കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

24 നവംബർ 2011

മുല്ലപ്പെരിയാർ ഉത്സാഹക്കമ്മറ്റികളോട്

അദ്ധ്വാനം മറന്ന മനുഷ്യൻ, ചൈനീസ്സും അറേബ്യന്നുമൊക്കെ മൃഷ്ടാന്നം വിഴുങ്ങി അടിഞ്ഞുകൂടുന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കത്തിച്ചുകളയാൻ ജിമ്മിൽ പോയി പാടുപെടുന്നതു പോലെ തന്നെയാണിപ്പോൾ, പൊതുജീവിത മേഖലകളിൽ നിന്ന് രാഷ്ട്രീയത്തെ അകറ്റി നിർത്തിയ നമ്മൾ ധാർമ്മിക രോഷം കത്തിച്ചുകളയാൻ ഫേസ് ബുക്കിൽ അലറിവിളിക്കുന്നതും.

അറേബ്യൻ മുല്ലപ്പൂ വിപ്ലവത്തിന്റെ കാറ്റേറ്റ് ഭാരതമണ്ണിലും ഫേസ് ബുക്ക് വിപ്ലവം മുളപ്പിച്ചെടുക്കാം എന്ന ചിന്ത അൽപ്പം കടന്ന അതിമോഹം തന്നെയാണ്. നമ്മൾ ഇന്ത്യൻ സൈബർ ചട്ടമ്പികൾക്ക് കളക്ടറേറ്റിന്നു മുന്നിൽ കുത്തിയിരുന്ന് വെയിൽ കൊള്ളാൻ പോലുമുള്ള ആമ്പിയറില്ല എന്നതു തന്നെകാര്യം.

പക്ഷേ നമുക്കിവിടെ ഫേസ്ബുക്ക് സുരതങ്ങൾക്കായ് കാലാകാലങ്ങളിൽ ഓരോ വിഷയവും വീണുകിട്ടാറുണ്ട്. താരതമ്യേന പണികുറഞ്ഞ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്ത മുൻ മന്ത്രി എൻ കെ പ്രേമചന്ദ്രൻ സംസ്ഥാനത്തിന്റെ പൊതു താത്പര്യം മുൻ നിർത്തി പണ്ട് മുല്ലപ്പെരിയാർ വിഷയത്തിൽ ശക്തമായ രീതിയിൽ കോടതി വഴിയുള്ള ഇടപെടലുകൾ നടത്തിയ കാലത്തും ഇന്നത്തേക്കാൾ കനത്ത രീതിയിലുള്ള സൈബർ അഭിപ്രായ രൂപീകരണ ഇടപെടലുകളുണ്ടായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പും ഐസ്ക്രീമും പോലുള്ള മസാലകളും പിന്നെ എൻഡോസൾഫാനും കിട്ടിയപ്പോൾ നമ്മൾ മുല്ലപ്പെരിയാറിന്നെ മറന്നു.

ഇപ്പോൾ 'ഡാം 999' എന്ന സിനിമ റിലീസ്സിന്നു തയ്യാറായപ്പോൾ, കൂടെ ഇടുക്കിയിൽ ഭൂകമ്പവുമുണ്ടായപ്പോൾ വീണ്ടും നമുക്ക് ബോധോദയമുണ്ടായിരിക്കുന്നു. ഫേസ് ബുക്ക് തുറന്നാൽ മുല്ലപ്പെരിയാർ മാത്രം! ഈ പ്രശ്നത്തിന്ന് ഉചിത പരിഹാരം ഉണ്ടാകും വരെ ഈ ആവേശത്തെ ഇതേ രീതിയിൽ കൊണ്ടുപോകാൻ നമുക്കാവുമോ? ശക്തമായ നിലപാടുകളെടുക്കാൻ നമ്മുടെ ഭരണനേതൃത്വത്തെ പ്രേരിപ്പിക്കാൻ ഈ പേജ് ലൈക്കുകൾ മാത്രം മതിയോ? ഈ സൈബർ മൂവ്മെന്റിന്നു മുൻകൈ എടുക്കുന്നവർ ചെയ്യേണ്ടത് ഈ പ്രോത്സാഹനങ്ങൾ മുതൽക്കൂട്ടാക്കി ഒരു സാമ്പിളിനെങ്കിലും പ്രത്യക്ഷ സമര കൂട്ടായ്മ്മയേക്കുറിച്ച് ചിന്തിക്കുകയാണ്. മുല്ലപ്പെരിയാർ പരിസരത്ത് നമ്മൾ നൂറുപേർക്കെങ്കിലും ഒത്തുകൂടാനായാൽ അത് ഇവിടുത്തെ രാഷ്ട്രീയ സംഘടനകൾക്ക് "സൈബർ വിപ്ലവം" നൽകുന്ന  മുന്നറിയിപ്പോടു കൂടിയുള്ള  സന്ദേശമാവും തീർച്ച.

++++++++++++++++++++++++++++++++++++++++++++++++++++++++++

മുല്ലപ്പെരിയാൽ ക്യാമ്പയിന്റെ ഭാഗമായി കേരള മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വെബ് സൈറ്റ് വഴി പരാതിനൽകാനുള്ള ലിങ്ക് പരസ്യം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സാധാരണ ഗതിയിൽ തന്നെ ആ സൈറ്റിൽ പ്രസക്തമായ പരാതികൾക്ക് പോലും മറുപടി കിട്ടാറില്ല ( എന്റെ അനുഭവം). ആ നിലയ്ക്ക് ആ സൈറ്റിൽ പരാതി നൽകുന്ന സാധാരണക്കാരന്റെ ആശയ്ക്ക് വിരുദ്ധമാകില്ലേ ഈ കൂട്ട മെയിലുകൾ? എന്ത് കൊണ്ട് നമുക്ക് ഉമ്മൻചാണ്ടിക്കു പകരം ജയലളിതയ്ക്ക് പരാതി അയച്ചു കൂടാ?

++++++++++++++++++++++++++++++++++++++++++++++++++++++++++

മുല്ലപ്പെരിയാർ പ്രശ്നം ഇടുക്കിയുടേതുമാത്രമായി കാണുന്ന മലയാള പോഴന്മാർ ശ്രദ്ധിക്കുക; ഏസിയും ഫാനുമില്ലാതെ കിടന്നുറങ്ങാനാവുമെങ്കിൽ, മിക്സി കറങ്ങാതെ കറികിട്ടുമെങ്കിൽ, തണുപ്പിക്കാത്ത ബീർ കുടിച്ചുറങ്ങാമെങ്കിൽ നിങ്ങൾക്കു തുടരാം...


13 അഭിപ്രായങ്ങൾ:

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

ബെസികലി മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ നമ്മള്‍ മലബാരുകര്‍ക്ക് ഒരു ചുക്കും ഇല്ല , പിന്നെ വൈദ്യുതി , അത് രണ്ടു നാള് കഴിയുമ്പോ വേറെ വല്ല വിദേനം വന്നോളും ഇല്ലേല്‍ സോളാര്‍ പാനല്‍ വാങ്ങും ... ഇനി ഇമ്മാതിരി ഡയലോഗും കൊണ്ട് വന്നേക്കരുത് ...


അണ്ണാച്ചീ നല്ല പോസ്റ്റ്‌ ..

VANIYATHAN പറഞ്ഞു...

ബ്ലോഗിലും ഫേസ്ബുക്കിലും നടക്കുന്ന പ്രചരണം ഒട്ടും ചൂടാറാതെ നിലർത്തുക അപ്പോൾ മുല്ലപ്പെരിയാറിലും ഇടുക്കിയിലും മുഴുവൻ കേരളവും ഒത്തുകൂടുന്നത്‌ കാണാം.

ശ്രീക്കുട്ടന്‍ പറഞ്ഞു...

കഴിയുന്നിടത്തോളം ജനങ്ങളെ ഈ പങ്കെടുപ്പിച്ച് ബഹുജനപ്രക്ഷോഭങ്ങള്‍ ആരംഭിക്കണം.അത് പൊട്ടിയിട്ട് പിന്നെ വിലപിച്ചതുകൊണ്ട് കാര്യമില്ല.ഇന്നത്തെ രാഷ്ട്രീയക്കാരേയും നമ്പണ്ട...ജനങ്ങള്‍ മുന്നിട്ടിറങ്ങിയാള്‍ സര്‍ക്കാരുകള്‍ക്കും കോടതിയ്ക്കുമൊന്നും കണ്ണടച്ചിരിക്കാനാവില്ല....

MOHAMED RIYAZ KK പറഞ്ഞു...

ഉഷാറായ്ക്ണ് ട്ടോ

Absar Mohamed പറഞ്ഞു...

നല്ല പോസ്റ്റ്‌...
ഇതിന് ഏല്‍ക്കുന്ന തരത്തിലുള്ള വല്ല മന്ത്രവാദ ക്രിയകളും കയ്യിലുണ്ടോ???

ഞാനും ഒരു ബോസ്റ്റ് ഇട്ടു..
മുല്ലപ്പെരിയാറേ, നിന്നോട് പറയാനുള്ളത്....

അജ്ഞാതന്‍ പറഞ്ഞു...

എനിക്ക് നാണോം മാനോം ഉളുപ്പും ഉണ്ട് എന്നാലും നല്ല പോസ്റ്റ്‌ എന്ന് സ്വന്തം :അജ്ഞാതന്‍ !!

ഫഹദ് പറഞ്ഞു...

ഇതു നന്നായി ബൈജു. ഫേസ്ബുക്കിലൂടെ വിപ്ലവം വരുമെന്നു കാത്തിരിക്കുന്നവരോട് ഇതു തന്നെയാണ് പറയേണ്ടിയിരുന്നതും.ബ്ലോഗുകളും കാമ്പയിനുകളും പ്രശ്നത്തിനു പരിഹാരമാകുന്നതു വരെ ആവേശം ഒട്ടും കുറയാതെ തന്നെ തുടരട്ടെ എന്നാശംസിക്കുന്നു..

aju പറഞ്ഞു...

ഇങ്ങളു ഇംഗ്ലീഷിലും ഒരു പോസ്റ്റിട്.. കാര്യം കേന്ദ്രത്തിലും ജയലളിത്താമ്മയ്ക്കും മനസ്സിലാകട്ട്....

ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

നല്ല ചിന്ത എല്ലാ ആശംസകളും നേരുന്നു കൂടെയുണ്ട് ഈ കുഞ്ഞു മയില്‍പീലിയും

khaadu.. പറഞ്ഞു...

എവിടെ നോക്കിയാലും മുല്ല പെരിയാര്‍... ബ്ലോഗ്ഗിലും ഫേസ് ബുക്കിലും , എല്ലായിടത്തും...

അതികാര വര്‍ഗ്ഗത്തിന്റെ കണ്ണ് തുറക്കട്ടെ...

ആശംസകള്‍..

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

മുല്ലപെരിയാര്‍ ഡാം എന്നെങ്ങിലും ഒരു ദിവസം തകര്‍നാല്‍ കേരളം വെള്ളത്തിലാവും എന്ന് പറഞ്ഞു വിലപിക്കുന എന്‍റെ മാന്യ സുഹൃത്തുക്കള്‍ ഒന്ന് മനസ്സിലാക്കണം , കേരളം ഇപ്പോള്‍ തന്നെ ഫുള്‍ വെള്ളത്തിലാണ് ......അത് കൊണ്ട് നാളെ എന്നെങ്ങിലും സൂര്യന്‍ ഭൂമിയിലേക്ക്‌ പതിച്ചാല്‍ എന്ത് ചെയ്യണം എന്ന് ഒരു campaign തുടങ്ങിയാല്‍ നന്നായിരിക്കും . വെറുതെ വേറെ ഒരു പണിയും ഇല്ലാതിരിക്കുകയല്ലേ, ഒരു ടൈം പാസ്‌ ആവട്ടെ ........

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

എന്തായാലും എന്നെക്കൊണ്ട് വെയില് കൊല്ലാന്‍ വയ്യ... ഞാനിങ്ങനെ ലൈക്കിക്കളിചോല്ലാം.. എ.സി.റൂമില്‍ അടച്ചിരുന്നു ഫേസ്‌ ബുക്കില്‍ രോഷം കൊണ്ടോലാം.. അല്ലാതെ ഈ രാഷ്ട്രീയവും മുദ്രാവാക്യം വിളിക്കലും അടി വാങ്ങലുമൊക്കെ നമ്മളെപ്പോലെ മാന്യന്മാര്‍ക്കും തറവാട്ടില്‍ പിരന്നവര്‍ക്കും ചേര്‍ന്ന പണിയല്ലെന്ന് മുത്തശി പറഞ്ഞിട്ടുണ്ട്.. അല്ലെങ്കില്‍ തന്നെ യോഗമോക്കെ നടത്താന്‍ കോടതി സമ്മതിക്കുമോ?

ഷിബു തോവാള പറഞ്ഞു...

അഭിനന്ദനങ്ങൾ ബൈജു..ചില കാര്യങ്ങൾ ബൈജു തുറന്നുതന്നെ പറഞ്ഞിരിക്കുന്നു..അമുൽബേബികളായി വളർന്ന്,എ.സി.റൂമിന്റെ ശീതളിമയിൽ ഇരുന്ന്, ലൈക്കും,കമന്റും,കുറെ ഫോളോവേഴ്സിനെയും ഉണ്ടാക്കുവാനുള്ള ഒരു വിഷയം മാത്രമാണ് 'മുല്ലപ്പെരിയാർ'ഇന്ന് പലർക്കും..(എല്ലാവരുമല്ല).ദുരന്തത്തിന്റെ ഭീകരതയെക്കുറിച്ചോ, അതുണ്ടായാൽ അവശേഷിക്കുന്ന ജനസമൂഹം അനുഭവിക്കുവാൻ പോകുന്ന ഭീഷണികളെക്കുറിച്ചോ ഒരു നിമിഷം പോലും ചിന്തിക്കാതെ, തീർത്തും വിവരംകെട്ട രീതിയിൽ പ്രതികരിക്കുന്ന ചില സൈബർസുഹൃത്തുക്കളെക്കാണുമ്പോൾ, മുല്ലപ്പെരിയാർ പ്രശ്നത്തിനെതിരെ ആത്മാർത്ഥമായി പ്രതികരിക്കുന്ന ഒരു മലയാളി എന്ന നിലയിൽ, ലജ്ജിച്ചുപോകുന്നു..നമുക്ക് പ്രതികരിക്കാം..ഈ പ്രശ്നത്തിനെതിരെ കൈകോർക്കാം...ഒരു ഇടുക്കിക്കാരനെന്ന നിലയിലും, മലയാളിയെന്ന നിലയിലും എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു..