കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

13 മാർച്ച് 2012

വീണമീട്ടുന്ന മാധ്യമങ്ങളും അഭിസാരികകളും

എന്റെ ചെറുപ്പകാലത്ത് കൂട്ടുകാരെല്ലാം സിനിമാതാരങ്ങളുടേയും ക്രിക്കറ്റ് കളിക്കാരുടേയും ഫോട്ടോകളും പേരും ധ്യാനിച്ച് അർമ്മാദിക്കുമ്പോൾ ഞാൻ പത്രപ്രവർത്തകരുടെ പിന്നാലെയായിരുന്നൂ. ഞങ്ങളുടെ നാട്ടിൽ ഒരു പത്രപ്രവർത്തകനുണ്ടായിരുന്നൂ; വളരേ സാഹസികമായി, റിപ്പർ ചന്ദ്രൻ റിപ്പോർട്ടുകൾ എഴുതി മാതൃഭൂമി പത്രത്തിന്ന് കാസർക്കോട്ട് വേരുകളുണ്ടാക്കിക്കൊടുത്ത കെ എം അഹമ്മദ് എന്ന മഹാനായ മനുഷ്യൻ, ഞങ്ങളുടെ ആമദ്മാഷ്. പിന്നെ എന്നും ആരാധനയോടെ മാത്രം വായിച്ചിരുന്ന നേരിട്ടു കണ്ടിട്ടില്ലാത്ത കുറേ പേരുകളും.അത്രയ്ക്കുണ്ടായിരുന്നൂ പത്രക്കാരോടുള്ള ആരാധന. ഫേസ് ബുക്കിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ ആദ്യം തിരഞ്ഞ പേരുകൾ മാധ്യമ പ്രവർത്തരുടേത് തന്നെയായിരുന്നു.

പക്ഷേ ഇന്നു ഏറ്റവും വെറുക്കുന്ന ഒരു വർഗ്ഗമായി മാറിയിരിക്കുകയാണ് മാധ്യമ സുഹൃത്തുക്കൾ. ചാരക്കേസ് കാലം തൊട്ടേ ഉള്ള ആരോപണങ്ങളാണെങ്കിലും ഈയടുത്തകാലത്തായി വര്‍ദ്ധിത വീര്യത്തോടെയുള്ള, ഒരു പക്ഷേ കടലാസുകളുടേയും ചാനലുകളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ‘ഉപഭോക്താക്കളെ’ ആകര്‍ഷിക്കാനുള്ള കുറുക്കുവഴിയായി വളച്ചൊടിച്ചും പരമാവധി ഭാവനയും മസാലയും ചേര്‍ത്ത് വാര്‍ത്തകള്‍ ഉണ്ടാക്കുക എന്ന രീതി. ദില്ലിയില്‍ ഗോപീകൃഷ്ണന്‍ എന്ന ഒരു മലയാളി പത്രപ്രവര്‍ത്തകനുണ്ടായതുകൊണ്ട് 2ജി അഴിമതി ലോകമറിഞ്ഞു; പക്ഷേ ഗോപീകൃഷ്ണന്‍ ഒറ്റയ്ക്കല്ലായിരുന്നു ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ഒരു എഡിറ്ററും വേണ്ടിവന്നു. എന്നാല്‍ ഈ മഹാഭാഗ്യം നമ്മുടെ പത്രപ്രവര്‍ത്തകരില്‍ വിരലിലെണ്ണാവുന്നവര്‍ക്കുമാത്രമേ ലഭിക്കൂ. നമ്മുടെ പത്രപ്രവർത്തകരുടെ ഭാഗ്യക്കേടും അതു തന്നെയാണ്; സ്വന്തം മനസ്സാക്ഷി പോലും പണയം വച്ച് എഡിറ്റോറിയൽ ബോർഡിന്റെ നിർദ്ദേശത്തിന്നനുസരിച്ച് കൂലിയെഴുത്ത് നടത്തുക എന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ശ്രദ്ധിച്ച രണ്ട് വാർത്താ സംഭവങ്ങൾ ശ്രദ്ധിക്കൂ;
കേരള രാഷ്ട്രീയത്തിന്റെ സകലമാന സദാചാരവും ലംഘിച്ച് ശെൽവരാജ് എന്ന സഖാവ് നിർണ്ണായക രാഷ്ട്രീയ മുഹൂർത്തത്തിൽ എം എൽ ഏ സ്ഥാനം വലിച്ചെറിഞ്ഞതു സംബന്ധിച്ച മാധ്യമ വിചാരണ ഇന്ത്യാവിഷനിലെ ഒൻപതുമണി ചർച്ചയിൽ നടക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആത്മഹത്യ സംബന്ധിച്ച വിഷയത്തിലേക്ക് കടന്ന അവതാരക യുഡിഎഫ് പ്രവേശനത്തേക്കുറിച്ച് ചോദിക്കുമ്പോൾ യെസ്സ് എന്നോ നോ എന്നോ പറയാതെ ശെൽ വരാജ് ഒഴിഞ്ഞു മാറുന്നു. എന്നിട്ടും വീണ പറയുന്നൂ 'താങ്കൾ യുഡിഎഫ്ഫിലേക്ക് പോകുമെന്ന് നേരത്തേ എന്നോട് പറഞ്ഞല്ലോ' എന്ന്. എന്നിട്ട് നേരത്തേ നടന്ന സംഭാഷണത്തിന്റെ ക്ലിപ്പിങ്ങ് കാണിക്കുന്നു. ഏതോ ഉത്തരം ശെൽ വരാജ് പറഞ്ഞേ പറ്റൂ എന്ന ഉദ്ദേശത്തോടെ ഉള്ള വളച്ചു തിരിച്ച ചോദ്യങ്ങൾ, അവരുദ്ദേശിക്കുന്ന കൃത്യമായ ഉത്തരം പറയാതെ ശെൽവരാജും. ഇതു കാണിച്ചിട്ട് വാർത്ത കാണാനിരിക്കുന്ന നമ്മൾ പൊട്ടന്മാരോട് വീണ വീണ്ടും പറയുന്നൂ; അദ്ദേഹം യുഡിഎഫ്ഫിലേക്ക് പോകുമെന്നു പറഞ്ഞെന്ന്.

ഇനി മറ്റൊന്ന്;
"ഉപയോഗം കഴിഞ്ഞ ശേഷം ഉപേക്ഷിക്കുന്ന അഭിസാരികയെപോലെ കാര്യം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്‌ സിന്ധുവിനെ വലിച്ചെറിഞ്ഞു" എന്ന വി എസ് അച്ചുതാനന്ദന്റെ പ്രസ്താവനയെ വളച്ചൊടിച്ച് സിന്ധുവിനെ അഭിസാരിക എന്നു വിളിച്ചെന്നു വ്യാഖ്യാനിച്ച് ഒരു ചാനൽ ഫ്ലാഷ് ന്യൂസ് നൽകുകയും അത് മറ്റെല്ലാം ചാനലുകളും പിറ്റേന്ന് പത്രങ്ങളും ഏറ്റെടുത്തതോടെ നാട്ടിലെ പ്രധാന പ്രശ്നം വീയെസ്സിന്റെ നാവും അഭിസാരിക എന്ന പദവുമായി മാറി. വി എസ്സിന്റെ ആ അഭിപ്രായം മലയാള രാഷ്ട്രീയത്തിലെ എത്ര പ്രസക്തമായ വിഷയമായിരുന്നൂ? പക്ഷേ കൊതുകുകൾ ചോരമാത്രം തേടിപ്പോയപ്പോൾ യഥാർത്ഥ വസ്തുത അപ്രസക്തമായി. അഭിസാരിക എന്ന വാക്കിന്നെ ചുറ്റിപ്പിണഞ്ഞ മലയാള മനോരമ പത്രം മുഖപേജിന്റെ പകുതി എല്ലാ എഡിഷനിലും രാഷ്ട്രീയവിഴുപ്പലക്കലിന്നായി ഉപയോഗിച്ചു. ഒടുവിൽ നാറിയതാര്? വി എസ്സോ സിന്ധു ജോയിയിലെ സ്ത്രീത്വമോ അതോ മാധ്യമ പ്രവർത്തകരോ?.

മാധ്യമം എന്ന വാക്ക് പിരിച്ചെഴുതിയാൽ അധമം എന്ന വാക്കു കിട്ടുമൊ എന്നറിയില്ല. ഈ രീതിയിൽ നമ്മുടെ ചർച്ചാ വിഷയങ്ങൾ തീരുമാനിക്കുന്ന മാധ്യമങ്ങൾ കുത്തിവയ്ക്കുന്ന വിഷ-ആശയങ്ങൾ എത്രയെത്ര.... നമ്മുടെ മാധ്യമലോകത്തിനുള്ള 'വളം' നമ്മൾ പകരുന്നുണ്ട്, പക്ഷേ അവർക്കുള്ള കീടനാശിനികൾ ആരു തളിക്കും?
അഭിപ്രായങ്ങളൊന്നുമില്ല: