കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 ഫെബ്രുവരി 2012

മദ്യം, റെയിൽ വേ, പറശ്ശിനി മുത്തപ്പൻ, പാരച്യൂട്ട് വെളിച്ചെണ്ണ

ആരോടെങ്കിലും നല്ല നാലു ചൂടന്‍ ഡയലോഗ് വീശണമെന്നുണ്ടെങ്കില്‍, രണ്ട് നൈന്റി വീശണം എന്നതാണ് നമ്മുടെ ഒരു ശീലം. പ്രത്യേകിച്ച്, യൂണിഫോമിട്ട്- അതിന്റെ അഹംകാരത്തില്‍ നെഞ്ചു വിരിച്ചു നടക്കുന്ന ഓട്ടോക്കാരന്‍ മുതല്‍ പൊലീസേമാന്മാരോട് വരെ, അല്ലാത്തപക്ഷം വല്ല “ഞായ”വും പറയുമ്പോള്‍ മുട്ടു വിറച്ചു പോകും. ഞമ്മളെ ജയഗീതേച്ചീന്നെ തീവണ്ടിയില്‍ വാക്കുകള്‍ കൊണ്ടപമാനിച്ച കറുത്ത കോട്ടിട്ട തീവണ്ടിയിലെ കണ്ടക്റ്റര്‍ വര്‍ഗ്ഗത്തോടുള്ള (നമ്മള്‍ പണ്ടേ വര്‍ഗ്ഗ സമരത്തിന്റെ ആള്‍ക്കാരാണല്ലോ?) കേരള സമൂഹത്തിന്റെ ധാര്‍മ്മിക രോഷം കത്തിച്ചു കളയാന്‍ കുറഞ്ഞത് വണ്‍ എയ്റ്റി അടിച്ചു ചിലര്‍ വരുമെന്ന് റെയില്‍ മേലാളന്മാര്‍ മനസ്സിലാക്കിയതിന്റെ ഫലമാണ് മദ്യപിച്ച് റെയില്‍ വേ പരിസരത്ത് വന്നാല്‍ ആറുമാസം മെഷീനില്‍ ചുട്ട ചപ്പാത്തി തിന്നിക്കുമെന്ന ഭീഷണി.

വിരസമായ സെക്കന്റ് ക്ലാസ്സ് ദീർഘദൂരയാത്രകളിൽ നമുക്ക് നേരമ്പോക്കും അവർക്ക് വയറ്റുപ്പിഴപ്പുമായി ഇഷ്ടികയുടുക്കും കൊട്ടി വന്നിരുന്ന 'വാനമ്പാടികളെ' ഗോവിന്ദച്ചാമിക്കാലത്ത് റെയിൽ വേ തുരത്തിയോടിച്ചതിൽ പിന്നെ ആകെയുണ്ടായിരുന്ന സ്വീറ്റ് അലമ്പുകൾ മദ്യപന്മാരായിരുന്നു. ഇനി നമ്മളെങ്ങനെ തീവണ്ടിയാത്രയിലെ ബോറടി മാറ്റും?

========================================================

പ്രധാന റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് അനുബന്ധമായി ‘റെയില്‍ വേ മുത്തപ്പന്‍‘ ക്ഷേത്രങ്ങള്‍ കാണാം. പറശ്ശിനി മുത്തപ്പന്റെ ബ്രാഞ്ച് ആപ്പീസുകള്‍. ഈ പറശ്ശിനി മുത്തപ്പന്റെ ഏത് ഇടപാടിന്നും ‘ഹോട്ട്’ നിര്‍ബന്ധമാണ്. ഇനി ആയതും റെയില്‍ വേ “മുത്തപ്പന്മാര്‍” തടയുമോ എന്തോ?

========================================================

ലിംഗ സമത്വവാദികൾ പറഞ്ഞു പൊലിപ്പിച്ച് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ പ്രശ്നം ലിംഗമായി മാറിയിരിക്കുകയാണ്. ഇനി റെയിൽ വേ നിയമം കൂളിങ്ങ് ഗ്ലാസിട്ട് തീവണ്ടിയിൽ കേറുന്നതും തടഞ്ഞേക്കും. മുൻ സീറ്റിലിരിക്കുന്ന പെൺ ലിംഗത്തെ കൂളിങ്ങ് ഗ്ലാസ്സിട്ട ആൺ ലിംഗം നോക്കിപ്പോയാലോ.....

========================================================

വിമാന യാത്രക്കാരുടെ ജീവൻ രക്ഷാ ഉപകരണമായ പാരച്യൂട്ട് എന്ന് കേൾക്കുമ്പോഴേ നമുക്കോർമ്മ വരിക കുത്തക കമ്പനിയുടെ വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയുമായ് യാതൊരു ബന്ധവുമില്ലാത്ത  ആ പേര് അവർ എന്തുകൊണ്ട് ബ്രാന്റ് നെയിമായി തിരഞ്ഞെടുത്തു എന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണു പുടികിട്ടിയത്. മദ്യപന്മാര്‍ക്ക് ബ്രീത്ത് അനലൈസറില്‍ നിന്നുള്ള രക്ഷാ ഉപകരണമായി പാരച്യൂട്ട് വെളിച്ചെണ്ണ കണ്ടെത്തിയ മഹദ് ഗവേഷകര്‍ക്ക് അഭിവാദ്യങ്ങള്‍;

ഉപയോഗക്രമം:
1.മദ്യപിച്ചാലുടന്‍, ഷര്‍ട്ടിന്റെ പോക്കറ്റില്‍ പാരച്യൂട്ട് വെളിച്ചെണ്ണയുടെ സാമ്പിള്‍ പാക്കറ്റ് കരുതുക. (എല്‍ടിടിഇ-ക്കാര്‍ സയനൈഡ് കരുതും പോലെ ലോക്കറ്റായി ഉപയോഗിച്ചാലും തരക്കേടില്ല!)
2. ട്രാഫിക് പൊലീസ്-റെയില്‍ വേ പൊലീസ് ബ്രീത് അനലൈസറുകള്‍ ശ്രദ്ധയില്‍ പെട്ടാലുടന്‍ പാക്കറ്റ് പൊട്ടിച്ച് പരമാവധി സമയം കവിളുക.
3. പൊലീസ് അടുത്തെത്തിയാല്‍ തുപ്പിക്കളയുകയോ ഇറക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ബ്രീത് അനലൈസര്‍ തോറ്റുപോകും തീർച്ച!.20 ഫെബ്രുവരി 2012

ഞാൻ നിർത്തട്ടായോ?

* എന്റേതുമാത്രമായ അഭിപ്രായങ്ങൾ എഴുതിവയ്ക്കുന്ന പോസ്റ്റുകൾക്ക്, അഞ്ഞൂറിൽ താഴെ സന്ദർശകരും പത്തിൽ താഴേ കമന്റുകളും മാത്രം കിട്ടാറുള്ള എന്നെ സൂപ്പർ ബ്ലോഗറായി തിരഞ്ഞെടുക്കും എന്നു മോഹിച്ചു നടക്കാൻ മാത്രം മൂഢനാണു ഞാൻ എന്നു വിശ്വസിച്ചു പോയവർക്ക് നല്ല നമസ്കാരം.

* വോട്ടിങ്ങ് നില പൂർണ്ണമായി പ്രസിദ്ധീകരിക്കാത്തിടത്തോളം കാലം ഈ വോട്ടെടുപ്പ് ഫലത്തിൽ എനിക്കു വിശ്വാസമില്ല. വോട്ട് ഫലത്തിൽ പത്താം സ്ഥാനത്തായി എന്നത് കൊണ്ട് ആരുടെയെങ്കിലും വ്യക്തിത്വം ചത്തു പോകുമെങ്കിൽ, ചാവട്ടെ എന്നു തന്നെയല്ലെ കരുതേണ്ടത്?

* ഈ വിഷയത്തിൽ ചില സൂചനകൾ 'സമ്മാനി'ക്കുകയും എന്നെ പ്രകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കുമായി ഞാൻ ഇത്രയെങ്കിലും ചെയ്തുവല്ലോ എന്നോർത്ത് സമാധാനിക്കാം.

* ഏതു വിഷയത്തിലായാലും- പഞ്ചാരയിൽ പൊതിഞ്ഞോ അല്ലെങ്കിൽ രാകിയ മിനുപ്പുകാട്ടിയോ ഉള്ള ഭീഷണികൾ അവരവരുടെ കീശയിൽ തന്നെ വച്ചാൽ മതി.

* ഇനി ഈ വിഷയത്തിൽ യാതൊന്നും മിണ്ടുവാൻ ഉദ്ദേശമില്ലാത്തതിനാൽ ആരും തോണ്ടാൻ വരേണ്ടതില്ല. എന്നേക്കുറിച്ച് 'പലേടത്തും' ഇതിനകം വന്നു കഴിഞ്ഞ കമന്റുകൾക്ക് മറുപടി ഇല്ലാഞ്ഞിട്ടല്ല, ഇതുകൊണ്ടത് അവസാനിക്കുമെങ്കിൽ ആവട്ടേ എന്നു കരുതി മിണ്ടാതിരിക്കുന്നു.
15 ഫെബ്രുവരി 2012

സൂപ്പർ ചെളിവാരിയേറ് ബ്ലോഗർ

സദ്ചിന്തകൾ മാത്രം ഉപദേശിക്കുന്ന മത പുസ്തകങ്ങളിൽ ദൈവദൂതർക്കൊപ്പം ചെകുത്താനും താരതമ്യേന ചെറുതല്ലാത്ത സ്ഥാനമുണ്ടാകാറുണ്ട്.  വില്ലനില്ലാത്ത ഒരു കഥയിലും നായകന്ന് ഗുമ്മുണ്ടാവില്ല. അതേ പോലെയാണ് പുരസ്കാരങ്ങൾക്കൊപ്പമുണ്ടാവുന്ന വിവാദങ്ങളും. പുരസ്കാരങ്ങൾ നാലാളറിയാൻ സംഘാടകർ സ്പോൺസർ ചെയ്യുന്നവർ, കൃമികടി രോഗികൾ ഉണ്ടാക്കുന്നത്, നിരാശാസമ്പന്നർ വക, എന്തിലും കയറിപ്പിടിച്ച് കിങ്ങ് മേക്കറായി വാഴാൻ ശ്രമിക്കുന്നവർ തുടങ്ങി പലജനുസ്സിലുള്ളവർ വിവാദങ്ങൾക്ക് വളം പകരാറുമുണ്ട്.

ബൂലോകം പോർട്ടൽ അവിടെയെഴുതുന്നവരിൽ നിന്ന് വോട്ടെടുപ്പിലൂടെ ഒരാളെ തിരഞ്ഞെടുത്ത് സൂപ്പർ ബ്ലോഗർ പുരസ്കാരം നൽകുന്ന ഏർപ്പാടിന്റെ രണ്ടാം വർഷത്തെ വോട്ടെടുപ്പിന്റെ അവസാന ദിനങ്ങളിൽ കഴിഞ്ഞവർഷത്തെ ജേതാവ് ഉയർത്തിവിട്ട വിവാദങ്ങൾ ആ പട്ടികയിൽ 'തന്റേതല്ലാത്ത കാരണങ്ങളാൽ' ഇടം പിടിച്ചവരെ വേദനിപ്പിച്ചിട്ടുണ്ട്. 

സൂപ്പർ ബ്ലോഗർ പുരസ്കാര ദാതാക്കൾ പലവട്ടം വിശദമാക്കിയതു പോലെ ബ്ലോഗറുടെ മെറിറ്റിനേക്കാൾ ജനപ്രിയത അളക്കാനാണല്ലോ വോട്ടെടുപ്പ് നടത്തുന്നത്? സർഗ്ഗാത്മകത, ബ്ലോഗിലെ ആളനക്കം, ബൂലോക സൗഹൃദം തുടങ്ങിയ കാര്യങ്ങളിൽ താരതമ്യേന വട്ടപ്പൂജ്യമായ ഞാൻ, അവരിറക്കിയ പട്ടികയിലെ അവസാന പത്തിൽ ഇടം നേടിയതിന്റെ അത്ഭുതത്തിൽ നിന്ന് വിമുക്തനാവുന്നതിന്നു മുൻപാണ് മുൻ സൂപ്പർ ബ്ലോഗറുടെ ചെളിവാരിയേറിന്ന് ഇരയാകേണ്ടിവന്നത്.

ആ പട്ടികയിലെ പത്തുപേരും പത്തുതരത്തിലുള്ള ബ്ലോഗുകളുടെ ഉടമകളാണെന്ന് പരിശോധിച്ചാൽ ആർക്കും മനസ്സിലാവും. എന്നിരിക്കേ എന്തുദ്ദേശത്തിലാണ് പത്തിൽ അഞ്ച് മഹാവൃത്തികേടുകളെന്നും അഞ്ച് മഹാഗുണമെന്നും വാദിച്ചതെന്നു മനസ്സിലാവുന്നില്ല. 

ഒരുപക്ഷേ, ചാനലുകളിലെ ഗ്യാലപ്പ് പോളുകളിൽ വിജയ സാധ്യതയുള്ളവർക്ക് വേണ്ടി പോസ്റ്റിറക്കി, കിങ്ങ്  മേക്കർ ഭാവിച്ചു വിജയിച്ചതിന്റെ പാർശ്വഫലമായിട്ടുമാത്രമേ, ഈ പട്ടികയിലുള്ള ഒരാളുടെ സൂചനകൾ പോസ്റ്റിൽ വിവരിച്ച് അയാൾക്ക് ഈ പുരസ്കാരം നൽകിയില്ലെങ്കിൽ കഴിഞ്ഞവർഷം തനിക്കു കിട്ടിയ "പയിനായിരം" തിരിച്ചു നൽകുമെന്ന ഭീഷണിയെ കാണാനാവൂ. ബൂലോകം മുതലാളിമാർ ഇതിനുള്ള സാഹചര്യമുണ്ടാക്കാതെ കഴിഞ്ഞവർഷത്തെ പുരസ്കാരം തിരിച്ചുവാങ്ങുന്നതായിരിക്കും ഉചിതം!

=========================================================

ഇനി ഞാൻ ചെയ്ത പോലെ മെറിറ്റു നോക്കിയാണ് ഭൂരിപക്ഷം വോട്ട് ചെയ്തതെങ്കിൽ, മനോജേട്ടനാണ് അല്ലെങ്കില്‍ മറ്റേതെങ്കി'അർഹതപ്പെട്ട'യാളാണ് ജേതാവാകുന്നതെങ്കിൽ,  ചന്ദ്രിക ബ്ലോഗ് വായിച്ച്, "അയ്യേ, കഴിഞ്ഞ തവണ ഇയാൾക്കാണോ കൊടുത്തത്" എന്ന്  പറഞ്ഞ് സൂപ്പർ ബ്ലോഗർ പുരസ്കാരം നിരസിച്ചു കളയുമോ എന്നാണിപ്പോൾ എന്റെ പേടി.

=========================================================

ഈ വിവാദത്തിന്മേൽ ബൂലോകത്ത് പലേടത്തും കണ്ട പ്രതികരണങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കിയത്, എന്നേപ്പോലെ തന്നെ ഈ പട്ടികയിലെ ഭൂരിപക്ഷവും ഈ പുരസ്കാരത്തിന്നു അപേക്ഷ നൽകിയിട്ടില്ല. എന്നിട്ടും "ചന്ദ്രിക ബ്ലോഗി"ന്റെ മുതലാളിയിൽ നിന്നുള്ള ചെളിവാരിയേറിന്ന്  ഇരയാകേണ്ടിവന്നു എന്നുള്ള വേദനയിലാണ് ഈ പട്ടികയിലെ പലരും.

=========================================================

ഇപ്പോൾ ബൂലോക ബ്ലോഗർമാരിലെ നർമ്മ വിദഗ്ദരെ ഉണർത്താൻ ആ ചെളിവാരിയേറിന്ന് ആയി എന്നതിൽ അദ്ദേഹത്തിന്നു സന്തോഷിക്കാം. ഇനി ഇങ്ങനെ  ആരെങ്കിലും നർമ്മ ബ്ലോഗ്ഗിങ്ങിൽ വളർന്നു വന്നാൽ 'ഓൻ ഞമ്മ്ടെ വിത്താ' ണെന്നു പറഞ്ഞ് പുതിയ പോസ്റ്റുമിടാം.

എന്തായാലും സന്തോഷ് പണ്ഡിറ്റ് പോലെ നമ്മൾ ചിലരും ഇങ്ങനെ ബൂലോകത്ത് അറിയപ്പെടാൻ തുടങ്ങി. വരാനുള്ളത് വള്ളികൊണ്ട് കെട്ടിയിട്ടാലും കുന്നും കേറി വരുമല്ലോ?14 ഫെബ്രുവരി 2012

വിളപ്പിൽശാല ജനതയ്ക്ക് അഭിവാദ്യങ്ങൾ......


അടിസ്ഥാന വർഗ്ഗത്തിന്റെ വേദനകളറിയാത്ത നിയമ-നീതി നിർവ്വഹണ സംവിധാനങ്ങൾക്കു മേൽ ജനകീയ പ്രതിരോധം തീർത്ത വിളപ്പിൽശാല ജനതയ്ക്ക് അഭിവാദ്യങ്ങൾ......

08 ഫെബ്രുവരി 2012

വാലന്റൈൻസ് ഡേയ്ക്കും നിയന്ത്രിത അവധി വേണം


നമ്മൾ ഇങ്ങനൊരാവശ്യം ഉന്നയിക്കും മുൻപ് ആരാണ് വാലന്റൈൻ അഥവാ എന്തുകൊണ്ട് വാലന്റൈൻസ് ഡേ എന്ന് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പ്രത്യയശാസ്ത്രമറിയാത്ത കമ്മ്യൂണിസ്റ്റുകാരേപ്പോലെയായിപ്പോകും നമ്മളും!.

പണ്ട്, തന്റെ രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന ധാരണയിൽ, രാജ്യത്ത് വിവാഹവും പ്രണയവും നിരോധിച്ച റോമാ ഭരണാധികാരി ക്ലോഡിയസ് ചക്രവർത്തിക്കെതിരേ പ്രണയങ്ങൾക്കും വിവാഹങ്ങൾക്കും പിന്തുണ നൽകി, പോരാടിയ മഹാനായ കാത്തോലിക്കാ ബിഷപ്പായിരുന്നൂ വാലന്റൈൻ.

ഒടുവിൽ ഇതേ കുറ്റത്തിന്ന് തടവറയില്ലാക്കപ്പെട്ടപ്പോൾ അവിടെ നിന്ന് പരിചയപ്പെട്ട- ജയിൽ ഉദ്യോഗസ്ഥന്റെ മകളും  അന്ധയുമായ പെൺകുട്ടിയുമായി പ്രണയത്തിലായി എന്ന കുറ്റത്തിന്ന് ക്ലോഡിയസ് ചക്രവർത്തി തലവെട്ടിക്കൊന്നൂ നമ്മുടെ വാലന്റൈൻ ബിഷപ്പിന്നെ. ആ രക്തസാക്ഷി ദിനമാണ് ഇപ്പോൾ ഇപ്പോൾ കച്ചവട ബുദ്ധ്യാ കുത്തകകൾ വാലന്റൈൻ ദിനമായി പ്രചരിപ്പിക്കുന്നത്.

അതിലുള്ള മാർക്കറ്റിങ്ങ് ഒളിയജണ്ടകൾ എന്തായാലും ഈ മഹദ് പ്രണയ വിപ്ലവ രക്തസാക്ഷിദിനം നമ്മൾ നന്നായി ആചരിക്കുന്നത് തെറ്റല്ലെന്ന ചിന്താഗതിക്കാരനാണു ഞാൻ. പക്ഷേ ക്ലോഡിയസ് ചക്രവർത്തിയേക്കാൾ ഇടുങ്ങിയ ചിന്താഗതിക്കാരും സദാചാര പൊലീസുകളും ഉറഞ്ഞുതുള്ളുന്ന നമ്മുടെ ഈ കപടലോകത്ത് ഇന്ന് വാലന്റൈൻസ് രക്തസാക്ഷിദിനമാചരിക്കാൻ നമുക്ക് പൂർണ്ണ സ്വാതന്ത്ര്യമില്ല.

ആയതിനാൽ നമ്മുടെ പരമ കാരുണ്യവാനായ ഉമ്മൻ ചാണ്ടിച്ചായൻ നയിക്കുന്ന ഇന്നത്തെ കേരള സർക്കാറിൽ നാം പ്രതീക്ഷയർപ്പിക്കേണ്ടതുണ്ട്.
1. അന്നേ ദിവസം സദാചാര പൊലീസിന്നേയും കാക്കിയിട്ട പൊലീസിന്നേയും ഈ വിഷയത്തിൽ ഇടപെടുന്നതിൽ നിന്ന് നിയന്ത്രിക്കണം,
2. പാർക്കുകളിലും റിസോർട്ടുകളിലും ബീച്ചിലും അന്നേദിവസം പ്രവേശനം സൗജന്യമാക്കണം,
3. മന്നം ജയന്തിക്ക് നായന്മാർക്ക് നിയന്ത്രിത അവധികൊടുത്തത് പോലെ വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾക്ക് നിയന്ത്രിത അവധി നൽകണം.
4. പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് വിതരണം ചെയ്യുന്ന മാതൃകയിൽ, ആരോഗ്യവകുപ്പിനെ നേതൃത്വത്തിൽ നാടു നീളെ ഗർഭനിരോധന ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന സ്റ്റാളുകൾ ഏർപ്പാടാക്കണം.
5. അന്നേ ദിവസം ഐസ്ക്രീമുനുള്ള വിൽപ്പന നികുതി ഒഴിവാക്കണം.
6. അന്ന് സിനിമാ തിയേറ്ററുകൾ കമിതാക്കൾക്കു മാത്രമായി പ്രവേശനം നിജപ്പെടുത്തണം.

ഈ സങ്കുചിത സദാചാര കേരളത്തിൽ ഇത് തന്നെ അനുവദിക്കപ്പെടുമെന്ന വിശ്വാസമില്ലാത്തതുകൊണ്ട് മാത്രം നമ്മുടെ വാലന്റൈൻസ് അവകാശപത്രിക ഇവിടെ അവസാനിപ്പുകയാണ്. നമ്മുടേതായ ഒരു കാലം വരുന്നന്ന് നമ്മൾ എല്ലാം നേടിയെടുക്കുമെന്ന വിശ്വാസത്തോടെ.....

ഉം: നമ്മുടെ ഈ കുഞ്ഞുകുഞ്ഞു അവകാശാവശ്യങ്ങളെ പതിവുപോലെ പുച്ഛിച്ചു തള്ളാനാണ് സർക്കാർ ഭാവമെങ്കിൽ പിറവത്തു കാണിച്ചുതരാം എന്നേ ഇപ്പോൾ പറയുന്നുള്ളൂ!

06 ഫെബ്രുവരി 2012

മുഖ്യമന്ത്രി വർഗ്ഗീയവാദിയാകാമോ?


മാധ്യമം പത്രം ഇ-മെയിൽ വിവാദം ഉയർത്തിക്കൊണ്ട് വന്നപ്പോൾ സങ്കുചിത താൽപ്പര്യങ്ങൾക്കായ് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്നാരോപിച്ച് കേസെടുക്കാൻ നടക്കുന്ന നമ്മുടെ മുഖ്യമന്ത്രി ഇന്ന് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് സ്റ്റാറ്റസായി എഴുതിവച്ച വാക്കുകൾ ശ്രദ്ധിക്കൂ...

യേശുദേവനനെ കമ്മ്യൂണിസ്റ്റുകൾ നികൃഷ്ടജീവികൾ എന്നു വിളിച്ചുവെന്ന്.

ആർ എപ്പോൾ അങ്ങനെ വിളിച്ചുവെന്നു പറയാൻ മുഖ്യമന്ത്രിക്കു ബാധ്യതയില്ലേ?
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോഴും ഇങ്ങനെ തറ രാഷ്ട്രീയക്കാരനാവാൻ പാടുണ്ടോ?

ഉം: ഇനി ഇതും വ്യാജരേഖയെന്ന് സ്ഥാപിച്ച് എന്നെ തുറങ്കിലടയ്ക്കൂ...
(സ്ക്രീൻ ഷോട്ടുകൾ കുറേ എടുത്തുവച്ചിട്ടുണ്ട്!)

.