കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

24 നവംബർ 2011

മുല്ലപ്പെരിയാർ ഉത്സാഹക്കമ്മറ്റികളോട്

അദ്ധ്വാനം മറന്ന മനുഷ്യൻ, ചൈനീസ്സും അറേബ്യന്നുമൊക്കെ മൃഷ്ടാന്നം വിഴുങ്ങി അടിഞ്ഞുകൂടുന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കത്തിച്ചുകളയാൻ ജിമ്മിൽ പോയി പാടുപെടുന്നതു പോലെ തന്നെയാണിപ്പോൾ, പൊതുജീവിത മേഖലകളിൽ നിന്ന് രാഷ്ട്രീയത്തെ അകറ്റി നിർത്തിയ നമ്മൾ ധാർമ്മിക രോഷം കത്തിച്ചുകളയാൻ ഫേസ് ബുക്കിൽ അലറിവിളിക്കുന്നതും.

അറേബ്യൻ മുല്ലപ്പൂ വിപ്ലവത്തിന്റെ കാറ്റേറ്റ് ഭാരതമണ്ണിലും ഫേസ് ബുക്ക് വിപ്ലവം മുളപ്പിച്ചെടുക്കാം എന്ന ചിന്ത അൽപ്പം കടന്ന അതിമോഹം തന്നെയാണ്. നമ്മൾ ഇന്ത്യൻ സൈബർ ചട്ടമ്പികൾക്ക് കളക്ടറേറ്റിന്നു മുന്നിൽ കുത്തിയിരുന്ന് വെയിൽ കൊള്ളാൻ പോലുമുള്ള ആമ്പിയറില്ല എന്നതു തന്നെകാര്യം.

പക്ഷേ നമുക്കിവിടെ ഫേസ്ബുക്ക് സുരതങ്ങൾക്കായ് കാലാകാലങ്ങളിൽ ഓരോ വിഷയവും വീണുകിട്ടാറുണ്ട്. താരതമ്യേന പണികുറഞ്ഞ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്ത മുൻ മന്ത്രി എൻ കെ പ്രേമചന്ദ്രൻ സംസ്ഥാനത്തിന്റെ പൊതു താത്പര്യം മുൻ നിർത്തി പണ്ട് മുല്ലപ്പെരിയാർ വിഷയത്തിൽ ശക്തമായ രീതിയിൽ കോടതി വഴിയുള്ള ഇടപെടലുകൾ നടത്തിയ കാലത്തും ഇന്നത്തേക്കാൾ കനത്ത രീതിയിലുള്ള സൈബർ അഭിപ്രായ രൂപീകരണ ഇടപെടലുകളുണ്ടായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പും ഐസ്ക്രീമും പോലുള്ള മസാലകളും പിന്നെ എൻഡോസൾഫാനും കിട്ടിയപ്പോൾ നമ്മൾ മുല്ലപ്പെരിയാറിന്നെ മറന്നു.

ഇപ്പോൾ 'ഡാം 999' എന്ന സിനിമ റിലീസ്സിന്നു തയ്യാറായപ്പോൾ, കൂടെ ഇടുക്കിയിൽ ഭൂകമ്പവുമുണ്ടായപ്പോൾ വീണ്ടും നമുക്ക് ബോധോദയമുണ്ടായിരിക്കുന്നു. ഫേസ് ബുക്ക് തുറന്നാൽ മുല്ലപ്പെരിയാർ മാത്രം! ഈ പ്രശ്നത്തിന്ന് ഉചിത പരിഹാരം ഉണ്ടാകും വരെ ഈ ആവേശത്തെ ഇതേ രീതിയിൽ കൊണ്ടുപോകാൻ നമുക്കാവുമോ? ശക്തമായ നിലപാടുകളെടുക്കാൻ നമ്മുടെ ഭരണനേതൃത്വത്തെ പ്രേരിപ്പിക്കാൻ ഈ പേജ് ലൈക്കുകൾ മാത്രം മതിയോ? ഈ സൈബർ മൂവ്മെന്റിന്നു മുൻകൈ എടുക്കുന്നവർ ചെയ്യേണ്ടത് ഈ പ്രോത്സാഹനങ്ങൾ മുതൽക്കൂട്ടാക്കി ഒരു സാമ്പിളിനെങ്കിലും പ്രത്യക്ഷ സമര കൂട്ടായ്മ്മയേക്കുറിച്ച് ചിന്തിക്കുകയാണ്. മുല്ലപ്പെരിയാർ പരിസരത്ത് നമ്മൾ നൂറുപേർക്കെങ്കിലും ഒത്തുകൂടാനായാൽ അത് ഇവിടുത്തെ രാഷ്ട്രീയ സംഘടനകൾക്ക് "സൈബർ വിപ്ലവം" നൽകുന്ന  മുന്നറിയിപ്പോടു കൂടിയുള്ള  സന്ദേശമാവും തീർച്ച.

