കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

25 ഓഗസ്റ്റ് 2011

കാണ്ഠഹാർ അണ്ണാജി

കാണ്ഠഹാർ എന്നു കേൾക്കുമ്പോൾ നമുക്കോർമ്മ വരുന്നത് പണ്ടത്തെ ആ വിമാന റാഞ്ചൽ സംഭവമാണ്. ഇപ്പോൾ ജനലോക്പാൽ എന്നു കേൾക്കുമ്പോൾ എനിക്കോർമ്മവരുന്നത് അതേ കാണ്ഠഹാറിനേ തന്നെയാണ്. ജനാധിപത്യത്തെ റാഞ്ചുവാൻ ശ്രമിക്കുന്ന, ഗാന്ധിസത്തെ അപമാനിക്കുന്ന രാംലീലാ സത്യാഗ്രഹവും മേൽ വിമാന റാഞ്ചലും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടും ഭാരത ഭരണകൂടത്തേയും നിയമ നീതി സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവ തന്നെ.

നാട്ടിൽ മറ്റു വിഷയങ്ങളിൽ പ്രതികരിക്കാൻ സ്പേസില്ലാതായിത്തീർന്ന, മറ്റു ചില നിലപാടുകൾമൂലം മറ്റേ ലേബലുകൾ പതിക്കപ്പെട്ട  എഴുപത്തിനാലുകാരൻ നമ്മുടെ മഹത്തായതെന്ന് പുസ്തകങ്ങളിൽ പണ്ട് നമ്മൾ പഠിച്ച ജനാധിപത്യത്തേയും പാർലമെന്റിനേയും ഭരണഘടനേയുമൊക്കെ വെല്ലുവിളിച്ച് രാംലീലയിൽ വെള്ളം കുടിച്ച് തടികുറച്ചത്  മറാട്ടിക്കപ്പുറം ദേശീയതലത്തിൽ അറിയപ്പെടാനുള്ള കുറുക്കുവഴിയായോ അല്ലെങ്കിൽ മാവു വെട്ടുന്ന കാലത്ത് ചാനലുകൾ തത്സമയ സമ്പ്രേഷണത്തിന്നു വരണം എന്ന മോഹാവേശമോ ഒക്കെ (മാത്ര) ആണെന്നു പറയാൻ ഞാനാളല്ല.

മൊയലാളിയുടെ ചിലവിൽ ഫേസ് ബുക്ക് പേജിൽ പരദൂഷണം പുകയ്ക്കുന്നതിന്നിടയിൽ ജനാധിപത്യമെന്തെന്നോ ഭരണഘടന എന്തെന്നോ അറിയാനും പുറം ലോകത്തെ  വേദനകളോ പച്ചരിയുടെ വിലക്കയറ്റമോ അറിയാനുള്ള സമയമില്ലാത്തതുകൊണ്ടാവാം ബനിയൻ കുപ്പായക്കാർ അണ്ണാജിക്കു മുന്നിലിരുന്ന് ഭജന പാടാൻ മിനക്കെടുന്നത്.

അല്ലെങ്കിലും ഈ കോൺഗ്രസ്സ് കാരുടെ പുത്തി മഹത്തരം തന്നെയാണ്. രൂക്ഷമായ വിലക്കയറ്റത്തിന്റെ വേദനയിൽ സർക്കാറിന്നെതിരെ സകലമൂലയിൽ നിന്നും ഉയർന്നു വന്ന ജനരോഷത്തെ മറ്റൊരു നാണക്കേട് കൊണ്ട് നേരിടാനായതിന്റെ   സന്തോഷത്തിലാവും നമ്മുടേ ആദർശ മൗനിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഹൈക്കമാന്റ്. മാനം പോയാലെന്ത് ജീവൻ രക്ഷിച്ചില്ലേ?

അണ്ണയ്ക്കും കൂട്ടർക്കും ഇനി അഭിമാനിക്കാം. ലോക്പാലൻ പാസ്സാവുന്നതോടെ അരിക്കും പഞ്ചാരയ്ക്കും വിലകുറയുമായിരിക്കും. ഗ്യാസും പെട്രോളും കുറഞ്ഞവിലയ്ക്ക് കിട്ടുമായിരിക്കും. ഇനി അടുത്ത അഴിമതിക്കേസോ വിലക്കയറ്റമോ ഭീകരാക്രമണവോ, തിരഞ്ഞെടുപ്പൊഴികെ മറ്റെന്തെകിലും ഭീഷണിയോ വരട്ടേ അപ്പോ ഞങ്ങളിറക്കും പുതിയൊരണ്ണനെ. കാത്തിരിക്കൂ ജനാധിപത്യ വിശ്വാസികളേ......


========================================

ഇത്രയും വായിക്കാനുള്ള ക്ഷമ നിങ്ങൾക്കുണ്ടായെങ്കിൽ 'എന്നിട്ടിപ്പോ എന്തായീ കൊരങ്ങാ..' എന്നു കമന്റിടാൻ പൂതികാണും. എനിക്കൊന്നേ പറയാനുള്ളൂ: പണ്ട് കാണ്ഠഹാറിൽ വിമാനം രാഞ്ചിയവരും ലക്ഷ്യം നേടിയിട്ടുണ്ട്. അവിടെ ഭാരതവും ഭരണകൂടവും ജനാധിപത്യവും ഭരണഘടനയുമൊക്കെ നോക്കുകുത്തിയായിട്ടുണ്ട്. അതിന്നും ആവർത്തിച്ചുവെന്നു മാത്രം.

========================================

ബഹുമാനപ്പെട്ട പാർലമെന്റംഗങ്ങൾ ഒരുകാര്യം കൂടി ചെയ്യണം നമ്മുടെ ട്രസ്റ്റിന്ന് കൂടുതൽ തുകകൂടി അമേരിക്കേന്ന് ഇറക്കാനുള്ള അനുമതിക്കുള്ള ബില്ലു കൂടി......


14 ഓഗസ്റ്റ് 2011

നമ്മളിന്ന് സ്വതന്ത്രരോ?

ഇനി ബ്ലോഗെഴുത്തേ വേണ്ട, എൻഡോസൾഫാനേക്കുറിച്ച് കമാന്ന് മിണ്ടുകയേ വേണ്ട എന്നു തീരുമാനിച്ചിരിക്കുമ്പോൾ അതിനനവുദിക്കില്ലെന്നുറപ്പിച്ച് നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഭരണ   മൂരാച്ചികൾ അർമ്മാദിക്കുകയാണ്.

ഇപ്പോൾ ഏറ്റവുമവസാനം പ്രകോപനമുണ്ടാക്കിയത്, എൻഡോസൾഫാൻ നിരോധനം വേണോ വേണ്ടയോ എന്നതല്ല:- കാസർക്കോടിന്ന് അനുവദിക്കപ്പെട്ട കേന്ദ്ര സർവ്വകലാശാലയ്ക്ക് റെസിഡൻസ് കാമ്പസ് പണിയുവാനായി കേരള സർക്കാർ പെരിയയിൽ അനുവദിച്ച മുന്നൂറ്റമ്പത് ഏക്കർ സ്ഥലം, എൻഡോസൾഫാൻ ബാധിത പ്രദേശം എന്നതിനാൽ നിരസിക്കാൻ കേന്ദ്രന്മാർ ആലോചിക്കുന്നു എന്ന വാർത്തയാണ്. 

ഇതേ കേന്ദ്ര സർക്കാർ തന്നെയാണു കോടതിയിലും രാജ്യാന്തര തലങ്ങളിലും എൻഡോസൾഫാൻ മാന്യകീടനാശിനിയാണെന്നു വാദിക്കുകയും, നിരോധന നീക്കങ്ങളെ എതിർക്കുകയും ചെയ്യുന്നത് എന്ന കാര്യം സ്വതന്ത്ര ഭാരതത്തിലെ ഭരണനയ വിരോധാഭാസങ്ങളുടെ പട്ടികയിലെ ഏറ്റവുമവസാനത്തെ ഇനമാണ്.

പ്ലാന്റേഷൻ തോട്ടപ്പരിസരങ്ങളിലെ അമ്മമാരുടെ മുലപ്പാലിൽ വരെ എൻഡോസൾഫാൻ കണ്ടെത്തിയ സത്യത്തെ പുച്ഛിച്ചു തള്ളിയ ഈ കേന്ദ്ര മൂരാച്ചികൾക്കിക്കിപ്പോ അവരുടെ ശമ്പളം പറ്റുന്ന മാഷന്മാർക്കും പുള്ളോർക്കും ഇവിടുത്തെ വെള്ളം കുടിക്കാൻ കൊടുക്കുന്ന കാര്യമാലോചിക്കുമ്പോൾ വരുന്ന തലക്കനത്തെ തല്ലിയുടക്കാൻ നമ്മളെന്തിന്നു മടിക്കണം?

നമ്മുടെ ഇന്നത്തെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയാവുന്നതിന്നു മുൻപൊരുനാൾ- എൻഡോസൾഫാൻ വിവാദം കത്തിനിൽക്കുന്ന കാലത്ത്- കേപ്പീസീസീന്റെ ചിലവിൽ ദില്ലിയിൽ പോയി തലപ്പാവുവച്ച പാവയിൽ നിന്ന് വാങ്ങിയൊരുറപ്പുണ്ട്. ഇനി കേരളം സന്ദർശിക്കുമ്പോൾ കാസർക്കോട്ട് വരാമെന്ന്, ഇവിടുത്തെ ദുരിത-വിചിത്ര ജന്മങ്ങളെ നേരിട്ട് കണ്ടാസ്വദിക്കാമെന്ന ആ വാഗ്ദാനം പാലിക്കാൻ യൂപീയെ അദ്ധ്യക്ഷ സമ്മതിക്കുന്ന അവസരത്തിൽ ദില്ലീന്ന് നാലു ലോറി കുടിവെള്ളം കൂടി കരുതാൻ തലാപ്പാവുപാവയെ ഓർമ്മിപ്പിച്ചേക്കണം ഉമ്മൻ ജീ. അല്ലെങ്കിൽ വീർത്ത തലയ്ക്കു പറ്റിയൊരു തലപ്പാവ് ഇപ്പോഴേ കരുതിക്കോണം.

===============================================

പണ്ട് തിരഞ്ഞെടുപ്പിന്നു മുൻപ്, ഭരണവും പ്രതിപക്ഷവുമെല്ലാം കൂടി ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിച്ചുവല്ലോ? അതിൽ ഭൂരിപക്ഷത്തിനേയും അധിവസിപ്പിച്ചത് ഇതേ പെരിയയിൽ തന്നെയായിരുന്നല്ലോ? അവരിന്നും കുടിച്ചത് ഇതേ പാറപ്പുറത്തെ വെള്ളം തന്നെയല്ലേ? ഈ ചെങ്ങറക്കാർക്ക് എൻഡോസൾഫാൻ പ്രശ്നമല്ല, ആറക്ക ശംബളം പറ്റുന്ന മറ്റവന്മാർക് ഈ വെള്ളം പറ്റൂല! കൊള്ളാം നമ്മുടെ ജനാധിപത്യം.

നമ്മളിന്ന് സ്വതന്ത്രരാണോ?
നമുക്കിന്ന് സ്വാതന്ത്ര്യമുണ്ടോ?