കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

23 മാർച്ച് 2012

തീവ്രവാദികളെ സൃഷ്ടിക്കുന്ന വിധം; ഞങ്ങൾ നിൽക്കണോ അതോ പോണോ?

ഇന്ത്യൻ പ്രധാനമന്ത്രി മുതൽ തലശ്ശേരി നഗരസഭാ അദ്ധ്യക്ഷ വരേയുള്ളവർക്ക്, അവർ വെറും പുഴുക്കളായി കാണുന്ന ഗ്രാമീണ പൗരജനം സഹികെട്ട് പ്രതികരിക്കാനിറങ്ങിയാൽ തീവ്രവാദികളാണ്. വെറും മനുഷ്യനായി ജീവിക്കാൻ അത്യാവശ്യം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രം ആഗ്രഹിക്കുകയും മാന്യമായ സാഹചര്യങ്ങൾക്കായി പൊരുതുകയും ചെയ്യുന്ന ഗ്രാമീണരെ ഭരണകൂടത്തിന്റെ കഴിവുകേടുകളും നിസ്സംഗതയും തീവ്രവാദികളാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

കുറച്ചു നാളുകൾക്കു മുന്നേ, നമ്മുടെ മതേതര നിലപാടുകൾക്കു സഹിക്കാത്ത ഒളിയജണ്ടകളുമായി പ്രവർത്തന നിരതമായിരിക്കുന്ന 'സോളിഡാരിറ്റി' എന്ന ജമാ-അത്തെ ഇസ്ലാമിയുടെ ജനകീയ യുവ മുഖം, 'മലബാർ നിവർത്തന പ്രക്ഷോഭം' എന്ന പേരിൽ സമരമുഖത്തിറങ്ങിയ സമയത്ത്, ആ സമരത്തിന്നു പിന്തുണ പ്രഖ്യാപിച്ച് ഇതേ ബ്ലോഗിൽ കുറിപ്പെഴുതിയപ്പോൾ, പച്ചയ്ക്ക് പ്രാദേശിക തീവ്രവാദം ഉന്നയിക്കുന്നു എന്നാണ് നിങ്ങളിൽ പലരും ആക്ഷേപിച്ചത്.

കോട്ടയം പാലാ ബജറ്റിന്നുശേഷം, കെ എം മാണി അവതരിപ്പിച്ച 2012-2013ലെ ബജറ്റ് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? തേജസ്വിനിപ്പുഴയ്ക്ക് വടക്ക് കേരളമില്ല എന്ന് ഒരിക്കൽ കൂടി മലയാളത്തെ ബോധിപ്പിക്കാൻ ഈ ബജറ്റിന്നായി. കാസർക്കോട് ജില്ലയ്ക്ക് നയാപൈസയുടെ പ്രത്യേക പദ്ധതികളൊന്നും അനുവദിക്കാതിരിക്കാൻ ശ്രദ്ധിച്ച ഈ ഭരണകൂടത്തെ വിളിക്കാനും ഉപമിക്കാനും പുതിയ വാക്കുകളും ശൈലികളും കണ്ടെത്തേണ്ടിയിരിക്കുന്നു. 

ഈ പട്ടിക നോക്കൂ സര്‍, ഇതിലെവിടെയെങ്കിലും കാസർക്കോട് ഉണ്ടോ?


ഇനി ഞങ്ങളെങ്ങനെ ഭാവിയിൽ തീവ്രവാദികളാവും എന്നു നോക്കൂ. ഇത്രയും ഭീകരമായ അവഗണന ഉണ്ടായിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജില്ലാ നേതാക്കളാരും വാ തുറന്നില്ല. സിറ്റി ബസ്സിന്റെ ഡോറിളകി വീണാൽ പോലും നെടുനീളൻ പ്രസ്താവനകളുമായി പത്രമാപ്പിസുകൾ കേറി നിരങ്ങുന്ന ഒരുത്തനേയും എവിടേയും കണ്ടില്ല. ഇതിലും വലിയ കാര്യങ്ങളാണല്ലോ 'കുടുംബ'ത്തിൽ നടക്കുന്നത്! ഇനി ഇവിടെ വലിയ ജന പിന്തുണയില്ലാത്ത സോളിഡാരിറ്റിയാദി വകകൾ ഈ വിഷയത്തിൽ സമരത്തിന്നിറങ്ങിയാൽ നമുക്ക് പിന്തുണയ്ക്കാതിരിക്കാനാവുമോ? അന്ന് ഞങ്ങളെ തീവ്രവാദികളെന്നു വിളിച്ചാക്ഷേപിച്ചാൽ ഞങ്ങൾ സഹിക്കണോ?

