കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

22 ഒക്‌ടോബർ 2012

നായരീഴവ ഐക്യം അഥവാ അയിത്തം

1. പറശ്ശിനി മുത്തപ്പന്ന് വെള്ളാട്ടം എന്ന പോലെ, വടക്കൻ കേരളത്തിലെ തീയ്യ തറവാടുകളിലും ദേവസ്ഥാനങ്ങളിലും 'തൊണ്ടച്ചൻ' ദൈവത്തിന് 'കൈത്' കഴിക്കാൻ നേർച്ച നേരുന്ന പതിവുണ്ട്. അയല്പക്കക്കാരും വേണ്ടപ്പെട്ടവരുമൊക്കെ ക്ഷണിക്കപ്പെടുന്ന ഈ ചടങ്ങില് പങ്കെടുക്കുമെങ്കിലും അതിന്റെ  ഭാഗമായുണ്ടാവുന്ന ഭക്ഷണം പക്ഷേ ഇവിടുത്തെ നായർ സമുദായാംഗങ്ങൾ കഴിക്കാറില്ല.

2. നായർ സ്ത്രീകൾ യാതൊരു കാരണവശാലും തീയരുടേയോ മറ്റേതെങ്കിലും താഴ്ന്ന ജാതിക്കാരുടെയോ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല.

3. നായർ സ്ത്രീകളെ മറ്റു ജാതിക്കാർ 'അമ്മാർകളേ' എന്നു വിളിക്കണം. അവർ മറ്റു ജാതിക്കാരെ പേരുവിളിക്കുമ്പോൾ ചേട്ടാ ചേച്ചീകൾ ചേർക്കേണ്ട.

ഇങ്ങനെ അക്കമിട്ടെഴുതാൻ എത്രവേണമെങ്കിലും കാര്യങ്ങൾ വടക്കേ മലബാറിലെ നായരീഴവ ബന്ധങ്ങളിൽ കണ്ടെത്താം, അത് ശ്രീനാരായണഗുരുവിന്റെ കാലത്തിന്നു മുമ്പത്തെ ചരിത്രത്തിൽ നിന്നല്ല മറിച്ച് എന്റെ ജീവിത ചുറ്റുപാടുകളിൽ നിന്ന് ഇന്നത്തെ ഈ നിമിഷം വരെയുള്ള അനുഭവസാക്ഷ്യങ്ങളാണിതൊക്കെ.

ഇവിടെ നമ്മുടെ ജീവിതത്തിന്നിടയിൽ നമ്മൾ കണ്ടില്ലെന്നു നടിക്കാനാഗ്രഹിക്കുന്ന ഈ നൂറ്റാണ്ടിലും, പുരോഗമന കേരളത്തിൽ, രണ്ട് പ്രബല ഹിന്ദു ജാതികൾ തമ്മിൽ നിലനിൽക്കുന്ന ഈ അയിത്താചരണം ഇവിടെ എടുത്തെഴുതിയത് വെള്ളാപ്പള്ളിയോടും സുകുമാരൻ നായരോടും ഒരു ചോദ്യമുന്നയിക്കാനാണ്.

ഇപ്പോൾ പൊതുവേ ന്യൂട്രലായി ചിന്തിക്കുന്ന ഹിന്ദുവർഗ്ഗങ്ങളേക്കൂടി വർഗ്ഗീയ ചിന്താപാതയിൽ ആട്ടിക്കൊണ്ടുവന്ന് സംഘ പാളയത്തിൽ എത്തിക്കാൻ, ഹിന്ദു ഐക്യമെന്ന മുദ്രാവാക്യമുയർത്തി പ്രചാരണം സംഘടിപ്പിക്കുന്നത്, ഈ അയിത്താചരണങ്ങൾ നിർത്തലാക്കിയിട്ട് പോരേ?

=========================================================

ഇപ്പോൾ മുസ്ലിം എന്ന വികാരമുപയോഗിച്ച് മുസ്ലിം ലീഗ് നേതാക്കളും അവരുടെ കോക്കസ്സുകളും പലതും നേടിയെടുക്കുന്ന മാതൃകയിൽ വെള്ളാപ്പള്ളിമാരും, സൂമാരൻ നായന്മാരും അവരുടെ കോർപ്പറേറ്റ് മാനേജുമെന്റുകളും അത്യാഗ്രഹങ്ങൾ നേടിയെടുക്കും എന്നതിനപ്പുറം സാദാ ഹിന്ദുവിന്ന് ഒരു നേട്ടവും ഈ ഐക്യപ്പെടൽ കൊണ്ട് ഉണ്ടാവാൻ പോകുന്നില്ല. മാത്രമല്ല ഇന്ന് സാഹോദര്യത്തിൽ കഴിയുന്ന പുരോഗമന മനസ്സുകളേക്കൂടി ഇടുങ്ങിയ വർഗ്ഗീയ ചിന്തയിലേക്ക് ആനയിക്കുന്നതു വഴിയുള്ള ലാഭം മുസ്ലിം ലീഗും ഹിന്ദു ലീഗും വീതിച്ചെടുക്കുമ്പോൾ അതിന്റെ അവശിഷ്ടങ്ങളിൽ സുഡാപ്പിസവും സംഘപരിവാറും വളം കണ്ടെത്തും.

=========================================================

ഹിന്ദു-മുസ്ലിം വർഗ്ഗീയതയെ ക്യാൻസറായി കണക്കാക്കുകയാണെങ്കിൽ, വിശദ പരിശോധനയ്ക്ക് ബയോപ്സിയെടുക്കാവുന്ന ഭൂവിൽ നിന്നാണ് ഞാൻ മേൽപ്പറഞ്ഞ അയിത്ത വസ്തുതകൾ  ഉദാഹരിച്ചത്. പക്ഷേ അവിടങ്ങളിൽ ഹിന്ദുക്കളിൽ നിന്ന് മുസ്ലിങ്ങൾക്കോ  തിരിച്ചോ യാതൊരു അയിത്തവും കണ്ടെത്താനാവില്ല എന്നത് രസകരമായ വസ്തുത. ഉത്സവാഘോഷങ്ങളിലും പെരുന്നാളുകൾക്കും അന്യമതസ്ഥരെ വിരുന്നൂട്ടുന്നതിൽ അഭിമാനം കൊള്ളുന്നവർ!

=========================================================

തികഞ്ഞ വർഗ്ഗീയ വാദികളായ മുസ്ലിമും ഹിന്ദുവും സുഹൃദ് ബന്ധത്തിലേർപ്പിട്ടിരിക്കുന്നിടത്തോളം അവർക്കിടയിൽ മതവിദ്വേഷത്തിന്റെ മതിലുകൾ ഉയരാറില്ല, പക്ഷേ എത്ര ആത്മമിത്രമായിരുന്നാലും ഹിന്ദുക്കൾക്കിടയിൽ ജാതിയുടെ വേലിക്കെട്ടുകളിലെ കൂർത്തമുള്ളുകൾ പലപ്പോഴും തടസ്സമാകാറുണ്ട്.


=========================================================

ഹിന്ദുമതത്തിലെ രണ്ട് പ്രബല സമുദായങ്ങൾ തമ്മിലിങ്ങനെയാണെങ്കിൽ, ഇന്നും അധ:സ്ഥിതരായി കഴിയുന്ന മറ്റ് ജാതിവർഗ്ഗങ്ങളോട് ഇവർ രണ്ടു കൂട്ടരും കാട്ടുന്ന നീതികേടുകളേക്കുറിച്ച് നമുക്കൂഹിക്കാവുന്നതേയുള്ളൂ.....