++++++++++++++++++++++++++++++++++++++++++++++++++++++++++

മുല്ലപ്പെരിയാൽ ക്യാമ്പയിന്റെ ഭാഗമായി കേരള മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വെബ് സൈറ്റ് വഴി പരാതിനൽകാനുള്ള ലിങ്ക് പരസ്യം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സാധാരണ ഗതിയിൽ തന്നെ ആ സൈറ്റിൽ പ്രസക്തമായ പരാതികൾക്ക് പോലും മറുപടി കിട്ടാറില്ല ( എന്റെ അനുഭവം). ആ നിലയ്ക്ക് ആ സൈറ്റിൽ പരാതി നൽകുന്ന സാധാരണക്കാരന്റെ ആശയ്ക്ക് വിരുദ്ധമാകില്ലേ ഈ കൂട്ട മെയിലുകൾ? എന്ത് കൊണ്ട് നമുക്ക് ഉമ്മൻചാണ്ടിക്കു പകരം ജയലളിതയ്ക്ക് പരാതി അയച്ചു കൂടാ?

++++++++++++++++++++++++++++++++++++++++++++++++++++++++++

മുല്ലപ്പെരിയാർ പ്രശ്നം ഇടുക്കിയുടേതുമാത്രമായി കാണുന്ന മലയാള പോഴന്മാർ ശ്രദ്ധിക്കുക; ഏസിയും ഫാനുമില്ലാതെ കിടന്നുറങ്ങാനാവുമെങ്കിൽ, മിക്സി കറങ്ങാതെ കറികിട്ടുമെങ്കിൽ, തണുപ്പിക്കാത്ത ബീർ കുടിച്ചുറങ്ങാമെങ്കിൽ നിങ്ങൾക്കു തുടരാം...


21 നവംബർ 2011

ക്രൈസിസ് മാനേജ്മെന്റ് മാസ്റ്റർ പ്ലാൻ

സുതാര്യ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏറണാകുളം ജില്ലയിലെ ജനസമ്പർക്ക പരിപാടിയിൽ തുടർച്ചയായി ഇരുപത് മണിക്കൂറോളം പരാതികൾ സ്വീകരിച്ച്, ഉദ്യോഗസ്ഥന്മാരേയും ജനപ്രതിനിധികളേയും വല്ലാണ്ടാക്കിയകാര്യം മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു.

കൂടുതലും 'അന്യഗ്രഹ ജീവി'കൾ സർക്കാർ സേവകരായുള്ള, തെക്കോട്ടു നിന്നും-തെക്കോട്ടേക്കുമുള്ള തീവണ്ടി സമയത്തിനനുസരിച്ച് മാത്രം സർക്കാർ ആപ്പീസുകൾ പ്രവർത്തിക്കുന്ന കാസർക്കോട് ജില്ലയിലെ ജനസമ്പർക്കത്തിന്നു മുന്നോടിയായി ജീവനക്കാർക്ക് അൽപ്പം ഭീകര പരിശീലനം നൽകുന്നത് നന്നായിരിക്കും!

++++++++++++++++++++++++++++++++++++++++++++++++++++++++++


കിളവന്മാരായ ഏതെങ്കിലും സെലിബ്രിറ്റി ജീവൻ എന്തെങ്കിലും സൂക്കേടിന്ന് ആസ്പത്രിയിൽ അഡ്മിറ്റായാൽ മാധ്യമ ഡെസ്കുകളിലും ലൈബ്രറിയിലും ആർക്കൈവിലുമൊക്കെ ആളനക്കവും പരക്കം പാച്ചിലും വല്ലാതാവുമെന്ന് ഏതോ മാധ്യമ സുഹൃത്ത് പറഞ്ഞതോർമ്മയുണ്ട്.

