കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

02 മാർച്ച് 2012

ചന്ദ്രനിലേക്ക് ആളെ അയക്കാനുള്ള ഏര്‍പ്പാടൊക്കെ എവിടേം വരെയായീ?


1.
ഉദ്ദേശം ഒരാഴ്ച മുൻപ് കാസർക്കോടിന്റെ തെക്കൻ തീരത്തെ ഒരു തീരജാഗ്രതാ സമിതി, തളങ്കരയിലെ കാസർക്കോട് തീര പൊലീസിന്ന് ഒരു സന്ദേശം കൈമാറുന്നു; ഒരു ബോട്ട് ദുരൂഹമായി മംഗലാപുരം ഭാഗത്തേക്ക് വരുന്നുണ്ട്. വിവരമറിഞ്ഞുടൻ പൊലീസ് ഓഫീസര്‍ ബൈനോക്കുലർ വച്ച് കടലിൽ നോക്കി, വാർത്ത സത്യം. ചാര നിറമുള്ള ബോട്ട് ശരവേഗത്തിൽ വടക്കോട്ട് പായുന്നു. അവര്‍ക്കത്രയേ ആവൂ. ബോട്ട് മൂന്നുണ്ട് പക്ഷേ എണ്ണയില്ല, ഡ്രൈവര്‍ക്ക് ശമ്പളം കൊടുത്തില്ല.....

2.
ജനനിബിഢ വനപ്രാന്ത പ്രദേശത്ത്, പുലിയിറങ്ങുന്നു. സകലമാന സര്‍ക്കാര്‍ സംവിധാനങ്ങളും ഹാജറാവുന്നു. കാഴ്ചക്കാരായെത്തുന്ന നാട്ടുകാര്‍ക്ക് പിന്നില്‍, ഉണ്ടയില്ലാത്തോക്കും പരിശീലനം കിട്ടാത്ത തലയും സ്വതസിദ്ധമായ കുടവയറുമായി അണിനിരക്കുന്നു. ആള്‍ക്കൂട്ടത്തില്‍ അല്‍പ്പം തന്റേടം കാട്ടിയ ‘വെട്ടുകുട്ടന്നു’നേരെ പുലി വരുന്നു. പിനീട് മല്‍ പിടുത്തത്തില്‍ പുലി ചാകുന്നു. ഉദ്വേഗജനകമായ ഈ രംഗങ്ങള്‍ അതേവരെ നോക്കി നിന്നാസ്വദിച്ച വനം വകുപ്പ് ജീവനക്കാരുടെ നിയമപരിപാലന ആര്‍ത്തി സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. കുട്ടന്‍ ജയിലിലാകുന്നു.

3.
തീരക്കടലിലെ ഇറ്റാലിയന്‍ വെടീവയ്പ്പിന്റെ മുറിവുണങ്ങും മുന്‍പ്, മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് കുറച്ച് കറുത്ത തൊലിയുള്ള അരപ്പട്ടിണി ജീവനുകള്‍ കൂടി നമുക്ക് നഷ്ടമായി. കേരളാ പൊലീസ്, ഇന്ത്യന്‍ നേവി തുടങ്ങി സകല കൊലകൊമ്പന്മാരും ഒരു പകല്‍ മുഴുവന്‍ കടലില്‍ തപ്പിയിട്ടും ഇടിച്ചിട്ട കപ്പല്‍ ഏതെന്ന് തിരിച്ചറിയാനായില്ല. കാണാതായ “ശരീര”ങ്ങളെ കണ്ടെത്താനായില്ല.

==========================================================

സാദാ ജനത്തിന്നു മാന്യമായി ജീവിക്കാന്‍, തൊഴിലെടുക്കാന്‍- ഒന്നിന്നും സംരക്ഷണം നല്‍കാന്‍ ആള്‍ബലമില്ല പോലും, ഫണ്ടില്ല പോലും, സൌകര്യങ്ങളില്ല പോലും!

നാവില്‍ പലതും ചൊറിഞ്ഞു വരുന്നുണ്ട്, അക്ഷരങ്ങള്‍ വിരലില്‍ കിടന്ന് വിറയ്ക്കുന്നുണ്ട്, എങ്കിലും ഇപ്പോള്‍ ഈ ഒരു ചോദ്യം മാത്രമേ പുറത്തു വരുന്നുള്ളൂ.... നമുക്ക് വേണ്ടി നമ്മെ ഭരിക്കുന്ന മഹാന്മാരോട്;
ചന്ദ്രനിലേക്ക് ആളെ അയക്കാനുള്ള ഏര്‍പ്പാടൊക്കെ എവിടേം വരെയായീ?


അഭിപ്രായങ്ങളൊന്നുമില്ല: