കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

30 ഒക്‌ടോബർ 2011

മലബാർ നിവർത്തന പ്രക്ഷോഭം

വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുതറകളിൽ നിന്ന് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ, തങ്ങളുടെ ബഹുജനപിന്തുണ വർദ്ധിപ്പിക്കുന്നതിനായി പലതരം മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പയറ്റാറുണ്ട്. പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയെന്ന് പറയപ്പെടുന്ന 'അരിമോഷണ' സമരവും, ഈയടുത്തകാലത്ത് ബിജെപിക്കുവേണ്ടി സംഘപരിവാർ ബാനറിൽ നടന്ന 'അയോധ്യാനാടക'വുമൊക്കെ ആയതിന്റെ നിസ്സാര ഉദാഹരണങ്ങൾ മാത്രം.

ഇപ്പോൾ കൃത്രിമ വേരുകളും അതിന്നു പറ്റിയ രാസവളങ്ങളുമായി നമ്മുടെ മണ്ണിൽ  കൃഷിയിറക്കാൻ തുടങ്ങിയ പുത്തൻ തലമുറ മതവാദ സംഘടനകൾ ജനശ്രദ്ധയാകർഷിക്കാൻ പയറ്റുന്നതും ഇതേ സൂത്രപ്പണികൾ തന്നെ. തങ്ങളുടെ അജണ്ടകൾക്കു മേൽ ജനപ്രിയതയുടേയും സാമ്പത്തിക സഹായത്തിന്റേയും, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് തമ്മിലടിയും അഴിമതിയും കഴിഞ്ഞ് ഇടപെടാൻ നേരമില്ലാത്ത പൊതുപ്രശ്നങ്ങളിൽ ജനപക്ഷത്തിരുന്ന് പ്രതികരിക്കുന്നതിന്റേയും സുന്ദരമുഖം മൂടിയണിഞ്ഞ് നിങ്ങൾക്കാശ്രയം നമ്മൾ മാത്രമാണെന്ന് വരുത്തിത്തീർക്കുന്നു.

മതേതരത്വത്തിന്റെ മനസ്സാക്ഷിക്ക് യാതൊരുതരത്തിലും ദഹിക്കാത്ത അജണ്ടകളുമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ യുവ മുഖം മൂടിയായ സോളിഡാരിറ്റി, എൻഡോസൾഫാൻ മേഖലകളിൽ കോടികൾ ചിലവിട്ട് നടത്തിയ 'ദുരിതാശ്വാസത്തിന്നു ശേഷം ഇപ്പോൾ കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായി നടത്തിവരുന്ന 'മലബാർ നിവർത്തന പ്രക്ഷോഭ' പ്രചാരണങ്ങൾ മേൽപ്പറഞ്ഞ തന്ത്രങ്ങളിൽ ഒന്നു മാത്രമാണ്.

ഈ ഒളിയജണ്ടകളേക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടായിരിക്കേ തന്നെ സോളിഡാരിറ്റിയുടെ ഈ 'മലബാർ നിവർത്തന പ്രക്ഷോഭ'ത്തിന്നു ധാർമ്മിക പിന്തുണ പ്രഖ്യാപിക്കാനാണ് ഈ പോസ്റ്റ്. സർവ്വ സർക്കാർ തലങ്ങളിലും അവഗണിക്കപ്പെടുന്ന ഒരു പ്രദേശത്തിന്നു വേണ്ടി വാദിക്കാൻ സോളിഡാരിറ്റിയെങ്കിലും ഉണ്ടായല്ലോ എന്നതിൽ നമ്മൾ മലബാറുകാർ ആശ്വസിക്കും.

എന്റെ അനുഭവതലങ്ങളിൽ നിന്ന് പ്രതികരിക്കാൻ മലബാറിനെ ഞാൻ തൽക്കാലം കാസർക്കോടാക്കുകയാണ്. മലബാറിന്നു മൊത്തത്തിൽ ഇന്നു നിലനിൽക്കുന്ന തരത്തിലുള്ള അവഗണനയാണെങ്കിൽ, അതിന്റെയും ഏറ്റവും വടക്കേ മൂലയ്ക്ക് കിടക്കുന്ന കാസർക്കോട് ജില്ല തന്നെയാണ് ഉദാഹരിക്കാൻ എളുപ്പവും.

പ്രാദേശിക ജനയ്ക്ക് വല്ല ഗുണവും കിട്ടുന്ന പദ്ധതികളുണ്ടെങ്കിൽ അത് തെക്കൻ ജില്ലകൾക്കും, വലിയ ഗുണമില്ലാത്ത 'റിസ്കുള്ള' പദ്ധതികൾ വടക്കിന്നും. ഇതാണിപ്പോഴത്തെ കേരള വികസനശൈലി. വെറുമൊരു ഉദാഹരണത്തിന്നു പറയാം; കേന്ദ്ര സർവ്വകലാശാലയ്ക്കൊപ്പം കേന്ദ്ര സർക്കാർ കാസ്ർക്കോടിന്ന് അനുവദിച്ച സെൻട്രൽ മെഡിക്കൽ കോളേജ്, കാട്ടിൽ കർപ്പൂരം കത്തിച്ച് ഭക്തരെ പറ്റിക്കുന്ന ആത്മീയ ടൂറിസത്തിന്റെ മറവിൽ പത്തനം തിട്ടയിലേക്ക് കടത്തി. പ്രാദേശിക ജനത്തിന്ന് യാതൊരു ഗുണവും ചെയ്യാത്തതും വൻ മലിനീകരണ സാധ്യതകളുള്ള, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണഹേതുവാകാവുന്ന വൈദ്യുതി ഉൽപ്പാദന പദ്ധതി കാസക്കോട്ടെ ചീമേനിയിലും!

ആധുനിക സൗകര്യങ്ങളുള്ള സർക്കാർ വക ആംബുലൻസ് കാസർക്കോട് ജനറൽ ആസ്പത്രി കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന കാര്യം അറിഞ്ഞ നമ്മുടേ പുന്നാര ആരോഗ്യവകുപ്പ് മന്ത്രി മോൻ ആ സാധനം ആലപ്പുഴയിലേക്ക് കടത്താനുത്തരവിട്ടതും, യുവജന സംഘടനകൾ രാപ്പകൽ കാവലിരുന്ന്, ഹൈക്കോടതിയിൽ നിന്ന് സ്റ്റേയുത്തരവ് വാങ്ങി ആ നീക്കത്തിന്നു തടയിട്ടതും ഏറ്റവും ഒടുക്കത്തെ മറ്റൊരു സംഭവം.

ഇങ്ങനെ എണ്ണിയാൽ തീരാത്ത, പറഞ്ഞാൽ മതിവരാത്ത അവഗണന വർത്തമാനങ്ങൾ പറയുവാനുള്ള ഈ മലബാറിൽ, അതേക്കുറിച്ച് ഒരു പ്രചാരണത്തിനെങ്കിലും മുൻ കൈയെടുത്ത സോളിഡാരിറ്റിക്കൊപ്പം ഞാനുമുണ്ട്, ഞങ്ങൾ പലരുമുണ്ടാവും!

=================================================

ഈയ്യിടെ ഒരു ദില്ലി വക്കീൽ കശ്മീർ സ്വയം നിർണ്ണയാവകാശത്തേക്കുറിച്ച് പറഞ്ഞ് തല്ലു വാങ്ങി. ഇവിടെ കാസർക്കോട് താലൂക്ക് പ്രദേശവാസികൾക്ക് കർണ്ണാടകത്തിൽ ലയിക്കാനുള്ള സ്വയം നിർണ്ണയാവകാശം നൽകുകയാണെങ്കിൽ ഞങ്ങളെന്നേ കയ്യടിച്ച് പാസാക്കിയേനേ. അക്കരപ്പച്ചയെന്നു പറഞ്ഞു ആക്ഷേപിക്കാമെങ്കിലും, അതിർത്തിക്കപ്പുറത്തെ സുന്ദര റോഡുകളും ഞങ്ങൾക്കേകാശ്രയമായ മെഡിക്കൽ കോളേജുകളും ഞങ്ങളെ മോഹിപ്പിക്കുന്നുണ്ട്.