ഇടുക്കിയിൽ ഇടയ്ക്കിടയ്ക്ക് ഭൂകമ്പം വരികയും പണ്ട് അറുവായിയിൽ പണിത മുല്ലപ്പെരിയാർ ഡാമിന്ന്  വിള്ളലും ചോർച്ചയുമൊക്കെ കൂടി വരുമ്പോൾ മാധ്യമ ഡെസ്കിലും ഡെസ്കിന്നടിയിലും മോളിലുമൊക്കെയിരുന്ന് ശമ്പളം പറ്റുന്നവർ ആ വിഷയത്തിലും ഗവേഷണം തുടങ്ങിക്കാണണം.

ഡാം പൊട്ടിയാൽ ഓബി വാൻ വയ്ക്കാൻ പറ്റിയ സ്ഥലങ്ങൾ ബുക്കു ചെയ്യണം, തത്സമയ വിവരണങ്ങൾക്കായി കുന്നിൻ മുകളിൽ താമസിക്കുന്ന കുറച്ചു പേരുടെ മൊവീൽ നംബർ സംഘടിപ്പിക്കണം, ചർച്ചകൾക്കായി സാങ്കേതിക-രാഷ്ട്രീയ-ശാസ്ത്ര വിദഗ്ദരുടെ പാനലുണ്ടാക്കണം... ഹോ.... വയ്യ! മെല്ലേ പൊട്ടിയാൽ മതിയായിരുന്നു!

സംസ്ഥാന പൊതുഭരണ-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരും തയ്യാറെടുപ്പ് തുടങ്ങിയെന്നു വേണം ഊഹിക്കാൻ. ഡാം പൊട്ടലിന്നുശേഷം നടക്കേണ്ട അടിയന്തിര മന്ത്രിസഭാ യോഗത്തിനുള്ള നോട്ടുകൾ പണിപ്പുരയിലാണ്. മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക പിരിക്കാൻ ഒരു 'മുല്ലപ്പെരിയാർ സ്പെഷ്യൽ' ബമ്പർ ലോട്ടറി സംഘടിപ്പിക്കണം. ശവസംസ്കാരത്തിന്നും മറ്റുമായി പെട്ടന്ന് ആശ്വാസ നിധി കൈമാറുന്നതിന്നായി ഓരോ വില്ലേജിന്നും ഓരോ തഹസിൽദാറെ നിയമിക്കണം,  അനുവദിക്കേണ്ട തുകയ്ക്കായി ഫണ്ട് മാറ്റിവയ്ക്കണം. ഈ ഫണ്ട് വിതരണത്തിൽ നടന്നേക്കാവുന്ന ക്രമക്കേട് അന്വേഷിക്കാൻ ഒരു വിജിലൻസ് സംഘത്തെ ഇപ്പോഴേ നിയമിക്കാം!

ഡാം പൊട്ടിയാൽ ഒരുപക്ഷേ കേരളവും അണ്ണാച്ചി നാടും ഇന്ത്യയും പാക്കിസ്ഥാനും പോലെയായേക്കാം. അങ്ങനെ വന്നാൽ നമ്മുടെ കഞ്ഞികുടി മുട്ടും തീർച്ച. പച്ചക്കറിയും കോയിമുട്ടയും തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരാൻ ബുദ്ധിമുട്ടുവന്നാൽ ബിജെപ്പി ഭരിക്കുന്ന കർണ്ണാട്കത്തിൽ നിന്നു വേണം കോഴിയിറച്ചി കൊണ്ടുവരാൻ. ഹലാലായ പോത്തിറച്ചിക്കും ക്ഷാമം വരും. കർണ്ണാടകത്തിലൂടെ ഗോക്കളെ കൊണ്ടുവരാൻ സംഘികൾ സമ്മതിക്കില്ല. അപ്പോൾ വയലാർ രവിയിൽ സ്വാധീനം ചെലുത്തി 'കാർഗോ വിമാനം' ഏർപ്പാടാക്കി കോഴിയും പോത്തും ഇറക്കുമതിചെയ്യാൻ ഊർജ്ജസ്വലനായ, 'ഇറക്കുമതിക്കാരനായ', മാർക്കറ്റ് ഫെഡ് എംഡിയെ ചുമതലപ്പെടുത്തണം.

++++++++++++++++++++++++++++++++++++++++++++++++++++++++++

നമ്മുടെ പ്രിയങ്കരനായ ഏകെ ആന്റണി പ്രതിരോധ മന്ത്രിയായി തുടരുന്നതിനാൽ, കേന്ദ്ര-കേരള വിനോദയാത്രാ സംഘത്തിന്നും മറ്റും ഹെലിക്കോപ്റ്ററിന്നു ബുദ്ധിമുട്ടേണ്ടിവരില്ല!


പഴയ പോസ്റ്റ്:

നിങ്ങൾക്കും ദുഷ്ടമാന്ത്രികനാവാം.

17 നവംബർ 2011

നിങ്ങൾക്കും ദുഷ്ടമാന്ത്രികനാവാം.

സകലവും മായയായ ഈ ലോകത്ത് മലയാളിയുടെ പുരോഗമനവും വെറും കാപട്യമാണെന്നതിന്റെ പതിനായിരത്തി യൊന്നാമത്തെ ഉദാഹരണമാണ് മന്ത്രവാദത്തിലും അനുബന്ധ ദുരാചാരങ്ങളിലുമുള്ള വിശ്വാസം. പത്രങ്ങൾ തുറന്നാൽ ആദ്യം കാണുന്നതും ചാത്തൻ സേവാ കേന്ദ്രങ്ങളുടെയും ജ്യോതിഷാലയങ്ങളുടേയും പരസ്യങ്ങൾ.

ഏതൊരു അവിശ്വാസിയേയും മുട്ടുകുത്തിക്കാൻ കൂടോത്ര മന്ത്രവാദ തന്ത്രങ്ങൾക്കാവുമെന്നതിന്ന് ഉദാഹരണങ്ങൾ ഒരുപക്ഷേ നിങ്ങളുടെ വീട്ടുമുറ്റത്തു തന്നെ കാണും. ഒരു അന്ധവിശ്വാസിയെ വിശ്വാസിയാക്കുന്നതിലും എളുപ്പമാണ് ഒരു വിശ്വാസിയെ അന്ധവിശ്വാസിയാക്കാൻ. ആശുപത്രി കഴിഞ്ഞാൽ ഒരു പക്ഷേ മലയാളികൾ ഏറ്റവും കൂടുതൽ പണം ചിലവാക്കിയിട്ടുണ്ടാവുക ഇത്തരം "ആത്മീയ" കാപട്യങ്ങൾക്കായിരിക്കും.

നമ്മുടെ സാങ്കൽപ്പിക ശത്രുവിന്നെ മാനസികമായി തകർക്കുക എന്നതാണ് കൂടോത്രങ്ങൾക്കു പിന്നിലെ ശാസ്ത്രവും വിജയവും. അതിന്നായി ലക്ഷങ്ങൾ ചിലവാക്കി മന്ത്രവാദികളെ ബുദ്ധിമുട്ടിക്കേണ്ടതില്ല. യാതൊരു മിനക്കേടുമില്ലാതെ നിങ്ങൾക്കു തന്നെ സ്വന്തമായി ചെയ്യാവുന്നതേ ഉള്ളൂ.

ഭസ്മം, ചെറുനാരങ്ങ, പെൻസിൽ കൊണ്ട് ദേവനാഗിരി, അറബി ലിപികളിൽ എഴുതിയ കോഴിമുട്ട തുടങ്ങിയവ "ശത്രു"വിന്റെ വസ്തുവകകളിൽ പാതിമറഞ്ഞരീതിയിൽ പ്രദർശിപ്പിക്കലാണ് ഈ രംഗത്തെ ഏറ്റവും ചെറിയ വിദ്യ. അത് ഏശാത്ത ഇടങ്ങളിൽ വാട്ടിയ വാഴയിലയിൽ അറുത്ത കോഴിത്തല, മഞ്ഞൾപൊടി, ഭസ്മം, ഉണക്കലരി തുടങ്ങിയവ കലാപരമായി സംയോജിപ്പിച്ച് "ഇര"യുടെ ദൃഷ്ടി പതിയുന്നിടത്ത് വയ്ക്കുകയാണ് മാന്ത്രിക മഹാന്മാർ ചെയ്തുവരുന്നത്.

എന്നിട്ടും വീഴാത്ത സഖാക്കൾ വല്ലവരുമുണ്ടെങ്കിൽ അവർക്ക് പണികൊടുക്കാൻ അൽപ്പം മിനക്കേടുണ്ട്. അതിനായി സാമാന്യം ചെറിയ ഒരു കോഴിമുട്ട, വിനഗിരിൽ (അച്ചാറിടാനും മറ്റും ഉപയോഗിക്കുന്ന സുർക്ക)  12മണിക്കൂർ കുതിർത്തുവയ്ക്കുക. കോഴിമുട്ട കടന്നുപോകാത്തതും എന്നാൽ വാവട്ടമുള്ളതുമായ ഒരു ചില്ലുകുപ്പിയിലേക്ക്, മേൽ പതം വന്ന കോഴിമുട്ട കടത്തിവിടുക. അതിൽ പച്ച വെള്ളം നിറച്ച് 1മണിക്കൂർ കഴിഞ്ഞ് വെള്ളം വാർത്തു കളയുക. ഇപ്പോൾ മുട്ടത്തോട് ഉറച്ച് പൂർവ്വസ്ഥിതിയിൽ ആയിട്ടുണ്ടാവും,അതുകൊണ്ട് തന്നെ പുറത്തെടുക്കാനാവുകയില്ല. അതിൽ കുറച്ച് ചെക്കിപ്പൂവ്, മഞ്ഞൾപൊടി, സിന്ദൂരം, പുഴുക്കലരി തുടങ്ങിയവ കൂടി നിക്ഷേപിക്കുക.

"അസാധാരണ ശക്തിയുള്ള" ഈ മഹാമാന്ത്രിക ഏലസ്സ് 'ശത്രു'വിന്റെ വീട്ടുമുറ്റത്ത് പാതിമറഞ്ഞരീതിയിൽ കുഴിച്ചിടൂ. ഫലം ഉറപ്പ്.

കൂടുതൽ കൂടോത്ര വിദ്യകൾക്കായി കാത്തിരിക്കൂ...

===================================================

ബ്ലോഗിൽ കിട്ടുന്ന കമന്റ് വിറ്റാൽ ഖൈമ പച്ചരി വാങ്ങാൻ കിട്ടുന്ന ബാർട്ടർ സമ്പ്രദായം നിലവിലുണ്ടെന്നു കേൾക്കുന്നു. ബ്ലോഗിൽ കൂടുതൽ കമന്റു കിട്ടാനുള്ള മാന്ത്രിക ഏലസ്സ് പരീക്ഷണക്കുടിയിലാണ്. പ്രിയ ബ്ലോഗന്മാരേ കാതിൽ കമ്ന്റ്റുമിട്ട് കാത്തിരിക്കുക!
09 നവംബർ 2011

മൃഗാധിപത്യം വന്നാൽ

1. പട്ടിയെ
പട്ടിയെന്ന്
വിളിക്കാതിരുന്നാൽ
പട്ടി,
പട്ടിയാവാതിരിക്കുമോ?

2. കുരയ്ക്കുവാൻ മാത്രമായി നിയോഗിക്കപ്പെട്ട പട്ടി, യജമാനന്റെ ആജ്ഞാ അവകാശങ്ങളിൽ വാൽ കടത്തി ആളാവുമ്പോൾ 'പോടാ പട്ടീ' എന്നു വിളിച്ചു കല്ലെറിയുന്നത് പാതകമാണോ?

3. അങ്ങനെ കല്ലെറിയുന്ന യജമാന ഭക്തനെ കടിച്ചു കീറുന്ന പട്ടി വെറും പട്ടിയല്ല പേപ്പട്ടിയാണെന്നു പറഞ്ഞാൽ അതിന്നും കിട്ടുമോ കുര?

4. അസഹനീയമായ രീതിയിൽ പട്ടി കുരച്ചാൽ നമ്മൾ കുരയെ കുറ്റം പറയണോ അതോ കുരച്ച പട്ടിയെ കുറ്റം പറയണോ?

===============================================


05 നവംബർ 2011

ഐ പാഡ്, കായംകുളം കൊച്ചുണ്ണി

ഇഞ്ചിക്കൃഷി നഷ്ടത്തിലായി ഒരു ലക്ഷം രൂപയുടെ കടക്കെണിയിലായ വയനാട്ടിലെ അശോകനെന്നെ യുവ കർഷകൻ  ആത്മഹത്യചെയ്തു കൊണ്ട്, അഞ്ചു വർഷം നീണ്ടു നിന്ന വയനാടൻ കർഷക ആത്മഹത്യയുടെ 'മൊറട്ടോറിയം' അവസാനിപ്പിച്ച അതേ ദിവസമാണ് ഒന്നിന്നു നാൽപ്പതിനായിരം വിലവരുന്ന ആപ്പിൾ ഐപാഡ് നൂറ്റിനാൽപ്പത് നിയമസഭാ സാമാജികർക്കും വ്യവസായമന്ത്രി നിയമസഭയിൽ സമ്മാനമായി നൽകിയത്.

എന്തായാലും ഈ സൗജന്യ സമ്മാനം മന്ത്രിയുടെ തറവാട്ടു പിരിവിൽ നിന്ന് പണമെടുത്ത് വാങ്ങി വിതരണം ചെയ്തതാണെന്നു വിശ്വസിക്കാൻ ഞാനാളല്ല. നമ്മുടെ നികുതിപ്പണം വകമാറ്റിത്തന്നെയാവണം ഈ ആഡംബര തോന്ന്യാസവും. അഴിമതിയുടെ ആപ്പിൾ പൂശി വെളുപ്പിച്ച രൂപം എന്നുതന്നെ നമുക്കിതിന്നെ വിളിക്കാം. "നമ്മുടെ വ്യവസായത്തെ" ബാധിക്കാത്ത വിവിധ കാരണങ്ങളുയർത്തി നിയമസഭ സ്തംഭിപ്പിക്കുക വഴി വ്യവസായ വകുപ്പ് മന്ത്രിക്കെതിരേ ഉയർന്നു വന്ന 'ദുരാരോപണങ്ങൾ' സഭയിൽ വലിയ ചർച്ചയാവാതിരിക്കാൻ ആഞ്ഞു ശ്രമിച്ച ബഹുമാന്യ മെംബർമാരെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ പ്രീണിപ്പിക്കാനാവും?

ആദർശത്തിന്റെ അപ്പോസ്തലനായി മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന പ്രതിപക്ഷ നേതാവു പോലും ആദ്യം ഈ സമ്മാനം കൈപ്പറ്റുകയുണ്ടായി; പിന്നീടതിൽ കുഞ്ഞാപ്പ നാമം മുദ്രണം ചെയ്തത് കണ്ട് തിരിച്ചു കൊടുത്തെങ്കിലും!, (അതുകൊണ്ട് മാത്രമാണ് തിരിച്ചുകൊടുത്തത്). ഇക്കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ആകെ നേരാം വണ്ണം നടന്ന ഏക നടപടി ഈ ഐപാഡ് വിതരണം മാത്രമായിരുന്നു. അതിൽ അംഗങ്ങൾക്കും വ്യവസായ മന്ത്രിക്കും അഭിമാനിക്കാം, സ്പീക്കർക്കും മുഖ്യമന്ത്രിക്കും ആശ്വസിക്കാം.

========================================

പെട്രോൾ വിലവർദ്ധനയ്ക്കെതിരേ ജനങ്ങൾ പ്രതികരിക്കണമെന്ന് പീസീ തോമസ് നൽകിയ കേസ് പരിഗണിക്കവേ കേരള ഹൈക്കോടതി വാക്കാൽ ഉപദേശിച്ചുവെന്ന് മാധ്യമങ്ങളിൽ കണ്ടു. ബഹുമാനപ്പെട്ട ജഡ്ജന്ന് പ്രതികരിക്കാനുള്ള വഴി കൂടി പറഞ്ഞുതരാമായിരുന്നു. മേൽ നിയമസഭയെ നോക്കുകുത്തിയാക്കി കേരള ഹൈക്കോടതി തന്നെ ഇന്നാട്ടിൽ ചില നിയമവിധികളുണ്ടാക്കി വച്ചിട്ടുണ്ടല്ലോ? ബന്ദ് നടത്താൻ പാടില്ല, പൊതുസ്ഥലത്ത് പ്രകടനം പാടില്ല, റോഡരികിൽ നിന്നു മിണ്ടരുത്, സർക്കാർ ബസ്സിന്ന് കല്ലെറിയാൻ പോലും പാടില്ല. അല്ല സാർ പിന്നെങ്ങനെയാണ് നമ്മൾ സാദാജനം പ്രതികരിക്കേണ്ടത്? ഫേസ് ബുക്കിൽ നല്ല ചൂടൻ മുദ്രാവാക്യമിട്ടാൽ പോലും സൈബർ നിയമം വാളുമായി വരുമല്ലോ? മുതലക്കണ്ടം മൈതാനിയിൽ നാലാളുകൂടി കുത്തിയിരുന്നാൽ ഭരണവർഗ്ഗം പോയിട്ട് റിപ്പോർട്ടർ ചാനലുകാരൻ വരെ തിരിഞ്ഞു നോക്കൂലാന്ന്    അറിയാത്താളെയാണോ ജഡ്ജിയാക്കിയിരിക്കുന്നത്?

========================================