കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

08 ഫെബ്രുവരി 2012

വാലന്റൈൻസ് ഡേയ്ക്കും നിയന്ത്രിത അവധി വേണം


നമ്മൾ ഇങ്ങനൊരാവശ്യം ഉന്നയിക്കും മുൻപ് ആരാണ് വാലന്റൈൻ അഥവാ എന്തുകൊണ്ട് വാലന്റൈൻസ് ഡേ എന്ന് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പ്രത്യയശാസ്ത്രമറിയാത്ത കമ്മ്യൂണിസ്റ്റുകാരേപ്പോലെയായിപ്പോകും നമ്മളും!.

പണ്ട്, തന്റെ രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന ധാരണയിൽ, രാജ്യത്ത് വിവാഹവും പ്രണയവും നിരോധിച്ച റോമാ ഭരണാധികാരി ക്ലോഡിയസ് ചക്രവർത്തിക്കെതിരേ പ്രണയങ്ങൾക്കും വിവാഹങ്ങൾക്കും പിന്തുണ നൽകി, പോരാടിയ മഹാനായ കാത്തോലിക്കാ ബിഷപ്പായിരുന്നൂ വാലന്റൈൻ.

ഒടുവിൽ ഇതേ കുറ്റത്തിന്ന് തടവറയില്ലാക്കപ്പെട്ടപ്പോൾ അവിടെ നിന്ന് പരിചയപ്പെട്ട- ജയിൽ ഉദ്യോഗസ്ഥന്റെ മകളും  അന്ധയുമായ പെൺകുട്ടിയുമായി പ്രണയത്തിലായി എന്ന കുറ്റത്തിന്ന് ക്ലോഡിയസ് ചക്രവർത്തി തലവെട്ടിക്കൊന്നൂ നമ്മുടെ വാലന്റൈൻ ബിഷപ്പിന്നെ. ആ രക്തസാക്ഷി ദിനമാണ് ഇപ്പോൾ ഇപ്പോൾ കച്ചവട ബുദ്ധ്യാ കുത്തകകൾ വാലന്റൈൻ ദിനമായി പ്രചരിപ്പിക്കുന്നത്.

അതിലുള്ള മാർക്കറ്റിങ്ങ് ഒളിയജണ്ടകൾ എന്തായാലും ഈ മഹദ് പ്രണയ വിപ്ലവ രക്തസാക്ഷിദിനം നമ്മൾ നന്നായി ആചരിക്കുന്നത് തെറ്റല്ലെന്ന ചിന്താഗതിക്കാരനാണു ഞാൻ. പക്ഷേ ക്ലോഡിയസ് ചക്രവർത്തിയേക്കാൾ ഇടുങ്ങിയ ചിന്താഗതിക്കാരും സദാചാര പൊലീസുകളും ഉറഞ്ഞുതുള്ളുന്ന നമ്മുടെ ഈ കപടലോകത്ത് ഇന്ന് വാലന്റൈൻസ് രക്തസാക്ഷിദിനമാചരിക്കാൻ നമുക്ക് പൂർണ്ണ സ്വാതന്ത്ര്യമില്ല.

ആയതിനാൽ നമ്മുടെ പരമ കാരുണ്യവാനായ ഉമ്മൻ ചാണ്ടിച്ചായൻ നയിക്കുന്ന ഇന്നത്തെ കേരള സർക്കാറിൽ നാം പ്രതീക്ഷയർപ്പിക്കേണ്ടതുണ്ട്.
1. അന്നേ ദിവസം സദാചാര പൊലീസിന്നേയും കാക്കിയിട്ട പൊലീസിന്നേയും ഈ വിഷയത്തിൽ ഇടപെടുന്നതിൽ നിന്ന് നിയന്ത്രിക്കണം,
2. പാർക്കുകളിലും റിസോർട്ടുകളിലും ബീച്ചിലും അന്നേദിവസം പ്രവേശനം സൗജന്യമാക്കണം,
3. മന്നം ജയന്തിക്ക് നായന്മാർക്ക് നിയന്ത്രിത അവധികൊടുത്തത് പോലെ വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾക്ക് നിയന്ത്രിത അവധി നൽകണം.
4. പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് വിതരണം ചെയ്യുന്ന മാതൃകയിൽ, ആരോഗ്യവകുപ്പിനെ നേതൃത്വത്തിൽ നാടു നീളെ ഗർഭനിരോധന ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന സ്റ്റാളുകൾ ഏർപ്പാടാക്കണം.
5. അന്നേ ദിവസം ഐസ്ക്രീമുനുള്ള വിൽപ്പന നികുതി ഒഴിവാക്കണം.
6. അന്ന് സിനിമാ തിയേറ്ററുകൾ കമിതാക്കൾക്കു മാത്രമായി പ്രവേശനം നിജപ്പെടുത്തണം.

ഈ സങ്കുചിത സദാചാര കേരളത്തിൽ ഇത് തന്നെ അനുവദിക്കപ്പെടുമെന്ന വിശ്വാസമില്ലാത്തതുകൊണ്ട് മാത്രം നമ്മുടെ വാലന്റൈൻസ് അവകാശപത്രിക ഇവിടെ അവസാനിപ്പുകയാണ്. നമ്മുടേതായ ഒരു കാലം വരുന്നന്ന് നമ്മൾ എല്ലാം നേടിയെടുക്കുമെന്ന വിശ്വാസത്തോടെ.....

ഉം: നമ്മുടെ ഈ കുഞ്ഞുകുഞ്ഞു അവകാശാവശ്യങ്ങളെ പതിവുപോലെ പുച്ഛിച്ചു തള്ളാനാണ് സർക്കാർ ഭാവമെങ്കിൽ പിറവത്തു കാണിച്ചുതരാം എന്നേ ഇപ്പോൾ പറയുന്നുള്ളൂ!

അഭിപ്രായങ്ങളൊന്നുമില്ല: