കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

30 സെപ്റ്റംബർ 2011

നിങ്ങളുടെ മൂലവും ഇൻഷൂർ ചെയ്യാം

പനികൾ പലതരം വ്യാപിക്കാൻ തുടങ്ങിയതോടെ, ജലദോഷപ്പനി പിടിച്ച കീശയിൽ നൂറു രൂപ കൂടുതലുള്ളവനൊക്കെ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രത്തേയും സാദാ എംബിബീയെസ്സ് കുടുംബ ഡോക്റ്ററേയും മറന്ന് മെഡിക്കൽ കോളേജിലെ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ ഡിഗ്രിയുടെ എണ്ണക്കൂടുതലുള്ള വൈദ്യന്മാരെ പ്രാപിക്കുന്നത് ഫാഷനായിരിക്കുക്കയാണ്.

ഈ 'സ്പെഷ്യാലിറ്റി രോഗം' ആരോഗ്യരംഗത്ത് മാത്രമല്ല, സകലമാന മേഖലയിലും വ്യാപിക്കുകയാണ്. ഇൻഷൂറൻസ് രംഗത്ത് പണ്ട് ജീവന് മാത്രമായിരുന്നു ഇൻഷൂറൻസ്, പിന്നീടത് രോഗങ്ങൾക്കും ഇപ്പോഴത് ശരീര ഭാഗങ്ങൾക്ക് ഓരോന്നിന്നായും തുടങ്ങിയിരിക്കുന്നു. ശരീരം വിറ്റ് ജീവിക്കുന്ന സിനിമാ താരങ്ങളിൽ പലരും കുണ്ടിയും മുലയുമൊക്കെ ഇൻഷൂർ ചെയ്തവാർത്ത വായിച്ചുണ്ടായ രോമാഞ്ചത്തിനൊപ്പം കൊഴിഞ്ഞു പോയ രോമങ്ങൾ ഇൻഷൂർ ചെയ്തിരുന്നെങ്കിൽ ഞാനിന്ന് കോടീശ്വരനായേനെ.

നമ്മൾ സാദാ കേരളീയർ ഇങ്ങനെ ശരീരഭാഗങ്ങൾ ഇൻഷൂർ ചെയ്യുകയാണെങ്കിൽ മുൻ ഗണന കൊടുക്കേണ്ട ഭാഗങ്ങളുടെ ലിസ്റ്റ് നേരത്തേ തയ്യാറാക്കിയിരുന്നു. പല്ലും കണ്ണും, കുടുംബം കലക്കീകളായ എല്ലില്ലാത്ത രണ്ട് ശരീര ഭാഗങ്ങളും (ഒന്ന് നാവ്, രണ്ടാമൻ....?), പിന്നെ സുഡാപ്പികൾ സംഭാവന ചെയ്ത കൈപ്പത്തിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ആ പട്ടികയിലേക്ക് നമ്മുടെ സുപ്രധാന ശരീര ഭാഗമായ 'മൂല'ത്തേക്കൂടി ചേർത്ത കൊട്ടാരക്കര തറവാടികളെ അഭിനന്ദിക്കാതെ വയ്യ.

=======================================

വാളകം മൂലം പൊട്ടിക്കൽ കേസിൽ തപ്പിത്തടയുന്ന കേരള പൊലീസിന്നൊരു ക്ലൂ; നിങ്ങൾ തെക്കൻ കേരളത്തിൽ വലവിരിച്ച് കാത്തിരിക്കാതെ മലബാറിലോട്ടു കൂടിയൊന്നു വിരിക്കൂ. ഇത്ര സുന്ദരമായി 'ആ പ്രവൃത്തി' ചെയ്യാൻ ഞങ്ങൾ മലബാറികളോളം ആർക്കും എക്സ്പീരിയൻസ് കാണാൻ വഴിയില്ല.

=======================================

മൂലം പൊട്ടിക്കൽ കേസിന്റെ മറപിടിച്ച്, കാലക്കേട് പിടിച്ച തറവാടിയെ ഫൈവ്സ്റ്റാർ ഹോസ്പിറ്റലിൽ നിന്ന് വീണ്ടും സെല്ലിലാക്കാനുള്ള രാഘവപുത്ര ചാനലിന്റെ ഗൂഡാലോചനയിലെ മാധ്യമ ധർമ്മത്തെ കീറിമുറിച്ച് സുലൈമാനാവാൻ പരിശ്രമിക്കുന്ന ഭൂലോകർക്ക് നല്ല നമസ്കാരം.


ഇത്തരം  മാധ്യമ ചെറ്റത്തരങ്ങൾ കാട്ടിക്കൂട്ടാനുള്ള അവകാശം ഈ മലയാള മണ്ണിൽ മനോരമ കുടുംബത്തിന്നു മാത്രമാണെന്ന കാര്യം ഈ നികേഷൻ മറന്നു പോയോ? ബസ്സ് സ്റ്റാന്റിലിരുന്ന് പുകവലിക്കുന്ന പിച്ചക്കാരനേയും, ആവലാതിക്കാരന്റെ ചിലവിൽ കട്ടൻ ചായ വാങ്ങിക്കുടിക്കുന്ന വില്ലേജാപ്പീസറെ കുടുക്കാനുമല്ലാതെ, പ്രമാണിയായ, പുന്നാരമോൻ മന്ത്രിയായുള്ള, ഇപ്പോഴും ആനയുള്ള തറവാട്ടു കാരണവരെ ഭാരത പരമോന്നത നീതിപീഠം ശിക്ഷ വിധിച്ചു എന്നൊരൊറ്റ കാരണം വച്ച് ഇങ്ങനെ വാർത്തയുണ്ടാക്കി ക്രൂശിക്കുന്നത് ക്രൂരം തന്നെ!
29 സെപ്റ്റംബർ 2011

കൈരളി ടിവി, യാത്ര പിന്നെ ഫിലിപ്പൈൻസും

ചിക്കൻപോക്സ് പിടിപെട്ട് രണ്ടാഴ്ച വീട്ടുതടങ്കലിന്ന് വിധിക്കപ്പെട്ട കാലത്ത് സുപ്രധാന വിനോദ ദിനചര്യകളിലൊന്നായ വായ്നോട്ടത്തിന്റെ അസ്കിത തീർത്തു തന്നത് കൈരളി ടിവി ആയിരുന്നു. താരോത്സവമായും മറ്റു അലംബുകളായും കാര്യസാധ്യത്തിന്നു സഹായിച്ചതിന്നുള്ള നന്ദി ഇവിടെ എഴുതിയാലൊന്നും  തീരില്ല.

അതിൽ പിന്നെ ചാനൽ ലിസ്റ്റിൽ കൈരളി എന്നു കാണുമ്പോൾ പതിവുള്ള സ്കിപ്പിങ്ങ് ഉപേക്ഷിച്ചതിന്റെ ഫലം ഇന്നലെ അനുഭവിച്ചു. കൊല്ലൂരിന്നും ഗുരുവായൂരിന്നിനും അപ്പുറമുള്ള ലോകം കാണാനും അനുഭവിക്കാനുമുള്ള സാഹചര്യവും യോഗവുമൊന്നു ഇല്ലാതിരുന്നതു കൊണ്ടോ, അതോ ഏഷ്യാനെറ്റ് സഞ്ചാരം ഉണ്ടാക്കിവച്ച അഡിക്ഷന്റെ ഫലമോ എന്നറിയില്ല "യാത്രാ" പരിപാടികൾ എവിടെ കണ്ടാലും നോക്കിയിരുന്നു പോവും.

കൈരളിക്കാരുടെ 'യാത്രാ' വിവരണം കണ്ട് ധാർമ്മികരോഷം സഹിക്കവയ്യാതെയാണീ പോസ്റ്റ്. ഇന്റർനെറ്റിൽ തപ്പിത്തടയാൻ തുടങ്ങിയ കാലം മുതലേ ഫിലിപ്പൈൻസ് എന്നു കേൾക്കുമ്പോളേ രോമാഞ്ചം വരും. ഫേസ്ബുക്കിലും യാഹൂ ചാറ്റിലും ഫിലിപ്പിന സുന്ദരികളെ കണ്ടു ശീലിച്ചതിന്റെ പാർശ്വഫലമെന്നോണം ഫിലിപ്പൈൻസിന്റെ ഭൂപ്രകൃതിയും സുന്ദരമായിരിക്കുമെന്നു കരുതിവച്ചിട്ടുണ്ട്. അതിന്നിടയിലാണ് 'ഫിലിപ്പൈൻസ് ഡയറിയെ'ന്നെഴുതി വച്ച് കൈരളി "യാത്രാ" വിവരണം സമ്പ്രേഷണം ചെയ്തത്. ആ പൂതിയിൽ കാണാനിരുന്ന എന്നെ നിരാശനാക്കിക്കളഞ്ഞു നജീമേ നീ.

കല്ല്യാണ വീഡിയോവിന്റെ നിലവാരം മാത്രമുള്ള കേമറ വർക്കും, അരോചകമായി തോന്നിയ ശബ്ദ വിവരണവും എഡിറ്റിങ്ങുമെല്ലാം കണ്ടപ്പോൾ ഇത് കൈരളിയിൽ തന്നെയാണോ ഈ 'പരിപാടി' എന്നു തോന്നിപ്പോയി സഖാവേ. ഫിലിപ്പൈൻ ദൃശ്യ ഭംഗി പകർത്തുന്നതിനേക്കാൾ അവതാരകർക്ക് താത്പര്യം  ഫിലിപ്പിനപ്പെണ്ണുങ്ങൾക്കൊപ്പം പോസ് ചെയ്യാനും അത് ചാനലിൽ  സമ്പ്രേഷണം ചെയ്യാനാണെന്ന് തോന്നിപ്പോയി!

നജീമേ, ഞാനാദ്യമായി ഈ പരിപാടി കാണുന്നതുകൊണ്ടുള്ള പ്രശ്നമാണോ മേൽ വിവരിച്ചത് എന്നറിയില്ല. എങ്കിലും എന്റെ വക ഒരു ഉപദേശം ഇതാ; ആ 'സഞ്ചാരം' കുറച്ച് സീഡീ വാങ്ങി കാണൂ. അത് അനുകരിക്കാനല്ല, അതിലെ ജനപ്രിയ പാഠങ്ങൾ കണ്ടു മനസ്സിലാക്കാൻ.

===========================================

അതിന്നിടയിൽ ഇന്ത്യാവിഷനിലെ എം എസ്സ് ശ്രീകല വല്ലാതെ ഞെട്ടിച്ചു കളഞ്ഞു; ഇനിയവർ പറയട്ടേയുടെ പുനരവാതാരത്തിലെ ആദ്യ എപ്പിസോഡിലൂടെ തന്നെ. ആശംസകൾ ഒരായിരം. ഈ നിലവാരത്തെ പൈങ്കിളിയെന്നു വിളിക്കാൻ പുത്തി ജീവികൾ അവതരിച്ചേക്കാമെങ്കിലും, ആ സ്പിരിറ്റ് നിലനിർത്താൻ ശ്രീകലയ്ക്കാവട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
13 സെപ്റ്റംബർ 2011

ചാക്കോ പായയോ അതോ ഓർത്തോ പീഡികയോ വലുത്?

