കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

05 ജനുവരി 2012

മുറ്റത്തെ പച്ചക്കറിവിപ്ലവം, സർക്കാർ മുമ്പാകെ ഒരു നിർദ്ദേശം


കേരള സർക്കാറിന്റെ നായകരായ മുഖ്യമന്ത്രി ബഹു: ശ്രീ ഉമ്മൻ ചാണ്ടി, കൃഷി വകുപ്പ് മന്ത്രി ശ്രീ കെ പി മോഹനൻ, ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എം മാണി എന്നിവർ മുമ്പാകെ സമർപ്പിക്കുന്ന പച്ചക്കറിക്കൃഷി വിപ്ലവ ആശയം;

സ്ഥിതിവിവരക്കണക്കുകൾ അറിയില്ലെങ്കിലും നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കളിൽ ഭൂരിഭാഗവും ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നു ഇറക്കുമതിചെയ്യുകയാണെന്ന കാര്യത്തിൽ മാത്രം കേരളത്തിൽ തർക്കം കാണില്ല. ഇതിൽ തന്നെ പച്ചക്കറി വകയിൽ കോടിക്കണക്കിന്നു രൂപയാണ് അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.

നമ്മൾ അൽപ്പം ഗർവ്വോടെ പറഞ്ഞുവരുന്ന 'ഉപഭോക്തൃ സംസ്ഥാനം' എന്ന വാക്കിന്റെ ഭീകരത ചെറിയതോതിലെങ്കിലും നമുക്ക് മനസ്സില്ലാക്കിത്തന്നത് മുല്ലപ്പെരിയാറാനന്തര പാർശ്വഫലങ്ങളാണല്ലോ? അന്യ സംസ്ഥാനങ്ങളിലെ ചെക്കു പോസ്റ്റുകൾ അടച്ചിട്ടാൽ നമ്മൾ പട്ടിണിയാവുന്ന അവസ്ഥ. നമുക്ക് എത്രകാലം ഇങ്ങനെ മറ്റുള്ളവരെ ആശ്രയിച്ച് കഴിഞ്ഞുകൂടാനാവും?

==========================================================

അവനവനാശ്യമുള്ള പച്ചക്കറികളെങ്കിലും സ്വന്തം വീട്ടുമുറ്റത്തോ, ടെറസിലോ വിളയിച്ചെടുക്കാൻ നമ്മളിൽ പകുതി പൗരന്മാരെങ്കിലും മിനക്കെട്ടാൽ ഈ അവസ്ഥയ്ക്ക് നല്ല മാറ്റമുണ്ടാവും. എന്നിട്ടും നമ്മളെന്തേ മുഖം തിരിഞ്ഞു നിൽക്കുന്നൂ എന്ന ചോദ്യത്തിന്നു ഉത്തരങ്ങൾ പലതുണ്ട്. ഗുണമേന്മയേറിയ വിത്ത്, വളം, കാർഷികരീതികളേക്കുറിച്ചുള്ള പരിശീലനം  തുടങ്ങിയവയുടെ അഭാവമാണ് മുഖ്യ ഘടകങ്ങൾ. ഇവയൊക്കെ നമുക്ക് നൽകേണ്ട കൃഷിഭവനുകൾ അവരുമായി നിരന്തസമ്പർക്കം പഉലർത്തുന്ന സജീവ കർഷകരെ സഹായിക്കാനുള്ള സ്ഥാപനം മാത്രമായി ഒതുങ്ങിക്കൂടുകയാണ്. അവരുടേതായ പരിമിതികൾമൂലം വ്യാപകമായ രീതിയിൽ ബോധവത്കരണത്തിന്നിറങ്ങിത്തിരിക്കാൻ ഇന്ന് കൃഷിഭവൻ ജീവനക്കാർക്കാവില്ല. നമ്മൾ സാധാരണ മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഓഫീസ് സമയത്ത് കൃഷിഭവനിലെത്തിച്ചേരാനാവത്തത് മറ്റൊരു കാരണം.

==========================================================

പണ്ട് നായനാർ കേരള മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് നമ്മൾ നടത്തി വിജയിപ്പിച്ച് ലോകത്തിന്നു മാതൃകയായി മാറിയ 'സമ്പൂർണ്ണ സാക്ഷരതാ യജ്ഞ' ത്തിന്റെ ഓർമ്മകൾ അയവിറക്കി നോക്കൂ. മലയാളം എന്നൊരൊറ്റ ചിന്തയിൽ കേരളം അലിഞ്ഞ് അക്ഷരക്കൂട്ടായ്മ്മയായി മാറിയ ആ നല്ല ഓർമ്മ.

നമുക്ക് എന്തുകൊണ്ട് അതേ മാതൃകയിൽ ഒരു കാർഷിക വിപ്ലവം, മുറ്റത്തെ പച്ചക്കറിത്തോട്ടത്തിൽ, ടെറസിൽ വിജയിപ്പിച്ചുകൂടാ? വിത്തും വളവും പരിശീലനവും സർക്കാർ നേതൃത്വത്തിൽ ജനങ്ങളിലേക്ക് വികേന്ദ്രീകരിച്ച് എത്തിക്കാനായാൽ തീർച്ചയായും നമുക്ക് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കാനാവും.

മലയാള മനോരമ ആഴ്ചപ്പതിപ്പിനൊപ്പം എല്ലാ ആഴ്ചയും നല്ല വിത്തുകളും കൃഷിരീതിയും സൗജന്യമായി നൽകുന്നുണ്ടായിരുന്നു. അതിന്റെ ഗുണഫലം ഇന്നു ഗ്രാമങ്ങളിൽ കാണാനുണ്ട്. ഒരു വാരികയ്ക്ക് ഇത്രയ്ക്കുമാവുമെങ്കിൽ സർക്കാർ ഊർജ്ജിത ശ്രമം നടത്തിയാൽ...............

==========================================================

പ്രതിദിനം രണ്ടുമണിക്കൂറിൽ കൂടുതൽ ഒരിക്കലും വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടത്തിൽ നമുക്ക് ചിലവിടേണ്ടിവരില്ല. ഷുഗറും കൊളസ്ട്രോളും  കത്തിച്ചുകളയാൻ ജിമ്മിലും റോഡിലും തലകുത്തിമറിയേണ്ട. രണ്ടുമണിക്കൂർ മുറ്റത്ത് മിനക്കെട്ടാൽ മതി. മറ്റിടങ്ങളിൽ നിന്നു കിട്ടാത്ത മന:സന്തോഷം സൗജന്യവും.

നമ്മൾ അറിഞ്ഞുപ്രയോഗിക്കുന്ന വളവും കീടനാശിനികളും ഉപയോഗിച്ച് വിളയിക്കുന്ന പച്ചക്കറികൾ ധൈര്യമായി ഉപയോഗിക്കാം, എൻഡോസൾഫാനേയും മറ്റ് മാരകകീടനാശിനികളേയും ഭയന്ന് ഭക്ഷണം ഉപേക്ഷിക്കേണ്ടിവരികയുമില്ല.

അങ്ങനെ ആരോഗ്യം, സാമ്പത്തികം, മനുഷ്യനെ മനുഷ്യനാക്കുന്ന ജനകീയ കൂട്ടായ്മ്മകൾ തുടങ്ങി നമ്മുടെ സകലമാന ജീവിതമേഖലകളിലും വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ ഇത്തരമൊരു പദ്ധതിക്കാവും.

==========================================================

പണ്ട് സമ്പൂർണ്ണ സാക്ഷരതാ പദ്ധതി നടപ്പാക്കിയ കാലത്തിൽ നിന്നു വിഭിന്നമായി കുടുംബശ്രീ, ജനശ്രീ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവ ശക്തിയായി പ്രവർത്തിച്ചുവരുന്ന സമയത്ത് ഇത്തരമൊരു പദ്ധതി എളുപ്പത്തിൽ വിജയിപ്പിച്ചെടുക്കാനാവും.


ഈ ആശയത്തോട് താങ്കൾക്ക് യോജിപ്പുണ്ടെങ്കിൽ, നിങ്ങളുടെ നിർദ്ദേശങ്ങൾക്കൂട്ടിച്ചേർത്ത് താഴേക്കൊടുത്തിരിക്കുന്ന മെയിൽ/വെബ് സൈറ്റ് വിലാസങ്ങളിലൂടെ സർക്കാറിന്നു സമർപ്പിക്കൂ...
ഈ പ്രചാരണത്തിൽ പങ്കാളിയാവൂ...

http://www.keralacm.gov.in/index.php/mail-to-cm

minister-finance@kerala.gov.in


minister-agriculture@kerala.gov.in

ഈ വിഷയത്തിലുള്ള ചർച്ചകൾക്കായുള്ള ഫേസ് ബുക്ക് ഗ്രൂപ്പ്: http://www.facebook.com/groups/205972072823956/
അഭിപ്രായങ്ങളൊന്നുമില്ല: