്?

============================================

എല്ലാ സർക്കാർ വകുപ്പും എന്നു പറഞ്ഞതിന്നു തിരുത്ത്: സൈബർ പൊലീസിന്ന് ഏതെങ്കിലും ബ്ലോഗർക്കെതിരെ പരാതി മെയിലയച്ചു നോക്കൂ. ഇരുപത്തിനാലു മണിക്കൂറിന്നകം ചങ്ങായി അകത്തായിട്ടുണ്ടാകും. ഇതു പേടിച്ച് ഞാനിപ്പോൾ തൊണ്ടി മുതൽ ലാപ് ടോപ്പും ജാമ്യത്തുക പതിനായിരം നിക്ഷേപിച്ച എടിഎം കാർഡുമായാണ് ഫുൾ ടൈം നടത്തം.

============================================

ഉമ്മൻസിന്റെ ആപ്പീസുകാരൻ ഉറങ്ങുന്നതും ഏതോ ലവൻ വന്ന് ശല്യപ്പെടുത്തുന്നതും കണ്ടിട്ടില്ലാത്തവർക്കായിതാ ഇവിടെ:

23 ജൂലൈ 2011

അന്തോണിച്ചാ എന്നാലും..

ഒരു മലയാളിക്ക് മറ്റൊരു മലയാളി നന്നാവുന്നത് കണ്ടൂടാ എന്ന കാര്യം മലയാളികൾക്ക് മാത്രമല്ല ദുഫായീലെ പാക്കിസ്താനികൾക്ക് പോലും നന്നായറിയാം. എങ്കിലും സ്വന്തം പ്രതിരോധം മാത്രം നോക്കിയിരുന്നാൽ സ്വിസ്സ് ബാങ്ക് നിറയ്ക്കാമായിരുന്നിട്ടും സിൽമ്മാ നടന്മാരുടെ നിലവറയിലെ സ്വകാര്യം മണപ്പിക്കുന്ന ഊമക്കത്തുകൾ വായിച്ചൊപ്പിടുന്നവനെ നമുക്ക് ശരിക്കും മലയാളിയെന്നു വിളിക്കാനാവില്ല.

പൂച്ചപാലുകുടിക്കുമ്പോലെ പമ്മി നടന്ന് ഒടുവിൽ കേന്ദ്ര പ്രതിരോധവകുപ്പ് സ്വന്തമാക്കിയ ആന്റണി ആളുകരുതുന്നത്ര പഞ്ചപ്പാവമൊന്നുമല്ല. വീട്ടിൽ വെള്ളം കുടിക്കുന്ന കുപ്പിഗ്ലാസ്സിന്റെ എണ്ണം വരെ പത്രത്തിൽ കൊടുത്ത് പട്ടിണി ആദർശത്തിന്റെ ആളാവാൻ മാത്രമല്ല ദൈവങ്ങളുടെ നിലവറ ഗണേശഗണപതി അറിയാതെ തുരക്കാനുമറിയാം ചങ്ങായിക്ക്.

അല്ലെങ്കില്പിന്നെ ഇങ്ങീ മലയാള പടവല ലോകത്ത് ലച്ചം വാട്സിന്റെ വെളിച്ചത്തിന്നുമുന്നിൽ കിടന്നും തുള്ളിയും അടികൊണ്ടും നമ്മെ രസിപ്പിക്കാനായി ത്യാഗം ചെയ്യുന്ന മഹാദൈവങ്ങളുടെ നിലവറ തുറക്കാൻ കൂലിപ്പട്ടാളത്തെ ഉന്തിയയക്കാൻ ധൈര്യം വരുമോ?

അന്തോണിച്ചാനായാലും അഴീക്കോടൻ ഖാദിസഖാവോ ആരായാലും സൂക്ഷിച്ച് ജീവിച്ചോളൂ. നിലവറ ഏതായാലും, ദൈവമേതായാലും തുറപ്പിക്കാൻ മുൻ കൈയെടുക്കുന്നവരൊക്കെ വേഗം വിളിക്കപ്പെടുന്ന കാര്യം പത്രം വായിക്കാത്ത പഴമക്കാരൊക്കെ കള്ളുഷാപ്പിലിരുന്ന് ചർച്ച ചെയ്യാൻ തുടങ്ങിയ കാലമാണ്.

നമ്മുടെ ഭരണഘടനയുടെ ന്യൂനപക്ഷ പ്രേമമുണ്ടാക്കിയ ഹലാക്കിന്റെ മതവിവേചന പാർശ്വഫല ഭീരുത്വത്തെ മറികടക്കാൻ മാത്രമെന്തോ അച്ചായനായില്ല. നല്ല മുന്തിയ നായരായ മോകനനെ തൊടുമ്പോൾ മതേതര ബാലൻസുണ്ടാക്കാൻ കള്ളുകുടിക്കാത്ത ശുദ്ധമുസ്ലിമ്മാപ്പിളയെകൂടി കണക്കിൽ പെടുത്തി ദ്രോഹിക്കുന്നത് വിവരിക്കാൻ പൈശാചികമെന്ന വാക്ക് പോരാ.

ഇനി കറണ്ടുകട്ടിന്റേയും ശുചിത്വ കേരളത്തിന്റേയും പട്ടാളത്തിന്റേയും മാത്രമല്ല നികുതിപിരിവിന്റേയും ബ്രാൻഡ് അംബാസ്സിഡറാവാൻ ലവന്മാർക്ക് കൂടുതൽ അഭിനയിക്കേണ്ടിവരില്ല. പട്ടാളത്തിന്റെ അംബാസ്സിഡറായപ്പോൾ തോക്കുമെടുത്തു നടക്കുന്ന സീനായിരുന്നെങ്കിൽ ഇനിയിപ്പോ നികുതിപ്പരസ്യത്തിൽ റെയ്യ്ഡിന്നിടയിൽ തലചൊറിയുന്ന സീൻ സംവിധായകന്റെ ശാസനകളില്ലാതെ തന്നെ എളുപ്പത്തിൽ അവതരിപ്പിക്കാമല്ലോ.

=========================================

വീരപ്പന്ന് ആനകഴിഞ്ഞാൽ പിന്നെയുണ്ടായിരുന്ന ഏക ദൗർബല്യം നരസിംഹത്തിന്റെ സിനിമകളായിരുന്നു എന്നു പണ്ട് ആരോ പറഞ്ഞുകേട്ടറിവുണ്ട്. അന്നത് പുളുവാണെന്നേ കരുതിയിരുന്നുള്ളൂ. ഇപ്പോ അതിന്നും തീർച്ചയായി. അപ്പോ നിലവറേലെ ആ സത്യമംഗലം...


20 ജൂലൈ 2011

വള്ളിക്കുന്ന് ബ്ലോഗും വിചാരണചെയ്യപ്പെടുന്നു....

ബെർളിച്ചായനെ 'ബ്ലൂ' ബ്ലോഗുകളുടെ പേരിൽ വിമർശന വിധേയമാക്കിയ 'ബ്ലോഗ് പുലി' വള്ളിക്കുന്നുനെ മറ്റൊരു ബ്ലോഗറായ ശ്രീജിത്ത്, മലപ്പുറമെന്നാൽ ലീഗാണെന്നും ലീഗെന്നാൽ മറ്റുപലതും എന്ന രീതിയിൽ ബ്ലോഗെഴുതുന്നയാളാണ് വള്ളിക്കുന്ന് എന്ന് കാര്യകാരണ സഹിതം വാദിക്കുന്ന "വള്ളിക്കുന്ന് ബ്ലോഗും സ്തുതിപാഠക വൃന്ദവും.!' ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നു.


നമുക്ക് കാത്തിരിക്കാം ഇനിയാര് ആരെക്കുറിച്ച് ബ്ലോഗെഴുതുമെന്ന്....


ഇതാ ലിങ്ക്...  http://www.sreejithkondotty.com/

17 ജൂലൈ 2011

കോയിക്കൂട് സർവ്വകലാശാല

കോയിക്കൂട് സർവ്വകലാശാലയോ? എന്താണാ സാധനം. ആദ്യം കേട്ടത് കോയിക്കോട് ബിരിയാണ്വേഴ്സിറ്റി എന്നാണ്. അതോണ്ടുമാത്രമാണ് അബിടത്തെ ബൈസ് ചെയർമാൻ* സ്ഥാനത്തേക്ക് പണ്ട് പ്ലസ് റ്റൂ ഉസ്കൂളിൽ കഞ്ഞി വിളംബാൻ പോകാറുള്ള ഓനെത്തന്നെ നിർദ്ദേശിച്ചത്.

അപ്പോളേക്ക് ബന്നില്ലേ ഇന്റർചർച്ച് മന്ത്രിമാരെല്ലാം പാരയും കൊണ്ട്. ഞമ്മളെ നാറ്റിക്കാനുള്ള ഈ പണി എന്തായാലും നടക്കൂല. പണ്ട് ഞമ്മൾ പ്രഖ്യാപിച്ച അഞ്ചാമനെ നിങ്ങൾ മുക്കി. ഓൻ തുന്നിവച്ച കുപ്പായം മുയ്മ്മൻ വാൽമൂട്ട തിന്നു തീർത്തു. അതന്ന് ഞമ്മൾ സഹിച്ചു.

രണ്ടാമത് ഞമ്മളുടെ മൊയലാളിമാർക്ക് ഇംഗ്ലീഷ് ഉസ്കൂള് തൊടങ്ങാൻ അനുമതി കൊടുത്തതും ഇന്റർചർച്ച് മന്ത്രിമാർ മൊടക്കി. അന്നും ഞമ്മൾ ക്ഷമിച്ചു.

പക്കേങ്കിൽ കോയിക്കോട് ബിരിയാണ്വേഴ്സിറ്റിയിൽ ഓനെത്തന്നെ നമ്മൾ നിയമിക്കും. അല്ലെങ്കിലും ഓനെന്താ കൊറവ്? അഞ്ചുകൊല്ലം സുന്ദരമായി പഞ്ചായത്ത് ഭരിച്ചില്ലേ? കോയിക്കോട് ബിരിയാണ്വേഴ്സിറ്റി ഭരിക്കാൻ അതിലും വലിയ സട്ട്രിപിക്കേറ്റ് ബേറെ ബേണോ?

===============================================

അഹിംസയുടെ ബ്രാന്റ് അംബാസ്സിഡറായിരുന്ന ശ്രീബുദ്ധന്റെ അനുയായിയായ ഒരുത്തനുണ്ട്- ഒരു പത്രമുതലാളീ.. ഓന്റെ പത്രത്തിൽ ഒടുക്കത്തെ മുംബൈ സ്ഫോടന പരമ്പര നടന്നതിന്റെ പിറ്റേന്ന് മത്തങ്ങ:- "മരണം 17 മാത്രം" എന്ന്. ഒരു പത്തിരുന്നൂറ് കാഞ്ഞിരുന്നെങ്കിൽ തരാതരം ന്യൂനപക്ഷവും ഭൂരിപക്ഷവും കലക്കി വെണ്ടക്ക നിരത്തി അർമ്മാദിക്കാമായിരുന്നു. ആ നിരാശ ഇങ്ങനെയേ തീർക്കാനാവൂ..


 എന്തു ചെയ്യണം ഇവന്മാരെ? ബഹുമാന്യ ചീഫ് വിപ്പ്, കറണ്ടാപ്പീസിൽ കള്ളുകുടിച്ചു കിടന്നവന്മാർക്ക് സമ്മാനിച്ച അതേ വാചകങ്ങൾ ഈ വീരനും അവന്റെ കൂലിയെഴുത്തുകാർക്കും സമർപ്പിക്കുന്നു.


15 ജൂലൈ 2011

വീ(ഷ്ണു)ണമൂർത്തി!


video


ദൈവക്കോലങ്ങൾക്കും രക്ഷയില്ലത്രേ!

പരദേവതകൾ മാപ്പാക്കട്ടെ....


കട: 
അജ്ഞാതൻ,
മൊബൈൽ കേമറ കണ്ടുപിടിച്ച വിദ്യാൻ,
'പ്ലാന്റേഴ്സ് ചോയ്സ്' ബ്രാന്റ് കൂതറ ബ്രാണ്ടി.14 ജൂലൈ 2011

ക്ഷമയ്ക്കുമില്ലേ അതിര്?

വിവരംകൂടി വിവരദോഷിയായി മാറുന്നവരുടെ എണ്ണം കൂടിക്കൂടിവരുന്നെന്നാണ് നമ്മുടെ പത്രക്കാർ നമ്മെ വിണ്ടും വീണ്ടുമോർമ്മിപ്പിക്കുന്നത്. നമ്മുടെ ഭരണഘടന  ന്യൂനപക്ഷങ്ങൾക്ക് പല പ്രത്യേക അവകാശങ്ങളും നൽകുന്നുണ്ട്- അതിലൊന്നാണ് സ്വാശ്രയകൊള്ളയ്ക്കുള്ള അവകാശം എന്ന വിവരം അറിയാത്തവന്മാരെ റിപ്പോർട്ടറായി നിയമിച്ചവന്മാരും അത്തരം വാർത്തകൾക്കനുമതിനൽകിയ എഡിറ്റർമാരുമൊക്കെ സാദാ വിവരദോഷികളല്ല മേൽപ്പറഞ്ഞ മറ്റേ ദോഷികൾ തന്നെയാണ്.

അത്തരം വിവവരദോഷികളെ വേദമോതി നേർവഴിയും കർത്താവിന്റെ വഴിയിലുമൊക്കെ നടത്തിക്കൽ മലയാളക്കരയിൽ നടക്കാത്തകാര്യമായതു കൊണ്ടാണല്ലോ, നമ്മുടെ സ്വന്തം രീതിയായ ക്വട്ടേഷൻ രീതി സ്വീകരിക്കേണ്ടിവരുന്നത്.

കോടതിക്കുഞ്ഞാടുകളിൽ നിന്ന് സ്വാശ്രയ വിധി എഴുതി വാങ്ങുന്നത്ര എളുപ്പമല്ല പത്രക്കാരെക്കൊണ്ട് നല്ല വാക്ക് പറയിപ്പിക്കൽ. അല്ലെങ്കിലും രണ്ടുമാസമായി ആ ഫസൽ ഗഫൂറിനെ മുന്നിലിരുത്തി ചർച്ച് കച്ചോടത്തെ  നാറ്റിക്കുന്നവരെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാനുള്ള സൂക്തങ്ങളൊന്നും വേദപുത്തകത്തിൽ ഇല്ലാലോ.

===============================================

മുർഡോക്ക് ന്യൂസും ദേശാഭിമാനിവിഷൻ ചാനലുമൊക്കെ ചെവിയിൽ നുള്ളി കാത്തിരുന്നോ.... വരുന്ന ഞായറാഴ്ച പുതിയ മഠയലേഖനമിറക്കുന്നുണ്ട്. കാണിച്ചു തരാം എല്ലാറ്റിന്നും.

===============================================

കന്യകാസേവ മാത്രമല്ല ക്വട്ടേഷൻ സേവയും നമ്മൾ........(പതിനാറാം അദ്ധ്യായം......13.14)

===============================================

ഇതാണു സ്വാശ്രയത്തിന്റെ യഥാർത്ഥ അവസ്ഥ!


==============================================

മാണിച്ചായന്ന് പ്രതിദിനം പുതുക്കുന്ന ബജറ്റിൽ പത്രപ്രവർത്തകർക്കും ഉപകരണങ്ങൾക്കും ഇൻഷൂറൻസ് ഏർപ്പാടാക്കി സഭാകുഞ്ഞാടുകളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാം. മധ്യസ്ഥത്തിൽ കേമറ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചാൽ......... ഓ എന്നാ വിലയാ കർത്താവേ ഈ പണ്ടാരത്തിനൊക്കെ!

==============================================

ഇപ്പോൾ അർമ്മാദിക്കുന്നവരൊക്കെ ഒന്നു തിരിഞ്ഞുനോക്കണം, പണ്ട് ഷാജഹാന് ജയരാജൻ ഉമ്മ കൊടുത്ത കണ്ണൂർകാലത്തേക്ക്. അന്നു ഛർദ്ദിച്ചതും വിഴുങ്ങിയതുമായ വാക്കുകൾ....


13 ജൂലൈ 2011

കാസർക്കോട് മെഡിക്കൽ കോളേജെന്ന തട്ടിപ്പ് വാഗ്ദാനം

കോട്ടയം-പാലാ ബജറ്റിൽ കാസർക്കോടെന്നു പറയാൻ വേണ്ടിമാത്രമായി പുതിയ മെഡിക്കൽ കോളേജ് നിർദ്ദേശങ്ങളുടെ ലിസ്റ്റിൽ കാസർക്കോടിനേയും പെടുത്തിയുള്ള 'ചതി' പ്രയോഗത്തേക്കുറിച്ച് ബ്ലോഗെഴുതാൻ തുടങ്ങിയപ്പോഴാണ് ഈ സംഭവത്തിലെ 'കൊടും ചതി' അറിഞ്ഞത്.

നിലവിൽ കാസർക്കോട്ടനുവദിക്കപ്പെട്ടതും സംസ്ഥാന ഭരണമൂരാച്ചികളുടെ മറ്റേ നയം കൊണ്ട് ഇന്നും വാടകകെട്ടിടത്തിൽ ചിതറി പ്രവർത്തിക്കുന്നതുമായ, കേന്ദ്ര യൂണിവാഴ്സിറ്റിയുടെ ഭാഗമെന്നോണം കേന്ദ്ര സർക്കാർ കാസർക്കോടിനനുവദിച്ച മെഡിക്കൽ കോളേജ്, കാട്ടിൽ കർപ്പൂരം കത്തിച്ച് ഭക്തജനങ്ങളെ പറ്റിക്കുന്ന തീർത്ഥാടന കേന്ദ്രത്തിന്റെ പേരുപറഞ്ഞ് തെക്കൻ കേരളത്തിലേക്ക് കൊണ്ട് പോകാനുള്ള ശ്രമം മുൻ മുഖ്യമന്ത്രിയുടെ എൻഡോസൾഫാൻ നിലപാടുകൾ മൂലം തത്കാലം മുടങ്ങിയുരുന്നു.

ആ മുളയിൽ വളമിടാനുള്ള ശ്രമം പുതിയ സർക്കാർ നിലവിൽ വന്നതിൽ പിന്നെ അൽപ്പം കനത്തിൽ നടക്കുന്നതിന്റെ പ്രാരംഭലക്ഷണങ്ങളാണ്  ഇപ്പോൾ ബജറ്റ് നിർദ്ദേശമായി മാണിച്ചായൻ അവതരിപ്പിച്ചിരിക്കുന്നത്.

നടക്കാത്ത സുന്ദര വാഗ്ദാനമായ സംസ്ഥാന മെഡിക്കൽ കോളേജ് നിർദ്ദേശത്തിന്റെ ബലത്തിൽ കേന്ദ്ര മെഡിക്കൽ കോളേജ് പത്തനംതിട്ടയിൽ സ്ഥാപിക്കുക എന്ന ലക്ഷ്യം പത്തനംതിട്ട ലോബിയുടേതാണ് എന്നു നമ്മളാദ്യം കരുതിയതെങ്കിൽ തെറ്റിപ്പോയെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

കാസർക്കോടൻ മെഡിക്കൽ കോളേജ് സർക്കാർ മേഖലയിലല്ല എന്ന വാർത്ത നമ്മെ വല്ലാതെ നിരാശരാക്കുന്നുണ്ട്. കാസർക്കോടിന്ന് അർഹതപ്പെട്ട- കൂടുതൽ സൗകര്യങ്ങളും, ഫണ്ടും മുടക്കമില്ലാതെ ലഭിച്ചേക്കാവുന്ന കേന്ദ്ര പദ്ധതിയെ ഇല്ലാതാക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ് മാണിച്ചായൻ ബജറ്റിലവതരിപ്പിച്ചത്. ജില്ലയിലെ യൂഡീയെഫ്ഫ് നേതാവിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമ്പൂർണ്ണ സ്വകാര്യ മെഡിക്കൽ കോളേജിന്നു വേണ്ടിയാണ് ഈ നാടകങ്ങൾ  എന്ന വാർത്ത ശരിയാണെങ്കിൽ, മാലോകരേ നമുക്ക് നല്ലത് കർണ്ണാടകത്തിൽ ലയിക്കുക തന്നെയാണ്. 

നാടിന്റെ ക്ഷേമത്തിനപ്പുറം സ്വാർത്ഥതാത്പര്യങ്ങളാൽ നയിക്കപ്പെടുന്ന രാഷ്ട്രീയ ജീവികൾ സാദാ ജനത്തിന്റെ വിലയറിയുന്നന്ന് മതവും ജാതിയും മുറിവിൽ പുരട്ടി അർമ്മാദിക്കുന്നത് തിരിച്ചറിയാൻ നമുക്കെന്തേ ആവുന്നില്ലാ?