കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 ജൂൺ 2012

ജനാധിപത്യത്തേയും പിന്നിൽ നിന്ന് വെട്ടിക്കൊല്ലാം

പത്രത്തിലും ചാനലിലും കാണുന്ന വെട്ടെണ്ണവും, ദിനേന കസ്റ്റഡിയിലാവുന്നവരുടെ പാർട്ടിയിലെ ഡിഗ്രികളും അവരെ കസ്റ്റഡിയിലാക്കാൻ സൈബർ പൊലീസുകാർ ചെയ്തുകൂട്ടിയ സൂത്രബുദ്ധികളുമൊക്കെ സൂക്ഷ്മചിന്തയിലേക്ക് ഒപ്പിയെടുക്കുന്നതിന്നിടയിൽ നമ്മൾ കണ്ടില്ലെന്നു നടിച്ചതും, നമ്മൾ കാണരുതെന്നു രാഷ്ട്രീയ യജമാനന്മാർ ആഗ്രഹിക്കുന്നതുമായ ഒരു വാർത്തയുണ്ടായിരുന്നൂ; അരീക്കോട് കൊലയുടെ മറവിൽ നമ്മുടെ നിയമസഭ യാതൊരു ചർച്ചയും കൂടാതെ ഏഴു ബില്ലുകൾ നിയമമാക്കി പാസാക്കിയെടുത്തു എന്നത്.

മതേതര ജനാധിപത്യം എന്ന നമ്മൾ പഠിച്ചതും കണ്ടതും ആശവച്ചു പുലർത്തിയതുമായ ഭരണഘടനാ വാക്കുകളെ തീർത്തു അപഹാസ്യമാക്കുന്ന രീതിയിൽ നമ്മുടെ ഭരണകൂടങ്ങളും നിയമനിർമ്മാണസഭകളും പ്രവർത്തിക്കുന്നത് നാം ഏതു നിലയിലാണ് കാണേണ്ടത്? ഇപ്പോഴത്തെ ഈ അവസ്ഥ തന്നെ നോക്കൂ: ബശീർ എന്ന ഒരു എമ്മെല്ലെ ഒരു ക്രിമിനൽ കേസിന്റെ എഫ്ഐആറിൽ  പരാമർശിക്കപ്പെട്ടു എന്നതിൽ തൂങ്ങിപ്പിടിച്ച് പ്രതിപക്ഷം സഭാനടപടികളോട് സഹകരിക്കാതിരിക്കുകയും നടുത്തളത്തിൽ ധർണ്ണയിരിക്കുകയും ചെയ്യുന്നു. ആ കേസിന്റെ ന്യായാന്യായങ്ങളെന്തൊക്കെ ആയിരുന്നാലും നിയമസഭാ പ്രവർത്തനവും രാഷ്ട്രീയമായി കാണുന്നവർ ആ തരത്തിൽ മുതലെടുപ്പിന്നു മുതിരുന്നതിന്നെ കുറ്റം പറയാനാവില്ല.

പക്ഷേ, ഇങ്ങനെ സഭാനടപടികൾ തടസ്സപ്പെടുന്ന സന്ദർഭങ്ങളിൽ സഭാ ചെയറും  ഔദ്യോഗിക ഭരണകൂടവും, സഭാംഗങ്ങളുടെ ചർച്ചയും നിർദ്ദേശവുമൊന്നും സ്വീകരിക്കാതെ, ചുളുവിൽ  വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ചേർന്നു തയ്യാറാക്കുന്ന ബില്ലുകൾ പപ്പടം ചുടുന്ന ലാഘവത്തോടെ പാസാക്കിയെടുക്കുന്നത്, ഏതൊരു ചട്ടത്തിന്റെ ബലത്തിലായിരുന്നാലും 'ജനാധിപത്യ'മെന്ന മഹനീയ തത്വങ്ങളുൾക്കൊള്ളുന്ന ആശയത്തെ  മാനഭംഗത്തിന്നിരയാക്കി മലിനപ്പെടുത്തുന്നത് തന്നയല്ലേ? ഈ സംഭവം നമ്മുടെ രാജ്യത്ത് പുതിയതൊന്നുമല്ല. എങ്കിലും നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ മതി എന്നാണ് രാഷ്ട്രീയക്കാരുടെ നിലപാടെങ്കിൽ  എന്തിനാണു സാർ കോടികൾ ചിലവിട്ടു തിരഞ്ഞെടുപ്പ് മഹാമഹങ്ങൾ നടത്തുന്നത്? ഇതിലും ഭംഗിയായി ഉദ്യോഗസ്ഥർ തന്നെ കാര്യം നടത്തിത്തരുമല്ലോ?

==========================================================

നിയമസഭകളും പാർലമെന്റുമൊക്കെ ചേരുന്ന സമയങ്ങളിൽ പ്രതിപക്ഷത്തിന്നു കടിച്ചുകുടയാൻ തക്കവണ്ണം ഇറച്ചിയവശിഷ്ടങ്ങൾ കിട്ടണമേയെന്ന് ഭരണപക്ഷവും നിയമനിർമ്മാണമേലാളന്മാരും നേർച്ചനേരുന്നുണ്ടാവണം. വലിയ ശല്യമില്ലാതെ കാര്യം നടക്കുമല്ലോ!

==========================================================

ഈജിപ്ത് എന്നൊരു രാജ്യമുണ്ട്. അവിടെ പതിറ്റാണ്ടുകളായി അടിയന്തിരാവസ്ഥയായിരുന്നു. മനുഷ്യാവകാശങ്ങൾ പലതും അവിടെ നിലവിലുണ്ടായിരുന്നില്ല. എന്നിട്ടും സോഷ്യൽ നെറ്റ്വർക്കുകളിലൂടെ ഒത്തുകൂടിയവർ ചേർന്നു നടത്തിയ 'മുല്ലപ്പൂ വിപ്ലവ'(എന്നു ദോഷൈകദൃക്കുകൾ പേരിട്ട സമരത്തിലൂടെ)ത്തിലൂടെ അവിടെ ജനാധിപത്യം നിലവിൽ വന്നു. അവർ കഴിഞ്ഞമാസം അടിയന്തിരാവസ്ഥ പിൻവലിക്കുകയും ചെയ്തു.

ഇവിടെ ശക്തമായ ലിഖിത ഭരണഘടന  പൂർണ്ണതോതിൽ നിലവിലുള്ള മതേതര ജനാധിപത്യ ഭാരത്തിൽ ഒരു സാദാ പൗരൻ സോഷ്യൽ നെറ്റ്വർക്കിലൂടെ ഭരണകൂട നിലപാടുകൾക്കെതിരെയോ നെറികേടുകൾക്കെതിരേയോ പ്രതികരിച്ചാൽ ഒരുപക്ഷേ അവനെ സ്വീകരിക്കുക കാരാഗൃഹവും നിയമ നടപടികളുമായിരിക്കുമെന്ന് പലപ്പോഴും ഉത്തരവാദപ്പെട്ടവർ ഭീഷണിപ്പെടുത്തുന്നു. ആയതിന്ന് അവരെ സഹായിക്കാൻ ഇവിടെ ഒരു ദേശീയ ഐടി നിയമവും നിലവിലുണ്ട്.  അതിന്റെ അടിസ്ഥാന നിയമം നമ്മുടെ പാർലമെന്റ് പാസാക്കിയതും മേലേ സൂചിപ്പിച്ച പോലെ പാർലമെന്റ് തടസ്സപ്പെട്ട വേളയിൽ സ്പീക്കർ ചുട്ടെടുത്തായിരുന്നു! ജനാധിപത്യത്തിന്റെ മറവിൽ ഇത്തരം കരിനിയമങ്ങൾ അടുക്കള വഴി നിർമ്മിക്കപ്പെടുമ്പോൾ പിന്നെയെന്തിന്ന് ജനാധിപത്യഏകാധിപതികൾ ജനങ്ങളെ ഭയപ്പെടണം? തങ്ങൾക്കു കൽപ്പിച്ചു കിട്ടിയ പ്രത്യേക അവകാശങ്ങളുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെടുമ്പോൾ തീർച്ചയായും അവർക്ക് ചിന്താശേഷിയും നഷ്ടപ്പെടുമായിരിക്കും!

==========================================================

നമുക്ക് വീണ്ടും  വീണ്ടും  ലജ്ജിക്കാം ജനാധിപത്യത്തിന്റെ അർത്ഥതലങ്ങളോർത്ത്.... ഭരണഘടനാ സ്ഥാനമാനങ്ങളുടെ ചോദ്യംചെയ്യാൻ പാടില്ലാത്ത റൂളിങ്ങുകളുടെ ജനാധിപത്യവിരുദ്ധതയെ ഓർത്ത്......
അഭിപ്രായങ്ങളൊന്നുമില്ല: