കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

18 ഒക്‌ടോബർ 2011

അൺപാർലമെന്ററി ചിന്തകൾ

നിയമസഭയിൽ ഇന്നലെ സ്പീക്കറോട് പ്രതിപക്ഷ എമ്മെല്ലേമാർ "താൻ എവിടുത്തെ സ്പീക്കറാണ്" എന്ന് ചോദിച്ചൂന്ന് ചീപ്പ് വിപ്പ് ജോർജ്ജച്ചായൻ പത്രസമ്മേളനം വിളിച്ചു പറയുന്നത് തത്സമയം ചാനലിൽ കണ്ടു. ഇന്നു കേരള ജനത മുഴുവൻ അതാർവർത്തിക്കുന്നു!

======================================

രണ്ടൂസം മുൻപ് കേസീ ജോസഫിന്നു സാംസ്കാരിക മന്ത്രിയാവാൻ എന്തു യോഗ്യത എന്നു പ്രതിപക്ഷം ചോദിച്ചതായും കേട്ടു. അതേക്കുറിച്ച കമന്റു പറയാൻ ഞാനാളല്ല. പക്ഷേ സാംസ്കാരിക മന്ത്രിയാവാൻ തനിക്കാണ് യോഗ്യതയെന്ന് പടക്കുറുപ്പിന്റെ പൊന്നുമോൻ, കെ പി മോഹനൻ ഇന്നലെ നിയമ സഭയിൽ കാലുപൊക്കിക്കാണിച്ച് തെളിയിച്ചിരിക്കുന്നു. മോഹനേട്ടാ ആ കളരിമുറയൊന്നും പുറത്തെടുത്തേക്കരുത്. ശ്രേയംസ് കുമാറിന്ന് മന്ത്രിസ്ഥാനം പുളിക്കുകയൊന്നുമില്ല, ഓർത്തോ!

======================================

നിയമസഭയിൽ ഇങ്ങനെയൊക്കെ നടക്കും എന്ന് മുൻകൂട്ടി കണ്ടതു കൊണ്ടാണോ എമ്മെല്ലേ ആവാൻ പ്രായപൂർത്തിയാവണം എന്നു പൂർവ്വികന്മാർ നിയമമുണ്ടാക്കി വച്ചത്?

======================================

വോട്ടിങ്ങുള്ള ദിവസം മാത്രം ഹാജറിടുന്നവർ എന്ന് ചില എമ്മെല്ലേമാരെ ചിലർ കുശുമ്പ് ഭാവത്തിൽ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും ഇന്നലെ രാപ്പകൽ       സഭയിൽ സത്യാഗ്രഹമിരുന്നൂ ഇടത് എമ്മെല്ലെമാർ. ഹെന്താ കഥ? ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ റിപ്പോർട്ടിൽ ഓവർ ടൈം സഭേലിരുന്നാൽ, ഓവർ ടൈം ശമ്പളം എന്നൊരു ശുപാർശ ഉണ്ടായിരുന്നോ ആവോ?

======================================

സഭയിൽ രാത്രിയും സത്യാഗ്രഹമിരുന്ന എമ്മെല്ലേസിന്ന് കോഫീ ഹൗസിൽ നിന്ന് ചപ്പാത്തി ഉണ്ടാക്കിക്കൊടുത്തെന്ന് മാതൃഭൂമിയിൽ സ്പെഷ്യൽ ന്യൂസ്. അത്  സ്പിക്കർ പറഞ്ഞിട്ടാണതെന്നും വാർത്തയിൽ.ആ വാർത്തയിൽ അതിന്നു തൊട്ടറ്റുത്തവാചകം 'ഭക്ഷണത്തിന്നു ശേഷം ചൂടുവെള്ളവും വിതരണം ചെയ്തുവെന്ന്'. അത് വീരേന്ദ്രകുമാർ സ്പോൺസർ ചെയ്തതാവും! അല്ലെങ്കിലും അങ്ങനെയേ തോന്നൂ ആ വാർത്ത വായിച്ചാൽ!

======================================

സ്പീക്കറുടെ ആപ്പീസെന്നാൽ മഹിളാ കോൺഗ്രസ്സിന്റെ ആപ്പീസു കൂടിയാണോ എന്ന് ഇന്നലെ വാർത്താവിഴുങ്ങികൾക്ക് സന്ദേഹമുണ്ടായി. അങ്ങനെ ഒരു, സ്പീക്കറുടെ ഭൃത്യന്റെ ജോലിയും പോയിരുന്നു. ബട്ട് വലതുപക്ഷ കടലാസ്സുകളിലൊന്നും ആ വാർത്ത കണ്ടില്ല. മൂടുതാങ്ങുമ്പോൽ തോണ്ടാതിരിക്കാനും നോക്കണല്ലോ!

======================================

നിയമസഭാ നടപടികൾ മൊത്തത്തിൽ ചാനലുകൾക്ക് സമ്പ്രേഷണത്തിന്നു കൊടുക്കണമെന്ന് മുഖ്യമന്ത്രിക്ക് മോഹം. സ്പീക്കറേ ആ മോഹം പൂവണിയിക്കുകയാണെങ്കിൽ രാത്രി പതിനൊന്നു മണിക്കുശേഷം മാത്രം സമ്പ്രേഷണം എന്നു നിബന്ധന വച്ചോണം. കെ പി മോഹനനും രാജേഷുമൊക്കെ കേമറയിൽ കെണിയില്ലേ?