 എങ്കിലും പത്രക്കാർ അങ്ങോട്ട് പോയി ചോദിച്ചപ്പോൾ എമ്മെല്ലേമാർ പ്രതികരിച്ചു. ഇതിൽ കാസർക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് എംഎൽഎ ശ്രീ. എൻ എ നെല്ലിക്കുന്ന് പ്രതികരിക്കുന്നത് ശ്രദ്ധിക്കൂ. അദ്ദേഹം സമർപ്പിച്ച യാതൊരു പദ്ധതിയും പരിഗണിച്ചില്ലെന്ന്. അപ്പോൾ പിന്നെ മറ്റ് പ്രതിപക്ഷ എംഎൽഎ മാരുടെ പരാതിയേക്കുറിച്ച് പറയാനുണ്ടോ?


നിങ്ങൾക്കറിയാമോ സർ, ഒരാശുപത്രി കെട്ടിടത്തിന്ന് അത്യാവശ്യം വേണ്ടുന്ന ഭാഗമാണ്- രോഗികളെ വീൽ ചെയറിൽ ഇരുത്തി പല നിലകളിലേക്ക് കൊണ്ട് പോകാനുള്ള റാമ്പ്. പക്ഷേ അഞ്ച് പതിറ്റാണ്ട് സമയമെടുത്ത് ഒടുവിൽ ശ്രീമതിട്ടീച്ചർ നാടിന്നു സമർപ്പിച്ച ജില്ലാ ആസ്ഥാനത്തെ ജനറൽ ആസ്പത്രിയിൽ റാമ്പില്ല. ആയത് നിർമ്മിക്കാനുള്ള ഫണ്ട് എല്ലാ മന്ത്രിമാരും ഇവിടെ വന്നാൽ വാഗ്ദാനം ചെയ്യാറുള്ളതുമാണ്. പക്ഷേ ഈ ബജറ്റിലും വകയിരുത്തിയില്ല. ആയ്ക്കോട്ടേ സർ, ഇനിയുമാരെങ്കിലും ഈ ആസ്പത്രിയിൽ വച്ച് മരണപ്പെട്ടാൽ, മൃതശരീരം ഞങ്ങൾ ചുമന്ന് പടിയിറക്കിക്കോളാം.... ഇത് വെറുമൊരുദാഹരണം മാത്രം. എണ്ണിയെണ്ണിപ്പറയാൻ നൂറുകൂട്ടം കാര്യങ്ങളുണ്ട് സാർ.

കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയെ സാഡിസ്റ്റ് മനോഭാവത്തോടെ വർദ്ധിത വീര്യം പകർന്ന് കാസർക്കോടിന്മേൽ ചീറ്റുകയാണോ കേരള ഭരണകൂടം? നിങ്ങൾക്ക് വഴങ്ങാത്ത സർക്കാർ ജീവനക്കാരെ നാടുകടത്താനുള്ള ഇടം മാത്രമാണോ കാസർക്കോട്?

തീവ്രവാദികളാവും മുൻപ് ഞങ്ങൾക്ക് മുന്നിൽ വേറേയും വഴികളുണ്ടെന്ന് നിങ്ങൾ മറന്നു പോവുകയാണോ? കാസർക്കോടിന്നെ കർണ്ണാടകത്തിൽ ലയിപ്പിക്കണമെന്ന ആവശ്യം ഒന്നുകൂടി പൊടിതട്ടിയെടുക്കുക എന്നത് ഇന്നത്തെ അവസ്ഥയിൽ വലിയ കാര്യമൊന്നുമല്ല. കർണ്ണാടക മഹാ സഭ ഇപ്പോഴും സജീവമായുണ്ട്. ഇനി ഞങ്ങൾ നിൽക്കണോ അതോ പോകണോ എന്ന് തീരുമാനിക്കാനുള്ള പന്ത് സർക്കാറിന്റെ കയ്യിൽ തന്നെയാണ്. അത് ഞങ്ങളുടെ കോർട്ടിൽ എത്തിയാൽ പിന്നെ അത് കൈവിട്ട കളിതന്നെയാവുമെന്ന് ഞാൻ പറയണോ?ഗ്രാഫിക്സ്: രാജേഷ് ഒടയഞ്ചാൽഅഭിപ്രായങ്ങളൊന്നുമില്ല: