കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

10 ഓഗസ്റ്റ് 2014

ആനവണ്ടിയിലെ ഉറുമ്പുകൾക്ക് മരുന്നുവയ്ക്കുക

ഒരു ബസ്സ് യാത്രയുണ്ടെങ്കിൽ അത് കെ.എസ്.ആർ.ടി.സിയിൽ ആക്കുക എന്നത് എന്റെ കുട്ടിക്കാലം ഒരു സമ്പൂർണ്ണ ദേശ്സാത്കൃത റൂട്ടിൽ ജീവിക്കേണ്ടിവന്നതുമുതലുള്ള ശീലമാണ്. ഇന്ന് ജീവിക്കുന്ന നാട്ടിലെ സ്വകാര്യരും സ്റ്റേറ്റ് ബസ്സും ബസ്സും ഒരേ പോലെ സർവ്വീസ് നടത്തുന്ന റൂട്ടുകളിലും യാത്രചെയ്യുമ്പോൾ തീർച്ചയായും തിരഞ്ഞെടുക്കുന്നത് കെ.എസ്.ആർ.ടി.സി തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പൊതുമേഖലാ സ്ഥാപനം നേരിടുന്ന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലെ ആശങ്കകൾ എന്നേപ്പോലെ പലരേയും അലട്ടന്ന്നുണ്ട്. നിറഞ്ഞയാത്രക്കാരുമായി സർവീസ് നടത്തുകയും സാൻപത്തിക  പ്രതിസന്ധികളുടെ നടുവിൽ നട്ടംതിരിയുകയും ചെയ്യേണ്ടിവരുന്നത് തീർച്ചയായും ആത്മാർത്ഥതയില്ലാത്ത ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും സർക്കാറിന്റേയും ഉദാസീനതകൾ മാത്രമാണ്.

എന്റെ നിരീക്ഷണത്തിൽ പെട്ട രണ്ടുമൂന്നു ഉദാഹരണങ്ങൾ പറയാം;
കാസർക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിൽ, 'കണ്ണൂർ്രൂട്ടിൽ ഓരോ പതിനഞ്ച് മിനുട്ട് ഇടവിട്ടും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്' എന്ന ഫ്ലെക്സ് പോസ്റ്റർ കാണാം. ആദ്യകാലങ്ങളിൽ ഈ സർവ്വീസുകൾ നന്നായിത്തന്നെ നടത്തിയിരുന്നു. അന്ന് ട്രേഡ് യൂണിയൻ നേതാക്കളും ആവേശ് കുമാറുമാരും ചേർന്ന് പ്രൈവറ്റ് ബസ്സ് സ്റ്റാന്റിലും മറ്റും കാത്തു നിന്ന് കൂവി വിളിച്ച് ആളുകളെ ബസ്സിൽ കയറ്റി മികച്ച വരുമാനം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ എന്താണെന്ന് പൊതുജനത്തിന്നറിയാത്ത കാരണങ്ങളാൽ കണ്ണൂർ-കാസർകോട് റൂട്ടിലെ ടിടി സർവ്വീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്.
അതിലെ മറ്റൊരു കരിങ്കാലിസം കാണുന്നത്, രാവിലെ 6.20ന് ചെർക്കള വഴി ടിടി വിട്ടാൽ പിന്നെ 7.30നുള്ള ശ്യാം മോർട്ടോർസിന്റെ ലിമിറ്റഡ് സ്റ്റോപ്പ് പോയി പത്തു പതിനഞ്ച് മിനുട്ട് കഴിഞ്ഞാലെ അടുത്ത കെ.എസ്.ആർ.ടി.സി ബസ്സ് വരൂ, പിന്നെ മിനുട്ട് വച്ച് മൂന്നെണ്ണം വരിയായി പോകും; ഇതിന്നു പിന്നിലെന്താണെന്നു നമുക്കൂഹിക്കാലോ...