=====================================

അല്ലെങ്കിലും ഉമ്മൻസിനെ സമ്മതിക്കാതെ വയ്യ. വാർഡിയെ ഉന്തിയിട്ടവനെതിരേ സസ്പെൻഷൻ പ്രമേയം അവതരിപ്പിക്കാൻ ഒരു നിമിഷം തേച്ചും ബേണ്ട. ഉന്നം തെറ്റാതെ വെടിവെക്കാനറിയാത്ത ഒരുത്തനെ പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് സസ്പെന്റാൻ പതിനാലന്വേഷണം പൂർത്തിയാവണം പോലും. കഷ്ടം!


5 അഭിപ്രായങ്ങൾ:

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

കേരള നിയമ സഭയുടെ ബഹുമാന്യനായ 100% നിഷ്പക്ഷനായ സ്പീക്കറുടെ മുറിയില്‍ കോണ്‍ഗ്രസ്സ് നേതാവാകാന്‍ ശ്രമിക്കുന്ന ബിന്ദുകൃഷ്ണയ്ക്ക് എന്താണ് കാര്യം, പണ്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ പത്ര സമ്മേളനം നടത്തി വിളിച്ച് പറഞ്ഞ മഹിളാ കോണ്‍ഗ്രസ്സ് - ബക്കറ്റ് - വെള്ളം ഒക്കെ ഓര്‍മ്മ വരുന്നതു പോലെ തോന്നുന്നു. ഹേയ് അങ്ങനെ യൊന്നുമില്ല എനിക്കു വെറുതേ തോന്നുന്നതായിരിക്കും. എങ്കില്‍ പിന്നെ ദയാനിധി മാരന്‍, സണ്‍ ടീവി, സൗജന്യ BSNL ഡെഡിക്കേറ്റഡ് കേബ്ബിള്‍ നെറ്റ്വര്‍ക്ക്, മന്ത്രിയുടെ പ്രൈവറ്റ് എക്സ്ചേഞ്ച് ഒക്കെ ഓര്‍മ്മ വരുന്നതു പോലെ തോന്നുന്നു. ഹേയ് അങ്ങനെ യൊന്നുമില്ല അതും എനിക്കു വെറുതേ തോന്നുന്നതായിരിക്കും.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

സ്പീക്കര്‍ക്ക് നേരെ ശക്തമായി ഊതിയപ്പോള്‍ വാച് ആന്‍റ് വാര്‍ഡിന്റെ തൊപ്പി പറന്നു പോയതിനും കൈ ചൂണ്ടിയപ്പോള്‍ ഉയര്‍ന്ന ശക്തിയായ കൊടുങ്കാറ്റില്‍ പെട്ട് വനിതാ വാച് ആന്‍റ് വാര്‍ഡ്‌ ബോധം കെട്ട് വീണതിനും ഇതെല്ലാം കണ്ടു പേടിച്ച പി.സി.ജോര്‍ജും കെ.സി.ജോസഫും നിന്ന നില്‍പ്പില്‍ മുള്ളിയതിനും ഉത്തരവാദികളായ ടി.വി.രാജേഷിനെയും ജെയിംസ് മാത്യുവിനെയും മരണം വരെ തൂക്കിക്കൊല്ലാനും സത്യം മാത്രം വെളിപ്പെടുത്തി സര്‍ക്കാരിന്റെ മാനം കാത്ത മുഴുവന്‍ യു.ഡി.എഫ്. എം.എല്‍.എ.മാര്‍ക്കും പാണക്കാട്ടെ ചെലവില്‍ ഐസ്ക്രീം വിതരണം ചെയ്യാനും ശക്തനായ പോരാളി മോഹനന്‍ ഗുരുക്കള്‍ക്ക് "ഗുണ്ടാരത്ന" പുരസ്കാരം നല്‍കി ആദരിക്കാനും ഇതിനാല്‍ രാജാധിരാജന്‍ ഉമ്മവര്‍മ്മ തിരുനാള്‍ ഉത്തരവിട്ടുകൊള്ളുന്നു...

നിശാസുരഭി പറഞ്ഞു...

നുറുങ്ങ് കൊള്ളാല്ലോ...

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

ഇതിനൊക്കെ ശമ്പളം 40000 പോരാ.... സിനിമ നടന്മാര്‍ക്ക് ലക്ഷങ്ങള്‍ അല്ലെ ഇവര്‍ക്കും കൊടുക്കണം ഒരു 2 ലക്ഷംഎങ്കിലും കൂടെ ഒരു ബെസ്റ്റ് കോമഡി അവാര്‍ഡും... അതത്ര ഗംഭീര പെര്‍ഫോര്‍മന്‍സ് അല്ലെ.... ജഗതി ഒക്കെ എന്ത്

എന്‍.ബി.സുരേഷ് പറഞ്ഞു...

വരട്ടെ പ്രതി ചിന്തകൾ