10 അഭിപ്രായങ്ങൾ:

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഒട്ടും വോല്ട്ടെജ് ഇല്ലാത്താ ഒരു പോസ്റ്റ്‌ .ഒളിയജണ്ടകള്‍ അവിടെ നില്‍ക്കട്ടെ ,ഇത്ര മേല്‍ പച്ചക്ക് പ്രാദേശിക വാദം പറയുന്ന ഒന്നും ഞാന്‍ വായിച്ചിട്ടില്ല ,കര്ന്നാടകത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ സഞ്ചരിക്കാനും താമസിക്കാനും ഭാഗ്യം സിദ്ധിച്ച ഒരാള്‍ എന്നാ നിലയില്‍ പറയട്ടെ ,കേരളത്തിനെക്കാലും (ഏതു കാട്ടുമൂലയായാലും )പത്തു മുപ്പതു വര്ഷം പുറകില്‍ ആണ് കര്‍ണ്ണാടക ,ആരെങ്കിലും പറയുന്ന വിഡ്ഢിത്തരങ്ങള്‍ കേട്ട് ഇങ്ങനെ തുള്ളരുത്

Arif Zain പറഞ്ഞു...

കാസറഗോഡ് കേരള സംസ്ഥാനത്തിന്‍റെ ഭാഗമാകാനിരുന്ന വേളയില്‍ കാസര്‍ഗോഡിന്‍റെ സ്വന്തം കവി ടി.ഉബൈദ്‌ പാടി,
വിട തരികമ്മേ കന്നട ധാത്രി
കേരള ജനനി വിളിക്കുന്നൂ,
ഇന്നിപ്പോള്‍ കന്നട ജനനി തിരിച്ചു വിളിക്കുന്നതും കാതോര്‍രിക്കുകയാണോ ബൈജു?
അവിടെ ചെന്നാല്‍ അവിടെയും അവഗണനയുണ്ടാകും. മലബാറിനെ അവഗണിച്ചത് തെക്കന്‍ ജില്ലകള്‍ വാത്രമല്ല. പണ്ട് മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായ കാലത്ത് അണ്ണന്മാരും, ഐക്യ കേരളമായത്തിനു ശേഷം സിയാഫ്‌ അബ്ദുല്‍ ഖാദിരിന്‍റെ നാട്ടുകാരും നമ്മെ അവഗണിച്ചു കൊണ്ടിരുന്നു. നമ്മുടെ എത്ര മുഖ്യമന്ത്രിമാന്‍ മലബാറില്‍ നിന്നുണ്ടായി? അവരും പ്രശ്നം പരിഹരിച്ചില്ല. നാം ബോധാവന്മാരായിരുന്നില്ല എന്നതാണ് ശരി. നമ്മെ ബ്രിടീശുകാര്‍ നേരിട്ട് ഭരിച്ചപ്പോള്‍ തിരു-കൊച്ചിക്കാരെ തദ്ദേശീയരായ രാജാക്കന്മാരായിരുന്നു ഭരിച്ചിരുന്നത് എന്നതും കാരണമാണ്. നിങ്ങള്‍ കൂടെ കൂടാന്‍ തീരുമാനിച്ചവരെ കുറിച്ച് എനിക്ക് ചില എതിരഭിപ്രായങ്ങളൊക്കെ ഉണ്ട്.

khaadu.. പറഞ്ഞു...

വായിച്ചു.... മുകളില്‍ പറഞ്ഞതൊക്കെ തന്നെയാ എന്റെയും അഭിപ്രായം...

ഇത് അക്കര പച്ച തന്നെയല്ലേ...?

ബൈജുവചനം പറഞ്ഞു...

സിയാഫ് അബ്ദുള്‍ഖാദര്‍
Arif Zain
khaadu..:
ഈ പോസ്റ്റ് തികഞ്ഞ പ്രാദേശികവാദം തന്നെയാണ്.

ആരെങ്കിലും പറയുന്നത് കേട്ട് തുള്ളുന്നതല്ല, മറിച്ച് അനുഭവങ്ങളാണെന്നെ തുള്ളിക്കുന്നത്.

കാസർക്കോടൻ ജനപ്രതിനിധികൾ ഈ അവഗണനയിൽ ഭാഗവാക്കാവുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനൊരു സംഘടനയ്ക്ക് പിന്തുണയേകേണ്ടിവരുന്നതും.

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

കാസര്‍ഗോട്ട് ഇന്നു കാണുന്ന വികസങ്ങള്‍ ഇടതിന്റെയും വലതിന്റെയും പരിശ്രമം കൊണ്ടാണ്.മൌദൂതിയുടെ പിന്മുരക്കാരുടെ ആവേശം നമ്മളൊക്കെ കിനനെല്ലുരില്‍കണ്ടെതല്ലേ.അവരെയൊക്കെ വിശ്വസിച്ചു പിന്നാലെ കുടുന്നവര്‍മന്ടെന്മാര്‍.കാരണം അവര്‍ക്കുതന്നെ സ്വന്തമായി ഒരുനയമില്ല

Vishnu പറഞ്ഞു...

പ്രാദേശികവാദം ശരിയല്ല. പക്ഷെ ഒരു പ്രദേശത്തെ ജനങ്ങള്‍ അവഗനനയെക്കുറിച്ചു സംസാരിക്കുന്നതിനെ അങ്ങനെ വിളിക്കാമോ? എന്നാല്‍ അതിനു വേണ്ടി കലാപമുണ്ടാകുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല.

പോസ്റ്റ്‌ അപൂര്‍ണ്ണം എന്ന് തോന്നുന്നു.
പറയേണ്ടതോന്നും പറഞ്ഞില്ല എന്ന് തോന്നുന്നു.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

സോളിഡാരിറ്റി എന്തായാലും കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം( ഞാന്‍ ഒരു സോളിഡാരിറ്റിക്കാരനല്ല)

Absar Mohamed പറഞ്ഞു...

പ്രാദേശിക വാദത്തോട് യോജിപ്പില്ല.
എന്നാല്‍ വികസനത്തിന് പ്രക്ഷോഭങ്ങള്‍ കൂടിയേ തീരൂ.. ഇതിനു സോളിടാരിറ്റി എന്ന കൊടി ഉപയോഗുക്കുന്നതിനേക്കാള്‍ നല്ലത് പൊതു ജനകൂട്ടായ്മയുടെ കൊടി ഉപയോഗിക്കുന്നതായിരിക്കും.

rajan പറഞ്ഞു...

here I read your article, ok, but I would like to say that, think positively but not
negative, because everybody know that almost all the potical leaders are now corrupted, so that they have time to do the work for the public generally therefore other organisation doing their work positively.My hearty request is that if anybody doing posititive thinks say good.

വാല്യക്കാരന്‍.. പറഞ്ഞു...

മലബാര്‍ കടുത്ത അവഗണ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കണമെങ്കില്‍ മലബാര്‍ മേഖലയിലൂടെ ഒന്ന് വണ്ടിയോടിച്ചാല്‍ മാത്രം മതി..

മലബാറില്‍ നിന്നും എമ്പാടും മന്ത്രിമാരുണ്ടായിട്ടും തിരോന്തരം ചുറ്റാന്‍ മാത്രം പഠിച്ച് പോരുക എന്നല്ലാതെ വേറൊരു ഉപകാരവുമില്ലല്ലോ...

വിപ്ലവാഭിവാദ്യങ്ങള്‍...