അതോടുപ്പും ഈ കഥയും ചേർത്തുവായിക്കാം; കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് പാണത്തൂർ-കോട്ടയം റൂട്ടിൽ ദീർഘദൂര സർവ്വീസ് തുടങ്ങി. രാത്രി ഓട്ടം കഴിഞ്ഞ് പകൽ ഡിപ്പോയിൽ വിശദപരിശോധനയും കഴിഞ്ഞ് വൈകുന്നേരം സർവ്വീസ് തുടങ്ങി അൽപ്പദൂരം പിന്നിട്ടാൽ വണ്ടി പണിമുടക്കും. ഒന്നും രണ്ടും ദിവസമല്ല, പലദിവസങ്ങളിൽ...

മറ്റൊരുകാര്യം കാസർക്കോട് മംഗലാപുരം സർവ്വീസാണ്. ഇവിടെ ഓരോ മണിക്കൂർ ഇടവിട്ട് കേരള-കർണ്ണാടക ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്. അതിൽ രണ്ടിന്റേതിലും ഓരോ തവണ യാത്ര ചെയതാൽ മതി നമ്മൾ നഷ്ടത്തിലും അവർ നഷ്ടമില്ലാതെയും സർവ്വീസ് നടത്തുന്നതിന്റെ കാരണം മനസ്സിലാവും!

ടിക്കറ്റ് പരിശോധനക്കെന്ന പേരിൽ കുറേ മൂത്ത് നരച്ച ജീവനക്കാരെ കെ.എസ്.ആർ.ടി.സി തീറ്റിപ്പോറ്റുന്നുണ്ട്. ഇവർ കാരണം കെ.എസ്.ആർ.ടി.സിക്ക് ലാഭമോ നഷ്ടമോ എന്ന് വിശദമായ ഒരു പരിശോധന തന്നെ വേണ്ടിവരും. യൂണിഫോം അലവൻസും പറ്റി മഫ്തിയിൽ കല്യാണ ബ്രോക്കർമാരെപ്പോലെ ഡയറിയും കക്ഷത്തിലിറുക്കി കറങ്ങി നടക്കുന്ന ഈ വർഗ്ഗത്തിന്ന് ഒറ്റയ്ക്കൊറ്റയ്ക്ക് ഡ്യൂട്ടിക്ക് പോകാൻ ഭയമാണത്രേ! ജോഡികളായേ പുറത്തിറങ്ങത്തുള്ളൂ... കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഉദ്ദേശം പതിനൊന്ന് മണിക്ക് കാഞ്ഞങ്ങാടു നിന്നു കാസർക്കോട്ടേക്ക് കയറിയ ടിടിയിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നിട്ടും രണ്ട് ചെക്കർമാർ ഇടിച്ചു കയറി സീറ്റുപിടിച്ച് നല്ല ഉറക്കം തുടങ്ങി. പെരിയയിൽ എത്തിയപ്പോൾ ഒരാൾ ഞെട്ടിയുണർന്ന് കടലാസ് തപ്പിയെടുത്ത് കണ്ടകറ്ററുടെ ഒപ്പുവാങ്ങി, രണ്ടാമനെ തട്ടിയുണഎത്തി അയാളെക്കൊണ്ടും അത് ചെയ്യിച്ച് വീണ്ടും സുഖസുഷുപ്തിയിലായി...

ഇങ്ങനെ ഓരോ സ്ഥിരയാത്രക്കാരനും അവന്റെ നിരീക്ഷണങ്ങളിൽ പറയാൻ പതിനായിരം കാരണങ്ങളുണ്ടാവും ഈ പൊതുമേഖലയുടെ നഷ്ടക്കണക്കിന്റെ പിന്നിൽ... ഇപ്പോൾ ഇതൊക്കെ എടുത്ത് തികട്ടാൻ കാരണം ഇന്നാളു കണ്ടൊരു പത്രവാർത്തയാണ്; ഗ്രൂപ്പ് ഇൻഷൂറൻസ് ഏർപ്പെടുത്താൻ ടിക്കറ്റ് നിരക്കിന്മേൽ സെസ്സ് ഏർപ്പെടുത്താൻ പോകുന്നത്രെ! ഒരു കാര്യം പറഞ്ഞേക്കാം അതങ്ങ് തൊടങ്ങിയാൽ ഞങ്ങൾ പിന്നെ ആ പടി ചവിട്ടില്ല... ഒരു രൂപ അധികം നൽകുന്നതിൽ കുണ്ഠിതമുണ്ടായിട്ടല്ല, സമൂഹത്തോടുള്ള ഉത്തരവാദിത്വ ബോധമില്ലാത്ത കെ.എസ്.ആർ.ടി.സി ജീവികളുടെ അലംഭാവത്തിന്നും അവർക്ക് പുട്ടടിക്കാനുമായി നയാപൈസ അധികം നൽകേണ്ടതില്ല എന്നതുകൊണ്ട് മാത്രം.

നല്ല നമസ്കാരം!!!!

.

21 ജൂലൈ 2014

ഗാസയും ദളിതരും; പിന്നെ പ്രതിലോമവികാരമണ്ടന്മാരും

1.     മനുഷ്യജന്മം മൂന്നു പേർ എവിടെ ഒത്തുകൂടിയാലും, എത്ര ഒത്തൊരുമ ഉള്ളവരായാലും മിക്കവാറും അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രം. അത് കുടുംബത്തിനകത്താണെങ്കിൽ  നമ്മൾ നമ്മുടെ കോമ്പ്ലക്സിനകത്ത് നിന്ന് കാരണം കണ്ടുപിടിക്കും; ഞാൻ ഇളയവനായതുകൊണ്ടല്ലേ, മൂത്തവനായതുകൊണ്ടല്ലേ, പെണ്ണുകെട്ടിയതുകൊണ്ടല്ലേ, കെട്ടാത്തതുകൊണ്ടല്ലേ, നീളം കുറഞ്ഞതിനാലല്ലേ, കറുത്തവനായതുകൊണ്ടല്ലേ തുടങ്ങി സാമാന്യം കുറേ ഞായങ്ങൾ നിരത്തി അതിൽ രക്തസാക്ഷിയായി സ്വയം അവരോധിക്കും. പിന്നെ അതിൽ പിടിച്ചു തൂങ്ങി ജീവിതം കഴിച്ചു നീക്കും.

ഇപ്പോളിതിവിടെ പറയാൻ കാരണം ചില "എഫ് ബി ഐഡികൾ" അവർക്ക് ജോലിസ്ഥലങ്ങളിലും മറ്റും നേരിടേണ്ടിവന്ന പീഡനങ്ങളെ, തന്റെ ജാതി നോക്കിയാണ് അവർ എന്നെ അങ്ങനെയൊക്കെ ചെയ്തത് എന്ന രീതിയിലുള്ള പ്രചരണം വളരെ ആസൂത്രിതമായി നടത്തിവരുന്നത് കണ്ടതുകൊണ്ടാണ്. ഈ പുരോഗമന കേരളത്തിൽ ജാതിവിവേചനം ഇല്ല എന്നു പറയാൻ തക്ക മണ്ടന്മാർ ആരും കാണില്ല. അതൊരു യാഥാർത്ഥ്യമാണ്. അതിന്ന് ചരിത്രപരമായ കാരണങ്ങളും വിശ്വാസങ്ങളുമുണ്ട്. നവോത്ഥാനപൂർവ്വകാലഘട്ട അനുഭവങ്ങളിൽ നിന്ന് ഇന്നത്തെ സാഹചര്യങ്ങളിലേക്ക് പുരോഗമിച്ച വഴികളും നമുക്കറിയാം. പക്ഷേ, ഇന്നത്തെ കാലത്ത് എല്ലാത്തരം അനുഭവങ്ങളേയും ജാതിയുടെ അധമവികാരം ചേർത്ത് മർദ്ദിച്ചു ഛർദ്ധിക്കുന്നത് നല്ലതോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