നാലു മനുഷ്യന്മാർ ഒന്നിച്ചു കൂടിയാൽ, കൂടാൻ തുടങ്ങിയാൽ അവിടെ ബൈലോ റജിസ്റ്റർ ചെയ്യുന്നത് നമ്മൾ സമൂഹജീവിയായതിനാൽ തല്ലുകൂടുമെന്നുറപ്പുള്ളതുകൊണ്ടാണല്ലോ. ഈ ദുനിയാവിൽ നമ്മെ തമ്മിൽ തല്ലിക്കാൻ ക്രൂരനായ ദൈവം ഉണ്ടാക്കിവച്ച ഹലാകിന്റെ കെണീയാണല്ലോ ഈ മതങ്ങൾ. ആ തമ്മിൽ തല്ല് ഇനി വല്ല കാരണവും ഇല്ലാതെ പോകേണ്ട, അതു കാരണം ആർക്കും മതത്തോട് താത്പര്യം ഇല്ലാതെയാവേണ്ട എന്നൊക്കെ കരുതി ഓരോരുത്തർക്കായി പുസ്തകങ്ങളും ബൈലോയുമൊക്കെ എഴുതിവക്കുകയും ചെയ്തു ദൈവം പഹയൻ.

ഈ മതങ്ങൾ തമ്മിൽ തല്ലുന്നതും കൊല്ലുന്നതും ചാകുന്നതുമൊക്കെ കാണാൻ നല്ല ചേലുണ്ട്. അതിനേക്കാൾ രോമാഞ്ചജനകമാണ് മതാനുയായികൾ തമ്മിൽ തല്ലുന്നത്. നായന്മാരും തീയന്മാരും ഡീയെച്ചെന്മാരും തമ്മിലുള്ള തല്ലും, യൂ റ്റ്യൂബിൽ 'തെറി പ്രസംഗം' എന്നു സെർച്ചിയാൽ കിട്ടുന്ന ചെറ്റത്തരം വീഡിയോകളുമൊക്കെ കണ്ടർമ്മാദിച്ചിർക്കുമ്പോഴാണ്  കോലഞ്ചേരി നാടകം റീലോഡഡ് അവതരിക്കുന്നത്.

തങ്ങളുടെ അണികൾ 'വഴിതെറ്റുന്നു'വെന്നു തോന്നുമ്പോൾ രാഷ്ട്രീയ മൂരാച്ചികൾ പുകച്ചുണ്ടാക്കുന്ന കലാപങ്ങൾ പോലെ, ളോഹയിട്ട മാന്യന്മാർ ഇടയ്ക്കിടയ്ക്ക് നാട്ടിൽ ലോ&ഓർഡർ പ്രശ്നമുണ്ടാക്കിയാലേ നിലനിൽപ്പുള്ളൂ കരുതാൻ തുടങ്ങിയ ഈ കാലത്തേയാണോ തമ്പുരാൻ പണ്ട് കലികാലം എന്നു വിളിച്ചതെന്നറിയില്ല.

ലോകത്തെ സകലമാന പ്രശ്നങ്ങൾക്കും ഞങ്ങളുടെ പുസ്തകത്തിൽ പ്രതിവിധിയുണ്ടേയെന്ന്  അവകാശപ്പെടുന്ന ഈ ളോഹാജനം എന്നിട്ടും 'അവകാശ പ്രശ്നം' സ്ഥാപിക്കാൻ റോട്ടിൽ ഗാന്ധിമാർഗ്ഗത്തിൽ സമരം ചെയ്യുന്നതിനെ വിശേഷിപ്പിക്കാൻ ചെറ്റത്തരം എന്ന വാക്കിലും പുതിയതൊന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിലവരിനി അവരുടെ പുത്തകത്തിനൊപ്പം 'സത്യാന്യേഷണ പരീക്ഷണങ്ങൾ' കൂടി ഉപപാഠ പുസ്തകമായി തിരഞ്ഞെടുക്കുമായിരിക്കും!

=========================================

പണ്ട് നടന്ന ക്ഷേത്രപ്രവേശന സമരവും വിളംബരവുമൊക്കെ വളച്ചും തിരിച്ചുമൊക്കെ ഉപയോഗിച്ച് ജാതിയില്ലാത്തമതത്തിലേക്ക് പുലയകൃസ്താനിയായും ദളിതകൃസ്താനിയുമായൊക്കെ പരിവർത്തനം ചെയ്യുന്ന കാലത്ത് ഈ ചാക്കോ പായയോ അതോ ഓർത്തോ പീഡികയോ വലുത് എന്ന തർക്കം ശുദ്ധ നാണക്കേടല്ലേ  പഹയന്മാരേ?

=========================================

പണ്ട് മതം പാലിക്കാൻ സന്ന്യാസിയാക്കപ്പെട്ട പുരോഹിതന്മാർ ചില ചെക്കന്മാർക്ക് മൂലക്കുരുവിന്ന് ചികിത്സിക്കാനും ചില ചെക്കിമാർക്ക് കൃത്രിമ കന്യാസ്ഥരം നിർമ്മിക്കാനുമൊക്കെ പണിയുണ്ടാക്കിയതിന്ന് പിന്നീട് വന്ന മാർപ്പാപ്പന്മാർ മാപ്പു പറഞ്ഞ വാർത്ത തികട്ടുന്നുണ്ട്. ഇനിയിപ്പോ അടുത്ത മാർപ്പാപ്പയ്ക്ക് നമ്മുടെ കേരള പോലീസിന്നോടും ജില്ലാ കളക്റ്ററോടും തിരുവഞ്ചൂരിനോടുമൊക്കെ മാപ്പു പറയേണ്ടിവരുമോ എന്തോ?

=========================================

സമൂഹത്തിലെ സകലമാന പ്രശ്നങ്ങളിൽ പൗരനെന്ന നിലയിൽ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പീസീ ജോർജ്ജച്ചയാന്നും ഒരു പരാതി: സാമൂഹിക പ്രശ്നങ്ങളിൽ കേ.കോ (മാ) ഇടപെടുന്നില്ലെന്ന്. കറണ്ടാപ്പീസ് ജീവനക്കാരെ 'വന്ന വഴി' ഓർമ്മിപ്പിക്കാനും ജഡ്ജനെ 'പോയ വഴി' ഓർമ്മിപ്പിക്കാനും ചങ്കൂറ്റം കാട്ടിയ അച്ചായനിനി അച്ചന്മാരെ നല്ല വഴി ഉപദേശിക്കാൻ  മുസലിപവർ സ്പോൺസർ ചെയ്യേണ്ടി വരുമോ എന്തോ?

========================================

പ്രശസ്ത പത്രപ്രവർത്തകൻ എസ് ഹരികൃഷ്ണൻ ഈ വിഷയത്തിൽ ഫെയ്സ്ബുക്കിലിട്ട കമന്റ് ഉദ്ധരിക്കാതെ വയ്യ:
കോലഞ്ചരിയിലെ ബഹളം കാണുമ്പോള്‍ ബൈബിളില്‍ ലൂക്കോസ് എഴുതിയ സുവിശേഷം അധ്യായം 20 ലെ 45-47 വാക്യങ്ങള്‍ ഓര്‍ക്കുക. ‘‘വേദജ്ഞരെ സൂക്ഷിക്കുക. അവര്‍ നീളമുള്ള അങ്കികള്‍ ധരിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്നു. ചന്തസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സുനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടങ്ങളും വിരുന്നുകളില്‍ മുഖ്യസ്ഥാനങ്ങളും ആഗ്രഹിക്കുന്നു. അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുന്നു. അതിന്നൊരു മറയായി ദീര്‍ഘനേരം പ്രാര്‍ഥിക്കയും ചെയ്യുന്നു. അവര്‍ കൂടുതല്‍ കഠിനമായി ശിക്ഷിക്കപ്പെടും’’

=========================================

ഒരു മണിക്കൂർ നേരത്തേക്ക് "കോലഞ്ചേരി  വിശുദ്ധ ഹർത്താൽ" പ്രഖ്യാപിച്ച അച്ചന്മാർക്ക് സ്തോത്രം. ഗാന്ധിജിയെ ആറെസ്സുസ്സുകാർ അന്നു കൊന്നിരുന്നില്ലെങ്കിലിന്ന് അങ്ങേരും സത്യ കൃസ്ത്യാനിയായേനേ.....