കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

22 നവംബർ 2012

ആത്മഹത്യ-മലിനീകരണം-വൈദ്യുതി

ജീവിതം എന്തെന്ന് അറിയാനുള്ള ശ്രമം തുടങ്ങുന്നതിന്നും മുന്നേയുള്ള ഒരു മാനസിക സമ്മർദ്ദക്കാലത്ത് ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. പിന്നെയുള്ള ആലോചനകൾ മുഴുവൻ എങ്ങനെ, എവിടെ നിന്ന് ആത്മഹത്യ ചെയ്യും എന്നതിനേക്കുറിച്ചായി. വീട്ടിൽ തൂങ്ങി മരിച്ചാൽ, അല്ലെങ്കിൽ തന്നെ കഷ്ടത്തിലായിരിക്കുന്ന വീട്ടുകാർ പിന്നെങ്ങനെ അവിടെ താമസിക്കും?, കിണറ്റിൽ ചാടിയാൽ ഈ ഇരുപത് സെന്റിൽ വേറെ കിണർ കുഴിക്കാൻ സ്ഥലമില്ല, അൽപ്പം ദേഷ്യമുള്ള സ്ഥലത്തെ പ്രമാണിയുടെ പറമ്പിലെ കശുമാവിൽ ആയാൽ അയാളെ ദ്രോഹിക്കാനാവുമെങ്കിലും അയാൾ അതിന്റെ പേരിൽ പിന്നെ വീട്ടുകാർ അനുഭവിക്കേണ്ടിവരുമായിരുന്ന പീഡനങ്ങൾ.. അങ്ങനെ ചിന്തകൾ നീണ്ടുപോയപ്പോൾ ആ ആത്മഹത്യ മാറ്റിവയ്ക്കെണ്ടി വന്നു.
*
കാലം മാറിയപ്പോൾ ആത്മഹത്യ ചെയ്യാനുള്ള മാർഗ്ഗങ്ങളിലും വൻ ഗവേഷണങ്ങൾ നടന്നു. പുതിയ രീതികൾ കണ്ടെത്തപ്പെടുന്നു. ഏറ്റവുമൊടുവിൽ കണ്ടെത്തിയ വഴിയാണ് കാറിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരിക്കുന്ന രീതി. ഈയ്യിടെ പത്രങ്ങളിൽ കാണുന്ന 'കാറുള്ള വീട്ടിലെ' പിള്ളേരുടെ ആത്മഹത്യകളൊക്കെ ഈ വഴിയുപയോഗിച്ച് തന്നെ.
*
ആത്മഹത്യ ചെയ്യാൻ- വിഷം അല്ലെങ്കിൽ കയർ വാങ്ങാൻ പണമില്ലാതെ വിഷമിക്കുകയാണെങ്കിൽ, കാർബൺ മോണോക്സൈഡ് ശ്വസിച്ചു ചാവാൻ വീട്ടിൽ സ്വന്തമായി കാറില്ലെങ്കിൽ വിഷമിക്കണ്ട. രാത്രി കറണ്ടു കട്ടിന്റെ നേരത്ത് കാസർക്കോട് പഴയ ബസ്സ്റ്റാന്റ് ക്രോസ്സ് റോഡിൽ അല്ലെങ്കിൽ അതു പോലെ ഇടുങ്ങിയ വ്യാപാര മേഖലയിൽ പോയി അഞ്ചുമിനുട്ട് നിന്നു കൊടുത്താൽ മതി. കടകളിലെ ജനറേറ്റർ തുപ്പുന്ന വിഷം സൗജന്യമായി വിഴുങ്ങാം.
*
പുതിയ കെട്ടിടം പണിയാൻ, അത് സംബന്ധിച്ച രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കിട്ടണമെങ്കിൽ മഴവെള്ള സംഭരണി നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് നിയമം. പക്ഷേ കൈക്കൂലിയുടെ വഴിയിൽ നിയമത്തിന്ന് പുല്ലുവില. എങ്കിലും ലച്ചങ്ങൾ ചിലവിട്ട് ആഡംബരത്തിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് സോളാർ വൈദ്യുതി സംവിധാനങ്ങൾ നിർബന്ധമാക്കിയാൽ അതിന്ന് വലിയ എതിർപ് നേരിടേണ്ടി വരില്ല. ആ വഴിക്ക് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നൂ; എങ്കിലേ മലിനീകരണ-വൈദ്യുതിക്ഷാമ പ്രശ്നങ്ങൾക്ക് തൊലിപ്പുറമേയുള്ള ഒരു പരിഹാരമെങ്കിലും ഉണ്ടാക്കാനാവൂ.
.

13 നവംബർ 2012

മുതലച്ചാരും, ഞണ്ടമ്മയും പിന്നെ കുറുക്കച്ചന്നും

മുതലച്ചാരും, ഞണ്ടമ്മയും ഫേസ് ബുക്കിലെ ക്ലോസ് ഫ്രണ്ട്സ് ആയിരുന്നു.
അങ്ങനെയിരിക്കേ നിറയേ ലൈക്കുകകളും മുഴുത്ത കമന്റുകളുമായി ഓരിയിട്ട് നടന്നിരുന്ന കുറുക്കച്ചന്റെ ഇറച്ചി തിന്നാൻ മുതലച്ചാർക്ക് കൊതി തോന്നി.
'എന്താ ഒരു വഴി?' മുതലച്ചാർ തലപുകച്ചു.

ഒടുവിൽ ഞണ്ടമ്മ ക്വട്ടേഷൻ ഏറ്റെടുത്തു, എന്നിട്ട് കുറുക്കച്ചനോട് പറഞ്ഞു: 'കുറുക്കച്ചാ... കുറുക്കച്ചാ ... നത്തോലിപ്പേജിൽ നിറയേ മീനുകളാ, വെള്ളവും കുറവ് ഇപ്പോ വന്നാ ന
ല്ല സ്വാദോടെ ഒറ്റയ്ക്കെല്ലാം തിന്നാം.'

പുഴമീനെന്നു കേട്ടപ്പോൾ തന്നെ വായിലൊലിച്ച വെള്ളം അടക്കിപ്പിടിച്ച് കുറുക്കച്ചാർ പേജിലെത്തിയപ്പോളവിടെ മീനുകൾക്കിടയിൽ മുതലച്ചാർ വാ തുറന്ന് വച്ച് കിടക്കുന്നു.

കുറു: 'ഞണ്ടമ്മേ.. ഞണ്ടമ്മേ... മീൻ പിടിക്കാനിറങ്ങിയാ മുതല എന്നെ തിന്നില്ലേ?'

ഞണ്ട: 'ഇല്ല കുറുക്കച്ചാ, അത് ചത്ത മുതലയാ... കാണുന്നില്ലേ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്?'

കുറു: 'ചത്ത മുതലയാണെങ്കിൽ അത് വാലാട്ടുമല്ലോ?'

കുറുക്കച്ചന്റെ കുരുട്ടു ബുദ്ധി മനസ്സിലാക്കാതെ, അത് കേട്ടയുടൻ മുതലച്ചാർ വാലാട്ടി.

മുതലച്ചാരുടേയും ഞണ്ടമ്മയുടേയും തട്ടിപ്പ് സൂത്രം മനസ്സിലായ കുറുക്കച്ചൻ വായിൽ കാത്തു സൂക്ഷിച്ചിരുന്ന 'വെള്ളം, വാഴപ്പോളകൾക്കിടയിൽ മിനക്കിട്ട് തുപ്പി', അവരെ കളിയാക്കി ഉച്ചത്തിൽ ഓരിയിട്ടുകൊണ്ട് ഓടിപ്പോയി പാറപ്പുറത്ത് വിസ്തരിച്ച് തൂറി.

ഗുണപാഠം: മന്ദബുദ്ധികൾ സ്വന്തം അനുഭവത്തിൽ നിന്നും, ജ്ഞാനികൾ മറ്റുള്ളവരുടെ അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളും.

ലേബൽ: ഞാൻ മഹാജ്ഞാനിയാ..

10 നവംബർ 2012

മുലയും ചരിത്രവും, ഒരു സർവ്വേ

ഉത്തരമെഴുതി ഈ സർവ്വേയുമായി സഹകരിക്കുമല്ലോ?

1. പെണ്ണുങ്ങളുടെ മുലവണ്ണം അളന്ന് നാട്ടിലെ പ്രമാണി നികുതി പിരിക്കുന്നു.
2. അങ്ങനെ പലതരത്തിൽ പിരിച്ച കൊള്ളപ്പണം 'ഒരിടത്ത്' (അന്ന് സ്വിസ്സ് ബാങ്കിന്നേക്കുറിച്ച് വിവരമില്ലായിരുന്നു) കുഴിച്ചിടുന്നു.
3. കാലം മാറിയപ്പോൾ ആ 'ഇടം' മറ്റുപലരുടേയും അധികാര പരിധിയിലാകുന്നു.

അപ്പോൾ, ആ ഇടത്ത് കുഴിച്ചിട്ട പഴയ കൊള്ളമുതലിന്റെ ഇപ്പോഴത്തെ അവകാശികൾ ആരായിരിക്കണം?

A. പണ്ട് വലിയ മുലകളുമായി ജീവിച്ചവരുടെ പിന്തുടർച്ചാവകാശികൾ.
B. ഇങ്ങനെ പിരിച്ച പ്രമാണിയുടെ പിന്തുടർച്ചാവകാശികൾ.
C. ഇപ്പോളത്തെ പ്രമാണികൾ.