നിങ്ങളൊന്ന് തിരിഞ്ഞു നോക്കുക, പണ്ട് മഅദനി മൈക്കും കെട്ടി കേരളത്തിലെ തെരുവോരങ്ങളിലുടനീളം ഛർദ്ദിച്ച, നമ്മളന്നുവരെ കേൾക്കാതിരുന്ന വടക്കൻ സംസ്ഥാനങ്ങളിലെ ഉൾഗ്രാമപ്പേരുകളും അവിടെ നടന്നുവെന്നു പറയപ്പെടുന്ന മുസ്ലിം പീഡന മസാലക്കഥകളല്ലേ നമ്മുടെ സാഹോദര്യക്കേരളത്തിലെ ആദ്യത്തെ വിഷവിത്തുപാകൽ? ആ വിത്തിൽ നിന്നു നമ്മൾ പ്രതീക്ഷിച്ച കളകൾക്ക് പകരം അവതരിച്ച ആലുകളല്ലേ കൈവെട്ടൽ-നായിത്തല വെട്ടലാദി പ്രസ്ഥാനങ്ങൾ? അതേ പോലെ ഈ ദളിത് ഇരവാദത്തിന്നു പിന്നിലും ഗൂഡ അജണ്ടകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കേരളത്തിലെ ഓരോ കവലയും 'വർക്കല'യാക്കാനുള്ള ശ്രമങ്ങളെ നാം തിരിച്ചറിയണം.

അതല്ല ഇവരുടെ ഉദ്ദേശമെങ്കിൽ ഇവരെന്തുകൊണ്ട്, സംവരണത്തിന്റെ-ഭരണഘടന നിർദ്ദേശിച്ച മറ്റ് ആനുകൂല്യങ്ങളുടെ ഗുണഫലം ഒന്നും അനുഭവിക്കാൻ യോഗമില്ലാതെ പോകുന്ന ബഹുഭൂരിപക്ഷം വരുന്ന ദളിതജന്മങ്ങളേക്കുറിച്ച് ചിന്തിക്കുന്നില്ല?  അവർക്കിടയിലെ മദ്യപാന ശീലങ്ങളേക്കുറിച്ച് ആകുലപ്പെടുന്നില്ല?* സ്വാതന്ത്ര്യാനന്തര ഭാരതം ദളിതരുടെ ക്ഷേമത്തിന്നായി ചിലവാക്കിയ പണത്തിന്റെ ദശാംശം വച്ചെഴുതാൻ പറ്റാത്ത ശതമാനം പോലും അവരിലേക്കെത്താത്തതിനേപ്പറ്റി ഒരു പഠനം പോലും നടത്തുന്നില്ല? ഉത്തരം ലളിതമാണ് അതുകൊണ്ട് ഇവർക്കെന്ത് നേട്ടം!!!!

2.           ഇതിനോട് ചേർത്തുവായിക്കേണ്ട മറ്റൊരു വിഷയമാണ് പലസ്തീൻ പ്രശ്നം സോഷ്യൽ മീഡിയവഴി സങ്കുചിത മത ഇരവാദത്തിന്നു വേണ്ടി ദുരുപയോഗം ചെയ്യുന്ന വിധം. ഫേസ്ബുക്കിനൊപ്പം അതിനേക്കാൾ എളുപ്പത്തിലും വേഗത്തിലും വാട്ട്സ് ആപ്പ് സൗകര്യം വ്യാപകമായതോടേ ഊഹാപോഹങ്ങളും അർദ്ധസത്യങ്ങളും വളരേ പെട്ടെന്ന് വൻ പ്രചാരം നേടുന്നു. നിങ്ങളുടെ സുഹൃദ് വലയത്തിൽ സാധാരണക്കാരായ, വലിയ രാഷ്ട്രീയ ബോധമില്ലാത്ത മുസ്ലിം സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഗാസാഇരവാദഭീകരചിത്രങ്ങൾ നിങ്ങളുടെ മനസ്സിന്നേയും വെറുപ്പിച്ചു കാണും. എനിക്ക് ആത്മസുഹൃത്തുക്കളായുള്ളവരെല്ലാം മുസ്ലിം സഹോദരങ്ങളായതുകൊണ്ടാവാം, "എന്താണ് പലസ്തീൻ പ്രശ്നം എന്നറിയാമോ?, ആരാണീ ഹമാസ്? എന്താണ് ഇപ്പോഴത്തെ പ്രശ്നം? എന്താണിതിന്നു പോംവഴി? തുടങ്ങിയ ചോദ്യങ്ങൾ പലവുരു ചോദിക്കേണ്ടിവന്നു. എന്റെ അനുഭവത്തിൽ തൊണ്ണൂറു ശതാമാനത്തിനും അറിയില്ല. പലസ്തീനിലെ "മുസ്ലിങ്ങൾ" പീഡിപ്പിക്കപ്പെടുന്ന എന്ന അറിവുമാത്രം മതവികാരത്തിൽ പൊതിഞ്ഞ് കുത്തിവയ്ക്കപ്പെടുന്നു.

നിങ്ങൾ എന്തുകൊണ്ട് എണ്ണുവാനാവാത്ത വിധം അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാഖിലും കൊല്ലപ്പെടുന്ന 'മുസ്ലിം ജീവനു'കളേക്കുറിച്ച് ആകുലപ്പെടുന്നില്ലാ എന്ന 'സൈബർ ക്ളീഷേ' ചോദ്യം പലരേയും ശത്രുക്കളുമാക്കി മാറ്റുന്നു. 

വിവരത്തിന്നു പകരം വികാരം തേടി അലയുകയാണല്ലോ ഇന്നിന്റെ നമ്മുടെ തലച്ചോറുകൾ... തുലയട്ടെ മനുഷ്യകുലം ജാതിയും മതവും തമ്മിലടിക്കാനും തമ്മിലടിപ്പിക്കാനുമുള്ള കുറുക്കൻ വഴികൾ മാത്രമായി ഉപയോഗിക്കപ്പെടുമ്പോൾ മനുഷ്യമനസ്സുമാത്രമുള്ളവർക്ക് സ്വയം നൊൻപരപ്പെടുക എന്നതിൽ കവിഞ്ഞൊന്നും ചെയ്യാനില്ലെന്ന തോന്നൽ.........

*ഈയൊരു ചോദ്യം മതി ദളിതരെ മദ്യപരെന്ന് ആക്ഷേപിച്ചെന്ന പരാതി ഉയരാൻ!

22 ജൂൺ 2014

ചക്രസ്തംഭന സമരത്തിന്നു അഭിവാദ്യങ്ങൾ

കാൾ മാർക്സ് മുന്നോട്ട് വച്ച ആശയങ്ങൾ കാലഹരണപ്പെട്ടതാണെന്ന് വാദിക്കുന്നതിൽ മുൻപന്തിയിൽ ഇന്ന് നിൽക്കുന്നത് ആ ആശയങ്ങളേക്കുറിച്ച് സാമാന്യവിവരം നേടിയ പലരുമാണെന്നത് എന്നേപ്പോലുള്ള സാധാരണക്കാരെ വല്ലാതെ അലോസരപ്പെടുത്തുന്ന വസ്തുതയാണ്. പക്ഷേ വെറും സാധാരണ മനസ്സുകൊണ്ട് ചിന്തിക്കുമ്പോൾ നമ്മൾ തലതിരിഞ്ഞ് എത്തിപ്പെടുന്നത് ശരിക്കും മാർക്സിസ്റ്റ് ആശയങ്ങളുടെ അനിവാര്യതയിലേക്ക് തന്നെയാണ്.

ഇത് പറയാൻ കാരണം ഇന്നലെ ശ്രദ്ധയിൽ പെട്ട ഒരു സമരാഹ്വാനമാണ്. കേരളത്തിലെ മോട്ടോർ തൊഴിലാളികൾ അവരുടെ നിലനിൽപ്പിന്നെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഈ വരുന്ന ജുലൈ ഒന്ന് രണ്ട് തീയതികളിൽ ചക്രസ്തംഭനം എന്ന പേരിൽ ഐതിഹാസിക സമരത്തിന്ന് ആഹ്വാനം ചെയ്തിരിക്കുകയണ്. സാധാരണ സമരങ്ങൾക്ക് നേതൃത്വം നൽകാറുള്ള ഇടതുപക്ഷം മാത്രമല്ല, സംഘപരിവാർ മുതൽ തനി വർഗ്ഗിയാടിസ്ഥാനത്തിൽ മാത്രം സംഘടിക്കുന്ന മുസ്ലിം ലീഗാദി സംഘങ്ങളുടെ ട്രേഡ് യൂണിയനുകൾ വരെ ഒറ്റക്കെട്ടായി വർഗ്ഗസമരത്തിൽ അണിചേരുന്നു. രണ്ട് മാസം മുൻപ് വരെ കേരളത്തിലെ തെരുവുകളിൽ മാർക്സിസ്റ്റ് ചിന്താഗതികളെയും വർഗ്ഗസമരസിദ്ധാന്തങ്ങളെയും പുച്ഛിച്ച് നടന്നവർ ഇന്ന് അവരുടെ നിലനിൽപ്പിന്റെ പ്രശ്നം വരുമ്പോൾ ഈ മേഖലയിലെ ശക്തരായ സി.ഐ.ടി.യുവുമായി ചേർന്ന് ഇത്തരത്തിൽ സമരം നടത്തുന്നത് കാണുമ്പോൾ, തോളിൽ കയ്യിട്ട് സമരപ്രചരണം നടത്തുന്നത് കാണുമ്പോൾ രോമാഞ്ചം വരാതെയില്ല. അത് ഇവിടെ ആദ്യത്തെ അനുഭവമൊന്നുമല്ല. ഉദ്ദേശം ഒരു വർഷം മുൻപ് ഭാരതത്തിലുടനീളം ട്രേഡ് യൂണിയനുകൾ ഇത്തരത്തിൽ ഐക്യപ്പെട്ട് രണ്ട് ദിവസത്തെ സമരം ചെയ്തപ്പോൾ ആ വികാരം ഉൾക്കൊണ്ട്, ഭാരതത്തിലെ ഏറ്റവും വലിയ മുതലാളിത്ത വിഗ്രഹമായിരുന്ന അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് പ്രതികരിച്ചതും ഓർമ്മവരുന്നു.

ഇത്രയേ പറയാനുള്ളൂ, മാർക്സിയൻ ആശയങ്ങൾക്ക് കാലഹരണം എന്നൊന്നില്ല.

‌-------------------------------------------------------------------------

കേരള സർക്കാർ മിൽമ്മ വഴിയുള്ള പാൽ വിതരണ സംവിധാനത്തിന്ന് വിലവർദ്ധിപ്പിക്കാൻ അനുമതി നൽകുന്നു എന്ന വാർത്തവരാൻ തുടങ്ങിൽപ്പോൾ തന്നെ ഉപഭോക്തൃമനസ്സുകളിൽ നിന്ന് രോഷം നിറഞ്ഞ വാക്കുകൾ ഉതിരാൻ തുടങ്ങി. അല്ല ഉപഭോക്താക്കളെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ക്ഷീരകർഷകരുടെ ആവലാതികൾ? ഡീസൽ വിലയുടെ അനക്കം കേൾക്കുമ്പോൾ നാഴിക വച്ച് ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുമ്പോൾ മിണ്ടാതിരിക്കുന്ന നിങ്ങളെന്തേ ക്ഷീരകർഷകന്ന് നാമമാത്ര വിലവർദ്ധനാനുകൂല്യം നൽകുമ്പോൾ മുറുമുറുക്കുന്നു?

എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ക്ഷീര കർഷകർ കൂടുതൽ സംഘടിതരാകേണ്ടിയിരിക്കുന്നു. ന്യായമായ വരുമാനത്തിന്നു വേണ്ടി പോരാടേണ്ടിയിരിക്കുന്നു.