കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

01 മാർച്ച് 2012

ഇറ്റാലിയൻ ബി നിലവറ ആരു തുറക്കും?

എന്താണെന്നറിയില്ല ആ മന്ത്രി പൌരന്റെ പേര് ടൈപ്പു ചെയ്യാൻ പോയാൽ കപീഷ് സിംബല്‍ എന്നേ എന്റെ കീ ബോര്‍ഡില്‍ വരുന്നുള്ളൂ. അങ്ങേരുടെ ഫേസ് ബുക്ക് സെന്‍സര്‍ഷിപ്പ് ഭീഷണി പ്രസ്താവനയ്ക്ക് ഉദ്ദേശിച്ച ഫലമുണ്ടായി എന്ന് ഇപ്പോള്‍ ഫേസ് ബുക്ക് നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവും. ഇപ്പോള്‍ പണ്ടേപ്പോലെ രോഷപ്രകടനങ്ങളൊന്നും ഫേസ് ബുക്കില്‍ വേവുന്നില്ല. അല്ലെങ്കിലും, നമ്മള്‍ നമുക്ക് വേണ്ടി നിയമങ്ങളുണ്ടാക്കാനായി കോടികള്‍ ചിലവിട്ട് തിരഞ്ഞെടുപ്പു നടത്തി പാര്‍ലമെന്റിലേക്ക് അയച്ചവന്മാര്‍ മറ്റു പലതിരക്കിലുമായ നേരം നോക്കി, യാതൊരു ചര്‍ച്ചയും കൂടാതെ സ്പീക്കര്‍ പാസ്സാക്കിയെടുത്ത സൈബര്‍ കരിനിയമത്തിന്റെ ഏതെങ്കിലും ഒരു മൂലയെങ്കിലും മനസ്സിലാക്കിയോന്‍ ഫേസ് ബുക്കിലും ബ്ലോഗിലും മിണ്ടൂലല്ലോ?

ഇപ്പോള്‍ കപീഷ് സിംബലണ്ണനെ ഓര്‍ക്കാന്‍ കാരണം ഈയടുത്ത് വന്ന ഒരു വാര്‍ത്ത-യുപ്പീയേ അദ്ധ്യക്ഷയമ്മയുടെ സ്വത്തു-നികുതി വിവരങ്ങൾ പ്രസിദ്ധപ്പെടുത്താന്‍ സുരക്ഷാകാരണങ്ങളാല്‍ ആവില്ലെന്ന വാര്‍ത്ത-യാണ്. സാധാരണഗതിയിൽ ഈയൊരു വാർത്ത ഫേസ് ബുക്കിൽ വലിയ ഒച്ചപ്പാടിന്നു സ്കോപ്പുള്ള വകുപ്പ് തന്നെയായിരുന്നു. കപിഷണ്ണന്റെ മുഖം ഓർമ്മവന്നതിലാവണം മുഖപുസ്തകപ്പുഴുക്കൾ മൗനികളായത്. എന്താണ് ആ സുരക്ഷാകാരണങ്ങളെന്ന് ചോദിക്കാൻ നമ്മുടെ നാട്ടിൽ ഇടതുപക്ഷം പോലുമുണ്ടായില്ല. തൊട്ടതും പിടിച്ചതുമെല്ലാം ചർച്ചയും വിവാദവുമാക്കുന്ന മാധ്യമങ്ങളിൽ കുഞ്ഞു കോളം വാർത്തയൊഴിച്ച് മറ്റൊന്നും കണ്ടില്ല.

==========================================================

കുറേക്കാലമായി മനസ്സിന്നെ അലട്ടുന്ന ചോദ്യമാണ് നമ്മുടെ ഭരണഘടനയ്ക്കു കീഴിൽ രണ്ടു തരം പൗരന്മാരുണ്ടോ എന്നത്. അതിന്നു പ്രധാനകാരണം ആയമ്മയും മക്കളും തന്നെയാണ്. ആയമ്മയുടെ മോളെ കെട്ടി എന്ന ഒരൊറ്റ കാരണത്തിന്മേൽ 'മരുമോൻ' എസ് പി ജി സംരക്ഷണത്തിൽ വിമാനത്താവളങ്ങളിലൂടെ യാതൊരു പരിശോധനകളുമില്ലാതെ ഓടിക്കളിക്കുന്നു. ആയമ്മയുടെ മറ്റൊരു സന്തതി കല്ല്യാണത്തിന്നു മുൻപ് തന്നെ മറ്റൊരു വിദേശ വനിതയുമായി വന്ന് കുമരകത്ത് എസ് പി ജി സംരക്ഷണത്തിൽ റിസോർട്ടിൽ പാർത്ത വാർത്ത തികട്ടുന്നില്ലേ? മേൽ സംഭവങ്ങളിൽ അവരേപ്പോലെത്തന്നെ അവകാശങ്ങളുള്ള സാദാ ഭാരത പൗരന്റെ അഥവാ മറ്റേതെങ്കിലും വി ഐ പി സന്തതികളെ നായകരാക്കി സങ്കല്പിച്ചു നോക്കൂ..

==========================================================

ഈയമ്മയ്ക്ക് പാടില്ലാത്ത -ആദായനികുതി വിവര പ്രസിദ്ധീകരണത്തിന്ന് മറ്റുള്ള പൊതുസേവകർ എന്തിന്നു തയ്യാറാവണം? അത്രയ്ക്ക് സുരക്ഷാഭയമുള്ളവർ പൊതുപ്രവർത്തന രംഗത്ത് നിലനിൽക്കേണ്ടവരാണോ? ഇവിടെയല്ലേ സാറേ ക്വത്തറോച്ചിയും ബോഫോർസുമൊക്കെ തികട്ടിവരുന്നത്?

==========================================================

സ്വന്തമായി ആരും ഒന്നും പറഞ്ഞില്ലെങ്കിലും, ഈ വിഷയത്തിൽ മാതൃഭൂമിയുടെ ഭാവനാസമ്പന്നനായ കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ വരച്ച ഒരു കാർട്ടൂൺ ഞാൻ എന്റെ വാളിൽ ഷെയർ ചെയ്തപ്പോൾ അതിന്നു കിട്ടി നൂറോളം ലൈക്കും അമ്പതോളം ഷെയറിംഗും! സ്വന്തമായി പറയാനേ പേടിയുള്ളൂ എന്നു സാരം!അഭിപ്രായങ്ങളൊന്നുമില്ല: