കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

20 ഏപ്രിൽ 2012

ഞങ്ങളെ ഉപ്പുതീറ്റിക്കുന്ന ഭരണകൂടത്തോട്

ഒരു ജില്ലാ ആസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന ജനം, പതിറ്റാണ്ടുകളായി വേനൽ കാലത്ത് ഉപ്പ് വെള്ളം കുടിക്കുക. ഇപ്പോളത് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന അളവിൽ കൂടുതൽ ഉപ്പ് കലർന്ന വെള്ളം കുടിക്കുക. അതും വൃത്തിയിലും ആരോഗ്യകാര്യങ്ങളിലും ആവശ്യത്തിലധികം ആശങ്കകളും രോഗികളുമുള്ള കേരളത്തിൽ. അവിശ്വസനീയമായ ഈ  മനുഷ്യ നിർമ്മിത ഭീകര ദുരന്തത്തിന്റെ മുന്നറിയിപ്പ് വാർത്ത, ഒരു പ്രാദേശിക കോളത്തിന്നപ്പുറത്തുള്ള വലിയ  വാർത്തയാവാത്തതും മനുഷ്യാവകാശമടക്കമുള്ള നിയമ സംവിധാനങ്ങൾ കണ്ണടയ്ക്കുന്നതും ഈ സംഭവം കാസർക്കോട്ടാണ് എന്നൊരൊറ്റ കാരണത്താലാണോ?

ചിത്രത്തിൽ ക്ലിക്കിയാൽ വാർത്ത വലുതായി വായിക്കാം,
വാർത്ത കട: http://epaper.mathrubhumi.com/epapermain.aspx
ഈ വാർത്ത നിങ്ങൾക്ക് ഒരുപക്ഷേ ഞെട്ടലുണ്ടാക്കിയേക്കാം, പക്ഷേ കാസർക്കോടൻ ജനതയ്ക്കോ നമ്മെ ഭരിക്കുന്ന തലവളരാത്ത ഭരണകൂടത്തിന്നോ, തിരുവനന്തപുരത്ത് കുത്തിരിയിരിക്കുന്ന ശമ്പളം വാങ്ങാൻ ഒപ്പിടുന്ന ഉദ്യോഗസ്ഥ പരിഷകൾക്കോ രോമം മുറിഞ്ഞ വേദനപോലുമുണ്ടാക്കില്ല. തിരുവനന്തപുരത്തോ, പുതുപ്പള്ളിയിലോ, പൂഞ്ഞാറ്റിലോ മലപ്പുറത്തോ അല്ലല്ലോ ഇത്. കേന്ദ്രത്തിൽ നിന്ന് കേരളത്തിന്നു കിട്ടുന്ന അവഗണന സാഡിസ്റ്റ് മനോഭാവത്തോടെ കുത്തിവയ്ക്കാൻ ഒരു പ്രദേശം വേണമല്ലോ എന്ന ഉദ്ദേശത്തോടെയാണ് സൃഷ്ടിച്ചത് എന്നിപ്പോൾ തോന്നിക്കുന്ന കാസർക്കോട്ടാണല്ലോ സംഭവം?

ചൊവ്വയിലെ മണ്ണിൽ പരീക്ഷണം നടത്താൻ നൂറ്റിയിരുപത്തഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്താൻ മടികാണിക്കാത്ത ഒരു ജനാധിപത്യ രാജ്യത്ത്, അരലക്ഷം ജനങ്ങൾക്കുള്ള കുടിവെള്ളം പമ്പു ചെയ്യുന്ന പുഴയിൽ, ഉപ്പുവെള്ളം കയറുന്നത് തടയാൻ സ്ഥിരം തടയണ നിർമ്മിക്കാൻ ഒരു കോടി രൂപ ചിലവഴിക്കാൻ സാങ്കേതിക നിയമപ്രശ്നങ്ങൾ തടസ്സമാവുന്നു എന്നു പറഞ്ഞാൽ ഈ ജനാധിപത്യത്തെ നാം എന്തു പേരിട്ടാണ് വിളിക്കേണ്ടത്?

കാസർക്കോട്ടെ ജനപ്രതിനിധികൾ പതിറ്റാണ്ടുകളിയായി കരഞ്ഞു വിളിച്ചാവശ്യപ്പെട്ടിട്ടും, എല്ലാ തിരഞ്ഞെടുപ്പുകാലത്തും മുഖ്യ ചർച്ചാ വിഷയം ഈ ഉപ്പുവെള്ളമായിട്ടും ഇത്തവണയും നമ്മൾ ഇതു തന്നെ കുടിക്കാന്നിടവരുമ്പോൾ, നമ്മുടെ തൊലിയും നാവും ചൊറിഞ്ഞു വരുന്നത് ഈ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് എത്രകാലം തടഞ്ഞു നിർത്താനാവും?

ബാവിക്കരപ്പുഴയിലെ സ്ഥിരം തടയണയുടെ പണി തുടങ്ങാൻ ഇനി വെറും സാങ്കേതിക പ്രശ്നങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്ന് എട്ടുമാസം മുൻപ് കാസക്കോട്ട് വന്ന് പറഞ്ഞ ബഹുമാന്യ മന്ത്രി പദവി വഹിക്കുന്നവന്ന് ഇനിയും വാട്ടർ അതോറിറ്റി, ജലവകുപ്പ് ജീവനക്കാരേയും കരാറുകാരനേയും നിയന്ത്രിക്കാനായില്ലേ? അതിനാവുന്നില്ലെങ്കിൽ പിന്നെന്തിനാണു സർ അങ്ങ് ആ പദവിൽ കടിച്ചു തൂങ്ങുന്നത്? വച്ചിട്ടു പൊയ്ക്കൂടേ?

പണ്ട് മലേറിയക്കാലത്ത്, 'ഞങ്ങളുടെ നഗര'മായ മംഗലാപുരത്ത് പോയാൽ ഞങ്ങൾ വെള്ളം കുടിക്കാറില്ലായിരുന്നു. ഇന്ന് ഞങ്ങളുടെ ഗ്രാമിണർ ജില്ലാ ആസ്ഥാനത്ത് വന്നാലും വെള്ളം കുടിക്കാറില്ല. നഗരവാസികൾ മറ്റൊന്നും കിട്ടാനില്ലാത്തത് കൊണ്ട് കുടിക്കുന്നൂ, കുളിക്കുന്നൂ. നിങ്ങൾ മന്ത്രി പുംഗവന്മാരും ഉദ്യോഗസ്ഥ പ്രഭുക്കളും ഇവിടെ വന്നാൽ മിനറൽ കുപ്പിവെള്ളം മാത്രമല്ലേ കുടിക്കാറുള്ളൂ?

അല്ല കേരളമേ, നിങ്ങൾക്ക് കാസർക്കോട് കേരളത്തിൽ തന്നെ തുടരണമെന്ന് ആഗ്രഹമില്ലേ? ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള കാസർക്കോട്ട്കാരിൽ ഭൂരിപക്ഷത്തിന്നും ആ ആഗ്രഹമില്ല. നിരാശയിൽ നിന്നുയരുന്ന അത്തരമൊരാഗ്രഹം ജില്ലയുടനീളം ആളിപ്പടരാൻ, ഇക്കണക്കിന്നു പോയാൽ അധിക സമയമൊന്നും വേണ്ടിവരില്ല. ഞങ്ങളെന്തു ചെയ്യണം സർ?

=================================================

എന്തായാലും മരുന്നു കമ്പനികൾക്കും, മംഗലാപുരത്തെ മെഡിക്കൽ കോളേജ് ആസ്പത്രികൾക്കും സന്തോഷത്തിന്നു വകയുണ്ട്. ഡയാലിസിസ് ഉപകരണങ്ങളും, രക്തസമ്മർദ്ദത്തിന്നുള്ള മരുന്നുകളും കുറച്ചേറേ തന്നെ കരുതിക്കോ!
അഭിപ്രായങ്ങളൊന്നുമില്ല: